Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ആത്മീയതയുടെയും മാനവികതയുടെയും ആചാര്യന്‍

ആത്മീയതയുടെയും മാനവികതയുടെയും ആചാര്യന്‍

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

നൂറാം വയസ്സിലേയ്ക്കു പ്രവേശിക്കുന്ന കേരളത്തിലെ ഒരു വലിയ മെത്രാപ്പോലീത്തായുടെ രൂപവും ഭാവവും ഭാഷയും മലയാളിയെ ചിരിയുടെയും ചിന്തയുടെയും വഴിയിലൂടെ നടത്താന്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. മഹാന്മാരായ വ്യക്തികളുടെ ചില വാക്കുകള്‍ നമ്മെ സ്വര്‍ഗത്തിലെ മാലാഖമാരെപ്പോലെ ചിരിക്കാന്‍ പ്രചോദിപ്പിക്കുന്നതും ഒരിക്കലും സ്മൃതിയില്‍ നിന്നും മായാത്തതുമാണ്. വിശുദ്ധ മദര്‍ തെരേസ 1993-ല്‍ കേരളത്തില്‍ വന്നപ്പോള്‍ കാലം ചെയ്ത പടിയറ പിതാവിനോടും ഫാ. തോമസ് പൈനാടത്ത് തുടങ്ങിയ വൈദികരോടുമൊപ്പം മദര്‍ തെരേസയുടെ കൂടെ എറണാകുളത്തെ നിര്‍മല ശിശുഭവനില്‍ പ്രാതല്‍ കഴിക്കാന്‍ ഇടയായി. മദര്‍ പറഞ്ഞ തമാശ ഇപ്പോഴും മനസ്സില്‍ കത്തി നില്ക്കുന്നു. മദറിന്‍റെ ഹൃദ്രോഗത്തെക്കുറിച്ച് ഇന്ത്യയിലെ മാധ്യമങ്ങള്‍ ഇടമുറിയാതെ എഴുതിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഇതേക്കുറിച്ച് മദറിനോട് ചോദിച്ചപ്പോള്‍ മദര്‍ പറഞ്ഞത് ഇങ്ങനെയാണ്, “ഞാന്‍ മരിച്ച് സ്വര്‍ഗത്തില്‍ ചെന്നതാണ്. പക്ഷേ വിശുദ്ധ പത്രോസ് വാതില്‍ക്കല്‍ തടഞ്ഞു നിര്‍ത്തി. എന്നിട്ട് എന്നോട് പറഞ്ഞു, കല്‍ക്കട്ടയിലെ തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസയല്ലേ? അതേ! ഇപ്പോള്‍ സ്വര്‍ഗത്തില്‍ ചേരികളില്ല. അതിനാല്‍ ഇപ്പോള്‍ മദര്‍ അകത്തു പ്രവേശിച്ചാല്‍ തൊഴില്‍ രഹിതയാകും. ഭൂമിയില്‍ തിരിച്ചു ചെന്ന് കുറേ ചേരികളുമായി തിരിച്ചുവരിക.” നര്‍മവും ഗഹനവുമായ സംഭാഷണം. ദീപിക ദിനപത്രം, 1918-ല്‍ ജനിച്ച മാര്‍ തോമാ സഭയുടെ വലിയ തിരുമേനി മാര്‍ ക്രിസോസ്റ്റത്തെക്കുറിച്ച് എഴുതിയത് കണ്ടപ്പോഴാണ് മദര്‍ തെരേസയുടെ വാക്കുകള്‍ ഓര്‍മയില്‍ ഓടിയെത്തിയത്. ചിരിയുടെ തമ്പുരാന്‍ എന്ന അപരനാമമുള്ള തിരുമേനി പറഞ്ഞത്, “ദൈവം എന്നില്‍ നിന്ന് ആഗ്രഹിച്ചതൊക്കെ നടന്നിട്ടുണ്ടാകില്ല. എന്തെങ്കിലും ഫലം പുറപ്പെടുവിക്കുമോ എന്ന്അറിയാനാണ് നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടാണ് അധികം പേര്‍ക്കും സാധിക്കാത്ത നൂറിന്‍റെ അനുഭവം എനിക്കു നല്കിയത്.”

2005-ല്‍ സത്യദീപത്തിന്‍റെ എഡിറ്ററായിരിക്കുമ്പോഴാണ് ക്രിസോസ്റ്റം തിരുമേനിയെ അടുത്തറിയാന്‍ അവസരം ലഭിച്ചത്. കുട്ടികളുടെ പേജില്‍ കേരളത്തിലെ മഹദ്വ്യക്തികളുടെ ചിന്തകളും ജീവിതാനുഭവങ്ങളും ഫലിതങ്ങളും മറ്റും പ്രസിദ്ധീകരിക്കാം എന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചു. അതിലേയ്ക്ക് ഹൃദയത്തെ സന്തോഷത്തിലാഴ്ത്തുന്ന വാക്കുകള്‍ക്കും ജീവിതാനുഭവങ്ങള്‍ക്കും പഞ്ഞമില്ലാത്ത വലിയ തിരുമേനിയെ ഇന്‍റര്‍വ്യു ചെയ്യാന്‍ തീരുമാനിച്ചു. ഞാന്‍ ഫോണില്‍ തിരുമേനിയുമായി ബന്ധപ്പെട്ടപ്പോള്‍ സത്യദീപം എന്നു കേട്ടപ്പോഴേ അദ്ദേഹത്തിന് ഏറെ പ്രിയമായി. അച്ചന്‍ വൈകീട്ട് ഇങ്ങോട്ട് വരിക. നമുക്ക് അത്താഴം കഴിച്ചിട്ട് ഇരുന്ന് സംസാരിക്കാം. അങ്ങനെ ഞാന്‍ തിരുവല്ലയിലെ പുലാത്തിനിലെത്തി. രാത്രി 8 മണിയോടുകൂടി തിരുമേനി എത്തിച്ചേര്‍ന്നു. ഏറെ സന്തോഷത്തോടെ എന്നെ സ്വീകരിച്ചു. വലിയ മെത്രാപ്പോലീത്തായുടെ കൂടെയിരുന്നു ഇത്രയും ലളിതമായ അത്താഴം കഴിച്ചത് ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അതിനുശേഷം ഏകദേശം രണ്ടു മണിക്കൂര്‍ ഇരുന്ന് പിതാവിന്‍റെ ജീവിതവും ജീവിതകഥകളും കേട്ടു റെക്കോഡ് ചെയ്തു. ആത്മീയതയുടെയും മാനവികതയുടെയും തീരത്ത് തഴച്ചു വളര്‍ന്ന ഒരു ഒലിവുമരത്തിന്‍റെ ചാരുതയും ഫലഭൂയിഷ്ഠതയും കാതുകൊണ്ട് കേട്ടും കണ്ണുകൊണ്ട് കണ്ടും ഇരുന്ന നിമിഷങ്ങള്‍ ഏറെ ധന്യമായിരുന്നു.

നീണ്ട വര്‍ഷങ്ങളിലൂടെ സഭയ്ക്കും സമൂഹത്തിനും വേണ്ടി സ്വച്ഛമായി ഒഴുകിയ ഒരു പുണ്യനദിയുടെ തീരത്തിരുന്ന് ജീവിതാനുഭവങ്ങള്‍ കേട്ടത് ഒരു ചാരിതാര്‍ത്ഥ്യമായി. ക്രിസോസ്റ്റം തിരുമേനി തമിഴ്നാട്ടിലെ ജോളാര്‍പെട്ടയില്‍ ഒരു ചുമട്ടുകാരനായിരുന്ന കാലം. ആരെങ്കിലും വിളിക്കാന്‍ കാത്തിരിക്കുമ്പോള്‍ തീവണ്ടിയില്‍നിന്നും ഇറങ്ങിയ ഒരമ്മയും മകനും അയാളുടെ മകളും അടങ്ങുന്ന കുടുംബം ഭാരമുള്ള പെട്ടി ചുമക്കാന്‍ സാധിക്കാതെ വിഷമിച്ചു നില്ക്കുന്നതു കണ്ടു. പോര്‍ട്ടറെ കണ്ടപ്പോള്‍ കൈകാട്ടി വിളിച്ചു. അതു ചുമക്കാന്‍ എത്ര പണം വേണമെന്നു ചോദിച്ചപ്പോള്‍ പിതാവ് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു: “താങ്കള്‍ അര മണിക്കൂര്‍ പണിയെടുത്താല്‍ കിട്ടുന്ന വേതനം.” ചോദിച്ചയാള്‍ ഈ മട്ടിലുള്ള ഉത്തരം കേട്ട് അന്തംവിട്ടുപോയി. എന്തായാലും ചുമട്ടുകാരന്‍ ചുമടെടുത്തു. അതിനു കൂലി കൊടുത്തപ്പോള്‍ സാധാരണ കിട്ടുന്നതിനേക്കാള്‍ കൂടുതലായിരുന്നു. അപ്പോള്‍ പിതാവ് അയാളോട് പറഞ്ഞത്, “താങ്കള്‍ ഞാന്‍ എടുത്ത പണിക്കു മാത്രം കൂലി നല്കിയാല്‍ മതി, എന്നെ ഇഷ്ടപ്പെട്ടതിനു കൂലിയില്ല.” അയാള്‍ പിതാവിനെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു കൊണ്ട് പോയത്രേ. ഇന്ന് കൂലി മാത്രമേ ഉള്ളൂ; ആളുകളെ ഇഷ്ടപ്പെടുന്നില്ല. പിതാവിന്‍റെ ജീവിത ശൈലി ഏതു ജാതിക്കാരനായാലും ഏതു പാര്‍ട്ടിക്കാരനായാലും സ്നേഹത്തോടെ തന്‍റെ അടുത്ത് വരുന്നവരെ സ്വീകരിക്കുക എന്നതാണ്.

കേരളത്തിലെ മാര്‍ത്തോമ്മാ സഭയുടെ തലപ്പത്ത് നിന്നും സ്വമനസ്സാ മാറിയപ്പോള്‍ തെഹല്‍ക്കാ ഡോട്ട് കോം ക്രിസ്സോസ്റ്റം തിരുമേനിയുമായി ഒരു അഭിമുഖം നടത്തുകയുണ്ടായി. അഭിമുഖകാരന്‍റെ ആദ്യത്തെ ചോദ്യം സ്ഥാന ത്യാഗത്തെക്കുറിച്ചായിരുന്നു. അതിന് പിതാവ് നല്കിയ ഉത്തരം ഏറെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. “ഞാന്‍ മെത്രാനായപ്പോള്‍ സഭ ചെയ്യുന്ന കാര്യങ്ങളെ വിജ്ഞാനത്തോടെയും വിവേകത്തോടെയും ചോദ്യം ചെയ്യുന്ന കറിയാച്ചന്മാരുടെ എണ്ണം വളരെ പരിമിതമായിരുന്നു. വാസ്തവത്തില്‍ ഒറ്റയൊരാള്‍. പക്ഷേ ഇന്ന് കറിയാച്ചന്മാരുടെ എണ്ണം കൂടി. ഞാന്‍ സമാധാനത്തില്‍ സഹജീവിതം നയിക്കാന്‍ ആഗ്രഹി ക്കുന്നയാളാണ്. ഇപ്പോള്‍ സഭ യില്‍ നൂറോളം കറിയാച്ചന്മാരുണ്ട്. ഞാന്‍ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന യാളാണ്. അവരുടെ ചിന്തകളും രീതികളും എനിക്കിഷ്ടമാണ്. അവരോട് സംസാരിക്കുന്നതും എനിക്ക് പ്രിയങ്കരമാണ്. ഇന്നത്തെ സഭാ നേതൃത്വത്തില്‍ നുണ കൂടുതലാണ്. എനിക്ക് നുണ പറയാനറിയില്ല.”
തന്‍റെ കുട്ടിക്കാലത്തെ കുസൃതിയേയും പ്രേമത്തെയുംകുറിച്ചും മറ്റും വളരെ ആത്മാര്‍ത്ഥതയോടെയും സരസമായും പിതാവ് പറയാറുണ്ട്. നര്‍മത്തിലൊളിപ്പിച്ച ശക്തമായ താക്കീതുകളും സമൂഹത്തിന് നല്കുവാന്‍ പിതാവിന് സാ ധിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ സഭാ വിശ്വാസികളും സെക്കുലര്‍ ലോകവും ആദരവോടെ കാണുന്ന പിതാവിന് സത്യദീപത്തിന്‍റെ പേരിലും നൂറിന്‍റെ ആശംസകള്‍.

ഫുള്‍സ്റ്റോപ്പ്: “എനിക്കു രാഷ്ട്രീയക്കാരെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ അവരില്‍ ഭൂരിപക്ഷം പേരും കള്ളന്മാരാണ്. അതിനാല്‍ ഇപ്പോള്‍ അവരെ എനിക്കിഷ്ടമല്ല”.

Leave a Comment

*
*