വിസര്‍ജ്ജിക്കുന്ന വൃത്തികെട്ടത്

വിസര്‍ജ്ജിക്കുന്ന വൃത്തികെട്ടത്

ഞാന്‍ തുപ്പുന്നു, മൂത്രമൊഴിക്കുന്നു, വിസര്‍ജ്ജിക്കുന്നു – എല്ലാം വൃത്തികെട്ടത്. അതു പുറത്തുകളയുന്നു. എന്താണത്? ഓക്കാനം സൃഷ്ടിക്കുന്ന അമേധ്യം, സഹിക്കാനാവാത്തതും നാറുന്നതും. അത് വെറുതെ ഒരു സാധനമല്ല, എന്നെ നാണിപ്പിക്കുന്നതും മലിനമാക്കുന്നതും ഞാന്‍ തുപ്പിയും തൂറിയും പുറത്താക്കുന്നതുമായ വിസര്‍ജ്ജ്യമാണ്. പഴുപ്പും ചലവും പോലെ വൃത്തികെട്ടത് നമ്മ വല്ലാതെ നാറ്റുന്നു.

അതു ഞാന്‍ പുറത്തു കളയുന്നു. പക്ഷേ പുറത്തെ പറമ്പില്‍ പോയി കളയുന്നത് എന്നിലുള്ളതല്ലേ? അത് എന്നിലാണ്, എന്നിലുള്ളതാണ്. കൊച്ചാക്കുന്നതു നാണം കെടുത്തുന്നു. അതു ഗോപ്യമായി പുറന്തള്ളുന്നു. മാന്യന്മാരുടെ മുമ്പില്‍ എന്‍റെ മാനം കെടുത്തുന്നത് എന്നിലാണ്. എന്നിലൂടെയാണ് ഈ വൃത്തികെട്ടതിന് അസ്തിത്വം ഉണ്ടായത്. ഞാനാണ് ഈ വൃത്തികേട് ഉത്പാദിപ്പിക്കുന്നത്. എന്നില്‍നിന്നു വരുന്നത് എന്നെ ദ്രോഹിക്കുന്നു, നാണം കെടുത്തുന്നു.
അപ്പോള്‍ ഞാന്‍ തുപ്പിക്കളയുന്നതും വിസര്‍ജ്ജിക്കുന്നതും എന്നെത്തന്നെയാണ്. എന്നില്‍ നിന്നുള്ള വൃത്തികെട്ടതു ഞാന്‍ മുറിച്ചുനീക്കുന്നു. എന്‍റെ ഇടത്തില്‍ത്തന്നെയാണു വൃത്തികെട്ടത് ഉണ്ടായത്. എന്‍റേതാക്കാന്‍ എനിക്കു താത്പര്യമില്ലാത്തതാണത്. എന്നിലെ വൈകൃതം എന്നിലെ ഉച്ഛിഷ്ടം എന്നെ ഒരു വിലയില്ലാത്ത സാധനമാക്കാന്‍ ഇടയുള്ളതാണ്.

എന്നിലുള്ള ഈ വൃത്തികേട് എന്നെ ബാധിക്കുന്ന ഒരു ബോധത്തിന്‍റെ ഫലമാണ്. വൃത്തികെട്ടതു പുറത്തുകളയാനുള്ള ബോധവും വ്യഗ്രതയും. ഏറെ പ്രാഥമികമായ വികാരം എന്തോ ഒളിപ്പിക്കാനും അത് ആരും ശ്രദ്ധിക്കാതിരിക്കാനുമുള്ള വ്യഗ്രതയാണ്. ആ ഒളിപ്പിക്കാനുള്ളത് എന്നിലെതന്നെ മൃഗത്തില്‍ നിന്നും മൃഗീയതയില്‍നിന്നും എന്‍റെ ലൈംഗികതയില്‍ നിന്നും അക്രമവാസനയില്‍നിന്നുമാണ്. എന്‍റെ നാണം സൃഷ്ടിക്കുന്നതു സാംസ്കാരികബോധമാണ്; വൃത്തികെട്ടത് എന്ന ബോധം ജനിപ്പിക്കുന്നത് ഏതോ ഉദാത്തചിന്തയാണ്. ഈ ഉന്നതചിന്തയില്‍ വൃത്തികെട്ടത് എന്ന തോന്നല്‍പോലും അസാദ്ധ്യമാണ്.

പുറത്തേയ്ക്കു കളയുന്നതും കുഴിച്ചുമൂടുന്നതും പറമ്പിലേക്കു പോയി നീക്കി പുറത്താക്കുന്നതും ഉദാത്ത ബോധത്തില്‍നിന്നുതന്നെയാണ്. അശുദ്ധിയുടെ ശരീരത്തെ സ്ഥിരം കഴുകി വെടിപ്പാക്കാനും അലങ്കരിച്ചു സുന്ദരമാക്കാനും താത്പര്യമെടുക്കുന്നതും ഈ സാംസ്കാരികബോധത്തില്‍നിന്നുതന്നെ. അതു വിരേചനയാണ്, വിശുദ്ധീകരണമാണ്. എന്നിലെ മൃഗത്തെയാണു ഞാന്‍ തുപ്പിയകറ്റുന്നത്, മൃഗീയതയാണ് അശുദ്ധമാക്കുന്നത്. ഞാന്‍ എന്നെത്തന്നെയാണു ഛര്‍ദ്ദിക്കുന്നത്. എന്നിലെ അശുദ്ധമായ എന്നെ ഞാന്‍ തുപ്പിക്കളയുന്നു; ഞാന്‍ എന്ന ജന്തു എന്നെ നാണം കെടുത്തി അശുദ്ധനാക്കുന്നു എന്ന ഉദാത്തചിന്തയാണു മനുഷ്യന്‍റെ ഒന്നത്യത്തിന്‍റെ മൃഗീയതയെ ഹനിക്കുന്ന മനുഷ്യന്‍റെ ചൈതന്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org