ദൈവവുമായി നേരിട്ടു ബന്ധപ്പെടുന്നവരോട്

ദൈവവുമായി നേരിട്ടു ബന്ധപ്പെടുന്നവരോട്

ദൈവവുമായി നേരിട്ടു ബന്ധപ്പെടുന്ന ദിവ്യന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അവര്‍ക്കു വെളിപ്പെടുത്തിക്കിട്ടിയ വെളിപാടുകള്‍ അവര്‍ വിതരണം ചെയ്യുന്നു. ഇങ്ങനെ ദൈവവുമായി നേരിട്ടു ബന്ധപ്പെടുന്നവരുടെ അവകാശവാദങ്ങള്‍ എങ്ങനെ കാണണം? വിശുദ്ധിയെന്നതു ദൈവത്തിന്‍റെ സ്വഭാവമായി പരിഗണിക്കപ്പെടുന്നു. വിശുദ്ധിയുടെ ദൈവബോധം ഉണ്ടാക്കുന്നത് ഒരുതരം ഓടിഅകലലാണ്. "ഞാന്‍ അശുദ്ധമായ അധരങ്ങള്‍ ഉള്ളവനാണ്…" എന്ന ഏശയ്യായുടെ ഓടിമാറ്റം. ഈ വിശുദ്ധ ബോധം മറ്റാരുമായി ബന്ധമില്ലാത്ത എന്‍റെ സ്വകാര്യവിഷയമാണോ? അപ്പോള്‍ അതിനു ധാര്‍മ്മികതയുമായി ബന്ധമില്ലാതാകും. എന്‍റെ സ്വകാര്യതയിലെ ഏതോ വിശുദ്ധ സ്പര്‍ശവും അതു മൂലമുണ്ടാകുന്ന ഉന്മാദവുമായി അതു മാറും. ഈ വിശുദ്ധബോധത്തെയാണ് യഹൂദ ക്രൈസ്തവ പാരമ്പര്യം ഏറ്റവും ഭീകരമായ പേഗനിസമായി വിശേഷിപ്പിച്ചത്.

ഈ പാരമ്പര്യങ്ങളില്‍ ദൈവികബോധത്തെ ധര്‍മ്മത്തില്‍ നിന്നു മാറ്റിനിര്‍ത്താനോ അതു നിരാകരിക്കാനോ സാദ്ധ്യമല്ല. ദൈവികത ദൈവമല്ലാത്തതിനെ ദൈവമാക്കാതിരിക്കാനുള്ള ശ്രദ്ധയുമാണ്. ഞാന്‍ തന്നെയാണു ദൈവികതയുടെ മിഥ്യാബോധത്തില്‍ വീഴാന്‍ ഏറെ എളുപ്പമുള്ളത് എന്നു തിരിച്ചറിയണം. ദൈവികതയുമായുള്ള നേരിട്ടുള്ള ബന്ധം അഹം സ്വയം കെട്ടിയാടുന്ന ദൈവികതയുടെ ഭ്രാന്താണ് – അതു നിരന്തരം വെളിച്ചപ്പാടുകളെ തീര്‍ക്കുന്നു. ദൈവത്തെ സ്വന്തമാക്കുന്ന അഹന്തയുടെ ഈ ഭ്രാന്തില്‍നിന്നു രക്ഷ പ്രാപിക്കാന്‍ കരുതലുണ്ടാകണം. ധര്‍മ്മം വെടിയാനാണ് ഈ വ്യാജദൈവികത നിര്‍ബന്ധിക്കുന്നത്.

ദിരദ്രനെ സംരക്ഷിക്കുന്ന ദൈവം നീതിയുടെ ദൈവമാണ് എന്നു പറയുമ്പോള്‍ നീതി ദൈവത്തിന്‍റെ ഒരു ലക്ഷണമല്ല; ദൈവികതയുടെ സത്തയാണ്. ഇതു മറന്നുള്ള ദൈവികതയാണ് വിഗ്രഹാരാധനയായി മാറുന്നത്. ഞാനും ദൈവവും ഒന്നായി എന്ന ബോധത്തിലാണു ദൈവവുമായി നേരിട്ടു ബന്ധം സ്ഥാപിക്കുന്നു എന്നു വരുന്നത്, അതാണു വിഗ്രഹാരാധന. ദൈവികതയുടെ അടുക്കലേക്കു കാലുകുത്താന്‍ കഴിയാത്ത അകല്‍ച്ചയുടെ അഭാവമാണിവിടെ പ്രശ്നം. ദൈവവും ഞാനും ഒന്നാകുന്നതാണു വിഗ്രഹാരാധന. അതുകൊണ്ടാണ് ദൈവത്തിനു രൂപവും സാദൃശ്യവുമില്ല എന്ന് ആവര്‍ത്തിക്കുന്നത്. ദൈവം മനുഷ്യന്‍റെ മിഥ്യാസങ്കല്പങ്ങള്‍ക്കു വിധേയനാകുന്നില്ല. യഹൂദചിന്തകനായ ലെവീനാസ് എഴുതി, അതുകൊണ്ടു "ദൈവം മനുഷ്യന്‍റെ മനസ്സില്‍ നേരിട്ടല്ല പ്രത്യക്ഷപ്പെടുന്നത് മൂല്യങ്ങളുടെ വേഷത്തില്‍ മാത്രമാണു പ്രത്യക്ഷമാകുക." അദ്ദേഹം കുറിച്ചു, "മതാനുഭവം പ്രാഥമികമായി ധര്‍മ്മബോധമാണ്."

ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞു എന്നതിനെ അദ്ദേഹം അവിശ്വസിക്കുന്നു. അതുകൊണ്ടു ലെവീനാസ് എഴുതി: "ദൈവത്തേക്കാള്‍ കല്പന(Torah)യെ സ്നേഹിക്കുക." ദൈവത്തിലേക്ക് ആര്‍ക്കും നേര്‍വഴിയില്ല, വളഞ്ഞ വഴിയേയുള്ളൂ. ദൈവത്തിന്‍റെ വിശുദ്ധിയിലേക്കുള്ള വഴി ധര്‍മ്മത്തിലൂടെ മാത്രമാണ്. ദൈവത്തെ മനസ്സിലാക്കാന്‍ സാദ്ധ്യമല്ല, കാരണം ദൈവവുമായി ഒരുവനും മുഖാമുഖമില്ല. ലെവീനാസ് എഴുതി: "മനുഷ്യനുമായുള്ള ബന്ധത്തില്‍ നിന്നു മാറി ദൈവത്തെ അറിയാനാവില്ല." മതങ്ങളും ദൈവശാസ്ത്രങ്ങളും മിസ്റ്റിക്കുകളും അമൂര്‍ത്തമായ ഏകാന്തതയില്‍ സ്വയം അകന്നു കഴിയുമ്പോള്‍ മതയുദ്ധങ്ങള്‍ ഉണ്ടായിപ്പോകും. ദൈവസാന്നിദ്ധ്യത്തില്‍ ഏശയ്യ പ്രവചിച്ചതു തന്‍റെ നാവിന്‍റെ അശുദ്ധിയെക്കുറിച്ചാണ്. ലെവീനാസിന്‍റെ മരണത്തില്‍ വിടവാങ്ങല്‍പ്രസംഗം നടത്തിയ ഡറീഡ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത്, "തന്‍റെ ഭാഷയുടെ സത്ത് സൗഹൃദവും ആതിഥ്യവുമാക്കിയവന്‍" എന്നായിരുന്നു. വിശുദ്ധി സ്പര്‍ശിച്ചവന്‍റെ ലക്ഷണമാണു വിശുദ്ധമായ ഭാഷ. നാവിന്‍റെ അഗ്നിശുദ്ധി വിശുദ്ധിയുടെ ബോധത്തില്‍ ദൈവത്തില്‍ നിന്ന് അകന്നുനില്ക്കുന്നവനു കിട്ടുന്ന പ്രസാദമാണ്. അപരന്‍റെ സാന്നിദ്ധ്യത്തിലാണു ദൈവത്തിന്‍റെ ചിന്ത എന്‍റെ മനസ്സിലേക്കു വരുന്നത്. സ്രഷ്ടാവായ ദൈവം എന്നില്‍ അവശേഷിപ്പിക്കുന്ന അടയാളം വിശുദ്ധിയുടേതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org