Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> നല്ല നിലമാകാന്‍ നമുക്കു സാധിക്കും

നല്ല നിലമാകാന്‍ നമുക്കു സാധിക്കും

sathyadeepam

വചനത്തിന്റെ വിത്തിനു വളര്‍ന്നു ഫലം നല്‍കാന്‍ കഴിയുന്ന വിധത്തില്‍, ഉഴുതു മറിച്ച്, ശ്രദ്ധാപൂര്‍വം ഒരുക്കിയ നല്ല നിലമാകാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കും. വിതക്കാരന്റെ ഉപമ നമ്മെ അതാണു പഠിപ്പിക്കുന്നത്. ക്രിസ്തു പറഞ്ഞ ഉപമകളില്‍, ഉപമകളുടെ മാതാവാണ് വിതക്കാരന്റെ ഉപമ. വിത്തുകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്ന ദൈവത്തിന്റെ വചനം അമൂര്‍ത്തമായ ഒരാശയമല്ല. മറിച്ചു ക്രിസ്തു തന്നെയാണ് അത്. മറിയത്തിന്റെ ഉദരത്തില്‍ മാംസം ധരിച്ച പിതാവിന്റെ വചനമാണ് ക്രിസ്തു. അതുകൊണ്ട് ദൈവത്തിന്റെ വചനം സ്വീകരിക്കുകയെന്നാല്‍ ക്രിസ്തുവെന്ന വ്യക്തിയെ സ്വീകരിക്കുകയെന്നാണ് അര്‍ത്ഥം.

ദൈവത്തിന്റെ വചനത്തെ സ്വീകരിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. പക്ഷികള്‍ വന്നു തിന്നു പോകാനിടയാക്കുന്ന വഴിയരികിലെ വിത്തിനു സമാനമാണ് ഒരു രീതി. ഇത് ശ്രദ്ധയുടെ വ്യതിചലനമാണ് സൂചിപ്പിക്കുന്നത്. നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ഒരപകടമാണിത്. ഒരുപാടു കൊച്ചുവര്‍ത്തമാനങ്ങളും അനേകം പ്രത്യയശാസ്ത്രങ്ങളും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നു. മൗനത്തിനും വിചിന്തനത്തിനും ദൈവവുമായുള്ള സംഭാഷണത്തിനുമുള്ള താത്പര്യം നമുക്കു നഷ്ടമാകുന്നു.

ദൈവചനത്തെ ആഴത്തില്‍ സ്വീകരിക്കാത്ത നൈമിഷികമായ ആവേശത്തെയാണ് പാറപ്പുറത്തെ വിത്ത് പ്രതിനിധീകരിക്കുന്നത്. സമ്പത്തിന്റെയും വിജയത്തിന്റെയും ലൗകികതാത്പര്യങ്ങളുടെയും കുടിലതകളാകുന്ന മുള്ളുകള്‍ ഞെരുക്കി കളയുമ്പോള്‍ നമ്മില്‍ ഫലമണിയാനാകാതെ പോകുന്ന ദൈവവചനമുണ്ട്. ഈ സാഹചര്യത്തില്‍, ദൈവവചനത്തിനു വേരുപിടിക്കാനും ഫലമണിയാനും കഴിയുന്ന നല്ല നിലമായി മാറുകയാണു നാം ചെയ്യേണ്ടത്. ദൈവവചനം വളരെ ഫലദായകവും ഫലപ്രദവുമാണ്, ദൈവം അത് എല്ലായിടത്തും വിതയ്ക്കുന്നുമുണ്ട്.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Leave a Comment

*
*