ശല്യമില്ലാത്ത ഏകാന്തത!

"ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രം മതി" എന്നു ഒരു കൂട്ടം മനുഷ്യര്‍ പറഞ്ഞേക്കും. അങ്ങനെയുള്ള മനോഭാവത്തോടെ ജീവിക്കാം. അപ്പോള്‍ ഈ മനുഷ്യവ്യക്തികളും ഈ കൂട്ടവും തന്നിലേക്കും തങ്ങളിലേക്കും മടങ്ങുന്നു. അത് ഏകാന്തതയിലേക്കുള്ള മടക്കമാണ്. ഈ ഏകാന്തതയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ആ ഏകാന്തത ശല്യമില്ലാത്ത സ്വയം പര്യാപ്തതയാണ്.

"ഞങ്ങള്‍" എന്ന സംഘബോധം സുഖപ്രദമാണ്. ഞങ്ങള്‍ക്കു ഞങ്ങള്‍ മതി എന്ന ബോദ്ധ്യമാണ് ഈ സുഖത്തിന്‍റെ അടിസ്ഥാനം. എനിക്കു ഞാന്‍ മാത്രം എന്ന ഏകാന്തതയുടെ അര്‍ത്ഥമെന്ത്? ആ ഏകാന്തതയില്‍ ഒരു ശല്യവും കടന്നുവരില്ല. കാരണം ആ കൂട്ടത്തിനു പുറത്ത് ഒന്നുമില്ല. അതിനു പുറമില്ല, അകം മാത്രം. പുറം അനുവദിക്കില്ല.
അതാണു പൂര്‍ണമായ സ്വയംപര്യാപ്തതയുടെ നാര്‍സിസിസം. നാര്‍സിസിസ്സ് അഹങ്കാരിയാണ്, തന്നെ സ്നേഹിക്കുന്നവരെ വെറുക്കുന്നു, അയാള്‍ സുന്ദരനുമാണ്. അയാള്‍ക്കു പിന്നെ ഒന്നും വേണ്ട. അയാള്‍ തന്നെ മാത്രം നോക്കി അതില്‍ അഭിരമിക്കുന്നു, ഈ രമിക്കല്‍ മരണകാരണമായി മാറി.

ഒരു സമൂഹമോ വ്യക്തിയോ ഇങ്ങനെയാകുമ്പോള്‍ അതു ഫാസിസ്റ്റ് പ്രലോഭനത്തിലാണ്. ഈ സാമുദായികത എല്ലാം ഭദ്രമാക്കാന്‍ ഒന്നും പുറത്തില്ല എന്ന് ഉറപ്പാക്കുന്നു. അതു മരണത്തെയും കൊല്ലാനുള്ള അവകാശത്തെയും അകത്താക്കുന്നു. എന്നു പറഞ്ഞാല്‍ കൊല്ലാനും മരിക്കാനുമുള്ള അവകാശത്തിന്‍റെ അധികാരികളാകുന്നു. പുറത്ത് ഒന്നുമില്ലാത്ത ശാന്തിയിലാണു വാസം. അതു തടസ്സപ്പെടുത്താന്‍ ആരെയും അനുവദിക്കുന്നില്ല. അപ്പോള്‍ "ഞങ്ങള്‍" എന്നതു ഭീകരതയുടെ സംഘമായി മാറിയിരിക്കും. അതിന്‍റെ ക്രൂരതയ്ക്കും കൊലയ്ക്കും കണക്കില്ല. കാരണം പുറത്ത് ഒന്നും പാടില്ല, പുറത്തുള്ളതിന് അസ്തിത്വാവകാശമില്ല. അപ്പോള്‍ ആ മനുഷ്യക്കൂട്ടമോ ആളോ സാര്‍വത്രികമാകുകയല്ല സമഗ്രമാകുകയാണ് – എനിക്ക് എല്ലാം എല്ലാമായി – സമഗ്രാധിപത്യം.

ഈ സമഗ്രാധിപത്യത്തിന്‍റെ വെല്ലുവിളിയാണു ദൈവം. എല്ലാ ബന്ധങ്ങളും വെടിഞ്ഞ് ഏറ്റവും അന്യനായവന്‍. മനുഷ്യനെ ചോദ്യം ചെയ്യുന്നത് ഈ അന്യനാണ്. അപ്പോള്‍ എല്ലാ ഏകാന്തതയും ശല്യത്തിനു വിധേയമാകുന്നു. സ്വയംപര്യാപ്തതകള്‍ ഭേദ്യം ചെയ്യപ്പെടുന്നു. എല്ലാ ഏകാന്തതയും ശല്യത്തിനു വിധേയമാകുന്നു. ആ ശല്യത്തിന്‍റെ ഉറവിടം ആരുമല്ല, ഒന്നുമല്ല. അതു തീര്‍ത്തും പുറത്തുനിന്നാണ്, അകത്തു കടന്നു ശല്യമുണ്ടാക്കുന്ന അന്യത. അതാണ് ഉത്തരവാദിത്വത്തിന്‍റെ പ്രഹേളിക. അതു ദുരൂഹതയായി തുടരും. "എന്നില്‍നിന്ന് എന്നെ ശൂന്യമാക്കുന്നത് ഒരിക്കലും അവസാനിക്കില്ല" എന്ന് ലേവീനാസ് എഴുതിയതിനു പിന്നിലെ രഹസ്യം. പേരു പറയാനാകാതെ ഉള്ളില്‍ കടന്ന് എന്നെ ശൂന്യമാക്കുന്നു, സ്വയം പര്യാപ്തത തകര്‍ന്നടിയുന്നു. അതിന്‍റെ സാന്നിദ്ധ്യമല്ല, അസാന്നിദ്ധ്യമാണ് അകത്തു ശല്യമായി മാറുന്നത്. അത് ആവശ്യപ്പെടുന്നത് ഒന്നു മാത്രം – ഉത്തരവാദിത്വം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org