അവന്‍ ഇവിടെയില്ല

അവന്‍ ഇവിടെയില്ല

"അവന്‍ ഇവിടെ ഇല്ല" – മഗ്ദലന മറിയത്തോട് ദൂതനാണ് ഇതു പറഞ്ഞത് (മത്താ. 28:6). യൂറി ഗഗാറിന്‍ ആദ്യമായി ശൂന്യാകാശത്തു യാത്ര ചെയ്തു; അയാളും പറഞ്ഞു: "ദൈവം ഇവിടെയൊന്നുമില്ല." അതു ശരിവച്ചുകൊണ്ടു ഭക്തനായ യഹൂദന്‍ എമ്മാനുവേല്‍ ലെവീനാസ് ലേഖനമെഴുതി. ദൈവരാജ്യത്തിന്‍റെ ഉപമ പറഞ്ഞ യേശുവിന്‍റെ താലന്തുകളുടെ ഉപമ "യാത്രയ്ക്കു പോയി" സ്ഥലത്തില്ലാത്തവന്‍റെ കഥയാണ്. മോസസ് ദൈവത്തെ കണ്ടില്ല; കണ്ടത് അവന്‍റെ കടന്നുപോക്കാണ്, പിന്നില്‍നിന്നുള്ള കാഴ്ച. ദൈവം കടന്നുപോകുന്നതു കണ്ടു.

അവന്‍ ഇവിടെ ഇല്ല എന്നു പറഞ്ഞപ്പോള്‍ സുഹൃത്തായ വൈദികന്‍ കോപിച്ചു. അദ്ദേഹത്തിന്‍റെ കോപത്തിന്‍റെ ഭാഷയില്‍ അവന്‍ അദ്ദേഹത്തിന്‍റെ പൂട്ടിലാണ് എന്നു തോന്നും. ആര്‍ക്കാണ് അവനെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ കഴിയുക? ഏതു പൂട്ടിലാണ് അവനെ പൂട്ടാന്‍ സാധിക്കുക.

ഞാന്‍ ലോകത്തിലാണ്; ദൈവത്തിന്‍റെ നിഴലുകള്‍, പടങ്ങള്‍, ധ്വനികള്‍ ഞാന്‍ കാണുന്നു, കേള്‍ക്കുന്നു. വൃക്ഷങ്ങള്‍, മഴവില്ല്, മേഘങ്ങള്‍ എല്ലാം അവന്‍റെ നിഴലുകളാണ്. അവയ്ക്കു പിന്നില്‍ അവന്‍റെ അസാന്നിദ്ധ്യത്തിന്‍റെ പടങ്ങള്‍ കണ്ടു. കുയില്‍ പാടി. അതിലവന്‍റെ ധ്വനിയുണ്ടായിരുന്നു, കുറുക്കന്‍റെ ഓരിയിടില്‍ കേട്ട ധ്വനിയല്ല അത്, ലില്ലിപ്പൂവില്‍ കണ്ട അവന്‍റെ നിഴലല്ല, റോസാപ്പൂവില്‍ കണ്ടത്. അതൊക്കെ പടങ്ങളായിരുന്നു. ധ്വനികളായിരുന്നു. അതൊക്കെ പറഞ്ഞു ഞങ്ങള്‍ അവന്‍റെ പടം മാത്രം, അവന്‍റെ ധ്വനി മാത്രം. ഓരോ പടവും പറഞ്ഞു ഞാനല്ല, ഞാന്‍ പടം മാത്രം. പടമാക്കിയവര്‍ കരയുന്നു. ഞങ്ങള്‍ വെറും പടങ്ങള്‍. അപ്പന്‍റെ പടം അപ്പനല്ല. അപ്പനെവിടെ? ഇവിടെയില്ല എന്നു പടം നിലവിളിക്കുന്നു. അതൊരു നിഷേധത്തിന്‍റെ വിളിയാണ്. പടങ്ങള്‍ തങ്ങളെ നിഷേധിക്കുന്നു, ഞങ്ങളല്ല.

അവന്‍ പിന്നെ എവിടെ? തല്ലുകൊണ്ടു വഴിയില്‍ കിടക്കുന്നവനെ പരിചരിക്കാന്‍ ദൈവം വരില്ല. ചത്തവനെ കുഴിച്ചിടാനും ദൈവം വരില്ല. വീടില്ലാത്തവനു വീടുണ്ടാക്കാനും അവന്‍ വരില്ല. അവനെ കാത്തിരിക്കാഞ്ഞിട്ടാണോ വരാത്തത്? അവന്‍ വരും നിന്‍റെ പിന്നാലെ. മിശിഹായുടെ വരവിനെക്കുറിച്ചു കഫ്ക എഴുതി: "അവന്‍റെ വരവിന്‍റെ പിറ്റേന്ന് അവന്‍ വരും. അവന്‍ നിന്നിലൂടെ വരും. അവന്‍ നിന്നെ വിളിച്ചില്ലേ? നീ എന്തു പറഞ്ഞു. ഇതാ ഞാന്‍!"

അതല്ലേ മതം! ഉത്തരവാദിത്വം? അവന്‍റെ ഉത്തരവിന് നീ നല്കുന്ന മറുപടി; അവന്‍റെ വദനത്തോടു നിന്‍റെ ഉത്തരം. മറുപടി കര്‍മ്മമാക്കുമ്പോള്‍ ഉത്തരം മാംസമാകും. നീ അവന്‍റെ പകരക്കാരനാകും, ദൈവത്തിനുവേണ്ടി പോകുന്നവന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org