അതികായന്മാരുടെ തോളില്‍

അതികായന്മാരുടെ തോളില്‍

നമ്മുടെ കാലത്തിന്‍റെ വളരെ പ്രസിദ്ധനായ ഭൗതികശാസ്ത്രജ്ഞനാണു സ്റ്റീഫന്‍ ഹോക്കിംഗ്. അദ്ദേഹത്തിന്‍റെ പുസ്തകമായ "അതികായന്മാരുടെ തോളുകളില്‍"  (On the Shoulders of Giants) ആധുനിക ശാസ്ത്രത്തിന്‍റെ വളര്‍ച്ചയെയും അതിലെ അതികായരായ ശാസ്ത്രജ്ഞരെയും പരിചയപ്പെടുത്തുന്നു. ശാസ്ത്ര ലോകത്തെ അഞ്ചു പേരാണു പ്രത്യേകം പരാമര്‍ശിതമാകുന്നത് – കോപ്പര്‍നിക്കസ്, കെപ്ലര്‍, ഗലീലിയോ, ന്യൂട്ടന്‍, ഐന്‍സ്റ്റയിന്‍. ഇതില്‍ ആരെയും മാറ്റിനിര്‍ത്തി ആധുനികശാസ്ത്രം മനസ്സിലാക്കാനാവില്ല. ചരിത്രത്തില്‍ ഇവര്‍ നടത്തിയ വലിയ മുന്നേറ്റങ്ങളില്‍ കയറിനിന്നാണു പിന്നീടു ശാസ്ത്രം അതിവേഗം വളര്‍ന്നത്. അവരുടെ തോളുകളില്‍ പിന്നീടു വന്നവര്‍ കയറിനിന്ന് അവര്‍ അതികായരായി മാറി. ഈ പറയുന്നതു ശാസ്ത്ര കാര്യത്തില്‍ മാത്രമല്ല, മനുഷ്യന്‍റെ എല്ലാ സാംസ്കാരിക വിഷയങ്ങളിലും ശരിയാണ്. ഈ പാരമ്പര്യത്തിന്‍റെ ഔന്നത്യത്തില്‍ നിന്നു വളരുന്ന കുള്ളന്മാരാണു നാം എന്ന എളിയ ബോധം അതുണ്ടാക്കുന്നു.
ചെസ്റ്റര്‍ട്ടണ്‍ അതു മനസ്സിലാക്കിക്കൊണ്ടാണു പാരമ്പര്യത്തെക്കുറിച്ച് ഇങ്ങനെ എഴുതിയത്: "പാരമ്പര്യം എന്നത് ഏറ്റം നിഷ്പ്രഭരായ ഒരു വിഭാഗത്തിനു വോട്ടുകൊടുക്കലാണ് – നമ്മുടെ പൂര്‍വികര്‍ക്ക്. പാരമ്പര്യം മരിച്ചവരുടെ ജനാധിപത്യമാണ്." കടന്നുപോയവര്‍ പോയിട്ടില്ല. അവരുടെ നേട്ടങ്ങള്‍ ഇവിടെ അവേശേഷിക്കുന്നു. അവരുടെ തോളില്‍ കയറി ഇരുന്ന് ഏതു കുള്ളനും വലിയവനാകാം.
നമ്മുടെ പൈതൃകം മുന്‍തലമുറ ഇവിടെ നേടിയെടുത്തിട്ടു തന്നുപോകുന്നതാണ്. നാം അവരേക്കാള്‍ അറിവുള്ളവരാകും, സ്വന്തം കഴിവുകൊണ്ട് അറിവു നേടിയല്ല, അവരുടെ തോളിലിരുന്നു കാണാന്‍ സാധിച്ചതുകൊണ്ടാണ്. നമ്മുടെ പിതാമഹന്മാരുടെ ഔന്നത്യം ദാനമായി കിട്ടുന്നതാണ്. അവര്‍ ആര്‍ജ്ജിച്ചെടുത്ത മഹത്ത്വവും ഔന്നത്യവും അനായാസം നമുക്കു ലഭിക്കുന്നു. നാം ആനപ്പുറത്തിരുന്നു ലോകം കാണുമ്പോള്‍ മഹത്തുക്കളുടെ ചുമലില്‍ ഇരിക്കുന്നു എന്നതു മറക്കാനാവില്ല. അവരേക്കാള്‍ ഔന്നത്യത്തിലേക്കു നാം ഉയര്‍ത്തപ്പെടുന്നതു നമ്മുടെ മിടുക്കുകൊണ്ടല്ല, അവരുടെ ദാനഫലമാണ്.
മറ്റൊരു ഔന്നത്യം നമുക്കു ലഭിക്കാം. ദൈവത്തിന്‍റെ തോളില്‍ ഇരുന്നുകൊണ്ട്. ദൈവികതയും ഔന്നത്യവും അതിന്‍റെ മഹത്ത്വവുമുണ്ടാകും. പക്ഷേ, അതു വേദനിക്കുന്നവരെയും പീഡിതരെയും സ്വന്തം തോളിലേറ്റുമ്പോഴായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org