ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം

ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം

ഈ വാചകം മഗ്ദലേന മറിയം തോട്ടക്കാരന്‍ എന്നു കരുതിയവനോടു പറയുന്നു (യോഹ. 20:15). കല്ലറയില്‍ അടക്കിയവനെ അന്വേഷിച്ചു വന്ന സ്ത്രീയുടെ വാക്കുകള്‍. ആരാണ് അവരെ വിശ്വസിക്കുക? അങ്കുശമില്ലാത്ത അംഗനയുടെ ജല്പനം. പക്ഷേ, ക്രൈസ്തവസഭയുടെ സുവിശേഷത്തിന്‍റെ മൂലക്കല്ലായി ഇതു മാറുന്നു. ജീവന്‍റെ ജന്മത്തിന്‍റെ കരച്ചില്‍ ഞാന്‍ കേട്ടു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വാഴ കുലച്ചതു ഞാന്‍ കേട്ടു; പൂ വിടരുന്നതും കേട്ടു എന്നു പറഞ്ഞാലോ? ചിലര്‍ പറഞ്ഞേക്കാം, അയാള്‍ കവിയും മിസ്റ്റിക്കുമാണെന്ന്. പ്രപഞ്ചത്തില്‍ മനുഷ്യനൊഴിച്ച് എല്ലാം ഏതാണ്ട് നിശ്ശബ്ദമാണ്. ആ നിശ്ശബ്ദതയും കേള്‍ക്കേണ്ടതല്ലേ? ഇതു കേള്‍ക്കാത്തവര്‍ ലോകം വായിക്കുന്നില്ല, ലോകത്തില്‍ ജീവിക്കുന്നെങ്കിലും.

ശരീരമുള്ളതൊന്നും നിശ്ശബ്ദമല്ല. സന്നിഹിതമാണ്. ശരീരം ഇല്ലാതായാല്‍ അദൃശ്യമാകും – ഇല്ലാതാകും. മരണം ശരീരം ഇല്ലാതാകലാണ്. സുവിശേഷം പറയുന്ന ഒരു വിലാപം. "എന്‍റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി" – അതൊരു വിലാപമായിരുന്നു. അവന്‍റെ ശരീരം കാണാതായി. അവന്‍റെ അസാന്നിദ്ധ്യം നാലു സുവിശേഷങ്ങളും എടുത്തു പറയുന്നു. ഇവന്‍ ഇല്ലാതായത് അവരുടെ വിലാപമായി. അവര്‍ പ്രാര്‍ത്ഥിച്ചു, "കര്‍ത്താവേ വരണമേ?" (മാറാനാത്ത). പക്ഷേ, അവന്‍റെ ശരീരം കാണാതായപ്പോള്‍ അവന്‍റെ ലിഖിതമുണ്ടായി. കടന്നുപോയവന്‍ കടന്നുപോകാതിരിക്കാന്‍ എഴുതപ്പെട്ടു. എഴുത്തിന്‍റെ പുരുഷന്‍ എഴുത്തുവിട്ടുപോയാലും തിരിച്ചു വരുന്നു. പക്ഷേ, ആ തിരിച്ചുവരവു യഥാര്‍ത്ഥ സാന്നിദ്ധ്യമല്ല. അത് എഴുത്തു സൃഷ്ടിക്കുന്ന സാന്നിദ്ധ്യമാണ്. പുസ്തകം എഴുത്തുകാരന്‍റെ മിസ്റ്റിക് സാന്നിദ്ധ്യം ഉണ്ടാക്കും. അതു ശ്രദ്ധയുണ്ടാക്കുന്ന അത്ഭുതമാണ്. എഴുത്ത് അതിന്‍റെ പ്രശംസാപാത്രമായി എഴുത്തുകാരന്‍റെ സാന്നിദ്ധ്യം ഉണ്ടാക്കുന്നു.

ആദ്യനൂറ്റാണ്ടുകളില്‍ സുവിശേഷം കേള്‍ക്കപ്പെട്ട ദൈവവചനമായിരുന്നു. അനുഷ്ഠാനങ്ങളില്‍ പ്രഘോഷിക്കപ്പെട്ട ദൈവശബ്ദം. പക്ഷേ പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തില്‍ അതൊരു പുസ്തകമായി – സ്വകാര്യസ്വത്തുപോലെ ഉപയോഗിക്കാന്‍ തുടങ്ങി. അതു ജീവിതത്തിന്‍റെ വ്യാകരണപുസ്തകമാക്കപ്പെട്ടു. അതു രക്ഷാകരചരിത്രമായി ബൈബിള്‍ മാറി. ചരിത്രം വ്യാഖ്യാനിച്ചു വര്‍ത്തമാനത്തെ രൂപപ്പെടുത്തുന്ന കാഴ്ചപ്പാടുണ്ടായി. സുവിശേഷം ഓരോരുത്തരും ജീവിതംകൊണ്ടു തര്‍ജ്ജമ ചെയ്ത് എഴുതേണ്ട പുസ്തകമായി.

ആരാധനാക്രമത്തില്‍ ദൈവത്തിന്‍റെ ശരീരം അവന്‍റെ സുവിശേഷശബ്ദമായി. എന്നാല്‍ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും വസ്തുഭേദം വന്ന അവന്‍റെ ശരീരരക്തങ്ങളായി. ആ സാന്നിദ്ധ്യം കൗദാശികമായിരുന്നു. അവന്‍റെ ശരീരരക്തങ്ങളും അവന്‍റെ വചനവും സ്വീകരിച്ച വിശ്വാസികള്‍ അവന്‍റെ മൗതിക ശരീരമായി പരിഗണിക്കപ്പെട്ടു. മഗ്ദലേന മറിയത്തെപ്പോലെ അവനെ "എടുത്തുകൊണ്ടു പോയവരാണ്" എല്ലാ ക്രൈസ്തവരും. അവര്‍ അവനെ ഉടുത്തുകൊണ്ടു ജീവിച്ചു.

എന്നിട്ടും അവര്‍ ലോകത്തില്‍ സന്നിഹിതമായോ? അവന്‍ ഇവിടെ ഇല്ല എന്ന വേദനയ്ക്ക് അവസാനമില്ല. അവന്‍ എവിടെയാണ് എന്ന് ഉറപ്പിച്ചുപറയാനാവാത്ത സ്ഥിതി. കൗദാശികവും മിസ്റ്റിക്കലുമായ സാന്നിദ്ധ്യത്തിനപ്പുറം അവന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യം അവന്‍റെ വിശുദ്ധരിലാണ്. അതു പഴമയായി മാത്രം നിലകൊള്ളുന്നു. സഭ ക്രിസ്തുവിന്‍റെ ശരീരമാണ് എന്നതു വിശ്വാസ്യതയുടെ മങ്ങലില്‍ പ്രകടമാകാതെ പോകുന്നു. കൗദാശിക ശരീരവും വേദത്തിലൂടെയുള്ള ശരീരവും അവന്‍റെ അസാന്നിദ്ധ്യത്തിന്‍റെ പകരങ്ങളായി. കാരണം അവിടെ പ്രാര്‍ത്ഥനയുടെ നിയമവും വിശ്വാസത്തിന്‍റെ നിയമവും ഒന്നിക്കുന്നു – അതാണു ജീവിതവ്യാകരണം എന്ന് സഭ പ്രഘോഷിക്കുന്നു. ഇന്നും അവനുവേണ്ടിയുള്ള വിലാപം തുടരുന്നു. കാരണം, അവന്‍ കടന്നുപോയി. മഗ്ദലേനമറിയം അവനെ എടുത്തുകൊണ്ടുപോയി – പ്രേതത്തിന്‍റെ ആവാസംപോലെ. ഹാംലറ്റിന്‍റെ പിതാവ് അയാള്‍ പ്രവേശിച്ചിട്ടില്ലാത്ത കൊട്ടാരത്തില്‍ കടന്നു; കൊട്ടാരത്തില്‍ നിയമമായി, അവന്‍റെ വാഴ്ചയുടെ കഥ ഷേക്സ്പിയര്‍ പറഞ്ഞു.

വിരഹത്തിന്‍റെ കാലത്തിലാണു നാം – അവനില്ലാത്ത കാലം. അവന്‍റെ ശരീരമില്ലാത്ത കാലം. ഇവിടെ ഇല്ലാത്ത ശരീരത്തെ മിസ്റ്റിക്കല്‍ ആയി മാത്രമേ സന്നിഹിതമാക്കാന്‍ കഴിയൂ. അത് അവന്‍റെ അഗ്നിയുടെ ആധിക്യത്തില്‍ ജീവിക്കുകയാണ്. പറഞ്ഞുണ്ടാക്കാനാവാത്തതു കാണിച്ചുണ്ടാക്കാനാകും. പറയാനാകാത്തതു കാണിക്കുകയേ വഴിയുള്ളൂ. അത് അവന്‍റെ മൂല്യത്തിന്‍റെ ആനന്ദം കാണിച്ചുണ്ടാക്കാനാകും. ഒന്നും പറയാതെ പാടാന്‍ അനുവദിക്കുന്നതു സംഗീതമാണ്. വാചകമടിക്കല്‍ ഉള്ളമോറ്റില്‍ പാറ്റ ചാടി വിശ്വാസ്യത ഇല്ലാതാകുമ്പോള്‍ ആഴമേറിയ നിശ്ശബ്ദത തന്നെ സംസാരിക്കും. മിസ്റ്റിസിസം അനുദിനജീവിതത്തിന്‍റെ സാമൂഹികതയിലാണ്. മിസ്റ്റിസിസം സ്വകാര്യപുണ്യമല്ല. പറയാതെ പറയുന്ന മാധ്യമങ്ങള്‍ സൃഷ്ടിക്കലാണ്. പുതിയ മിസ്റ്റിക്കല്‍ ഭാഷ ഉണ്ടാക്കാം. ആധിപത്യ വിരുദ്ധതയുടെ യുക്തി എപ്പോഴും കലാപമാകണമെന്നില്ല. ചരിത്രത്തില്‍ നിന്നു കടന്നുപോയ വിശുദ്ധിയുടെ കഥ പറഞ്ഞു വൈജ്ഞാനിക മണ്ഡലത്തില്‍ പൊളിച്ചെഴുത്തു നടത്താം. അത് ഇല്ലാത്തവരുടെ പ്രേതാവാസമാണ്. പ്രേതങ്ങള്‍ സമൂഹത്തില്‍ വിപ്ലവങ്ങള്‍ ഉണ്ടാക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org