ആര്‍ക്കും ഫസ്റ്റ് കൊടുക്കാത്ത ടീച്ചര്‍

കേന്ദ്രീകൃത മൂല്യനിര്‍ണയം നടക്കുന്നു. ഒരു ക്യാമ്പില്‍ ഞാനുണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പില്‍ പത്തു പേരും ഒരു ചീഫും. മാര്‍ക്ക് കൊടുക്കുന്നത് വളരെ ഉദാരമായിട്ടോ, വളരെ പിടി ച്ചോ? ഏതു രീതിയില്‍ വേണം? ചീഫാണു നിശ്ചയിക്കുന്നത്. മറ്റ് അദ്ധ്യാപകര്‍ മാര്‍ക്കിട്ട ഏതാനം പേപ്പര്‍ (സാമ്പിള്‍) അദ്ദേഹം പരിശോധിക്കും. വേണ്ട നിര്‍ദ്ദേശങ്ങള്‍ വ്യക്തികള്‍ക്കു കൊടുക്കും. പല പ്രാവശ്യം നിര്‍ദ്ദേശിച്ചിട്ടും ഒരു കുട്ടിക്കുപോലും ഫസ്റ്റ് കൊടുക്കാത്ത ഒരു ടീച്ചര്‍ അവിടെയുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ഞാന്‍ ശ്രമിക്കുന്നുണ്ട്; പക്ഷേ, സാധിക്കുന്നില്ല. ഇതില്‍ കൂടുതല്‍ കൊടുക്കാന്‍ സാധിക്കുകയില്ല. അവര്‍ തുടര്‍ന്നു: അല്ല, എന്തു കണ്ടിട്ടു കൊടുക്കാനാ? ദേ, നോക്ക്, സ്പെല്ലിംഗ് മിസ്റ്റേക്സിന്‍റെ കൊള്ളയാ. അപ്പോള്‍ ചീഫ് പറഞ്ഞു: ഭാഷയുടെ കാര്യം മറക്കൂ. വിഷയം വ്യക്തമെങ്കില്‍ കൂടുതല്‍ മാര്‍ക്കു കൊടുക്കൂ. അപ്പോള്‍ ബന്ധപ്പെട്ട ടീച്ചര്‍ പറഞ്ഞു: വിഷയവുമില്ല; ഫസ്റ്റ് ക്ലാസ്സ് കൊടുക്കുക ബുദ്ധിമുട്ടാണ്.

ആ ടീച്ചറെക്കുറിച്ചു കൂടുതല്‍ പറയാം. മറ്റുവിഷയങ്ങള്‍ അവരോടു സംസാരിക്കുമ്പോള്‍ മനസ്സിലാകും അവര്‍ ആരെയും അംഗീകരിക്കുകയില്ലെന്ന്!
പുതിയ പുസ്തകങ്ങള്‍ നോക്കുമ്പോള്‍ അവര്‍ പറയുന്നു, ഒന്നുപോലും നന്നല്ല. ഗാനമത്സരം ശ്രദ്ധിച്ചാല്‍ ആരും നന്നായിട്ടു പാടുന്നില്ല. പ്രസംഗങ്ങള്‍ കേട്ടിട്ട് അവര്‍ പറയും; ഇതൊക്കെ എന്തു പ്രസംഗമാ? ചൊവ്വുള്ളതൊന്നുമില്ല.

"ഈഗോ"(ego)കൊണ്ടു നിറഞ്ഞവര്‍ക്ക് ഈ ഭൂമിയില്‍ ഒരു നല്ലവനെയും കണ്ടെത്താനാവില്ല. അവരുടെ പ്രസ്താവനകള്‍ എല്ലാം 'പക്ഷേ' വച്ചുള്ളവയാണ്. അയാള്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്; പക്ഷേ, ലക്ഷ്യം ശരിയല്ല. അയാള്‍ നന്നായിട്ടു ക്ലാസ്സെടുക്കും; പക്ഷേ, ഗൈഡിലുള്ളതാണ് ഈ പറഞ്ഞുകൊടുക്കുന്നത്. അവര്‍ കണ്ടാല്‍ സുന്ദരിയാണെന്നു തോന്നും; പക്ഷേ, സംസാരിക്കാന്‍ വാ തുറന്നാല്‍ അറപ്പു തോന്നും. ഈ സ്കൂള്‍ നല്ലതാണെന്നാ പലരും പറയുന്നത്; പക്ഷേ, അതിന്‍റെ അകത്തളം ഒന്നും കാണണം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org