Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> അക്രമാസക്തമാകുന്ന കേരളീയ ജീവിതം

അക്രമാസക്തമാകുന്ന കേരളീയ ജീവിതം

ഫാ. സേവ്യര്‍ കുടിയാംശേരി

കേരളം പനിച്ചു കിടക്കുന്നു എന്നു പറഞ്ഞാല്‍ ഏതാണ്ടു പൂര്‍ണമായും ശരിയാണ്. ക്യാന്‍സര്‍ എന്ന മാരകരോഗം സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നു. കിഡ്നി തകരാറിലാകുന്നതു കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ അതു സര്‍വ്വ സാധാരണമായിരിക്കുന്നു. ഷുഗര്‍, പ്രഷര്‍. കൊളസ്റ്ററോള്‍ തുടങ്ങിയവയിലൊന്നെങ്കിലും രോഗാവസ്ഥയിലായിട്ടില്ലാത്ത ഒരാളുമില്ലെന്നായിട്ടുണ്ട്. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണിതിനു കാരണമെന്നു പറയാറുണ്ട്. അതു കുറെയേറെ ശരിയുമാണ്. എന്നാല്‍ നമ്മുടെ സാമൂഹിക മാധ്യമങ്ങളാണ് നമ്മെ ഇതുപോലെ രോഗികളാക്കുന്നത് എന്നു പറയുന്നതിലും ഒരു ശരിയുണ്ട്. മാധ്യമങ്ങള്‍ വിഷം തുപ്പാന്‍ തുടങ്ങിയിട്ടു കുറച്ചുകാലമായി. പ്രഭാതത്തില്‍ കാപ്പിയും പത്രവും ഒരു ശരാശരി മലായാളിയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. പലരും പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും റ്റി.വി.യുടെ മുന്നിലിരുന്നാണു കഴിക്കുക. ഭക്ഷണത്തോടൊപ്പം നാം ഉള്ളിലാക്കുന്ന നെഗറ്റീവ് എനര്‍ജി നമ്മെ രോഗികളാക്കുന്നതിനെക്കുറിച്ചു പുതിയ പഠനങ്ങളണ്ടാകേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിചാരണകള്‍കൊണ്ടു സകല മാധ്യമങ്ങളും നിറഞ്ഞിരിക്കുന്നു. നമ്മുടെ രാഷ്ട്രീയരംഗം ഇത്രയ്ക്ക് അക്രമാസക്തമായ ഒരു കാലം ഇതിനു മുമ്പുണ്ടായിട്ടുണ്ടോ? മനോരമയില്‍ വന്ന ഒരു പഠന റിപ്പോര്‍ട്ടു പ്രകാരം ഇപ്പോഴത്തെ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം ഇതിനകം 18 രാഷ്ട്രീ യ കൊലപാതകങ്ങള്‍ ഉണ്ടായി ട്ടുണ്ട്, ഇക്കഴിഞ്ഞ 8 മാസത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ 1.75 ലക്ഷമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്രയിക്കാമായിരുന്നത് നിയമവ്യവസ്ഥയും കോടതികളുമാണ്. അവിശ്വസനിയമാംവിധം അവിടെയും പുഴുക്കുത്തുകള്‍ വീഴുന്നു. ഭരണാധികാരികള്‍ ഭരണഘടനയും നിയമങ്ങളും പാരമ്പര്യങ്ങളുമെല്ലാം നിരന്തരമായി ലംഘിക്കുന്നു. നമുക്കു വിനോദമേകിയിരുന്നതാണു സിനിമാരംഗം. അവിടെ സമ്പത്തു കുമിഞ്ഞുകൂടിയപ്പോള്‍ സിനിമാപ്രവര്‍ത്തകര്‍ ഗുണ്ടായിസത്തിന്‍റെ സെറ്റില്‍ തമ്പടിച്ചു തുടങ്ങി. സകല അന്വേഷണ ഏജന്‍സികളും അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. ഇതെല്ലാം വിളമ്പുന്ന മാധ്യമങ്ങള്‍ നമ്മെ വിഷം തീറ്റിക്കുകയാണ്. ഒരു തരത്തിലും രക്ഷപ്പെടാനാവാത്തവിധം കേരളീയജീവിതം അക്രമാസക്തമായിരിക്കുന്നു. എല്ലാവരും പെട്ടെന്നു പ്രകോപിതരാകുന്നു. സംഘടിതമേഖലയില്‍ ഉള്ളവര്‍ക്ക് അഹങ്കാരത്തിന്‍റെ തിമിരം ബാധിച്ചിരിക്കുകയാണ്. എന്തു തെറ്റുചെയ്താലും രക്ഷിക്കാന്‍ ആളുണ്ട്. ഭരണാധികാരികളുള്‍പ്പെടെ കുറ്റവാളികളുടെ രക്ഷകരാകുന്ന കാഴ്ച കണ്ട് നാം ഭയപ്പെടുന്നു. തടവില്‍ കഴിയുന്ന ഗുണ്ടകളെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറക്കി വിടുന്നു. പൊലീസിനും നീതിന്യായ വകുപ്പിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവാത്തവിധം രാഷ്ട്രീയ നേതൃത്വം കുറ്റകരമായി ഇടപെടുന്നു. കുറ്റവാളികളുമായി കൂട്ടുകൂടുകയും കുറ്റകൃത്യങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയും ചെയ്യുന്നതു അധികാരവും സമ്പത്തുമുള്ളവരുടെ പൊതു ശൈലിയായിട്ടുണ്ട്. സകല സംവിധാനങ്ങളേയും വെല്ലുവിളിച്ച് സ്വന്തം ഇംഗിതം നടപ്പാക്കാന്‍ ഇന്ന് അഹങ്കാരപൂര്‍വ്വം അധികാരികളും സമ്പന്നരും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. രാഷ്ട്രീ യ കാലാവസ്ഥകള്‍ അപകടകരമാകുംവിധം വഷളായിരിക്കുകയാണ്. തിരുത്തല്‍ ശക്തിയാകേണ്ട ബുദ്ധിജീവികളും മതനേതൃത്വവും എന്തൊക്കയോ കാര്യസാധ്യതകളുടെ പേരില്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകുകയും മാതൃകാപരമല്ലാത്ത ബാന്ധവം നിലനിര്‍ത്തുകയും ചെയ്യുന്നു. പൊളിച്ചെഴുത്തുകള്‍ക്കു സമയമായിരിക്കുന്നു. പൂച്ചയ്ക്കാരു മണി കെട്ടുമെന്നത് ഉത്തരമില്ലാത്ത ചോദ്യമാവില്ലെന്നു പ്രതീക്ഷിക്കാം. ക്രമപാലനത്തില്‍ നിന്നുള്ള പ്രശാന്തതയാണു സമാധാനം (Peace is the tranquility of order) എന്നു വിശുദ്ധ അഗസ്തീനോസ് പറയുന്നതിവിടെ സ്മരിക്കുന്നു. ജീവിതത്തിന്‍റെ സകല മേഖലകളിലും ക്രമം തെറ്റുന്നതാണു നാം കാണുക. അതാണ് അക്രമം. ക്രമപാലത്തിലേക്കു വന്നാലേ നമുക്കു സമാധാനമുണ്ടാകൂ. ക്രമപാലനമാണു നീതിയുടെ വാതില്‍, വികസനത്തിന്‍റെയും.

Leave a Comment

*
*