ബീഫ് നിരോധനം വളഞ്ഞ വഴിയിലൂടെ

ബീഫ് നിരോധനം വളഞ്ഞ വഴിയിലൂടെ

ദേശീയ പാതകളിലും സംസ്ഥാന പാതകളിലുംനിന്ന് 500 മീറ്ററിനുള്ളില്‍ മദ്യക്കടകള്‍ പാടില്ലെന്നു സുപ്രീംകോടതി വിധിച്ചപ്പോള്‍ ഇവിടെ ചില ബാറുടമകള്‍ വിധിയെ മറികടക്കാന്‍ ഒരു സൂത്രപ്പണി ചെയ്തു. ബാറിന്‍റെ പ്രധാന പാതയിലേക്കുള്ള കവാടം അടച്ചു. പകരം പുറകുവശത്തു വളഞ്ഞുപുളഞ്ഞുള്ള വഴിയുണ്ടാക്കി വശത്തുള്ള വഴിയിലേക്കു തുറന്നു. ബാറിനു സ്ഥാനചലനമില്ല. പക്ഷേ, ബാറിലെത്താന്‍ അര കിലോമീറ്റര്‍ താണ്ടണം. ഇന്ത്യയില്‍ ബീഫുനിരോധനത്തിനു ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രവും ഇതിനു സമാനമാണ്. ബീഫ് വാങ്ങുന്നതിനോ കഴിക്കുന്നതിനോ നിരോധനമില്ല. പക്ഷേ, ബീഫ് കിട്ടാത്ത അവസ്ഥ ഉണ്ടാക്കിയിരിക്കുന്നു.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്തു മൃഗ ക്ഷേമബോര്‍ഡാണ് അസാധാരണ ഗസറ്റായി വിജ്ഞാപനമിറക്കിയിരിക്കുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ പശു, കാള, പോത്ത്, എരുമ, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ വാങ്ങുകയോ വില്ക്കുകയോ പാടുള്ളൂ എന്നാണു നിയമം നിഷ്കര്‍ഷിക്കുന്നത്. അറക്കാന്‍വേണ്ടി ഈ മൃഗങ്ങളെ വാങ്ങാനോ വില്ക്കാനോ പാടില്ല. വാങ്ങുന്നയാളും വില്ക്കുന്നയാളും കാര്‍ഷികാവശ്യത്തിനുവേണ്ടിയാണു വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നതെന്നു സത്യവാങ്മൂലം നല്കണം. അറവുമാടുകളെപ്പറ്റി നിയമം ഒന്നും പറയുന്നില്ല.

ഈ വിജ്ഞാപനം വായിച്ചാല്‍ മൃഗങ്ങളെപ്പറ്റിയുള്ള സര്‍ക്കാരിന്‍റെ കരുതലിനെപ്പറ്റി ആര്‍ക്കും ആദരവു തോന്നും. കാലാവസ്ഥയുടെ കാഠിന്യം, വായുസഞ്ചാരത്തിന്‍റെ കുറവ് തുടങ്ങിയവമൂലം മൃഗങ്ങള്‍ക്കു മുറിവോ വേദനയോ ഉണ്ടാകാന്‍ പാടില്ല. മൃഗങ്ങളെ അടിക്കുകയോ കുത്തുകയോ പിടിച്ചു തിരിക്കുകയോ പാടില്ല, കൂച്ചിക്കെട്ടിയിടാന്‍ പാടില്ല, നിലത്തു വലിച്ചിഴയ്ക്കാന്‍ പാടില്ല, തൂക്കിയിടാന്‍ പാടില്ല, പച്ചകുത്താന്‍ പാടില്ല, ചെവി മുറിക്കാനോ നിറമടിക്കാനോ പാടില്ല, അലങ്കാരസാധനങ്ങള്‍ അണിയിക്കാന്‍ പാടില്ല എന്നിങ്ങനെ ഒത്തിരി വിലക്കുകളുണ്ട്. ശിശുക്ഷേമ വകുപ്പു മനുഷ്യക്കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഇങ്ങനെയൊരു വിജ്ഞാപനമിറക്കിയെങ്കില്‍ എത്ര നന്നായിരുന്നു! ഗര്‍ഭത്തില്‍വച്ചോ ജനിച്ചതിനുശേഷമോ പെണ്‍കുഞ്ഞുങ്ങളെ നിഷ്കരുണം കൊന്നുകളയുന്ന സംസ്കൃതിയിലാണ് ഈ മൃഗക്ഷേമതത്പരത! മൃഗങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ലഭിക്കാം. ഇവിടെ പെണ്ണിനെ മാനഭംഗപ്പെടുത്തിയാല്‍ പരമാവധി മൂന്നു വര്‍ഷം വരെയാണു തടവുശിക്ഷ. അങ്ങനെ തടവുശിക്ഷ ആര്‍ക്കെങ്കിലും ലഭിച്ചതായി അറിവില്ല. ദിനംപ്രതി എത്രയോ സ്ത്രീകളാണ് ഇവിടെ മാനഭംഗം ചെയ്യപ്പെടുന്നത്! മനുഷ്യജീവനോട് ഒരു കാരുണ്യവും കാണിക്കാത്തവര്‍ ചില മൃഗങ്ങളോടു കാണിക്കുന്ന പരിഗണന അങ്ങേയറ്റം ദുരൂഹമാണ്.

ഈ വിജ്ഞാപനത്തിന്‍റെ സാഹചര്യങ്ങളും ലക്ഷ്യവും അത്യന്തം ദുരൂഹമാണെന്നു കാണാം. മൃഗസംരക്ഷണമാണ് ഉദ്ദേശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളാണു നടപടികള്‍ സ്വീകരിക്കേണ്ടത്. കേന്ദ്രത്തിനു നടപടിയെടുക്കണമെന്നുണ്ടെങ്കില്‍ സംസ്ഥാനങ്ങളുമായി ആലോചിച്ചു പാര്‍ലമെന്‍റില്‍ നിയമം കൊണ്ടുവരണം. ഇതൊന്നും പ്രായോഗികമല്ലാത്തതുകൊണ്ടാണു സംഘപരിവാ റിന്‍റെ ഗൂഢഅജണ്ട നടപ്പിലാക്കാന്‍വേണ്ടി ഈ വളഞ്ഞ വഴി സ്വീകരിച്ചത്. ഇവിടെ മാംസം ആ ഹരിക്കുന്ന ഒട്ടേറെ ജനങ്ങളുണ്ട്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും മാട്ടിറച്ചി കഴിക്കുന്നവരാണ്. ഹിന്ദുക്കളിലെ നല്ലൊരു വിഭാഗം മാംസാഹാരികളാണ്. വടക്കേഇന്ത്യയിലെ ബ്രാഹ്മണരാദി ഉന്നത ജാതിക്കാരാണു മാംസം കഴിക്കാത്തത്. അവരുടെ രീതികള്‍ ഇന്ത്യ മുഴുവനിലുമുള്ള ആളുകളില്‍ അടിച്ചേല്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്.

മറുവശത്ത്, വിവിധ മതക്കാരായ ആളുകള്‍ ഐക്യത്തോടെ കഴിയുന്നതാണ് ഇന്ത്യയുടെ ശക്തിയെന്നു പ്രധാനമന്ത്രി പ്രസംഗിക്കുന്നു. പ്രധാനമന്ത്രി ആദര്‍ശം പ്രസംഗിക്കുന്നു. സംഘപരിവാരത്തിലെ തീവ്രവാദികള്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു. അപ്പോഴും അവര്‍ക്കറിയാം ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന്. മൃഗസ്നേഹം ആത്മാര്‍ത്ഥമാണെങ്കില്‍ അറവു മൊത്തത്തില്‍ നിരോധിക്കണം. അത് ഈ സര്‍ക്കാര്‍ ഒരിക്കലും ചെയ്യുകയില്ല. ഇന്ത്യ മാംസം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ മുന്‍പന്തിയിലാണ്. അതില്‍ 60 ശതമാനവും ബീഫാണ്. കയറ്റുമതിക്കാരില്‍ പ്രമുഖര്‍ നാലു ഹിന്ദുക്കളാണ്, അവരില്‍ത്തന്നെ മൂന്നു പേര്‍ ബ്രാഹ്മണരും. പിന്നെന്തിന് ഈ പ്രഹസനം? അതിന്‍റെ പിന്നിലും സംഘപരിവാറിന് അജണ്ടയുണ്ടെന്ന് ഊഹിക്കണം. ഇതൊരു ഹിന്ദുരാഷ്ട്രമാണെന്നു മതന്യൂനപക്ഷങ്ങളെ ഓര്‍മിപ്പിക്കണം. ഹിന്ദുമേധാവിത്വത്തിനു വിധേയപ്പെട്ടു രണ്ടാംതരം പൗരന്മാരായി ഇവിടെ കഴിഞ്ഞുകൂടിക്കൊള്ളണം എന്ന സന്ദേശമാണ് ഇതിലൂടെ നല്കുന്നത്. കുറേക്കഴിയുമ്പോള്‍ ഇതെല്ലാം ശീലമായിക്കൊള്ളും എന്ന് അവര്‍ വിചാരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org