പത്രങ്ങൾ മരിക്കുകയാണോ അവയെ കൊല്ലുകയാണോ

പത്രങ്ങൾ മരിക്കുകയാണോ അവയെ കൊല്ലുകയാണോ

കൊച്ചിയിലെ തമ്മനം ജംഗ്ഷനില്‍ മീന്‍വിറ്റ് തന്‍റെ പഠനം നടത്തിയിരുന്ന ഹനാനെ 2018 ജൂലൈ 25 വരെ കേരളം അറിഞ്ഞിരുന്നില്ല. മാതൃഭൂമി പത്രം അവളെ കുറിച്ച് ഒരു വാര്‍ത്ത 25-ാം തീയതിയിലെ പത്രത്തില്‍ കൊടുത്തു. അത് സോഷ്യല്‍ മീഡിയായില്‍ വൈറലായി. ഇന്ന് കേരളം മാത്രമല്ല മലയാളി ലോകം മുഴുവനും തൊടുപുഴ അല്‍ അസര്‍ കോളജില്‍ പഠിക്കുന്ന ഹനായെ സഹായിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഇതാണ് മാധ്യമപ്രവര്‍ത്തനത്തിന്‍റെ ശക്തി.

വികസനത്തിന്‍റെയും നേട്ടങ്ങളുടെയും കോര്‍പ്പറേറ്റുകളുടെയും മെട്രോ സിറ്റികളുടെയും ബോളിബുഡിന്‍റെയും മറ്റും കഥകള്‍ മാത്രം പറഞ്ഞ് ഇന്ത്യയിലെ കോടിക്കണക്കിനു ഗ്രാമവാസികളുടെ ശബ്ദത്തെ തമസ്കരിക്കുന്ന ആധുനിക മീഡിയാ പ്രവര്‍ത്തനത്തിന് ഒരു വെല്ലുവിളിയാണ് പി. സായ് നാഥ് എന്ന മാഗ്സാസെ അവാര്‍ഡ് ജേതാവ്. ദ ഹിന്ദു പത്രത്തിന്‍റെ റൂറല്‍ അഫയേഴ്സ് എഡിറ്ററായിരുന്ന സായ്നാഥിന്‍റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും എന്നും പട്ടിണിയിലും പരിവാരത്തിലും വെള്ളവും വെളിച്ചവുമില്ലാതെ ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ പാവപ്പെട്ട ഗ്രാമവാസികളുടെ കഥകളായിരുന്നു, അവരുടെ ജീവിതമായിരുന്നു. 2018 ജൂലൈ 29-ലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ പി. സായ്നാഥുമായി സജിത്കുമാര്‍ നടത്തിയ അഭിമുഖം പ്രസിദ്ധികരിച്ചിട്ടുണ്ട്. "പത്രപ്രവര്‍ത്തനത്തിന് ഭാവിയില്ല" എന്ന തലക്കെട്ടോടെയുള്ള ഈ ഇന്‍റര്‍വ്യു ഇന്നത്തെ മാധ്യമ ലോകത്തിന്‍റെ അപജയങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ശക്തമായ സൂചനകളാണ് നല്കുന്നത്.

ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം പച്ചപിടിക്കുന്ന കാലഘട്ടത്തില്‍ അന്നത്തെ ഗ്രാമങ്ങളിലെ അവസ്ഥയെകുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ റൂറല്‍ അഫയേഴ്സ് എഡിറ്ററെ ചുമതലപ്പെടുത്തുമായിരുന്നു. അതു പോലെ തൊഴിലാളികളുടെ കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ലേബര്‍ റിപ്പോര്‍ട്ടറും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് എന്താണ് സംഭവിക്കുന്നത്. പി. സായ്നാഥിന്‍റെ വാക്കുകളില്‍, "ഇന്ന് റൂറല്‍ റിപ്പോര്‍ട്ടിംഗ് വംശനാശം സംഭവിച്ച ഒരിനമാണ്. പ്രധാന പത്രങ്ങളില്‍ ഇന്നത് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ എന്നാണ് വിളിക്കപ്പെടുന്നത്. അഥവാ പത്രങ്ങളിലെ ബസിനസ് കറസ്പോണ്ടന്‍റിനോട്, തൊഴിലാളികള്‍ എന്തു ചിന്തിക്കുന്നുവെന്ന് കമ്പനികളുടെ പി.ആര്‍.ഓ.മാരാണ് സംസാരിക്കുന്നത്. അതൊരു ഫ്രോഡാണ്." അതുപോലെ ഇന്നത്തെ പത്രങ്ങള്‍ക്ക് ഒരു അഗ്രികള്‍ച്ചറല്‍ കറന്‍സ്പോണ്ടന്‍റും ഇല്ല. ഗ്രാമങ്ങളിലെ കര്‍ഷകരുടെ ദുരിതങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. അവര്‍ കൃഷിമന്ത്രാലയത്തെയും കൃഷിമന്ത്രിയെക്കുറിച്ചുമാണ് എഴുതുന്നതെന്നാണ് സായ്നാഥ് പറയുന്ന സത്യം. എന്നു വച്ചാല്‍ ജനാധിപത്യരാജ്യത്തില്‍ ജനങ്ങളുടെ ആകുലതകള്‍ക്കും അവാലതികള്‍ക്കും ശബ്ദവും വെളിച്ചവും നല്കേണ്ട മാധ്യമങ്ങള്‍ സമൂഹത്തിലെ വമ്പന്മാരുടെയും കോര്‍പ്പറേറ്റുകളുടെയും പ്രതിനിധികളായി മാറിയിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചല്ല പത്രങ്ങളും മറ്റു മാധ്യമങ്ങളും ആവലാതി കൊള്ളുന്നത്. കോര്‍പ്പറേറ്റുകളുടെയും മള്‍ട്ടിനാഷനല്‍ കമ്പനികളുടെയും ഉത്പന്നങ്ങള്‍ ഇന്ത്യയിലെ സമ്പത്തുള്ളവരെകൊണ്ടും മധ്യവര്‍ഗ്ഗത്തെ കൊണ്ടും വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം. "വീടു നിര്‍മാണത്തക്കുറിച്ചോ വിടീല്ലാത്തവരെക്കുറിച്ചോ എഴുതാന്‍ ആരുമില്ല. പലായനങ്ങളെക്കുറിച്ചോ അഭയാര്‍ത്ഥികളെക്കുറിച്ചോ എഴുതാന്‍ ഇവിടെ ആരുമില്ല." ന്യൂസ് പേപ്പര്‍ ബിസിനസ്സല്ല ഇന്ന് ഉള്ളത്. ഇവിടെ ഇപ്പോള്‍ നടക്കുന്നത് അഡ്വര്‍ടൈസിങ്ങ് ബിസിനസ്സാണ്. പി. സായ്നാഥ് ചോദിക്കുന്നു: മാധ്യമങ്ങളില്‍ ഇന്ന് വരുന്നതില്‍ എന്താണ് കോര്‍പ്പറേറ്റുകളുടേതല്ലാതായിട്ടുള്ളത്? ക്രിക്കറ്റ് ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട കായിക ഇനമാണ്. പക്ഷേ, അതു മുഴുവന്‍ കോര്‍പ്പറേറ്റുവത്കരിക്കപ്പെട്ടിരിക്കുകയല്ലേ? ഐ.പി.എല്‍ കളിക്കുന്നവരെ ആരാണ് സ്പോണ്‍സര്‍ ചെയ്യുന്നത് എന്നു നോക്കുക. "സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേവലം മുകേഷ് അംബാനിയുടെ സ്വകാര്യ സ്വത്തായി മാറുന്നു." ലാഭത്തിനു വേണ്ടി നടത്തുന്ന ഒരു ബിസിനസ്സായി ഇന്ന് പത്രപ്രവര്‍ത്തനവും മാധ്യമ മേഖലയും തരംതാഴ്ന്നിരിക്കുന്നു. ഇവിടെയുള്ളത് സത്യസന്ധമായ പത്രപ്രവര്‍ത്തനമല്ല, മറിച്ച് "കോര്‍പ്പറേറ്റുവത്കരിക്കപ്പെട്ട വിനോദം, കോര്‍പ്പറേറ്റുവത്കരിക്കപ്പെട്ട സ്പോര്‍ട്ട്സ്, കോര്‍പ്പറേറ്റുവത്കരിക്കപ്പെട്ട സാമ്പത്തികം, കോര്‍പ്പറേറ്റുവത്കരിക്കപ്പെട്ട രാഷ്ട്രീയം…. അവയാണ് ഇന്ന് ലേബര്‍ റിപ്പോര്‍ട്ടറുടെ അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ റിപ്പോര്‍ട്ടറുടെ മേഖല."

പത്രപ്രവര്‍ത്തനത്തിന് ആത്മാവ് നഷ്ടപ്പെട്ട അവസ്ഥയാണെന്ന് സായ്നാഥ് പറയുന്നു. മുഖമില്ലാത്തവരുടെ മുഖമാകാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനുമുള്ള കുലീനമായ ദൗത്യം ഇന്നത്തെ മാധ്യമലോകം മറക്കുന്നു. അവര്‍ കോര്‍പ്പറേറ്റുകളുടെ അടിമകളായി മാറുന്നു. ഇതാണ് ഇന്നത്തെ അപകടം.

ഫുള്‍സ്റ്റോപ്പ്: പട്ടിണിമരണം ആദ്യപേജില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഒരൊറ്റദിവസത്തേതല്ല ഈ പട്ടിണിയെന്നറിഞ്ഞ് പട്ടിണിയുടെ സാഹചര്യത്തെക്കുറിച്ച് നിരന്തരം റിപ്പോര്‍ട്ട് ചെയ്യാത്തതെന്തേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org