ചിന്തിക്കാത്തത് എങ്ങനെ ചിന്തിക്കും?

ചിന്തിക്കാത്തത് എങ്ങനെ ചിന്തിക്കും?

ഏറ്റവും വലിയ നിഷേധചിന്തകനായിരുന്നു ഫ്രെഡറിക് നീഷേ. നീഷേ എല്ലാറ്റിനെയും നിഷേധിച്ചു. അതു ചിന്തയുടെ അന്ത്യമായിരുന്നു, അതാണ് അദ്ദേഹത്തിന്‍റെ ദൈവത്തിന്‍റെ മരണം. ചിന്തിക്കാത്തത് എന്ത്? ചിന്തിക്കാന്‍ വിട്ടുകളയുന്നത് എന്താണ്? അത് ഒന്നുമല്ല, ഉള്ളത് എല്ലാം ചിന്തയുടെ വിഷയമാണ്. ഇല്ലാത്തതാണു ചിന്തയ്ക്കു വിഷയമാക്കുന്നത്. ഇല്ലാത്തതു ശൂന്യമാണ്. അതു ചിന്തിക്കാതെ വിട്ടുകളയുന്നതിന്‍റെ കാരണം അതു ചിന്തിച്ചിട്ട് ഒരു പ്രയോജനവുമില്ല. അതു മാത്രമല്ല ശൂന്യതയുടെ ചിന്ത ചിന്തയെ ശല്യപ്പെടുത്തുന്നു. അതു കൊല്ലുന്ന ചിന്തയാണ്, അതു മരണ ചിന്തയുമാണ്. ഈ ഭീകരത ഒഴിവാക്കണം. ചിന്തിക്കുന്നതു ചിന്തയുടെ മറുവശമാണ്, ചിന്തയുടെ അപരനാണ്. ചിന്തയ്ക്കു മരണത്തെ മറികടക്കാന്‍ പറ്റുമോ? ശൂന്യതയാണു ചിന്തിക്കാത്തത്, ശൂന്യതയെ മറികടക്കാന്‍ പറ്റുമോ?

ചിന്തിക്കുന്നവന്‍റെ ഉള്ളില്‍ അവന്‍ ഏറ്റവും അടുത്തത് അവന്‍റെ ചിന്തയുടെ ആദിയാണ്. അതിലേക്കുള്ള മടക്കമാണു ശൂന്യതയുടെ ചിന്ത ആവശ്യപ്പെടുന്നത്. അത് അതിനെയോ ഇതിനെയോ പറ്റിയുള്ള ചിന്തയല്ല. അരികിലേക്കു മടങ്ങുമ്പോള്‍ ചിന്ത എന്തിനാണ്. ഞാന്‍ എന്ന ബോധത്തിലാണ്. എന്‍റെ ചിന്ത അവബോധത്തില്‍ നല്കപ്പെടുന്നതാണ്. അപ്പോള്‍ ചിന്തയുടെ അടിയില്‍ മാനമുണ്ട്. ഈ മാനങ്ങള്‍ സാദ്ധ്യതകളുടെ ആകാശമാണ് ഉണ്ടാക്കുന്നത്. എന്‍റെ ആന്തരികതയുടെ അടിയില്‍ സാദ്ധ്യതകളുടെ ഉത്പത്തിയുണ്ട്. ചിന്തയുടെ അകത്തെ പരിധിയില്‍ നിന്നു ചിന്ത പ്രക്ഷേപണചിന്തയാകുന്നു. അതു സാങ്കല്പികമാണ്, കാവ്യചിന്തയാണ്. അത് അസ്തിത്വത്തിന്‍റെ സകലതുമായ സമ്മേളനചിന്തയാകും.

മതത്തെ കാണേണ്ടതു ചിന്തിക്കാത്തതു ചിന്തിക്കുന്ന ഒരു പാരമ്പര്യമായിട്ടാണ്. ആ ചിന്തകളെ അതിലംഘിക്കുന്ന നിത്യതയുടെ ചിന്തയും അതുണ്ടാക്കുന്ന കാവ്യകഥനവുമായി നിലകൊള്ളുന്നു. അത് എത്തിക്കുന്നത് ആദികാവ്യചിന്തയിലാണ്. മനുഷ്യന്‍റെ ആദിയുടെ കനിവിന്‍റെ മണ്ഡലവുമായി അതു ബന്ധപ്പെടണം. അവിടെ അസ്തിത്വദാനത്തിന്‍റെ അത്ഭുതവും അവര്‍ണനീയമായ വിസ്മയവും അതിന്‍റെ വിങ്ങലുമാണ്. ആയിരിക്കുന്നതൊക്കെ ആയിത്തീരുകയാണ്. സമയം സമാഗതമാകുകയാണ്, ചരിത്രമാകുകയാണ്. മനുഷ്യന്‍റെ അസ്തിത്വാനുഭവം അളക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതു കവിയും പ്രവാചകനുമാണ്. മൂര്‍ത്തമായ ജീവിതം വ്യാഖ്യാനിക്കപ്പെടുന്നു. ദൈവികത കവി പാടുന്ന പാട്ടിലാണ്. ദൈവികതയുടെ സാദ്ധ്യതകള്‍ സങ്കീര്‍ത്തനങ്ങളില്‍ സമാഹരിക്കപ്പെടുന്നു. ദൈവത്തിന്‍റെ ദൈവികത കവികളും പ്രവാചകനും ഭാഷയില്‍ പറയുന്നു. ദൈവം അകലെയാണ്, അടുത്തുമാണ്. ദൈവം മനുഷ്യന്‍റെ മറുവശമാണ്.

ദൈവത്തിന്‍റെ കണ്‍മുമ്പില്‍ വസിക്കണം, വസതിയില്ലാത്ത ഏകാകിയല്ല മനുഷ്യന്‍. ദേശം വൈദേശികത കടന്നുവരുന്ന ദേശമാണ്. മനുഷ്യന്‍ ദൈവികതയുടെ മണ്ഡലത്തില്‍ വസിക്കുന്നു. സ്വര്‍ഗത്തിന്‍റെ അഗ്നി വീട്ടില്‍ വന്നിറങ്ങുന്നു. എന്‍റേതു മാത്രമായതു കണ്ടെത്താന്‍ വൈദേശികത കാണേണ്ടി വരുന്നു. വരാനിരിക്കുന്നതിന്‍റെ അസാന്നിദ്ധ്യം അടുത്തുണ്ട്. വൈദേശികമായവയ്ക്കു പേരു കൊടുക്കുക പെട്ടെന്നു കവിക്കു സാദ്ധ്യമല്ല. ചരിത്രത്തിലേക്കു ദൈവികത വിളിച്ചിറക്കുന്നവരാണു പ്രവാചകരും കവികളും. സ്വദേശം ഏറ്റവും സ്വന്തമായതും കാണപ്പെടുന്ന ചരിത്രസ്ഥലവുമാണ്. പക്ഷേ, ഏറ്റവും സ്വന്തമായത് ഏറ്റവും അന്യവും വന്യവുമായതുമായി ബന്ധിച്ചിരിക്കുന്നു. ഭാഷപോലെ അതു മനുഷ്യന്‍റെ കണ്ടെത്തലല്ല. മനഷ്യനെ ഭാഷയാണു കണ്ടെത്തുന്നത്. ദൈവത്തിന്‍റെ സാന്നിദ്ധ്യമല്ല മനുഷ്യന്‍ അറിയുന്നത്. ദൈവത്തിന്‍റെ അസാന്നിദ്ധ്യമാണ്. മനുഷ്യനിലൂടെ ദൈവം കടന്നുവരുന്നു. ദൈവത്തിന്‍റെ അസാന്നിദ്ധ്യത്തിന്‍റെ കവാടമാണു മനുഷ്യന്‍ ഒരുക്കേണ്ടത്. അതു കവി ചെയ്യുന്നതും ചിന്തിക്കാത്തതു ചിന്തിച്ചുകൊണ്ടും സങ്കല്പിച്ചുകൊണ്ടുമാണ്.

അസ്തിത്വത്തിന്‍റെ സത്യം ചിന്തിക്കപ്പെട്ടിട്ടില്ല. ആ സത്യത്തിന്‍റെ സംഭവം മറയ്ക്കപ്പെട്ടിരിക്കുന്നു. മറക്കപ്പെട്ടിരിക്കുന്നത് എങ്ങനെ മറ നീക്കും. കാണപ്പെടുന്നതിന്‍റെയും കേള്‍ക്കുന്നതിന്‍റെയും പിന്നില്‍ ഇന്നും ഇന്നലെയും നാളെയുമുണ്ട്. പക്ഷേ, ഒരു മര്‍ത്യനും നില്‍ക്കാനാവാത്ത മറയില്‍ അഥവാ തിരശ്ശീലയുടെ പിന്നില്‍ അവ ഒളിക്കപ്പെട്ടിരിക്കുന്നു. പോര്‍ഫീറി എഴുതിയതുപോലെ പ്രകൃതി അതിന്‍റെ നഗ്നത അനാവൃതമാക്കുന്നില്ല. അവളെക്കുറിച്ചുള്ള അറിവ് ആവരണങ്ങള്‍ക്കടിയില്‍ ഒളിക്കപ്പെട്ടിരിക്കുന്നു. ഒളിക്കപ്പെട്ട രഹസ്യങ്ങള്‍ എങ്ങനെ പറയും? പ്രകൃതി അവളുടെ ആവരണങ്ങളില്ലാതെ കാണപ്പെട്ടിട്ടില്ല. ആവരണങ്ങള്‍ക്കുള്ളിലേതു കവിയും പ്രവാചകനും കല്പിക്കുന്നു – കഥയാക്കുന്നു, കവിതയും കീര്‍ത്തനവും ചിത്രവുമാക്കുന്നു. സത്യം അവളാകാം, അവള്‍ ഒരിക്കലും ഉടയാടകളില്ലാതെ കാണിക്കപ്പെടുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org