ചുവപ്പിനെ വെറുക്കുന്നവര്‍

ചുവപ്പിനെ വെറുക്കുന്നവര്‍

ഫ്രഞ്ചുവിപ്ലവം തെറ്റിനെ ശിക്ഷിക്കുന്ന കോപത്തിന്‍റെ പൊട്ടിയൊഴുക്കായിരുന്നു. എത്രയോ പേരാണ് ആ കോപത്തില്‍ കൊല്ലപ്പെട്ടത്. അങ്ങനെ വിപ്ലവം നടത്തി പിന്നീടു ജനം വെറുത്ത ഒരു ചുവപ്പുവിപ്ലവകാരി. അയാളുടെ അടുക്കല്‍ പോകുന്ന മെത്രാന്‍റെ കഥയാണു വിക്ടര്‍ ഹ്യൂഗോ പാവങ്ങളില്‍ പറയുന്നത്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ആ വിപ്ലവകാരിയുടെ പക്കലേയ്ക്ക് അദ്ദേഹം തിരിച്ചു. വയോധികനായ വിപ്ലവകാരി മെത്രാനെ സ്വീകരിച്ചു.

"ഞാന്‍ മുന്‍വിധികളെയും തെറ്റുകളെയും തട്ടിത്തെറിപ്പിക്കാന്‍ സഹായിച്ചു. പഴയ ലോകം ഞങ്ങള്‍ അട്ടിമറിച്ചു. ദുരന്തങ്ങളുടെ പാത്രമായ പഴയ ലോകം തട്ടിമറിച്ചു മനുഷ്യവംശത്തിന്‍റെ ആനന്ദത്തിന്‍റെ പാനപാത്രം നല്കി" – അയാള്‍ പറഞ്ഞു.

"പക്ഷേ, കോപത്തോടുകൂടിയ അട്ടിമറിയില്‍ ഞാന്‍ അവിശ്വസിക്കുന്നു." "ശരിക്കും കോപമുണ്ട്. ശരിയുടെ കോപം വികസനത്തിന്‍റെ ഒരു മാനമാണ്. ക്രിസ്തുവിന്‍റെ വരവിനുശേഷം മനുഷ്യവംശത്തിനുണ്ടായ ഏറ്റവും വലിയ സംഭവമാണു ഫ്രഞ്ചുവിപ്ലവം. മനുഷ്യവംശത്തിന്‍റെ അഭിഷേകമായിരുന്നു ഫ്രഞ്ചുവിപ്ലവം. വികസനത്തിന്‍റെ ക്രൂരതകളെയാണു വിപ്ലവങ്ങള്‍ എന്നു വിളിക്കുന്നത്. എനിക്ക് 60 വയസ്സുള്ളപ്പോഴാണു രാജ്യം എന്നെ അതിന്‍റെ പ്രശ്നങ്ങള്‍ നേരെയാക്കാന്‍ വിളിച്ചേല്പിച്ചത്. ഞാന്‍ അനുസരിച്ചു. ക്രമക്കേടുകള്‍ ഉണ്ടായിരുന്നു. ഞാന്‍ അവയോട് അടരാടി; ക്രൂരതകള്‍ ഉണ്ടായി, ഞാന്‍ അവയെ ഇല്ലായ്മ ചെയ്തു. പീഡിതരെ ഞാന്‍ ശുശ്രൂഷിച്ചു; ഞാന്‍ അള്‍ത്താരത്തുണികള്‍ വലിച്ചുകീറിയിട്ടുണ്ട്. ശരിയാണ്. പക്ഷേ, അതു രാജ്യത്തിന്‍റെ വ്രണങ്ങള്‍ വച്ചുകെട്ടാനായിരുന്നു. മനുഷ്യവംശത്തിന്‍റെ മുന്നോട്ടുള്ള വെളിച്ചത്തിലേക്ക് അതു നയിച്ചു. പുരോഗതിയെ കരുണയില്ലാതെ തടഞ്ഞിട്ടുണ്ട്. എന്‍റെ എതിരാളികളെ, അങ്ങയുടെ വര്‍ഗത്തില്‍പ്പെട്ടവരെ സംരക്ഷിച്ചിട്ടുണ്ട്…. എനിക്കു കഴിയുന്ന നന്മ ചെയ്തു. അതിനുശേഷം അവര്‍ എന്നെ വേട്ടയാടി, പീഡിപ്പിച്ചു, അടിച്ചു, ശപിച്ചു…. എന്നെ വെറുക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ട് എന്നു കരുതി. എനിക്കിപ്പോള്‍ ശപിക്കപ്പെട്ട മുഖമാണ്. ഈ ഏകാന്തതയും വെറുപ്പും അംഗീകരിക്കുന്നു, ആരെയും വെറുക്കാതെ. എനിക്കിപ്പോള്‍ 86 വയസ്സായി. മരണത്തിന്‍റെ മുമ്പിലാണ്. എന്നോട് എന്തു ചോദിക്കാനാണ് അങ്ങ് എന്‍റെ പക്കല്‍ വന്നത്?"

"അങ്ങയുടെ ആശീര്‍വാദം" – മെത്രാന്‍ മുട്ടുകുത്തി. പക്ഷേ കുറേക്കഴിഞ്ഞു മെത്രാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ആ ചുവപ്പു വിപ്ലവകാരി മരിച്ചിരുന്നു. ആളുകള്‍ മെത്രാനെ വിമര്‍ശിച്ചു. "ഇങ്ങനെയുള്ളവരുടെ അടുക്കലാണോ മെത്രാന്‍ പോകേണ്ടത്?" ഒരു വിധവ മെത്രാനോടു ചോദിച്ചു. "പിതാവേ, അങ്ങേയ്ക്കു ചുവന്ന തൊപ്പി എന്നാ കിട്ടുക?"

മെത്രാന്‍ പറഞ്ഞു: "നീചമാണ് ആ നിറം. അതു കൊടിയില്‍ വെറുക്കുന്നവര്‍ തൊപ്പിയില്‍ ആദരിക്കുന്നു എന്നതു ഭാഗ്യമായി."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org