അസൂയയ്ക്ക് രക്തത്തേക്കാള്‍ ശക്തിയുണ്ട്

അസൂയയ്ക്ക് രക്തത്തേക്കാള്‍ ശക്തിയുണ്ട്

അന്യരേക്കാള്‍ കൂടുതല്‍ നമ്മെ സഹായിക്കുന്നതു രക്തബന്ധമുള്ളവരാണ്. നഷ്ടം സഹിക്കാനും കഷ്ടകാലത്ത് ആശ്വസിപ്പിക്കാനും അവരാണല്ലോ എത്തുക. കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമുണ്ടാകില്ല എന്നു പറയുന്നത് എന്‍റെ കാര്യത്തില്‍ ഒട്ടും ശരിയല്ല. ഞാന്‍ വേദനിക്കുമ്പോള്‍ അടുത്തുവന്നിരുന്നു നല്ലതു പറയാനും എനിക്കു വേണ്ടതൊക്കെ തരാനും അവരുണ്ട്. എന്നാല്‍ എന്‍റെ നല്ല കാലത്തു കൂടെ ചിരിക്കാന്‍ അവരെ ആരെയും കണ്ടില്ല എന്നത് എന്നെ ചിന്തിപ്പിക്കുന്നു.
എനിക്കു നല്ല കാലം വന്നപ്പോള്‍ എന്‍റെ സ്വന്തക്കാരില്‍ വളര്‍ന്ന അസൂയ എങ്ങനെ വിശദീകരിക്കും? 'നീ ഇപ്പോള്‍ വല്യ ആളായിപ്പോയി; ഓ, അവന്‍റെയൊക്കെ ഭാവം ഇപ്പോഴല്ലേ കാണേണ്ടത്?" ഇത്തരം റിമാര്‍ക്കുകളോടെ അകന്നു നടക്കുന്ന ഇവര്‍ അടുത്തുവരാത്തത് എന്തുകൊണ്ടെന്നുതന്നെയാണു ഞാന്‍ ചിന്തിക്കുന്നത്.
മനുഷ്യകുലത്തിന്‍റെ ആരംഭം മുതല്‍ കാണുന്ന അസൂയ എങ്ങനെ മനസ്സിലാക്കും? ആബേലിനെ ദൈവത്തിനിഷ്ടമാണെന്ന തോന്നലുണ്ടായപ്പോള്‍ കായേന് അതു സഹിച്ചില്ല. ആബേലിന്‍റെ നല്ല കാലത്ത് അവനോടൊത്തു സമയം ചെലവിടാന്‍ ആ ജ്യേഷ്ഠന്‍ ഇഷ്ടപ്പെട്ടു കാണില്ല. തന്നേക്കാള്‍ അനുജന്‍ മിടുക്കനായിരിക്കുന്നുവെന്ന ചിന്തയാല്‍ ജ്യേഷ്ഠന്‍റെ അഹം എരിഞ്ഞു. അനുജനെ കൊന്നുകളയാന്‍ തീരുമാനിക്കുകയും ചെയ്തു. ഇളയവനായ ജോസഫിനോടാണ് അപ്പനിഷ്ടം എന്നു തിരിച്ചറിഞ്ഞ സഹോദരങ്ങള്‍ അവനെ നാടു കടത്തിയില്ലേ? വേദനിക്കുന്നവന്‍റെ അടുത്തിരിക്കാന്‍ ഒരു രസമുണ്ട്. നമ്മള്‍ പറയുന്നത് അവന്‍ കേള്‍ക്കും. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ അവന്‍ സ്വീകരിക്കും. അങ്ങനെ അവനു കൊടുക്കുകയും അവന്‍ സ്വീകരിക്കുകയും ചെയ്യുന്ന ഭാവമാണിഷ്ടം. സഹായത്തിനായി നീട്ടുന്ന കൈകള്‍ ചുറ്റും കാണാന്‍ അവര്‍ കൊതിക്കുന്നു.
എന്നാല്‍, ബലഹീനമായ കരങ്ങള്‍ ശക്തി പ്രാപിക്കുകയും സ്വയംപര്യാപ്തതയിലേക്കു വളരുകയും ചെയ്യുമ്പോള്‍ ഉപകാരി അസംതൃപ്തനാകുന്നു. അവന്‍ കൂടുതല്‍ വളരുകയും തന്നേക്കാള്‍ ശക്തനായിത്തീരുകയും ചെയ്താല്‍ അതു സഹിക്കുന്നതെങ്ങനെ? ആ ബോദ്ധ്യം വരുമ്പോള്‍ മുതല്‍ അവനെ വിമര്‍ശിക്കുവാനും ആക്രമിക്കാനുമാണു പരിശ്രമം. ആക്രമണം ചിലപ്പോള്‍ അതിരുകടന്ന് അവനെ ഇല്ലായ്മ ചെയ്തെന്നും വരാം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org