ഭക്തിയുടെ കുറ്റം

ഭക്തിയുടെ കുറ്റം

"ഭക്തിയുടെ കുറ്റം" എന്നതു സോഫോക്ലിസിന്‍റെ ആന്‍റിഗണിയുടെ കഥയിലേതാണ്. "ദൈവങ്ങള്‍ ആദരിക്കുന്നത് ആദരിക്കുക" എന്ന വഴി സ്വീകരിച്ചപ്പോള്‍ അതു രാജാവിനോടു ധിക്കാരമായി മാറി. കാരണം രണ്ടു സഹോദരന്മാര്‍ തമ്മില്‍ത്തല്ലി, രണ്ടു പേരും മരിച്ചു. രാജാവിനു പ്രിയപ്പെട്ടവന്‍റെ ശവം രാജാവു രാജകീയമായി സംസ്കരിച്ചു. മറ്റവന്‍റെ ശവം കാട്ടിലേക്കു വലിച്ചെറിഞ്ഞു, കുറുക്കനും കഴുകനും തിന്നാന്‍.

എന്നാല്‍ രണ്ടു പേരുടെയും സഹോദരിയായ ആന്‍റിഗണി പറഞ്ഞു: "അവനെയും മാന്യമായി അടക്കണം." "അവനെ അടക്കിയാല്‍ നിന്നെ കൊല്ലും." സഹോദരന്‍റെ ശവമടക്കാന്‍ സഹോദരിക്കു കടമയും അവകാശവുമുണ്ട്. ദൈവികമായ തന്‍റെ ഉത്തരവാദിത്വവുമാണ്. പക്ഷേ, അതു രാജാവിന്‍റെ ആജ്ഞയ്ക്കു വിരുദ്ധമായി, മരണകരമായ കുറ്റമായി.

ഗ്രീക്കു ചിന്തകനായ ഹെരാക്ലീറ്റസിന്‍റെ പ്രസിദ്ധമായ വാചകമാണു "സ്വഭാവം വിധി നിര്‍ണയിക്കുന്നു" (ethos anthropos daimon). ധര്‍മം, മനുഷ്യന്‍ എന്നീ വാക്കുകള്‍ മാറ്റിനിര്‍ത്തിയാല്‍ മൂന്നാമത്തെ വാക്കാണു പരമപ്രധാനം. അത് ഒരുവിധത്തില്‍ ആന്തരികതയാണ്. സോക്രട്ടീസിന്‍റെ മരണത്തിലേക്കു നയിക്കുന്നതും ഇതേ ആന്തരികതയാണ്, ഇതേ പദമാണ് ഉപയോഗിക്കുന്നതും. തന്‍റെ ആന്തരികതയോടുള്ള വിശ്വസ്തത മരണത്തിലേക്കു നയിക്കുന്നു. ആന്‍റിഗണിയെ മരണത്തിലേക്കു നയിക്കുന്നത് ഇതേ ആന്തരികചോദനയാണ്. ഈ പദത്തെ ഹൈഡഗര്‍ എന്ന ജര്‍മന്‍ ചിന്തകന്‍ "ഗൃഹാതുരത്വം" എന്നു തര്‍ജ്ജമ ചെയ്യുന്നു.

ഏതു വീട്ടില്‍ താമസിച്ചാലും വീട്ടിലല്ല എന്ന തോന്നല്‍ മനുഷ്യനുണ്ട്. ഒരു വീട്ടിലും വീടു കണ്ടെത്താനാവാത്ത അവസ്ഥ. ഒരു വീട്ടിലും ഒതുക്കാനാവാത്ത അവന്‍റെ ആന്തരിക സ്ഥിതി. മെരുങ്ങാത്തവന്‍, വേലികെട്ടി ഒതുക്കാന്‍ സാധിക്കാത്തവന്‍. ചിന്തിക്കാത്തതു ചിന്തിക്കുകയും പറയാത്തതു പറയുകയും സ്വപ്നം കാണാത്തതു സ്വപ്നം കാണുകയും ചെയ്തതിനപ്പുറം ചെയ്യുകയും വേലികള്‍ ചാടുകയും ചെയ്യുന്ന മനുഷ്യന്‍. അത് അവന്‍റെ സത്തയുടെ ഭാഗമാണ്. സര്‍ഗാത്മക, സംരംഭകത്വം, നവീനത, സാഹസം, മനുഷ്യനെ ഭരിക്കുന്നു. അതാണ് അവന്‍റെ സത്ത. സ്വന്തം സത്തയോടു പ്രതിബദ്ധതയും വിശ്വസ്തതയുമാണ് ഒരുവന്‍റെ ധര്‍മം.

"പിതാവും ഞാനും ഒന്നാകുന്നു" എന്നു പറഞ്ഞ ക്രിസ്തു തന്‍റെ ആന്തരികതയെ ദൈവികതയായി മനസ്സിലാക്കി. ആ ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയപ്പോള്‍ കുറ്റക്കാരനായി ക്രൂശിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org