ദൈവത്തില്‍നിന്ന് അകലുക!

ദൈവത്തില്‍നിന്ന്  അകലുക!

പ്രശസ്ത ജര്‍മന്‍ മിസ്റ്റിക്കായ മയിസ്റ്റര്‍ എക്കാര്‍ട്ടിന്‍റെ പള്ളിപ്രസംഗങ്ങളിലൊന്നില്‍ പറയുന്നു, "മനുഷ്യന്‍റെ അവസാനത്തേതും അത്യുന്നതവുമായ വിടപറയല്‍ ദൈവത്തിനുവേണ്ടി ദൈവത്തില്‍ നിന്നുള്ള വിടപറയലാണ്." ദൈവത്തിനുവേണ്ടി ദൈവത്തില്‍ നിന്നു വിട പറയുകയോ?

യേശുവിന്‍റെ നല്ല സമരിയാക്കാരന്‍റെ കഥയില്‍ ഈ പറഞ്ഞതിന്‍റെ സൂചന വ്യക്തമായി കാണാം. വഴിയില്‍ അവശനായി കിടന്നവനെ കണ്ടിട്ടും കാണാതെ പോയവര്‍ പുരോഹിതനും ലേവായനുമായിരുന്നല്ലോ. അവര്‍ ദേവാലയത്തിലേക്കായിരിക്കാം തിടുക്കത്തില്‍ പോയത് – ദൈവശുശ്രൂഷയ്ക്കു പോയവര്‍. എന്നാല്‍ മൂന്നാമതു വന്ന സമരിയക്കാരന്‍ ദൈവത്തെയും തന്നെത്തന്നെയും മറന്നു പീഡിതനെക്കുറിച്ചു മാത്രം ചിന്തിച്ചു. തന്‍റെ യാത്രയ്ക്ക് തടസ്സമുണ്ടാക്കാന്‍ മനസ്സായി. മറ്റു രണ്ടു പേരും വലിയ ദൈവചിന്തയുള്ളവരായിരുന്നു എന്നു തോന്നാം. ഈ കര്‍ത്തവ്യബോധവും ദൈവവിചാരവും ചിലപ്പോള്‍ അസ്ഥാനത്താകാം എന്നു മാത്രമല്ല അതു വലിയ മനുഷ്യത്വരാഹിത്യവുമാകാം. വീട്ടിലെ സകല ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിവായി പള്ളിയിലും ധ്യാനകേന്ദ്രത്തിലും തമ്പടിച്ച് ആ തഴക്കത്തില്‍ അഭിരമിക്കുന്നവരില്ലേ?

മതജീവിതം, ആത്മീയത എന്നത് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിയാനുള്ള മാര്‍ഗമാണോ? അത്യുന്നതമായ ഉത്തരവാദിത്വവും അനുകമ്പയും സംലഭ്യതയും മറ്റുളളവരോടൊത്തും അവര്‍ക്കു വേണ്ടിയുമുള്ള സന്നദ്ധതയാണ്. ഈ പ്രാഥമിക കടമകളില്‍ നിന്ന് അവധി യെടുത്തു ദൈവവസതി എന്നു വിളിക്കപ്പെടുന്നിടങ്ങളില്‍ തമ്പടിക്കുന്നതാണോ ആത്മീയത? ദൈവത്തോടും ദൈവത്തെക്കുറിച്ചും നല്ല ബന്ധങ്ങള്‍ ഉണ്ടാകണം. എന്നാല്‍ ദൈവപദം ആത്മീയമായ എല്ലാ ആദര്‍ശങ്ങളുടെയും പുണ്യങ്ങളുടെയും പേരാണ്. യേശുവിന്‍റെ ഭാഷയില്‍ എല്ലാം വിറ്റു വാങ്ങാവുന്ന നിധി. പക്ഷേ, ദൈവം എന്ന വാക്കിനെ പുല്കുകയല്ല ആ വാക്ക് ആവശ്യപ്പെടുന്നതു നിര്‍വഹിക്കുകയാണ് പ്രധാനം.

ഇതിനര്‍ത്ഥം ദൈവമില്ലാത്ത ക്രൈസ്തവികതയുണ്ട് എന്നല്ല. ആത്മീയതയ്ക്കു ദൈവം എന്ന പദം വേണ്ടെന്നുമല്ല. ദൈവമെന്നത് ആത്മീയത അര്‍ത്ഥമാക്കുന്ന സകലതിന്‍റെയും അതു വാഗ്ദാനം ചെയ്യുന്ന സര്‍വതിന്‍റെയും പ്രതീകവും ബിംബവുമാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവനു ദൈവം ചില ബാദ്ധ്യതകള്‍ സൃഷ്ടിക്കുന്നു. ചില മൂല്യങ്ങളും നിലപാടുകളും അത് ആശ്യപ്പെടുന്നു. അതു മറന്നു ദൈവനാമവും ഉച്ചരിച്ച് ഒരിടത്ത് അലസമായി കഴിഞ്ഞാല്‍ മതി എന്ന് അര്‍ത്ഥമാക്കുന്നില്ല. ദൈവം ദൈവികമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനുള്ള മാര്‍ഗമോ താവളമോ ആകരുതല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org