Latest News
|^| Home -> Pangthi -> ചിന്താജാലകം -> ബിംബങ്ങളുടെ വസതി

ബിംബങ്ങളുടെ വസതി

ഫാ. പോള്‍ തേലക്കാട്ട്

ഏണസ്റ്റ് കസ്സീര്‍, കാര്‍ലെയ്നെ ഉദ്ധരിച്ചു കൊണ്ടെഴുതി: “ഏതു കലാരൂപത്തിലും കാലത്തിലൂടെ നോക്കുന്ന നിത്യതയെ തിരിച്ചറിയാം, ദൃശ്യമായതില്‍ കാണിക്കുന്ന ദൈവികത.” ഇന്നും കലാരൂപങ്ങളോ ബിംബങ്ങളോ ഇല്ലാത്ത ഒരു വസതിയുമുണ്ടായില്ല. ലോകത്തിലെ എന്തും കലാകാരന്‍റെ കൈകളില്‍ പ്രതീകമായി മാറ്റപ്പെടുന്നു. പ്രതീകം അടയാളമാണ്, അത് അതിനെയല്ല മറ്റെന്തിനെയോ കാണിക്കുന്നു. തന്നെത്തന്നെ കാണിക്കാതെ അതിനു പുറത്തേയ്ക്കു കാണിക്കാന്‍ കഴിയുന്നു എന്നതാണു പ്രതീകത്തിന്‍റെ പ്രത്യേകത. പ്രതീകം എന്നതു കാലവും ഓര്‍മയും പടച്ചുണ്ടാക്കുന്നതല്ല; മറിച്ച് അതു ജീവിതത്തിന്‍റെ അടയാളങ്ങളാണ്. ജീവിതം നല്കുന്ന സാദ്ധ്യതകള്‍ പ്രത്യക്ഷമാകുന്ന ഇടങ്ങളായി അടയാളങ്ങള്‍ മാറുന്നു. ശാന്തമായി ശ്വാസം വലിച്ചിരിക്കാന്‍ പറ്റിയ ഇടങ്ങളാണിവ. മനുഷ്യന്‍ തന്‍റെ ജീവിതചക്രവാളങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ ചുറ്റുപാടുകള്‍ ഉണ്ടാക്കാന്‍ പറ്റിയ തുറന്ന ഇടങ്ങളാണിവ. അതു പുതിയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും ചലിപ്പിക്കുന്ന ലക്ഷ്യങ്ങള്‍ ഉണ്ടാക്കുന്നതുമാണീ ബിംബങ്ങള്‍.

അടയാളങ്ങള്‍ ഒളിക്കലുമാണ്, തെളിക്കലുമാണ്. അതു നമ്മെ നമ്മില്‍ നിന്നു പുറത്തേയ്ക്കു സംവഹിക്കണം. അതു ചിന്തയ്ക്കു തീ പിടിപ്പിക്കുന്നു. ഭാവി ഗര്‍ഭം ധരിച്ചുവരുന്നതു കാണിക്കുന്നു, സ്വീകരിക്കുന്നു. അടയാളങ്ങളിലൂടെ മാത്രമാണു ദൈവികതയെക്കുറിച്ചു ബൗദ്ധികമായി അറിയാന്‍ കഴിയുന്നത്. ആത്മീയ തീനാളത്തിന്‍റെ സുതാര്യമായ വിളക്ക് എന്ന അദൃശ്യസത്തയുടെ പ്രകാശനം സാദ്ധ്യമാകുന്നത് അടയാളത്തിലൂടെ മാത്രമാണ്. എന്നാല്‍ രൂപകം എന്നതു രൂപം ധരിച്ചതിന്‍റെ അഥവാ പരിചിതമായതിന്‍റെ സാദ്ധ്യമായ പ്രകാശനത്തില്‍ ഒന്നു കാണിക്കുന്നു. അതു സങ്കല്പിക്കുന്നത് എന്നതിനേക്കാള്‍ ഭ്രമിപ്പിക്കുന്നതാണ്.

ബൈബിള്‍ എല്ലാത്തരം കലാവിഷ്കാരങ്ങള്‍ കൊണ്ടും പൂരിതമാണ്. അവയെല്ലാം ബിംബങ്ങളായി മാറുന്നു. അവയെല്ലാം മറ്റൊന്നു വെളിവാക്കുന്നു. കത്തുന്ന മുള്‍പ്പടര്‍പ്പ്, പുറപ്പാടിന്‍റെ അത്ഭുതങ്ങള്‍ സീനായ് മലയിലെ വെളിപാടുകള്‍, ഏലിയാ പ്രവാചകന്‍ കേട്ട ലോലമായ ശബ്ദങ്ങള്‍, പ്രവാചകര്‍ നല്കിയ ദര്‍ശനങ്ങള്‍ എല്ലാം ഈ ബിംബങ്ങളാണ്. യേശുവിന്‍റെ ജനനവും പരസ്യജീവിതവും ഭാഷണസംവേദനങ്ങളും ബിംബങ്ങളുടെ സുവിശേഷമാണ്. അവിടെ വാക്കുകള്‍, ദൃശ്യങ്ങള്‍, കാവ്യസന്ദര്‍ഭങ്ങള്‍ എല്ലാം അവയ്ക്കതീതമായി നമുക്കു വസിക്കാന്‍ കൊള്ളാവുന്ന ഇടങ്ങളുടെ സമൃദ്ധിയാണു തരുന്നത്. നാം ഭാഷയുടെയും ബിംബങ്ങളുടെയും ഭവനത്തിലാണു വസിക്കുന്നത്.

ഒരു ബിംബത്തിലായിരിക്കുമ്പോള്‍ അതു ചലിപ്പിക്കുന്നു, ലഹരി തരുന്നു, മൂല്യബോധത്തിലാക്കുന്നു. മാത്രമല്ല മൂല്യബോധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഈ ബിംബം കേട്ടതാകാം, കണ്ടതാകാം, അനുഷ്ഠിച്ചതാകാം, ചിത്രീകരിച്ചതാകാം, നൃത്തമാടിയതാകാം. അത് എന്നിലേക്ക് എങ്ങനെ പ്രവേശിച്ചാലും അത് എന്നെ വശീകരിക്കുന്നു, ചിന്തിപ്പിക്കുന്നു. അത് ആനന്ദം, ഭയം, അത്ഭുതം, വിശ്രമം എന്നീ വികാരങ്ങള്‍ ഉണ്ടാക്കാം. ബിംബത്തിനു പല മുഖങ്ങളും മാനങ്ങളുമുണ്ടാകാം. അതു രോഗാതുരമായ തന്‍റെ അവസ്ഥയെ മാറ്റാന്‍ പര്യാപ്തവുമാണ്. ബിംബം മാനസികമായ ഒരു മരുന്നുമാകാം. ചലനമുണ്ടാക്കി എന്നിലെ ഉണ്മയുടെ പ്രവാഹത്തെ പാകപ്പെടുത്തി രൂപമുണ്ടാക്കുന്ന നടപടിയായി മാറുന്നു. കാരണം, അതു സങ്കല്പത്തെ ഊതിവളര്‍ത്തും. മറഞ്ഞിരിക്കുന്ന ഉണ്മയുടെ ആത്മാവിന്‍റെ ശക്തിയാക്കും. മരങ്ങളുടെ രാജാവിനെ തിരഞ്ഞെടുത്ത കഥ, സിംഹവും കുഞ്ഞാടും ഒന്നിച്ചു വസിക്കുന്ന കഥ, മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ കഥ, മിന്നാമിനുങ്ങ് നക്ഷത്രങ്ങളെ നോക്കി പറഞ്ഞ കഥ. ഈ ബിംബങ്ങള്‍ തന്നെ സ്പര്‍ശിക്കുന്നു, നാം അവയില്‍ വസിക്കുന്നു.

ക്രൈസ്തവികതയുടെ അടയാളമാണു കുരിശ്. നാം കുരിശിന്‍റെ തണലിലാണ് ജീവിക്കുന്നത് എന്നു പറയാറില്ലേ? പക്ഷേ, ആ വാചകം എന്നെ എവിടെയാക്കുന്നു? ദൈവത്തിന്‍റെ സഹിക്കുന്ന സ്നേഹത്തിന്‍റെ അന്തരീക്ഷത്തിലാക്കുന്നു! ദൈവത്തിന്‍റെ കോപത്തിന്‍റെ ചൂടിലാക്കുന്നുണ്ടോ? അത് എന്നെ ഒരു സഭയിലാക്കിയോ? അതു തന്നെ എങ്ങനെ ആക്കുന്നു എന്ന് ഓരോരുത്തരും ചിന്തിക്കട്ടെ. അത് എന്നെ എവിടെയോ ആക്കുകയും ഏതോ മൂല്യങ്ങളില്‍ പിടിച്ചിരുത്തുകയും ചെയ്യുന്നില്ലേ? നമ്മെ ഇതൊക്കെ ഒരു ഭവനത്തിലാക്കുന്നു – ബിംബങ്ങളുടെ ഭാഷാഭവനത്തില്‍. കവികളും പ്രവാചകരും വിശുദ്ധരും നമുക്കുണ്ടാക്കിത്തരുന്നത് വിശുദ്ധമായ ബിംബങ്ങളുടെ ഭവനമാണ്.

Leave a Comment

*
*