ചാവരുളിന്‍റെ പൊരുള്‍

ചാവരുളിന്‍റെ പൊരുള്‍

'ഒരു നല്ല ക്രിസ്ത്യാനി കുടുംബം ആകാശമോക്ഷത്തിന്‍റെ സാദൃശ്യമാകുന്നു.' ഈ വാക്കുകള്‍ കേള്‍ക്കാത്ത മലയാളി ക്രൈസ്തവരുണ്ടാവില്ല. കൈനകരിയിലെ തന്‍റെ കുടുംബാംഗങ്ങള്‍ക്കും ഇടവകാംഗങ്ങള്‍ക്കുമായി വി. ചാവറ കുര്യാക്കോസച്ചന്‍ എഴുതി നല്‍കിയ 'ഒരു നല്ല അപ്പന്‍റെ ചാവരുള്‍' എന്ന കുടുംബചട്ടങ്ങളിലെ ആദ്യവാക്കുകളാണ് മുകളില്‍ വായിച്ചത്.

1868 ഫെബ്രുവരി 13-ാം തീയതി എഴുതപ്പെട്ട 'ഒരു നല്ല അപ്പന്‍റെ ചാവരുള്‍' 2018 ഫെബ്രുവരി 13-ന് 150 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഒന്നര നൂറ്റാണ്ടുകളായി കേരളത്തിലെ ലക്ഷക്കണക്കിന് കത്തോലിക്കാ കുടുംബങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശമായി ഭവിച്ച, ഇന്നും ആയിരങ്ങളെ ക്രിസ്തുവിനോട്, ക്രൈസ്തവ മൂല്യങ്ങളോട് ചേര്‍ത്തു നിര്‍ത്തുന്ന ഈ വാക്കുകള്‍ ചാവരുളിന്‍റെ പൊരുള്‍ എന്ന ഈ പക്തിയിലൂടെ ഈ കാലഘട്ടത്തോട് ചേര്‍ത്ത് വച്ച് പുനര്‍വായിക്കപ്പെടുകയാണ്. സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്‍റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.

"നമ്മുടെ നാട്ടില്‍ നിന്നുള്ള ഒരു പൂര്‍വ്വപിതാവില്‍ നിന്നും ലഭിക്കുന്ന സ്നേഹ സാരോപദേശം എന്ന നിലയില്‍ ഇന്നിന്‍റെ കുടുംബനവീകരണരംഗത്ത് ഇതൊരു മാഗ്നാകാര്‍ട്ട തന്നെയാണ്. ഇത്ര പ്രായോഗികവും വിശദവുമായ കുടുംബരേഖ അദ്ദേഹം ഇതെഴുതുന്നതിനുമുമ്പ് നമ്മുടെ സഭാ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നു തിരിച്ചറിയുമ്പോള്‍ സാര്‍വ്വത്രിക സഭയിലെ കുടുംബങ്ങള്‍ക്കു വേണ്ടി കൂടിയുള്ള ഭാരത സഭയുടെ ഒരു സംഭാവനയായി നമുക്കിതിനെ പരിഗണിക്കാം. ക്രിസ്തീയ മൂല്യങ്ങളില്‍ കുടുംബങ്ങളെ കരുപ്പിടിക്കുവാന്‍ ഒരു നല്ല അപ്പന്‍റെ വാത്സല്യത്തോടും അധികാരത്തോടും കൂടിയാണ് ചാവറയച്ചന്‍ ഇത് എഴുതിയിരിക്കുന്നത്."

വിശുദ്ധ ചാവറ പിതാവിന്‍റെ തന്നെ വാക്കുകളില്‍, "ഇപ്രകാരം ക്രമമില്ലാത്ത കുടുംബങ്ങള്‍ എത്രയോ സങ്കടങ്ങള്‍ക്കും കണ്ണുനീരുകള്‍ക്കും കാരണമായിരിക്കുന്നു. ഇതിന്‍ വണ്ണമുള്ള തിന്‍മകളും നാശങ്ങളും വരുന്നതിനു ഇടവരാതിരിപ്പാന്‍ എനിക്കുണ്ടായിരുന്ന അതിയായ ആഗ്രഹത്തെക്കുറിച്ച് ഞാന്‍ ദൈവവെളിവും സമാധാനവും അപേക്ഷിച്ചുകൊണ്ട് ഈ കുടുംബക്രമം അഥവാ ചട്ടം എഴുതിയുണ്ടാക്കി. ഇതിനെ നിങ്ങളുടെ പൂര്‍വ്വകാരണവന്മാരുടെ വായില്‍ നിന്നു പുറപ്പെട്ട ഗുണദോഷം പോലെ കൈകൊണ്ട് സൂക്ഷമായിട്ട് അനുസരിക്കുകയും അനുസരിപ്പിക്കുകയും ചെയ്യണമെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു."

കുടുംബാംഗങ്ങള്‍ തമ്മിലും സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് പൊതുവായി 24 ഉം മക്കളെ വളര്‍ത്തുന്നതു സംബന്ധിച്ച് 16 ഉം ഉപദേശങ്ങളാണ് ചാവരുളിലുള്ളത്. അടുത്ത ലക്കം മുതല്‍ 'ചാവരുളിന്‍റെ പൊരുള്‍' നമ്മുടെ ക്രൈസ്തവകുടുംബബന്ധങ്ങളേയും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളേയും കൂടുതല്‍ ഊഷ്മളമാക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org