ബിജെപി രഥചക്രത്തിന്‍റെ ആണികള്‍ ഊരിവീഴുന്നുവോ?

ബിജെപി രഥചക്രത്തിന്‍റെ ആണികള്‍ ഊരിവീഴുന്നുവോ?

ബിജെപിയുടെ, പ്രത്യേകിച്ച് മോദി-അമിത്ഷാ കൂട്ടുകെട്ടിന്‍റെ ശക്തിപരീക്ഷണമായിട്ടാണ് അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു പരിഗണിക്കപ്പെട്ടത്. യുപിയില്‍ വിജയം നേടിയാല്‍ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാമെന്നു പാര്‍ട്ടി കണക്കു കൂട്ടി. തങ്ങള്‍ക്കു പറ്റിയ ആളെ രാഷ്ട്രപതി ഭവനത്തിലേക്ക് എത്തിക്കുകയും ലക്ഷ്യമായിരുന്നു.
യുപിയിലെയും ഉത്തരാഖണ്ഡിലെയും നിയമസഭാസീറ്റുകള്‍ തൂത്തുവാരിക്കൊണ്ടു ബിജെപി മുന്നോട്ടുള്ള പാത സുഗമമാക്കി. പതിവുപോലെ മോദിയും അമിത്ഷായും വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. പുതിയ ഇന്ത്യയുടെ തുടക്കമാണ് തിരഞ്ഞെടുപ്പു വിജയമെന്നാണു മോദി പറഞ്ഞത്.
യുപിയിലേതു തിളക്കമാര്‍ന്ന വിജയമാണെന്ന് അംഗീകരിക്കുകതന്നെ വേണം. അവിടെ 32 ജില്ലകളില്‍ പ്രതിപക്ഷമില്ല. എന്നാല്‍ ബിജെപി അജയ്യമാണെന്ന ധാരണയ്ക്കു വലിയ അടിസ്ഥാനമൊന്നുമില്ല. യുപിയിലെ ബിജെപിയുടെ വന്‍വിജയം സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്. ഭരണകക്ഷിയായ സമാജ്വാദിപാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി ആ പാര്‍ട്ടിക്കു കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. എസ്പിയുടേതു മികച്ച ഭരണവുമായിരുന്നില്ല. യാദവഗുണ്ടകള്‍ ഭരണത്തിനു ചീത്തപ്പേരുണ്ടാക്കി. മുസ്ലീങ്ങളുടെ മൊത്തത്തിലുള്ള പിന്തുണ ആ പാര്‍ട്ടി നഷ്ടപ്പെടുത്തി. മുസ്ലീംവോട്ടുകള്‍ എസ്പിയിലേക്കും ബിഎസ്പിയിലേക്കും ചിതറിപ്പോയി. എസ്പി-കോണ്‍ഗ്രസ്സ് സഖ്യം ആദ്യഘട്ടത്തില്‍ ഒരുമയോടെ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് അപസ്വരങ്ങളുണ്ടായി.
ഭരണവിരുദ്ധ വികാരംകൊണ്ടും പ്രതിപക്ഷ അനൈക്യംകൊണ്ടും മുഴുവനും വിശദീകരിക്കാനാകാത്ത പരാജയമാണ് അവിടെ ബിജെപിയിതര പാര്‍ട്ടികള്‍ക്കുണ്ടായത്. രണ്ടു വസ്തുതകള്‍ എടുത്തുപറയേണ്ടതുണ്ട്. ഒന്ന്, ബിജെപി ബോധപൂര്‍വം തീര്‍ത്ത വര്‍ഗീയധ്രുവീകരണം. ന്യൂനപക്ഷ ത്തെ കടന്നാക്രമിച്ചുകൊണ്ടു പാര്‍ട്ടി ഹിന്ദുത്വവികാരം ആളിക്കത്തിച്ചു. ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെപ്പോലും പാര്‍ട്ടി നിര്‍ത്തിയില്ല. ഹിന്ദുത്വവോട്ടുകള്‍ തടുത്തുകൂട്ടുന്നതില്‍ ബിജെപി വിജയിച്ചു. മുസ്ലീങ്ങളില്‍ ഭയാശങ്കകള്‍ നിറച്ച് അവരുടെ വോട്ടുപോലും പാര്‍ട്ടി നേടിയെന്നു വിചാരിക്കണം. രണ്ടാമത്തേതു സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ശക്തമായ പ്രചാരണം. മോദി 'പുതിയ ഇന്ത്യയുടെ മിശിഹാ' എന്ന സന്ദേശം ഫലപ്രദമായി വോട്ടര്‍മാരില്‍ എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. മോദിയുടെ മുന്‍നിന്നുള്ള പ്രചാരണം കുറിക്കു കൊണ്ടു എന്നു പറയാതിരിക്കാനാവില്ല. വര്‍ഗീയവികാരമിളക്കിവിട്ടുകൊണ്ടുള്ള ഈ പ്രചാരണതന്ത്രം ഇന്ത്യയ്ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന് എല്ലാവരും ആലോചിക്കണം. ഈ തന്ത്രം അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനാകുമോ എന്നും ക ണ്ടറിയണം.
അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം വിശകലനം ചെയ്യുമ്പോള്‍ ബിജെപി രഥത്തിന്‍റെ ചക്രങ്ങളിലെ ചില ആണികള്‍ ഊരിപ്പോയിട്ടുണ്ടെന്നു കാണാം. പഞ്ചാബില്‍ ശിരോമണി-അകാലിദള്‍ സഖ്യം ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മൂന്നില്‍ രണ്ടിന്‍റെ അടുത്തു സീറ്റുകള്‍ നേടി കോണ്‍ ഗ്രസ്സ് അവിടെ അധികാരത്തിലേറുകയാണ്. ബിജെപി ഭരിച്ചിരുന്ന ഗോവയിലും കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മൂന്നു സീറ്റു കൂടി ലഭിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന് അവിടെ ഭരിക്കാമായിരുന്നു. മണിപ്പൂരിലും കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടിടത്തും കേന്ദ്രഭരണത്തിന്‍റെ ബലത്തില്‍ ബിജെപി അധികാരം പിടിച്ചെടുത്തു. കേന്ദ്രത്തിലെ ഭരണകക്ഷിയോടു ചേര്‍ന്നു നില്ക്കുന്നതാണു നല്ലത് എന്ന ചിന്തയില്‍ അവിടങ്ങളില്‍ ചെറുകക്ഷികള്‍ ബിജെപിയുടെ കൂടെ ചേര്‍ന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസ്സിനു വ്യക്തമായ സന്ദേശം നല്കുന്നുണ്ട്. കോണ്‍ഗ്രസ്സിനു ശക്തമായ നേതൃത്വം വേണം. ഭരണനേട്ടങ്ങള്‍ കാര്യമായൊന്നും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത നരേന്ദ്രമോദി ആശയസംവേദനത്തിലാണു മികവു കാണിക്കുന്നത്. ആശയസംവേദനത്തില്‍ രാഹുല്‍ഗാന്ധിക്കു മോദിയുടെ അടുത്തെങ്ങും നില്ക്കാന്‍ കഴിയില്ല. എത്ര ജനാധിപത്യം പറഞ്ഞാലും ജനം ശക്തനായ നേതാവിന്‍റെ പിന്നില്‍ അണിനിരക്കാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെ ജനത്തെ മുഴുവന്‍ പിന്നില്‍ അണിനിരത്തി കഴിഞ്ഞാല്‍ അയാള്‍ ശരിക്കും ഏകാധിപതിയാകും. ഹിറ്റ്ലര്‍ അതാണു ചെയ്തത്. അടുത്ത പൊതുതിരഞ്ഞെടുപ്പിലും മോദി വിജയം ആവര്‍ത്തിച്ചാല്‍ മോദി രാജ്യത്തെ എങ്ങോട്ടു കൊണ്ടുപോകുമെന്ന് ആശങ്കപ്പെടേണ്ട അവസ്ഥയാണ്. ഹിന്ദുത്വവാദികള്‍ അവസരം മുതലെടുത്താല്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ഭീതിദമായിരിക്കും.
ഈ അപകടം ഒഴിവാക്കണമെങ്കില്‍ കോണ്‍ഗ്രസ്സിനു ശക്തമായ നേതൃത്വം വേണം. മതേതര ഇന്ത്യയെപ്പറ്റിയുള്ള ആശയം അവര്‍ വ്യക്തമായി ജനമനസ്സുകള്‍ക്കു മുമ്പില്‍ അവതരിപ്പിക്കണം. സര്‍വോപരി, അഴിമതിക്കാരുടെ പാര്‍ട്ടിയെന്ന ലേബല്‍ പാര്‍ട്ടി വലിച്ചൂരിക്കളയണം. പഞ്ചാബ് കോണ്‍ഗ്രസ്സിന് ഒരു ചൂണ്ടുപലകയാണ്. സംസ്ഥാനങ്ങളില്‍ കാര്യപ്രാപ്തിയും നല്ല പ്രതിച്ഛായയുമുള്ള നേതാക്കന്മാരെ മുന്‍നിര്‍ത്തി അച്ചടക്കത്തോടെ പ്രവര്‍ത്തിച്ചാല്‍ ബിജെപിയുടെ രഥ്യ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org