നിന്‍റെ മുഖം എന്‍റെ പൂജാമണ്ഡലം

മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം ക്രൈസ്തവ ജീവിതസരണിയുടെ വെളിപാടാണ്. അന്ത്യവിധിയുടെ വെളിപാടാണ് അത്. മനുഷ്യനെ വിധിക്കാന്‍ അഥവാ അളക്കാന്‍ എന്താണു മാനദണ്ഡം. അതു ദൈവമാണ് എന്നു പ്ലേറ്റോ പറഞ്ഞു. ക്രിസ്തുവിലാണു ദൈവവും മനുഷ്യനും ഒന്നാകുന്നത്. ക്രിസ്തുവാണു ക്രിസ്ത്യാനിക്കു ദൈവത്തിന്‍റെ കൂദാശ, ക്രിസ്തുവാണ് അവന്‍റെ ആരാധനക്രമവും ധര്‍മ്മാനുഷ്ഠാനവും. അതു വെളിവാക്കുന്നത് ദൈവത്തിലേക്കു മനുഷ്യനിലൂടെ എന്നാണ്, ഈ മാധ്യമമില്ലാതെ ദൈവത്തിലേക്കു യാത്രയില്ല. "ഈ സഹോദരന്മാരില്‍ ഒരുവനു ചെയ്തുകൊടുത്തപ്പോള്‍ എനിക്കാണ് ചെയ്തത്" എന്നതാണു ദൈവവചനം. മനുഷ്യനുവേണ്ടിയാകുമ്പോള്‍ ദൈവത്തോട് അടുക്കുന്നു – അതു ദൈവത്തിനുവേണ്ടിയാകുന്നു എന്നതാണ്.

മനുഷ്യന്‍റെ ദൈവാരാധനയുടെ പല അനുഷ്ഠാനങ്ങളുമുണ്ട്. അരൂപിയായ ദൈവത്തിന് ആരാധനയര്‍പ്പിക്കുക മനുഷ്യന്‍റെ ശരീരശുശ്രൂഷയായി മാറുന്നു. അപരന്‍റെ ആഹാരപ്രശ്നം എന്‍റെ ആത്മീയപ്രശ്നമായി മാറ്റുന്നു. ദൈവാരാധന മനുഷ്യപൂജയായി അനുഷ്ഠിക്കപ്പെടുന്നു. യഹൂദചിന്തകനായ ലെവീനാസ് എഴുതി: "എന്‍റെ അയല്‍ക്കാരന്‍റെ മുഖത്തിലൂടെയാണു ഞാന്‍ ദൈവത്തോട് അടുക്കുന്നത്." ആ മുഖത്തേയ്ക്കു നോക്കി നിര്‍വഹിക്കുന്നതാണു ധര്‍മ്മം. ഈ ധര്‍മ്മപ്രവൃത്തികള്‍ അനുഷ്ഠാനങ്ങളുടെ ഓരത്തുനില്ക്കുന്നവയല്ല. ധര്‍മ്മപ്രവര്‍ത്തനങ്ങളാണ് അനുഷ്ഠാനങ്ങള്‍. അപരന്‍റെ മുഖം നോക്കി കൈകൂപ്പുന്നതു ധര്‍മ്മത്തിന്‍റെ പ്രകടനമാണ്, അനുഷ്ഠാനമാണ് – ദൈവസ്തുതിയുടെ അനുഷ്ഠാനവുമാണ്. സഹോദരബന്ധത്തിന്‍റെ ആഴമാര്‍ന്ന നടപടികളാണു പ്രാര്‍ത്ഥനയും അനുഷ്ഠാനങ്ങളും. ഈ ധര്‍മ്മനടപടികള്‍ നീതിയില്‍ നിന്നുള്ളവയല്ലെങ്കില്‍ അര്‍ത്ഥരഹിതമാകും. നീതിയുടെ കര്‍മ്മങ്ങളാണു ദൈവികതയിലേക്കു ജീവിതം തുറക്കുന്നത്. മനുഷ്യബന്ധത്തിലാണു ദൈവത്തിന്‍റെ കൂദാശയിരിക്കുന്നത്.

അയല്‍ക്കാരന്‍ ധാര്‍മ്മിക താത്പര്യത്തിന്‍റെ വിഷയമല്ല, ധാര്‍മ്മികതയുടെ ഇടമാണ്, മണ്ഡലമാണ്. ക്രൈസ്തവ ആരാധനയുടെ ഹൃദയം അയല്‍ക്കാരപൂജയായിരിക്കണം. എത്തിപ്പിടിക്കാനാകാത്തവിധം അകന്നിരിക്കുന്ന ദൈവത്തിലേക്ക് എന്നെ അടുപ്പിക്കുന്നതു സഹോദരനോടു നീതി നടത്തിയാണ്. നീതിയുടെ കര്‍മ്മങ്ങളാണു പ്രാര്‍ത്ഥനയും അനുഷ്ഠാനങ്ങളും.

അപരന്‍റെ മുഖം എന്നെ വിളിക്കുന്നു, എന്നോട് അപേക്ഷിക്കുന്നു, അതുവഴി ഞാന്‍ ഉത്തരവാദിയാകുന്നു. അപരന്‍റെ മുഖത്തോടു ഞാന്‍ നടത്തുന്ന മറുപടിയാണ് ഉത്തരവാദിത്വം. അപരന്‍ ദൈവമല്ല, പക്ഷേ, അപരന്‍റെ മുഖത്തില്‍ നിന്നാണു ദൈവവചനം കേള്‍ക്കുന്നത്. നിന്‍റെ മുഖത്താണ് എനിക്കുവേണ്ടിയുള്ള ദൈവവചനം മാറ്റൊലികൊള്ളുന്നത്. പീഡിതരിലും ദരിദ്രരിലുമാണു ദൈവത്തിനും മുഖം ലഭിക്കുന്നത്. അപരനിലേക്കു പുറപ്പെട്ടവന്‍ അതുപോലെ ഒരിക്കലും തിരിച്ചുവരുന്നില്ല. അവന്‍ മാറിയവനാകുന്നു, അവന്‍ പുതിയതാകുന്നു. അനുദിനജീവിതത്തിന്‍റെ സാധാരണ കാര്യങ്ങളിലാണ് ഈ വിശുദ്ധമായ ദിനചര്യ നാം അനുഷ്ഠിക്കുന്നത്. ഈ നടപടികള്‍ അതിന്‍റെ ദാര്‍ശനികതയിലല്ല ക്രൈസ്തവമാകുന്നത്, അവയുടെ രൂപത്തിലാണ്. നാം അവയ്ക്കു കൊടുക്കുന്ന അര്‍ത്ഥവും മൂല്യവുമാണ് അവയെ ആരാധനയും അനുഷ്ഠാനവും പൂജയുമാക്കുന്നത്. സ്നേഹം എപ്പോഴും നീതിയുടെ കരുതലാണ്.

അനുദിനജീവിതത്തിന്‍റെ തികച്ചും സാധാരണ നടപടികള്‍ക്കു വിശ്വാസത്തിന്‍റെ വെളിച്ചം അഥവ മൂല്യം നല്കുന്നു. അതാണ് അനുദിനത്തിന്‍റെ ദൈവശാസ്ത്രം. ഈ ദിനചര്യകള്‍ സാമൂഹികതയുടെ തൊലിയാണ്. ആ തൊലിയില്‍നിന്ന് അകന്നുനിന്നു നമുക്കു കാണാനാവില്ല. ആ ത്വക്കിലാണ് അനുദിനദൈവശാസ്ത്രത്തിന്‍റെ വീക്ഷണവും മൂല്യവും ചാര്‍ത്തി നാം അനുഷ്ഠാനമാക്കി മാറ്റുന്നത്. അനുദിനചര്യകള്‍ ആരാധനയുടെ അനുഷ്ഠാനങ്ങളാക്കുക എന്നാല്‍ അവ വിശ്വാസത്തില്‍ നടത്തുകയാണ് – അതു ദൈവശാസ്ത്രപൂരിതമായ ജീവിതശൈലിയാണ്. അതുവഴി ക്രൈസ്തവജീവിതത്തെ ഉപവിയുടെ ദിനചര്യയാക്കുകയാണ്. ഇതാണു പ്രായോഗിക ദൈവശാസ്ത്രം – അതില്‍ അപരന്‍റെ മുഖത്തുനിന്ന് വചനത്തിന്‍റെ കേള്‍വിയുണ്ട്, അനുഷ്ഠാനാഘോഷങ്ങളുണ്ട്, സേവനനടപടികളുമുണ്ട്. ഇതു മൂന്നും സമയത്തിന്‍റെ സര്‍ഗാത്മകമായ ജീവിതനടത്തിപ്പാണ്. ആരാധന അപരനു നല്കുന്ന നീതിയും ധര്‍മ്മവും അതിന്‍റെ ആഘോഷവുമാണ്. അവിടെ ശരീരശുശ്രൂഷയായി മാറുന്ന ധര്‍മ്മാചരണം അവന്‍റെ ശരീരം അപ്പവും പാനീയവുമാക്കുന്ന കൂദാശയുടെ നടത്തിപ്പാണ്.

ഇതു ചപലമായ വൈകാരികതയാക്കുമ്പോള്‍ വിശ്വാസം ക്ഷയിക്കുന്നു. മനഃസാക്ഷിയെ സുഖിപ്പിക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ വികാരതൃപ്തിയുടെ മാത്രം കര്‍മ്മങ്ങളാണ്. ആ വികാരതൃപ്തി എനിക്കുവേണ്ടി അപരനെ സോപ്പിടുന്ന എന്‍റെ ചപലമായ സഹശുശ്രൂഷ മാത്രമാണ്. ചാപല്യം യേശുവിന്‍റെ സുവിശേഷത്തെ അഹത്തെ ആരാധിക്കുന്ന വഞ്ചനയാക്കി മാറ്റാം. പരോപകാരത്തിന്‍റെ സേവനമായി പ്രത്യക്ഷപ്പെടുന്നതില്‍ സമത്വമോ സാഹോദര്യമോ ഉണ്ടാകില്ല. വല്യേട്ടന്‍ മനോഭാവത്തിന്‍റെ ആശ്രിതവത്സലരെയാണ് ഉണ്ടാക്കുന്നത്. കാരുണ്യം അപരന്‍റെ ആവശ്യങ്ങള്‍ നിറവേറ്റിയേക്കാം. പക്ഷേ, അനീതിയുടെ ഘടനകള്‍ ഉണ്ടാക്കി നിലനിര്‍ത്താനുള്ള കാപട്യത്തിന്‍റെ ആവരണമായിരിക്കാം അത്. കാരുണ്യം എന്‍റെ സല്‍പ്പേരിനുള്ള ഉപാധിയല്ല അപരന്‍. പരോപകാരം പിതൃസഹജമാകാം, പക്ഷേ, അത് അപ്പന്‍ ചമയലാകരുതല്ലോ. ചെയ്യുന്ന നടപടിയല്ല, അത് എന്തിന് ചെയ്യുന്നു എന്ന ലക്ഷ്യമാണ് അതിനു ദൈവികത ചാര്‍ത്തുന്നത്.

അപരന്‍റെ മുഖം കാണുന്നത് എങ്ങനെ? നോട്ടം കാമത്തിന്‍റെ കണ്ണുകള്‍കൊണ്ടാകുമ്പോള്‍ അത് ഉപയോഗത്തിനുവേണ്ടിയുള്ള വേട്ടയുടെ നോട്ടമാണ്. വിശ്വാസിയുടെ നോട്ടം അച്ചടക്കത്തിന്‍റെ ധര്‍മ്മവീക്ഷണമാകണം. നിന്‍റെ കണ്ണില്‍നിന്നു പോകുന്ന വെളിച്ചം നിന്‍റെ ആധിപത്യത്തിന്‍റെ സൂര്യനോട്ടമല്ല, അപരന്‍റെ വെളിച്ചം സ്വീകരിക്കാന്‍ എന്‍റെ കാമത്തിന്‍റെ വെളിച്ചം കെടുത്തി കാത്തിരിക്കണം. അപ്പോള്‍ മാത്രമാണ് അപരന്‍റെ വെളിപാടു സ്വീകരിക്കാന്‍ കാഴ്ചയുണ്ടാകൂ. അഹം കണ്ണും കാതുംപൂട്ടി അപരന്‍റെ മുഖം വിരിയാന്‍ നീ ആതിഥ്യം കൊടുക്കണം. ആ മുഖം മൊഴിയുന്നതു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കണം. അപ്പോഴാണു മുഖം ദൈവപ്രസാദമായി നിന്നോടു പറയുന്നു, പ്രാര്‍ത്ഥിക്കുന്നു. അതു നിന്‍റെ കണ്ണുകളില്‍ ആനന്ദബാഷ്പം ഉണ്ടാക്കി അന്ധമാക്കും. ആ ഇരുട്ടിലാണു വെളിപാടുണ്ടാകുന്നത്. അതു നല്കുന്നത് ഉത്തരവാദിത്വമാണ്, ദൈവവിളിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org