കണ്ണല്ല, കണ്ണീര് കാണുന്നു

കണ്ണല്ല, കണ്ണീര് കാണുന്നു

ഒരേയൊരു വികാരമേ വിശുദ്ധമായുള്ളൂ. അതു വിലാപമാണ്. ആനന്ദത്തിന്‍റെയും വിലാപത്തിന്‍റെയും ഉറവിടം ഒന്നുതന്നെ – അസ്തിത്വാഘോഷം. ഇതില്‍ നിന്നാണു കണ്ണീരും ആനന്ദബാഷ്പവും ഉത്ഭവിക്കുന്നത്. വിലപിക്കുന്നവര്‍ ഒരുപക്ഷേ, ഉറച്ചുനില്ക്കുന്നു; എല്ലാ പ്രേമക്കാരോടും പ്രഖ്യാപിക്കുന്നു: ഈ ഭൂമിയില്‍ കാവ്യാത്മകമായി പ്രേമിച്ചു ജീവിച്ചതിന്‍റെ കരുത്തിനെക്കുറിച്ചും. അതികഠിനമായ വിരഹം പിരിഞ്ഞുപോകലാണ്. ഏതു ഹൃദയമാണ് ഈ വിലാപത്തില്‍ വിശുദ്ധമാകാത്തത്! ദൈവികവും അതിമോഹനവുമായതു കടന്നുപോയി എന്നതാണു വേദന. ദൈവത്തിന്‍റെ കടന്നുപോകലില്‍ വിലപിക്കുന്നു. കടന്നുപോകലാണ് എല്ലാവരുടെയും വിലാപഹേതു. നിലനില്ക്കുന്നതു സ്ഥാപിക്കുന്നവര്‍ കവികളാണ്. കാവ്യമാണല്ലോ ഏറ്റവും നിര്‍ദോഷമായ പണി. മനുഷ്യനു ലഭിച്ചതില്‍ ഏറ്റവും അപകടകരമായതു ഭാഷയാണ്. അതുകൊണ്ടു മനുഷ്യന്‍ തനിക്കു സാക്ഷ്യമുണ്ടാക്കുന്നു. സൂചനകളാണ് അനാദികാലം മുതല്‍ ദൈവത്തിന്‍റെ ഭാഷ. ധീരരായ ആത്മാക്കള്‍ ഇടിവെട്ടിനു മുമ്പേ പറയുന്നു, പ്രവചിക്കുന്നു; ദൈവത്തിന്‍റെ വരവറിയിക്കുന്നു.

ഞാന്‍ കരയുന്നെങ്കില്‍ പോയതിനെക്കുറിച്ചാണ്. കരിച്ചിലില്‍ യുക്തിയുണ്ട്, യുക്തിരാഹിത്യവുമുണ്ട്. എല്ലാ കണക്കുകൂട്ടലും കരച്ചില്‍ തെറ്റിക്കുന്നു. കണക്കിലാണു നമുക്കു തെറ്റുന്നത്. സൂത്രശാലിത്വംകൊണ്ട് എവിടെവരെ പോകാനാവും? ശകുനിമാരാണു ഭരിക്കുന്നത്. പക്ഷേ, ആശയപരമായ ചിന്തയേക്കാള്‍ ഉയര്‍ന്നചിന്തയുണ്ടല്ലോ. കാരണം അപരരുമായുള്ള ബന്ധത്തിന്‍റെ രഹസ്യം കരയിപ്പിക്കുന്നു. അവന്‍ മര്‍ത്യനാണ് എന്ന വിധിയുടെ മുന്നിലെ എന്‍റെ പ്രണാമം. അത് അപരന്‍റെ മുമ്പില്‍ മരിക്കാനും അപരുവേണ്ടി ചാവാനും കഴിവുള്ളവന്‍റെ പ്രണാമമാണ്. കരച്ചിലിന്‍റെ വിരഹവേദന രൂപാന്തരപ്പെടും. വിരഹവേദനയില്‍ നിന്നും പുതിയ ജീവിതമുണ്ടാകും. സ്നേഹത്തിന്‍റെ ബന്ധം അവസാനിക്കുമ്പോഴും സ്നേഹം തുടരുന്നു. അസ്തിത്വപരമാകുന്നതു പ്രേതബാധയാണ് – പകരുന്ന രോഗവുമായുള്ള ഗാഢബന്ധം. അപരന്‍ വിരഹത്തിലൂടെ കൊണ്ടുവരുന്നതു സുഖമാക്കപ്പെടുന്ന സങ്കടമാണ്. മുറിവേറ്റവനെ ഉയര്‍ത്തി വിളിക്കുന്നു, ധര്‍മബോധത്തില്‍ ഊര്‍ജ്ജിതമാക്കുന്നു.

ജീവിതം കണക്കിനേല്പിച്ചവരും കരഞ്ഞുപോകുന്നു. കണക്കുകൊണ്ടുള്ള ഉത്തരങ്ങളില്‍ നിന്നും ജീവിതം വിഘടിച്ചു മാറുന്നു. സൂത്രങ്ങളല്ല ജീവിതത്തെ പച്ചപിടിപ്പിക്കുന്നത്. വിലാപ വിശുദ്ധിയുടെ വരവിനു വഴിയൊരുക്കുന്നു. അസ്തിത്വത്തിന്‍റെ ഘടനയും സത്യവും അറിയാതെ അസ്തിത്വം പേറി നടക്കാം. എല്ലാം കണക്കാക്കുന്നവര്‍ക്ക് എല്ലാം അര്‍ത്ഥമാക്കുന്നില്ല. ആസക്തമായ നോട്ടത്തിലും അന്വേഷണത്തിലും ഒരിക്കലും കണ്ടുകിട്ടാത്തത് അനാസക്തമായതു നോക്കിയാല്‍ കാണും. കണ്ണില്‍ കണ്ണീരില്ലാതെ ഉണങ്ങുന്നതു കണ്ണു മൃഗീയമാകുമ്പോഴാണ്. ഉണങ്ങിയ കണ്ണുകളുടെ മൃഗീയത അരിസ്റ്റോട്ടല്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണില്‍ കണ്ണീര് നിറയുമ്പോള്‍ കാഴ്ച മങ്ങുന്നു. ആ മങ്ങലിലാണു വെളിപാടുണ്ടാകുന്നത്. അതു കാമാതുരവും കോപാതുരവും വേട്ടയുടേതുമായ കത്തുന്ന കണ്ണുകളല്ല. മനസ്സിലാക്കല്‍ സാദ്ധ്യമല്ലാത്ത ക്രൗര്യത്തിന്‍റെ കണ്ണുകള്‍. കാണാന്‍ മാത്രം വിധിക്കപ്പെട്ടതല്ല കണ്ണ്, അതിനു കരയാനും കഴിയും. അവിടെ ഏറെ മാനുഷികമായതു കരയാനുള്ള കഴിവാണ്, കാണാനുള്ള കഴിവല്ല. കണ്ണീരണിഞ്ഞ കണ്ണിന്‍റെ അവ്യക്തതയില്‍ ചിലതു വെളിവാകുന്നു. ഇന്നുവരെ കണ്ടിട്ടില്ലാത്ത സത്യമാണു വെളിവാകുന്നത്. അപ്പോള്‍ കണ്ണു ചിലതു മറക്കുന്നു, പൊറുക്കുന്നു, കാണാന്‍ മടിക്കുന്നു. സ്നേഹത്തിന്‍റെ പ്രാര്‍ത്ഥന വെളിവാക്കുന്നതുപോലെ നോട്ടത്തിന്‍റെ ദുഃഖം ഉണ്ടാക്കുന്ന വെളിച്ചം തീര്‍ത്തും മാനുഷികമായതു വെളിവാക്കുന്നു. കരച്ചിലിന്‍റെ കണ്ണില്‍ ആനന്ദത്തിന്‍റെയും വേദനയുടെയും ഭാഷ്യമുണ്ടാക്കാം. കാഴ്ചയുടെ അറിവില്‍ അപകടകരമായ വികാരവും അതിന്‍റെ വൈകല്യങ്ങളും കടന്നുകൂടുന്നു. അതുകൊണ്ടു കണ്ണടച്ചും കാണണം, കേള്‍ക്കണം. സാംസ്കാരിക അന്ധതയും കണ്ണിനെ പകര്‍ച്ചവ്യാധിപോലെ ബാധിക്കാം. കണ്‍പോളകള്‍ അടയ്ക്കുന്നതിന്‍റെ പിന്നില്‍ സുകൃതങ്ങളുണ്ട്. കരച്ചിലിന്‍റെ തത്ത്വശാസ്ത്രം പഠിക്കേണ്ടിയിരിക്കുന്നു. വിശ്വാസമാണു വിലാപം. സൂര്യനോട്ടമല്ല അറിവിന്‍റെ വഴി. വെളിച്ചവും വിജ്ഞാനവും ഒന്നല്ല. കാഴ്ചയെന്നതു സൂര്യന്‍റെപോലുള്ള കടന്നാക്രമണമോ നോട്ടമോ അല്ല. സ്വന്തമാക്കുന്ന നോട്ടത്തിന്‍റെ സാംസ്കാരികതയാണു ചുറ്റും. അത് ഉത്തരവാദിത്വത്തിന്‍റെ നിഷ്കാമമാണ്, സ്വീകരണമാണ്. അതു നോട്ടത്തിന്‍റെ വെട്ടിപ്പിടുത്തമല്ല. അത് ഈറനണിഞ്ഞ കണ്ണിന്‍റെ ആതിഥ്യമാണ്, അതു നിര്‍മലമായ സത്യത്തിന്‍റെ സ്വീകരണമാണ്. അതുകൊണ്ടു വിലാപമാണു വിശ്വാസം. നമ്മള്‍ കരയുന്ന കണ്ണിനെയും കണ്ണീരിന്‍റെ കാഴ്ചയെയും വിശ്വസിക്കുന്നു. ധര്‍മശാസ്ത്രം കാഴ്ചശാസ്ത്രമാണെങ്കില്‍ അതു കരയുന്ന കണ്ണിന്‍റെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org