അമിത്ഷാ കേരളത്തില്‍

അമിത്ഷാ കേരളത്തില്‍

ദേശീയ തലത്തില്‍ ബിജെപിക്കു തിളക്കമാര്‍ന്ന നേട്ടമുണ്ടാക്കുന്നതില്‍ അമിത്ഷായുടെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്‍റെ ബുദ്ധിശക്തിയും സംഘാടകപാടവവും സമര്‍പ്പണ ചൈതന്യവുമെല്ലാം ശ്രദ്ധേയമാണ്. വടക്കേ ഇന്ത്യയില്‍ അമിത്ഷാ ഫാക്റ്റര്‍ വിജയമുദ്രയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ കാര്യമായ ഇമേജൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രദേശങ്ങളിലെ സംസ്കാരവും ജീവിതാവസ്തകളും വ്യത്യസ്തമാണ്. ഒരുപക്ഷേ വളരെ വ്യത്യസ്തമായ സ്റ്റ്രാറ്റജിക്കല്‍ നീക്കങ്ങള്‍ നടത്തേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ വന്നപ്പോള്‍ ന്യൂനപക്ഷങ്ങളെ കാണാനും ചില തന്ത്രപരമായ നീക്കങ്ങള്‍ നടത്താനും ശ്രമിച്ചത്.

അദ്ദേഹം എറണാകുളത്തും തിരുവനന്തപുരത്തും ബിഷപ്പുമാരെ കാണാനും സംവദിക്കാനും ശ്രമിച്ചു എന്നത് അദ്ദേഹത്തെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണ്. അത് അദ്ദേഹത്തിനു വലിയ മൈലേജുണ്ടാക്കിയ സംഭവംതന്നെയാണ്. മാത്രമല്ല ബി.ജെ.പി.പ്രവര്‍ത്തകരില്‍ വലിയ ഉണര്‍വ്വും ആവേശവും ജനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബിഷപ്പുമാര്‍ സംഘംചേര്‍ ന്ന് അമിത്ഷായെ കാണേണ്ടിയിരുന്നോ എന്ന് വിശ്വാസികളില്‍ നിന്നു തന്നെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയെ കാണുന്നതുപോലല്ല പാര്‍ട്ടി അദ്ധ്യക്ഷനെ കാണുന്നത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ മെത്രാന്മാരെ ഒറ്റയ്ക്കു കണ്ടു മടങ്ങിയാലും കുഴപ്പമില്ലായിരുന്നു. മെത്രാന്മാര്‍ സംഘം ചേര്‍ന്ന് അമിത്ഷായെക്കണ്ടത് തെറ്റായ സന്ദേശം ജനങ്ങള്‍ക്കു കൊടുക്കുന്നതും ബി.ജെ.പി.യുടെ തെറ്റായ നടപടികള്‍ക്കു കുടപിടിക്കുന്നതുപോലെയുമായില്ലേ എന്നും ചോദിക്കുന്നവരുണ്ട്. നേരാണ്. ഹിന്ദുത്വ ഫാസിസം അതിന്‍റെ ഏറ്റവും രൂക്ഷവും ക്രൂരവുമായ അവസ്ഥയില്‍ ബി.ജെ.പി. നടപ്പാക്കിക്കൊണ്ടിരിക്കുന്ന അവസരമാണിത്. അതു കേന്ദ്ര സര്‍ക്കാരിന്‍റെ നയമാക്കി മാറ്റിയിട്ടുമുണ്ട്. ആര്‍.എസ്.എസ്സിന്‍റേയും സംഘപരിവാറിന്‍റേയുമെല്ലാം തീവ്രവാദനിലപാടുകളാണ് ബി.ജെ.പി. നടപ്പിലാക്കുന്നത്. ദളിത് വേട്ട അതിക്രൂരമായി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നു. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ ജീവിച്ചിരിക്കാനോ പഠിക്കാനോ വളരാനോ പറ്റാത്ത അന്തരീക്ഷം നിലനില്‍ക്കുന്നു. കര്‍ണാടകത്തിലെ ജസ്റ്റിസ് കര്‍ണന്‍ ഉയര്‍ത്തുന്ന വിഷയം ഗൗരവമുള്ളതുതന്നെയാണ്. ഇവിടെ മനുഷ്യര്‍ എന്തു ഭക്ഷിക്കണം, എന്തു ജോലി ചെയ്യണം എന്നുവരെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്വേച്ഛാധിപത്യത്തിന്‍റെ നാളുകള്‍ എത്തിയിരിക്കുന്നു. രാജ്യത്തെ ഫെഡറല്‍ സമ്പ്രദായത്തെത്തന്നെ തകര്‍ക്കുന്ന നടപടികളാണുണ്ടാകുന്നത്. ജാതി മത വര്‍ഗ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിപ്പിക്കുകയും ഇന്ത്യയുടെ സാംസ്കാരികപൈതൃകത്തേയും ഭരണഘടനയെത്തന്നെയും തകര്‍ക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അമിത്ഷായുടെ ശ്രദ്ധയില്‍പ്പെടുത്താനും കഴിഞ്ഞതുമില്ല എന്നൊക്കെ വിമര്‍ശനബുദ്ധ്യാ പറയുന്ന വരുണ്ട്.

എന്തൊക്കെ പറഞ്ഞാലും ബി.ജെ.പി.യോടുള്ള നമ്മുടെ നിലപാടു മയപ്പെടുത്തി എന്നൊന്നും അര്‍ത്ഥം ജനിക്കുന്നില്ല. ഇന്ത്യന്‍ സാമൂഹികതയില്‍ എക്കാലവും നേതൃനിരയില്‍ സഞ്ചരിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ പോകാതിരിക്കുന്നതിനേക്കാള്‍ നല്ലതു പോകുന്നതുതന്നെയാണ്. ഡയലോഗിന്‍റെ വേദിയെങ്കിലും തുറന്നുകിട്ടിയല്ലോ. പോകാതിരുന്നാല്‍ നമുക്കെന്തെങ്കിലും കാര്യങ്ങളുണ്ടാകുന്ന പക്ഷം ഒന്നു വിളിച്ചുപറയാന്‍പോലും സാധിക്കാതെവരുമായിരുന്നു. മാത്രമല്ല പിതാക്കന്മാരെന്ന നിലയില്‍ ആരെയും മാറ്റിനിര്‍ത്തിക്കൂടാ. എല്ലാവരേയും സ്വീകരിക്കുന്ന മനോഭാവമാണു വേണ്ടത്. നമ്മുടെ ചില അടിയന്തിര ആവശ്യങ്ങളുണര്‍ത്താനും അവസരം ലഭിച്ചു. എല്ലാറ്റിലുമുപരി ബിഷപ്പുമാര്‍ സംസാരിച്ചതുമുഴുവന്‍ ഇല്ലായ്മക്കാരുടെയും മുഖ്യധാരയില്‍നിന്നു പുറംപോക്കുകളിലേക്കു വലിച്ചെറിയപ്പെട്ടവരുടെയും കാര്യങ്ങളാണ്. ബി.ജെ.പി.യോടു സംസാരിക്കേണ്ടത് അതുതന്നെയാണ്. ബി.ജെ.പി. കോര്‍പ്പറേറ്റുകളുടെയും വരേണ്യവര്‍ഗത്തിന്‍റെയും താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന നയമാണിവിടെ അനുവര്‍ത്തിക്കുന്നത്. ദളിതരുടെയും ആദിവാസികളുടെയും മീന്‍ പിടുത്തക്കാരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍കൂടിയായാല്‍ ബി.ജെ.പി. സ്വയം ബി.ജെ.പി. അല്ലാതാകുമെങ്കിലും രാജ്യത്തെല്ലായിടത്തും സ്വീകാര്യതയുണ്ടാകും. മാറുന്ന ഇന്ത്യയില്‍ വ്യക്തമായ നിലപാടുകളോടെ മെത്രാന്മാര്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നതായിരുന്നു കൂടിക്കാഴ്ച എന്നു വിലയിരുത്തുന്നവരുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org