ജനത്തിന്‍റെ സത്ത ഭാഷയില്‍

ജനത്തിന്‍റെ സത്ത ഭാഷയില്‍

ഭാഷ സ്വന്തമാക്കിയവനല്ല മനുഷ്യന്‍. മറിച്ച് ഭാഷയാണു മനുഷ്യന്‍റെ വസതി. ലോകത്തിലായിരിക്കുക എന്നാല്‍ ഭാഷയിലാകുകയാണ്. അതു സര്‍ഗാത്മകമായും വെറുതെ ഭാഷയില്‍ ഒഴുകിയും വസിക്കാം. മനുഷ്യന്‍റെ ചിന്തയും ഭാഷയും രണ്ടല്ല. കാലത്തിലെ മനുഷ്യചിന്ത കാലത്തിന്‍റെ ഭാഷയാണ്. ഓരോ കാലത്തിനും ഓരോ മനുഷ്യസമൂഹത്തിനും അതിന്‍റെ ഭാഷയുണ്ട്.

മനുഷ്യന്‍റെ അസ്തിത്വം വിലസിക്കുന്നതു ഭാഷയിലാണ്. മനുഷ്യസംഭവം ഒരു പ്രസ്താവവുമായി കാണാം – ഒരു വിളിച്ചറിയിക്കല്‍. മറ്റുള്ളവരോടാണു വിളച്ചറിയിക്കുന്നത്. മറ്റുള്ളവരോടൊത്തുള്ള അസ്തിത്വം പോലെ ഭാഷയും പങ്കുകൊള്ളുന്നു, എല്ലാവരുടെയുമാണത്. ഭാഷയിലാണു യഥാര്‍ത്ഥ കമ്യൂണിസമുള്ളത്. അത് ആരുടെയും സ്വകാര്യസ്വത്തല്ല. എന്നാല്‍ ഭാഷയിലാണ് എല്ലാവരും വിരിയുന്നത്, പൂ വിരിയുന്നതുപോലെ. മുനുഷ്യന്‍റെ അസ്തിത്വവും അതിന്‍റെ തനിമയും അതിന്‍റെ അര്‍ത്ഥങ്ങളും വെളിവാകുന്നതു ഭാഷയിലാണ്. വാക്കുകളും പേരുകളുമായി ഭാഷയില്‍ അസ്തിത്വസംഭവം പ്രസ്താവിക്കപ്പെടുന്നു. അങ്ങനെ പ്രസ്താവിക്കാതെ ലോകം ഉണ്ടാകുന്നില്ല. ഭാഷ ലോകം പണിയലാണ്, നമ്മുടെ ലോകം.

ഭാഷ ജീവിക്കാം, മതമാകാം. അത് ഉയര്‍ന്നു മഹത്തരമായും, താഴ്ന്ന് മൃതപ്രായവുമാകാം. മനുഷ്യാസ്തിത്വം എത്ര കണ്ട്, എങ്ങനെ പ്രകാശിതമാകുന്നു എന്നതാണ് അതു നിര്‍ണിയിക്കുന്നത്. ഭാഷ മലിനമാകുന്നത് അത് ഉപയോഗിക്കുന്നവരുടെ മലിനമനസ്സുകളുടെ പ്രകാശനത്തിലൂടെയാണ്. ഭാഷ വില കുറഞ്ഞ വെറും വാചകമടിയായി മാറാം. ജീവിതത്തിന്‍റെ സത്ത പറയപ്പെടാതെ പോകുന്ന പ്രതിസന്ധി ഭാഷയില്‍ സംഭവിക്കാം. ഭാഷയ്ക്കു ജീവിതപ്രകാശനത്തിന്‍റെ ഗരിമയില്ലാത്ത വെറും ചപലമായി മാറുന്ന പ്രതിസന്ധിയില്‍ നിന്നു അതിനെ രക്ഷിക്കേണ്ടതു അതില്‍ വസിക്കുന്ന മനുഷ്യര്‍തന്നെയാണ്. ഉന്നതമായ സാംസ്കാരിക നിലവാരം ഉന്നത ഭാഷണ നിലവാരമായി പ്രകാശിക്കുന്നു. ആ ഭാഷണനിലവാരം അതിന്‍റെ സാഹിത്യത്തിലും ചിന്തയിലും ആത്മീയതയിലും ധര്‍മബോധ പ്രകാശനത്തിലും പ്രകടമാകും.

ഭാഷയാണ് ശുദ്ധമായ മൂല്യങ്ങളുടെ വ്യവസ്ഥിതി. ഭാഷയിലാണു മൂല്യങ്ങള്‍ക്ക് ഔന്നത്യവും പ്രചാരണവും ലഭിക്കുന്നത്. സത്യം ഭാഷയില്‍ സംഭവിക്കുന്ന വിധമാണു സൗന്ദര്യം. സാഹിത്യഭാഷ സാധാരണ വ്യവഹാരഭാഷയല്ല. അതു ഭിന്നമായ സംവേദനസ്വഭാവം പേറുന്നു. പിന്‍വലിയുന്നത് അതു പുറത്തു കാണിക്കുന്നു, ഇല്ലാതായതു പറഞ്ഞുണ്ടാക്കുന്നു. പറയുന്നതില്‍ കൂടുതല്‍ പറയാന്‍ സൂചനയും ധ്വനിയും സൃഷ്ടിക്കുന്നു. ഒരു ജനതയുടെ നേട്ടവും മഹത്ത്വവും അതിന്‍റെ യുദ്ധങ്ങളിലോ ദിഗ്വി ജയങ്ങളിലോ അല്ല – അതിന്‍റെ കവികളിലും ചിന്തകരിലുമാണ്. ഒരു ദേശീയതയുടെ മൂല്യം അതിനു മനുഷ്യാസ്തിത്വത്തിന്‍റെ മൂലത്തോടുള്ള അടുപ്പത്തിലാണ്. അതു പ്രകാശിതമാകുന്നതു സാഹിത്യത്തിലാണ്. കലകളിലും ചിന്തകരിലുമാണ്. ഒരു കാലഘട്ടം മെച്ചപ്പെട്ടതാകുന്നത് അതില്‍ മനുഷ്യന്‍ ആദിയുമായി എത്ര അടുപ്പത്തിലായിരിക്കുന്നു എന്നു പ്രകാശിപ്പിക്കുന്ന ഭാഷണങ്ങളിലാണ്. ഭാരതസംസ്കാരത്തിന്‍റെ മഹത്ത്വം അതിന്‍റെ കവികളിലും ദാര്‍ശനികരിലും അതിന്‍റെ കഥനപാരമ്പര്യങ്ങളിലുമാണ്. എന്നാല്‍ ഒരു ജനതയുടെ ഉന്നതമായ ഭാഷണപാരമ്പര്യം തോറ്റുപോകുന്ന ഭാഷണപരാജയം ഉണ്ടാകാം. മലയാളി മലയാളത്തില്‍ തോല്ക്കുന്ന കാലങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പാരമ്പര്യത്തിന്‍റെ ഭാഷയെ അതിലംഘിക്കുന്ന ഉന്നതമായ ഭാഷണപാരമ്പര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യാം.

ഭാഷണജീവിയായ മനുഷ്യന്‍റെ പ്രകാശനം വചനത്തിലാണ്. പക്ഷേ, മനുഷ്യപ്രകൃതി ഏതെങ്കിലും ഒരു ഭാഷയില്‍ ഒതുക്കപ്പെടുന്നില്ല. ഏതു ഭാഷയും സ്വാഭാവികമാണ്. എല്ലാ മനുഷ്യര്‍ക്കും സ്വാഭാവികമായ ഒരു എസ്പരാന്‍റോ ഭാഷയില്ല. അതുകൊണ്ട് ഏതു ഭാഷയിലും മനുഷ്യാസ്തിത്വം പ്രകാശിതമാകാം. ദേവഭാഷകള്‍ എന്നു പ്രകീര്‍ത്തിക്കപ്പെട്ടവ മനുഷ്യരുടെ ജീവിതഭാഷയാകാതെ മതമായിത്തീര്‍ന്നിട്ടുണ്ട്. ഏതു ഭാഷയ്ക്കും ദേവഭാഷയാകാനുള്ള വിളിയുമുണ്ട്. ബാബേല്‍ഗോപുര ഭാഷ ഒരു മിഥ്യയാണ്; അതു ദൈവം ഇറങ്ങി വന്നു തകര്‍ത്തു പല ഭാഷയാക്കിയതാണ്.

ഏതെങ്കിലും ചില ഭാഷകളെ അസ്തിത്വത്തിന്‍റെ ആഢ്യഭാഷയായി കാണാനുമാകില്ല. അങ്ങനെ ആഢ്യഭാഷയില്ല. ഗ്രീക്ക് ഉന്നതമായ അസ്തിത്വപ്രകാശനത്തിന്‍റെ ഭാഷയായിരുന്നു. അതു മൃതമായി, മറ്റേതൊരു ഭാഷയുംപോലെ സാധാരണമായി. ഓരോ കാലവും അതിന്‍റെ ആ ഭാഷ ഉണ്ടാക്കുന്നു. ആഢ്യഭാഷയെ അനാഢ്യമാക്കുന്നതും, സാധാരണ ഭാഷയെ ഉന്നത ഭാഷണത്തിന്‍റെ മാധ്യമമാക്കുന്നതും മനുഷ്യരാണ്. ആഢ്യസംസ്കാരവും ദേശവും രാജ്യതന്ത്രജ്ഞര്‍ മാത്രമല്ല, കവികളുമാണ് ഉണ്ടാക്കുന്നത്. ഭാഷയും അതിന്‍റെ പദങ്ങളും വ്യതിരിക്തമായ അര്‍ത്ഥധ്വനികള്‍ സ്വീകരിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യാം. വീടുവിടുന്ന പദം കിതച്ചും കുതി ച്ചും അന്ധകാരത്തില്‍ അന്വേഷണത്തിലാണ്. നാടുകളും യുഗങ്ങളും താണ്ടി അതു നോഹയുടെ വെട്ടത്തിലേക്കു നീങ്ങുന്നു. യാനുസിന്‍റെ മുഖംപോലെ ഏതു പാപത്തിനും രണ്ടു മുഖമുണ്ട്. ഭൂതത്തിലേക്കും ഭാവിയിലേക്കും – നിശ്ചിതമായ അര്‍ത്ഥത്തിന്‍റെയും സ്വതന്ത്രമായ സങ്കല്പത്തിന്‍റെയും.

മനുഷ്യബോധത്തിന്‍റെ തലത്തിലാണു പുതുമയുടെ കഥകള്‍ ഉണ്ടാകുന്നത്. നോവലുകള്‍, നാടകങ്ങള്‍, ഗോഥിക്കത്തിഡ്രലുകള്‍, കല്ലില്‍ നിന്നും മരത്തില്‍നിന്നും മനുഷ്യചേതനയെ സ്വതന്ത്രമാക്കി ഔന്നത്യബോധം സൃഷ്ടിക്കുന്നതുപോലെ. വിക്ടര്‍ ഹ്യൂഗോ തന്‍റെ നോത്രദാമിലെ കൂനനില്‍ വചനത്തിന്‍റെ ദേവാലയം സൃഷ്ടിച്ചു, കൂനന്‍റെ കൈകളില്‍ പള്ളിമണിയുടെ ദൈവിക നാവുകളുടെ ശബ്ദ ആന്തോളനം സൃഷ്ടിക്കുന്നു. കവികളും സാഹിത്യകാരന്മാരും അവരുടെ ഭാഷയില്‍ എല്ലാറ്റിനും പേരിടുന്നു. അവര്‍ ഭാവിയുടെ സ്രഷ്ടാക്കളാകുന്നു. അവര്‍ ദൈവികത കടന്നുപോകുന്നതിനെ ഓര്‍ത്ത് വി ലപിക്കുന്നു. അസന്നിഹിതമായ ദൈവികതയ്ക്ക് അവര്‍ ഭാഷ കൊടുക്കുന്നു. ഭാഷ അസ്തിത്വപ്രകാശനം മാത്രമല്ല, അസ്തിത്വവിസ്മൃതിയുടെ ഭാഷയുമാകാം. വരാനിരിക്കുന്ന ദൈവികതയ്ക്കും വരാനിരിക്കുന്ന നീതിക്കും, നല്ല കാലത്തിനുംവേണ്ടി അവര്‍ കരച്ചിലിന്‍റെ പിന്നാലെ പോയി വിലാപത്തിനു ഭാഷയുണ്ടാക്കുന്നു. മനുഷ്യന്‍ ഭാഷയുണ്ടാക്കുന്നു എന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു, എന്നു വിചാരിക്കുന്നു. എന്നാല്‍ സത്യത്തില്‍ ഭാഷയാണു മനുഷ്യനെ ഉണ്ടാക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org