അധികാരം സൃഷ്ടിക്കുന്ന രേഖകള്‍

അധികാരം സൃഷ്ടിക്കുന്ന രേഖകള്‍

അധികാരമാണ് ഏതാണ്ട് എപ്പോഴും രേഖകള്‍ എഴുതുന്നത്. അതുകൊണ്ടു ചരിത്രമായി മാറുന്നത്, അധികാരികളുടെ രേഖകളാണ്. ഈ അധികാരികള്‍ പലപ്പോഴും ആണുങ്ങളുമാണ്. ചരിത്രം അങ്ങനെ ആണുങ്ങളുടെ ചരിത്രമാണ്. അതു സമ്പന്നരുടെയും പ്രശസ്തരുടെയും വിജയികളുടെയും കഥകളുമാണ്. അതു പാവപ്പെട്ടവരുടെയോ പരാജിതരുടെയോ വിദ്യാവിഹീനരുടെയോ നിശ്ശബ്ദരുടെയോ കഥയല്ല. ചരിത്രം ഒച്ചവയ്ക്കുന്നവരുടെയും അറിവുള്ളവരുടെയുമാണ്. അങ്ങനെ നോക്കുമ്പോള്‍ ചരിത്രം അതതു കാലത്തിന്‍റെ സത്യത്തിന്‍റെ ആലേഖനമോ പകര്‍ത്തിയെഴുത്തോ അല്ല. ശക്തിപ്രതാപമുള്ളവര്‍ അവരുടെ അധികാരം എങ്ങനെ പ്രയോഗിച്ചു എന്നതിന്‍റെ കഥനമാണ്.

പഴമ അഥവാ ചരിത്രം പഴയ കാലത്തെ ശക്തിപ്രതാപങ്ങളുടെ മനസ്സിന്‍റെ സൃഷ്ടികളാണ്. പഴയകാലത്ത് എന്തു സംഭവിച്ചു എന്നതല്ല, സംഭവിച്ചത് എന്താണ് എന്ന് അധികാരപ്രതാപക്കാര്‍ കരുതുന്നു, അംഗീകരിക്കുന്നു എന്നതിന്‍റെ കഥയാണ്. അവര്‍ക്കു താത്പര്യമില്ലാത്തതു ചരിത്രത്തില്‍ നിന്നു വെട്ടിമാറ്റപ്പെടുന്നു, അവ ചരിത്രമാകില്ല, അവയ്ക്കു രേഖകളുണ്ടാവില്ല. അതുകൊണ്ടു ചരിത്രത്തിനു ധാര്‍മികസാധുതയില്ല. ചില ആളുകളുടെ താത്പര്യങ്ങള്‍ എന്തായിരുന്നു എന്നു മാത്രം അതു പറയുന്നു.

റോമാസാമ്രാജ്യത്തിന്‍റെ ചരിത്രത്തില്‍ സാമ്രാജ്യം കുരിശിലേറ്റിയവരുടെ കഥകളുണ്ടാവില്ല. അങ്ങനെ കൊല്ലപ്പെട്ടവര്‍ക്കു ചരിത്രമില്ല. യഹൂദചരിത്രത്തിലും അതിലെ തല്ലുകൊള്ളികളുടെ കഥയുണ്ടാവില്ല. അതുകൊണ്ട് അധികാരത്തിന്‍റെ ചരിത്രത്തില്‍ ക്രിസ്തു ജീവിച്ചിരുന്നോ എന്ന് അറിയാനാവില്ല. ജീവിച്ചു എന്നതിന് ആധികാരികരേഖകളും ഉണ്ടാകില്ല.

ചില വ്യക്തികളെയോ സംഭവങ്ങളെയോ സം ബന്ധിച്ചു രേഖകളില്ല, ചരിത്രമില്ല എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഈ കാര്യങ്ങളില്‍ താത്പര്യമുള്ളവര്‍ അന്നുണ്ടായിരുന്നില്ല എന്നു മാത്രമാണ്. ചരിത്രരേഖകള്‍ പരിശോധിച്ചു യേശുക്രിസ്തു ജീവിച്ചിരുന്നില്ല എന്നു പറഞ്ഞേക്കാം. തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ല എന്നും സ്ഥാപിക്കാം. പക്ഷേ, ആ കാലത്തെ ചരിത്രം ആര് എന്തിന് എഴുതി എന്നു തിരിച്ചറിയുമ്പോള്‍ ചരിത്രത്തിനു ധാര്‍മികസാധുത ഇല്ലെന്നു മാത്രമല്ല ചരിത്രപരമായ സത്യസന്ധതയുമില്ല എന്നു തിരിച്ചറിയും.

പല നേതാക്കളുടെയും രാജക്കന്മാരുടെയും ചരിത്രം വായിച്ചാല്‍ അവര്‍ ഉടലോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടേണ്ടവരായിരുന്നു എന്നു തോന്നും. ഈ അധികാരികള്‍ അവരുടെ കല്പനപ്രകാരം പടച്ചുണ്ടാക്കിയ രേഖകളുടെ അടിയില്‍ വിദഗ്ദ്ധമായി അവരുടെ ദുഷ്കര്‍മങ്ങള്‍ മൂടിവയ്ക്കുന്നു.

ചരിത്രമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും പരാജിതരുടെയും പ്രസ്ഥാനമായിട്ടാണു ക്രൂശിതന്‍റെ പേരിലുള്ള സഭ ആരംഭിച്ചത്. അവര്‍ നിരന്തരമായി പറഞ്ഞതു വിശ്വാസത്തിനുവേണ്ടി അധികാരികള്‍ കൊന്നവരുടെയും നിശ്ശബ്ദരാക്കിയവരുടെയും വിലാപങ്ങളും ഏറ്റുപറച്ചിലുമായിരുന്നു – രക്തസാക്ഷികളുടെയും ഏറ്റുപറച്ചിലുകാരുടെയും കഥകള്‍. അവരില്‍ പലരും അഗസ്റ്റിന്‍റേതുപോലുള്ള കഥകള്‍ പറഞ്ഞു: "ഞാന്‍ പിഴയാളി" കഥകള്‍. പക്ഷേ, ആ സഭയില്‍ ഇന്നു "ഞാന്‍ പുണ്യാളന്‍" കഥകള്‍ പെരുകി "പിഴയിടീക്കുന്ന" ആരുമില്ലാതാകുന്നതിലേക്കു വളര്‍ന്നോ? അപ്പോള്‍ സഭയുടെ ചരിത്രം പഴയ അധികാരപ്രതാപങ്ങളുടെ ചരിത്രമായി ധാര്‍മ്മികസാധുത നഷ്ടമാകുകയാണോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org