Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> അമ്മയാണ് സത്യം; അവളാണ് വെളിച്ചം

അമ്മയാണ് സത്യം; അവളാണ് വെളിച്ചം

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

അഭ്യസ്തവിദ്യരുടെ നാട് എന്ന് കേരളത്തെക്കുറിച്ച് നമുക്ക് അഭിമാനിക്കാന്‍ സാധിക്കാത്ത വിധം നമ്മുടെ നാട്ടില്‍ സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ കൂടിവരുന്നു. ഇന്ത്യാ മഹാരാജ്യത്തിന്‍റെ കേന്ദ്രമായ ഡല്‍ഹിയില്‍ ഓരോ നാലു മണിക്കൂറിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്നാണ് ഏറ്റവും ഒടുവിലെ കണക്ക്. പ്രേമാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ജീവിതം നഷ്ടപ്പെട്ട എത്രയെത്ര സംഭവങ്ങളാണ് കേരളത്തില്‍ നടന്നത്. ഇതിനൊരു അറുതി വരാത്തത് എന്ത് എന്ന ചോദ്യത്തിനു മുമ്പില്‍ കാര്യമായ ഉത്തരങ്ങളൊന്നും ലഭ്യമല്ല. സ്ത്രീകളുടെ ജീവിതം ഇന്നും സമൂഹത്തിന്‍റെ അരികുകളില്‍ തന്നെയാണ്.
മാതൃഭൂമി ആഴ്ചപതിപ്പ് കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി വ്യത്യസ്തമായ ലേഖനങ്ങളിലൂടെ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വളരെ ഈടുറ്റുതും ചിന്തോദ്ദീപകവുമായ ലേഖനങ്ങള്‍ പ്രസിദ്ധികരിക്കുന്നത് വളരെ ശ്രദ്ധാര്‍ഹമാണ്. സ്ത്രീകളുടെ അവസ്ഥ പണ്ടത്തേതിനേക്കാളും നമ്മുടെ നാട്ടില്‍ മെച്ചപ്പെട്ടെന്നു കരുതാന്‍ സാധ്യതയില്ല. കുടുംബത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുഃഖങ്ങള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും യാതൊരു ക്ഷാമവുമില്ലാത്ത സ്ഥലത്ത് ഇന്ന് സഹജീവിതത്തിന്‍റെ പേരിലും സ്ത്രീയാണ് സമൂഹത്തില്‍ പേരുദോഷമുള്ളവളും ജീവിക്കാന്‍ നിവൃത്തിയില്ലാത്തവളുമായി മാറുന്നതെന്ന് ഷിബു മുഹമ്മദിന്‍റെ “ഇച്ഛയുടെ മഴവില്ലുകള്‍” എന്ന ലേഖനത്തിലൂടെ പറയുന്നു (മാതൃഭൂമി 94:47). മാതൃഭൂമി(94:49)യില്‍ ഷിബുവിന്‍റെ ലേഖനത്തിന് പ്രതികരണമെഴുതിയ പത്തിയൂര്‍ ശ്രീകുമാര്‍ പറയുന്നു, “പുത്രന്‍ എന്നു പറഞ്ഞാല്‍ അര്‍ത്ഥം ‘പുന്നാവ’ നരകത്തില്‍ നിന്നും അപ്പനെ മോചിപ്പിച്ചവന്‍ എന്നു പറയുമ്പോള്‍ പുത്രി എന്നതിന് വലിയ അര്‍ത്ഥമൊന്നുമില്ല. രാമായണത്തിലെ ദശരഥ രാജാവ് പുത്രകാമേഷ്ടി നടത്തുന്നു. പുത്രനെ നിര്‍മിക്കാനുള്ള കര്‍മവിധികള്‍ ഇതിഹാസങ്ങളിലുണ്ട്. പക്ഷേ പുത്രിയെ ആര്‍ക്കും നിര്‍മിക്കണമെന്നില്ല. ദശരഥ മഹര്‍ഷി തന്നെ പുത്രകാമേഷ്ടി നടത്തിയിട്ട് കിട്ടിയത് പെണ്‍കുഞ്ഞിനെയാണ്. അവള്‍ക്ക് ശാന്ത എന്ന പേരു നല്കി. പക്ഷേ രാജാവ് മകളെ തന്‍റെ സുഹൃത്തിനു ദാനമായി നല്കുകയാണ് ചെയ്തത്. പുത്രി അന്നും ഇന്നും കുടുംബത്തിനും സമൂഹത്തിനും ഭാരമായി കരുതപ്പെടുന്നു. ഇന്ത്യയില്‍ പെണ്‍ഭ്രൂണഹത്യ ഇന്നും ധാരാളം നടക്കുന്നു. ആരും അതിനെക്കുറിച്ച് സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഇല്ല എന്നതാണ് സത്യം. കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോട് ഉപമിച്ചുകൊണ്ട് മലയാളി ഇന്നും സ്ത്രീകള്‍ക്കുവേണ്ടി കാപട്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുന്നു.
“വെറും സന്താനോത്പാദന യന്ത്രങ്ങളല്ല സ്ത്രീകള്‍” എന്ന ലേഖനത്തില്‍ എം.പി. വിരേന്ദ്രകുമാര്‍, സ്വാമി വിവേകാനന്ദന്‍റെ സ്ത്രീ സമത്വചിന്തകളെ വിലയിരുത്തിയിട്ടുണ്ട്. ‘മാതാ പിതാ ഗുരു ദൈവം’ എന്നു പറയുന്നിടത്ത് വളരെ പ്രാചീനമായ മറ്റൊരു ഭാരത മൊഴിയുണ്ട്, “ഗുരുവിനേക്കാള്‍ അച്ഛന്‍ നൂറു മടങ്ങ് ആരാധ്യനാണ്. എന്നാല്‍, ആയിരം മടങ്ങ് ആരാധ്യയാണ് അമ്മ.” ഇന്ത്യയിലുടനീളം അമ്മയാണ് കുടുംബങ്ങളുടെ കേന്ദ്രം. അമ്മയെ ചുറ്റിപ്പറ്റിയാണ് ബന്ധങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും. അമ്മ എന്നും കുടുംബനാഥന്‍റെയും മക്കളുടെയും ശക്തിയാണ്. സ്വാമി വിവേകാനന്ദന്‍ പ്രസ്താവിച്ചു, ” സ്ത്രീ ഈശ്വരന്‍റെ തന്നെ പ്രതിനിധിയാണ്. കാരണം ആ ഈശ്വരനാണല്ലോ പ്രപഞ്ചകാരണം. ഞങ്ങളുടെ ഈശ്വരന്‍ രൂപിയും അരൂപിയുമാണ്. അതുകൊണ്ടാണ് ഈശ്വരന്‍റെ ആദ്യരൂപം താരാട്ടുപാടി തൊട്ടിലാട്ടുന്ന കൈകളാണെന്ന് നാമിന്ന് പറയുന്നത്.”
സ്ത്രീസമത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ സ്വാമി വിവേകാനന്ദന്‍ ഇന്നത്തെ ഫെമിനിസ്റ്റുകളുടെ വാദഗതിയല്ല ഉയര്‍ത്തുന്നത്. സ്ത്രീ-പുരുഷ സമത്വം പുരുഷനെപ്പോലെ സ്ത്രീകള്‍ എല്ലാം ചെയ്യുന്നതിലല്ല. മറിച്ച് പുരുഷനിലും സ്ത്രീകളിലുമുള്ള മൂല്യത്തിന്‍റെ ബലത്തിലായിരിക്കണം സമത്വചിന്തകള്‍ രൂപികരിക്കേണ്ടത്. “പുരുഷനായാലും സ്ത്രീയായാലും അവരവരുടെ കര്‍മപഥത്തില്‍ അവര്‍ മേന്മയുള്ളവരാണ്. ഏതൊരു പുരുഷനാണ് ഒരു കുഞ്ഞിനെ ഇത്രയധികം ക്ഷമയോടെ പോറ്റിവളര്‍ത്താന്‍ സാധിക്കുക? പുരുഷന്‍റെ കര്‍മശേഷി വര്‍ധിപ്പിക്കുമ്പോള്‍, സ്ത്രീ ത്യാഗശക്തി വര്‍ധിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് പുരുഷനെപ്പോലെ ചങ്കൂറ്റം പ്രകടിപ്പിക്കാനാവില്ലെങ്കില്‍ പുരുഷന് സ്ത്രീക്കു തുല്യമായി ക്ഷമിക്കാനുമാവില്ല.” അമേരിക്കയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും വിവേകാനന്ദന്‍ ഇന്ത്യയിലെ സ്ത്രീകളെപ്പറ്റി പറയുമ്പോള്‍ ദുഃഖത്തോടെയും സന്തോഷത്തോടെയും കൂടെയാണ് പ്രസ്താവനകള്‍ നടത്തിയിരുന്നത്. “നാം കൊടും പാപികളാണ്. സ്ത്രീകളെ നികൃഷ്ടകീടങ്ങളെന്നും നരകത്തിലേക്കുള്ള കവാടങ്ങളെന്നും വിശേഷപ്പിച്ചത് നമ്മുടെ പതനത്തിലേക്കു നയിച്ചു.”
ഒരിടത്ത് ഇന്ത്യയില്‍ സ്ത്രീയെന്നു പറയുമ്പോള്‍ ഉടന്‍ മനസ്സിലോടിയെത്തുന്നത് അമ്മയെന്ന ആദ്യരൂപമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു, ശങ്കരാചാര്യര്‍ പറഞ്ഞു, ബുദ്ധമതമെന്ന വാക്കു കേള്‍ക്കുമ്പോള്‍തന്നെ ഇന്ത്യയില്‍ ‘അമ്മ’ എന്ന ശബ്ദം കൂടി ഓര്‍മയിലോടിയെത്തും. അതുകൊണ്ട് ദൈവത്തെപ്പോലും ‘അമ്മ’ എന്ന് ഇന്ത്യയില്‍ വിളിക്കും.” പക്ഷേ ഏറ്റവും വിശുദ്ധയായി അമ്മയെ കാണുമ്പോഴും അവളെ അവഗണിക്കാനോ അപമതിക്കാനോ യാതൊരു കൂസലുമില്ലാത്തവരാണ് ഇന്ത്യക്കാര്‍. വര്‍ത്തമാനത്തിലും എഴുത്തിലും മലയാളിക്ക് അമ്മ സ്നേഹം ധാരാളമുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ അമ്മയ്ക്ക് അവര്‍ പുല്ലു വില പോലും കല്പിക്കാത്ത കാപട്യവും അവര്‍ കൊണ്ടുനടക്കുന്നു. വിവേകാനന്ദന്‍ പറയുന്നു, “അമ്മയെന്ന പേരുപോലും അതിപാവനമായി എക്കാലത്തും അവര്‍ കണ്ടു. കാമവുമായി ഒരിക്കലും ചേര്‍ത്തു വായിക്കാനാവാത്ത വിശുദ്ധയാണ് അമ്മ. ഒരു സുഖാസക്തിക്കും അടുക്കാന്‍ കഴിയാത്ത ഒരേയൊരു വാക്ക് – അമ്മ. അമ്മ അതാണ്. ഇതാണ് ഇന്ത്യയുടെ ദര്‍ശനം.” ഈ ദര്‍ശനത്തിന്‍റെ വരമൊന്നും കിട്ടാത്ത ഹതഭാഗ്യരായ എത്രയോ അമ്മമാര്‍ ഇന്നും നമ്മുടെയിടയില്‍ ജീവിക്കുന്നു. വെറുതെ ആശയങ്ങള്‍ ഉണ്ടായാല്‍ പോരാ. ആശയങ്ങളെ ആവിഷ്കരിക്കാനുള്ള ഇച്ഛാശക്തി നേതൃത്വത്തിലും ജനങ്ങള്‍ക്കും ഉണ്ടാകണം.

ഫുള്‍സ്റ്റോപ്പ്: വിധവകളുടെ കണ്ണീരൊപ്പാനും അനാഥര്‍ക്കൊരു റൊട്ടിക്കഷണം പോലും നല്കാനും കഴിയാത്ത ഒരു ദൈവത്തിലോ മതത്തിലോ ഞാന്‍ പോലും വിശ്വസിക്കുന്നില്ല.
– സ്വാമി വിവേകാനന്ദന്‍.

Leave a Comment

*
*