ഉള്‍ക്കടല്‍

ഉള്‍ക്കടല്‍

സി. ലിസാ സേവ്യര്‍ എഫ്.സി.സി.

സി. ലിസാ സേവ്യര്‍ എഫ്.സി.സി.
സി. ലിസാ സേവ്യര്‍ എഫ്.സി.സി.

വര്‍ത്തമാനകാലത്തിന്റെ അകത്തളങ്ങളില്‍ നോമ്പു വിചാരങ്ങള്‍ മൗനത്തിന്റെ ഭാഷയണിയുമ്പോള്‍ തിരുവചന ഗ്രന്ഥങ്ങളില്‍ കൊത്തി വച്ചിട്ടുള്ള ചില ഉള്‍പ്പൊരുളുകള്‍ ഈ മൗനത്തെ വാചാലമാക്കുന്നു. പുറപ്പാട് മഹോത്സവത്തിന്റെ യാത്രയുടെ മൗനമാണ് നോമ്പിന്. ഫല ഭൂയിഷ്ടമായ കാനാന്‍ സൗഭാഗ്യത്തിലെത്തിച്ചേരാന്‍ ഏറ്റെടുക്കേണ്ടി വന്ന ചെങ്കടല്‍ യാത്രയും വരണ്ട മരുഭൂയാത്രയും കടന്നു വേണം നോമ്പ് നോക്കുന്ന സാധകനും കാനാന്‍ നാടിന്റെ ഉത്ഥാന അനുഭവത്തില്‍ എത്തിച്ചേരാന്‍. മനസ്സിനെ പിന്‍നടത്തിനു പ്രേരിപ്പിക്കുന്ന ഉള്ളിക്കറികളും ഇറച്ചിചട്ടികളും വിരുന്നെത്തുന്ന തീന്‍ മേശകളെ, മന്നയും കാടപ്പ ക്ഷിയും ആകുന്ന മിതഭോജനം കൊണ്ട് മെരുക്കിയെടുക്കുന്ന തപജീവിതത്തിന്റെ താഴ്‌വരകളിലൂടെയുള്ള ഒരു പ്രയാണമാണിത്. ഈ പ്രയാണത്തില്‍ മൂന്ന് കാര്യങ്ങളെ നമുക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാം.
ഒന്ന്: പഴയ നിയമത്തില്‍ നിന്ന് തളിര്‍ത്തൊരു ആശംസയാണത് പകല്‍ മേഘമായും രാത്രി അഗ്‌നിയായും ഒരു സ്‌നേഹം സദാ നമുക്ക് കൂട്ടു വരുന്നു! ആ സ്‌നേഹം, കൂടെയുള്ള ദൈവസാന്നിദ്ധ്യം, ഈ നോമ്പുകാല പ്രയാണത്തില്‍ സംരക്ഷണ യുടെ കവചമായി നിലകൊള്ളട്ടെ. കഷ്ടകാലത്തും നല്ല കാലത്തും. പകല്‍ അപരനെ നാം വെളിച്ചത്തില്‍ കാണുന്ന സമയം. ദൈവത്തിന്റെ വെളിച്ചത്തില്‍ എന്റെ സ്വാര്‍ത്ഥതയെ മറികടന്ന് അപരനിലേക്ക് നീളുന്ന കാരുണ്യത്തിന്റെ, അര്‍ദ്രതയുടെ ജീവാവിഷ്‌ക്കാരങ്ങള്‍ നോമ്പിലെ തനിയാവര്‍ത്തനങ്ങളാകുന്നു. മഹാനായ ചിത്രകാരന്‍ Rembrandt ന്റെ Return of the prodigal Son എന്ന മഹത്തായ പെയിന്റിംഗില്‍ തന്റെ ധൂര്‍ത്തപുത്രനെ ആഞ്ഞുപുല്‍കുന്ന പിതാ വിന്റെ കരങ്ങളെ ആവിഷ്‌ക്കരിച്ചിരിക്കുന്നത് വളരെ മനോഹരമാണ്. അതില്‍ ഒരു കൈ സംരക്ഷണത്തിന്റെയും അദ്ധ്വാനത്തിന്റെയും പ്രതീകാത്മകത സൃഷ്ടിക്കുന്ന പുരുഷന്റെതും മറുകൈ വാത്സല്യത്തിന്റെയും കരുതലിന്റെയും പ്രതീകമായ സ്ത്രീയുടേതും. ഈ ഇരുകരങ്ങളും സൃഷ്ടിക്കുന്ന മേല്പറഞ്ഞ ജീവാവിഷ്‌ക്കാരങ്ങളാണ് അഗ്‌നിസ്തംഭ മായും മേഘസ്തംഭമായും കടന്നുവരുന്ന നോമ്പിന്റെ രാപകലുകള്‍.
രണ്ട്: മല്‍പ്പിടുത്തത്തിലൂടെ പിടിച്ചുവാങ്ങിയ അനുഗ്രഹം. നോമ്പനുഭവം ഒരു മല്‍പ്പിടുത്തത്തിന്റെ തീവ്രത പേറുന്ന രണഭൂമിയായി നില കൊള്ളുന്നു. മഹാനായ ടോള്‍ സ്റ്റോയിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ മനസ്സ് ഒരു യുദ്ധ ഭൂമികയായി മാറുന്ന അവസ്ഥ. നന്മയുടെ വിജയം വിശാലമായ ഭൂമിയല്ല, ഇടുങ്ങിയ വഴികളാണെന്ന് തെളിയിച്ച മദര്‍ തെരേസയുടെ 'dark night of a soul' പോലെ. തന്റെ സമ്പാദ്യം മുഴുവന്‍ അക്കരെയെത്തിച്ച് നേരം പുലരും വരെ ദൈവത്തോട് മല്‍പ്പിടുത്തം നടത്തി ജയിച്ച യാക്കോബിന്റെ ഇസ്രായേല്‍ രൂപാന്തരീകരണം ദൈവാനുഗ്രഹത്തിന്റെ കലവറയിലേയ്ക്കുള്ള യാത്രയുടെ വെന്നിക്കൊടിയായി നിലകൊള്ളുന്നു. യാക്കോബിന്റെ കാത്തിരിപ്പിനാകട്ടെ ഇപ്പോള്‍ അഭൗമമായ ദൈവികസൗന്ദര്യവും. 'എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ നിന്നെ ഞാന്‍ വിടില്ല' എന്ന ശാഠ്യവുമായി നടത്തുന്ന മല്‍പ്പിടുത്തത്തിന്റെ നിഴല്‍പ്പാടുകള്‍ നമ്മില്‍ ശേഷിപ്പിക്കുന്ന വാങ്മയ ചിത്രത്തിന് ഈ നോമ്പു കാലത്ത് തിളക്കമേറെ.

സ്വയം ശുദ്ധീകരണത്തിലൂടെ
നിവര്‍ത്തിയാക്കപ്പെടുന്ന
അനേക വീണ്ടെടുപ്പുകളുടെ
കഥകളാണ്

ഈ നോമ്പുകാല ദിനങ്ങള്‍ക്ക്
നമ്മോട് പറയുവാനുള്ളത്.
തപജീവിതത്തിന്റെ
താഴ്‌വരകളിലൂടെയുള്ള
ഒരു പ്രയാണമാണിത്.


മൂന്ന്: മൂന്നാം ദിനത്തിലെ മെറ്റമോര്‍ഫോസിസ്. ദൈവഹിതത്തിന് മറയായി യോനാ പ്രവാചകന്‍ സ്വീകരിച്ച 'ദിശ മാറി സഞ്ചരിക്കല്‍' എന്ന തന്ത്രത്തിലൂടെ സ്വന്തം താല്പര്യങ്ങള്‍ക്ക് അയാള്‍ കോട്ട കെട്ടി. എന്നാല്‍ ദൈവമാകട്ടെ, തിമിംഗലത്തിന്റെ ഉദരത്തിലെ മൂന്ന് ദിനം ഒരു രൂപാന്തരീകരണം നടത്താനു ള്ള ഇടവേളയാക്കി മാറ്റി. ഈ പ്രക്രിയയിലൂടെ കരഗതമായ ദൈവത്തിന്റെ പ്രവാചക ശബ്ദത്തിലേയ്ക്കുള്ള വഴി ത്തിരിവ് നിനിവേയുടെ വീണ്ടെടുപ്പ് സാധ്യമാക്കുന്നു. ആധുനിക ആശയ വിനിമയ മേഖലയുടെ രസതന്ത്രങ്ങളില്‍ ഇപ്പോള്‍ paradigm Shift എന്ന പദത്തിന് Market value കുതിച്ചുയരുന്നു. സമൂല പരിവര്‍ത്തനത്തിലേക്ക് മാറ്റപ്പെടുന്ന Positive energy യുടെ തരംഗങ്ങളാണിവിടെ ഉല്‍ഭൂത മാവുക. വി. പൗലോസിന്റെ വാക്കുകളില്‍ 'പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി പുതിയ മനുഷ്യനെ ധരിക്കുക' പുതി യ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടിയുള്ള ഈറ്റു നോവിന്റെ ദിനങ്ങള്‍. ഇപ്രകാരം സ്വയം ശുദ്ധീകരണത്തിലൂടെ നിവര്‍ത്തിയാക്കപ്പെടുന്ന അനേക വീണ്ടെടുപ്പുകളുടെ കഥകളാണ് ഈ നോമ്പുകാല ദിനങ്ങള്‍ക്ക് നമ്മോട് പറയുവാനുള്ളത്.
തന്റെ നീണ്ടയാത്രയെക്കുറിച്ച് ഓര്‍മ്മിച്ച് വിതുമ്പുന്ന മലയില്‍ നിന്നുത്ഭവിച്ച്, മലകളെ ഉമ്മ വെച്ച്, ഗ്രാമങ്ങളെ രോമാഞ്ചമണിയിച്ച സുന്ദരമായ ഇന്നലെകളോര്‍ത്ത് വിതുമ്പിക്കരയുന്ന സമുദ്രത്തിന്റെ നീലിമയിലേക്ക് തന്റെ സകല അസ്തിത്വവും നഷ്ടപ്പെടുമെന്നോര്‍ത്ത് വല്ലാതെ കരയുന്ന പാവം നദി. പക്ഷെ അവള്‍ മറന്നു പോകുന്ന ഒരു സത്യമുണ്ട്. അവള്‍ അനന്തമായ ഒരു സമുദ്രത്തിന്റെ ഭാഗമാവുകയല്ല, മറിച്ച് അവളൊരു സമുദ്രം തന്നെയായി മാറുകയാണെന്ന സത്യം. ഈ നോമ്പുകാല ദിനങ്ങളെ വാചാലമാക്കുന്ന ഒരു ഉണര്‍ത്തുപാട്ടായി നാമും ഇതുപോലെ… ഒരു നദി പോലെ.
'നിങ്ങള്‍ എന്നില്‍ വസിക്കുക. ഞാന്‍ നിങ്ങളിലും വസിക്കും' എന്ന ക്രിസ്തു വിചാരത്തിലേക്ക് ഈ നോമ്പുകാല ദിനങ്ങള്‍ നമ്മെ പരാവര്‍ത്തനം ചെയ്യട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org