എന്‍റെ പിന്നാലെ നടക്കുക

എന്‍റെ പിന്നാലെ നടക്കുക

അവന്‍ അവരോടു പറഞ്ഞു: "എന്നെ അനുഗമിക്കുക" (മത്താ. 4:19). അവന്‍റെ പിന്നാലെ പോകുന്നതാണു വിശ്വാസം. ഞാന്‍ കാണാത്തതിനെ എന്നെ പിടികൂടാനും എന്നെ വഴിനടത്താനും അനുവദിക്കുന്നതാണു വിശ്വാസം. അതു കുറേ അമൂര്‍ത്തമായ ആശയാദര്‍ശങ്ങളുടെ പിന്നാലെ നടക്കുന്നതാണ് എന്ന് അഭിപ്രായമില്ല. വിശ്വാസം ചരിത്രം പഠിക്കുന്നതുപോലെയോ ബോട്ടണി പഠിക്കുന്നതുപോലെയോ ഒരു ശാസ്ത്രീയകാര്യമേയല്ല. അതു ശരിക്കും ഒരു മല്‍പ്പിടുത്തമാണ്. വിശ്വാസം എന്നെ വ്യാപിക്കുകയാണ്; എന്നെ കടന്നാക്രമിക്കുന്നു; എന്നെ പിടിച്ചുനിര്‍ത്തുന്നു; എന്നെക്കൊണ്ടു സംസാരിപ്പിക്കുന്നു; എന്നെ ചില സംബന്ധങ്ങളില്‍ ഏര്‍പ്പെടുത്തുന്നു; എന്നെ ചിലതില്‍ നിന്ന് അകറ്റുന്നു. അതു പച്ചയായി എന്‍റെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്.

എന്‍റെ വിശ്വാസത്തിന്‍റെ ദൈവശാസ്ത്രം കാര്യങ്ങള്‍ എളുപ്പത്തിലാക്കുകയല്ല, പ്രയാസമേറിയതാക്കുകയാണ്. എന്‍റെ വിശ്വാസവിശ്വസ്തത ദൈവശാസ്ത്രംകൊണ്ടല്ല ഞാന്‍ നേടുന്നത്. അതു കൂടുതല്‍ വിഷമമാക്കുകയാണു ചെയ്യുന്നത്. വിശ്വാസം പുനര്‍ജന്മമാണെന്നു പറയാം. അത് എനിക്കു കുരിശുമായുള്ള മല്‍പ്പിടുത്തമാണ്. നീതി അന്വേഷിച്ചു ചെന്നെത്തുന്നതു ഭീകരതയിലായിപ്പോകുന്നു. മാത്രമല്ല വിശ്വാസത്തിന്‍റെ വഴിയില്‍ ആശഭംഗങ്ങള്‍ കുറച്ചൊന്നുമല്ല സംഭവിക്കുക. ഞാന്‍ എന്നെ വിശ്വാസത്തില്‍ അറിയുന്തോറും ലോകത്തില്‍ ദുഃഖദുരിതങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരികയായി, സ്തുതിമഹത്ത്വങ്ങളല്ല. ലോകത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനാവാത്ത അവസ്ഥയില്‍ അത് എത്തിച്ചേരുന്നു. നീതി അന്വേഷിച്ചവനു കരുണപോലും ദൈവം നിഷേധിക്കുന്നു എന്ന തോന്നല്‍. വിശ്വാസം ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന വിധത്തെ ബാധിക്കുന്നു. ക്രൂശിതന്‍റെ പിന്നാലെയുള്ള നടപ്പിനു കൃത്യമായ പദ്ധതിയും കൃത്യമായ ലക്ഷ്യവുമുണ്ട് എന്നു വരുന്നില്ല. ആ നടപ്പിന് ഉള്ളടക്കമുണ്ടോ എന്നതും സംശയമാണ്. നടക്കുക പിന്നാലെ. അത് ഒരു കാര്യം ഉറപ്പാക്കുന്നു – അവനുമായി ഉറച്ച ബന്ധം അത് ഏതെങ്കിലും നിയമസംഹിതയോ ഏതെങ്കിലും ആദര്‍ശവ്യവസ്ഥിതിയോ ആയുള്ള ബന്ധമല്ല. ബന്ധം വ്യക്തിയോടാണ് – അതുണ്ടാക്കുന്ന ആന്തരികാദര്‍ശങ്ങളുണ്ടാകാം. പലരും പിന്നാലെ നടക്കുന്നതു വ്യക്തിയുടെ പന്നാലെയല്ല, വ്യവസ്ഥിതികളുടെ അമൂര്‍ത്തമായ ആശയങ്ങളുടെ പിന്നാലെയാണ്. വിശ്വാസസത്യങ്ങളുടെ പിന്നാലെ നടക്കാനാണോ യേശു വിളിക്കുന്നത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org