ദൈവത്തിന്‍റെ പിന്‍വാങ്ങല്‍

ദൈവത്തിന്‍റെ പിന്‍വാങ്ങല്‍

ഈ നൂറ്റാണ്ടില്‍ കേരളസഭയില്‍ ഉണ്ടായ ഒരു പുതിയ പ്രതിഭാസം ധ്യാനകേന്ദ്രങ്ങളാണ് – റിട്രീറ്റ് കേന്ദ്രങ്ങള്‍. റിട്രീറ്റ് എന്ന പദത്തിന്‍റെ അര്‍ത്ഥം ധ്യാനം എന്നല്ല, പിന്‍വാങ്ങല്‍ എന്നാണ്. പുറംലോകത്തിന്‍റെ കാര്യസ്ഥതയില്‍നിന്നും ബഹളത്തില്‍ നിന്നും പിന്‍വാങ്ങുന്നു. ഈ അര്‍ത്ഥത്തില്‍ പിന്‍വാങ്ങുന്നത് ആന്തരികതയിലേക്കാണ്. ആന്തരികതയിലേക്കു ശ്രദ്ധയും ബോധവും പിന്‍വലിയുമ്പോള്‍ കണ്ടെത്തുന്നത് ഒരു ശൂന്യതയാകാം, അഹത്തിന്‍റെ അഹംബോധമാകാം. എന്നാല്‍ അഹത്തിലേക്കു മടങ്ങലല്ല ധ്യാനം. അഹം മരിച്ച് അഹത്തിന് അതീതമായതിലേക്കു മടങ്ങണം.

"നീ എന്നിലായിരുന്നു, ഞാന്‍ നിന്നിലായിരുന്നില്ല" എന്ന് അഗസ്റ്റിന്‍ എഴുതി. ദൈവത്തെ തേടുന്നതു അകത്താണ്, അതു ബോധമണ്ഡലമാണ്. ലോകപ്രതിഭാസങ്ങളെല്ലാം ബോധതലത്തില്‍ പ്രത്യക്ഷമാകുന്നു. ലോകത്തിലെ ഒന്നുമല്ല ദൈവം; ലോകവുമല്ല ദൈവം. ഇതൊന്നുമല്ലാത്തതായി മാറുന്ന ദൈവവും ദൈവത്തിന്‍റെ വെളിപാടും. വെളിപാടില്ല എന്നാണോ? അതു ഒന്നുമല്ല. ദൈവം വെളിവാകുന്നു എന്നതാണ്. ദൈവത്തിന്‍റെ സാന്നിദ്ധ്യം ഒരു അഭാവമാണ്, അത് അവനോ അവളോ, അവരോ അതോ ഇതോ അല്ല. ഒന്നുമല്ലാത്തത് ഒരു മുറിവായി ഇരുന്നു വിങ്ങുന്നു.

"തന്നെത്തന്നെ ശൂന്യനാക്കി ദാസന്‍റെ രൂപം ധരിച്ചു മനുഷ്യരുടെ സാദൃശ്യത്തിലായിരുന്നു" (ഫിലി. 2:6-7). ഇതു ദൈവികതയുടെ പിന്‍വാങ്ങലിന്‍റെ കഥനമാണ്. മനുഷ്യന്‍റെ മുഖത്തേയ്ക്കു ദൈവം പിന്‍വാങ്ങി. നല്ല സമറിയാക്കാരന്‍റെ ഉപമയില്‍ ദൈവമില്ല; നല്ല സമരിയാക്കാരനിലൂടെ മുറിവേറ്റവനു ദൈവം വെളിവാകുന്നു. ദൈവം നമ്മുടെ തെരുവുകളിലൂടെ നടക്കുന്നുണ്ടോ? ദൈവം മനുഷ്യനിലേക്കു പിന്‍വലിയുന്നു. മനുഷ്യരിലൂടെ ദൈവം വെളിവാകുന്നു. ഇതു ദൈവത്തിന്‍റെ മരണമല്ല, മനുഷ്യന്‍റെ അഹത്തിന്‍റെ മരണത്തില്‍ അവനിലെ ദൈവം വെളിവാകുന്നു. ദൈവത്തിന്‍റെ മരണം പ്രഘോഷിക്കുന്ന ക്രൈസ്തവികത മതത്തിന്‍റെ മരണം അതിജീവിക്കുന്നു. മതത്തില്‍നിന്നു പിന്‍വലിയുന്ന ക്രൈസ്തവികതയെ മതനിരപേക്ഷമായി കാണുന്നവരുണ്ട്. ക്രൈസ്തവികതയുടെ ആദി ദൈവത്തിന്‍റെ കുരിശുമരണത്തിലാണ്. ദൈവം എവിടെ എന്ന ചോദ്യത്തിന് ഒരു അസ്തിത്വം ചൂണ്ടി ദൈവത്തെ കാണിക്കാനാവില്ല. സാന്നിദ്ധ്യങ്ങളുടെ മദ്ധ്യത്തിലുള്ള ഒരു സാന്നിദ്ധ്യമല്ല ഈശ്വരന്‍. ദൈവം കടന്നുപോകുന്നു. കൂദാശകളുടെ അടയാള സാന്നിദ്ധ്യത്തിലൂടെയല്ലാതെ അവനു സാന്നിദ്ധ്യമില്ല.

മനുഷ്യചരിത്രത്തിലും ദൈവത്തിന്‍റെ പിന്‍വലിയലിന്‍റെ കഥയുണ്ട്. രക്ഷാകരചരിത്രം. മനുഷ്യന്‍ തന്‍റെ ആന്തരികതയില്‍ തന്നിലേക്കു പിന്‍ വലിഞ്ഞ അകത്തെ ദൈവത്തിന്‍റെ അസാന്നിദ്ധ്യത്തിന്‍റെ മുറിവ് അനുഭവിച്ചവനിലൂടെ ഉണ്ടാക്കുന്ന ചിത്രം. പിന്‍വാങ്ങിയ ദൈവം ആന്തരികതയിലൂടെ ചരിത്രം ഉണ്ടാക്കുന്നു. അസന്നിഹിതമല്ലാതെ സന്നിഹിതമാകുന്ന ദൈവത്തിന്‍റെ കഥ. എന്നില്‍ ഞാനല്ലാത്ത അവന് എന്‍റെ ഭാഷ നല്കുന്ന ചരിത്രം. ആന്തരികതയില്‍ ഒരു പുറം അസന്നിഹിതമാകുന്നു. തീയല്ലാത്ത നീ എന്നിലും കത്തുന്നു. തീയില്ലാത്ത പുകയാണു കല. കലയാണ് ഈ ആന്തരികതയുടെ കഥ പറയുന്നത്. അതു കാണാനാകാത്ത കാല്‍പ്പാടുകളുടെ കഥയാണ്.

കാന്‍റ് തന്‍റെ ശുദ്ധബുദ്ധിയെക്കുറിച്ചുള്ള പഠനത്തിന്‍റെ രണ്ടാമത്തെ പതിപ്പിന്‍റെ ആമുഖത്തില്‍ എഴുതി: "എനിക്ക് അറിവു മറികടക്കേണ്ടി വന്നു, വിശ്വാസത്തിന് ഇടം കൊടുക്കാന്‍." അറിവിന്‍റെ മണ്ഡലത്തിനു പുറത്തും അഥവാ അടിയിലും വിശ്വാസമുണ്ട്. എനിക്ക് എന്നെ സ്വന്തമാക്കാനാവില്ല എന്ന ആശ്ചര്യം. തെളിവിനു പുറത്തേയ്ക്ക് ചാടേണ്ടി വരുന്നു. വിശ്വാസം നല്കുന്നതിനോടുള്ള വിശ്വസ്തതയാണ് ഇവിടെ വിശ്വാസം. ആരോടുമുള്ള വിശ്വസ്തത എന്നതിനേക്കാള്‍ വിശ്വസ്തതയില്‍ വിശ്വസിക്കുന്നു – ബുദ്ധിയിലും വിശ്വസിക്കണമല്ലോ. ഈ സമ്മതത്തിന് ആമ്മേന്‍ കൊടുക്കുമ്പോള്‍ ഞാന്‍ എന്നെ തുറക്കുകയാണ്, എന്‍റെ ലോകം അടച്ചുപൂട്ടിയതല്ല. എന്‍റെ മഹത്ത്വം, ഔന്നത്യം ഇവ വല്ലാത്ത ആകാംക്ഷയിലും തീവ്രവേദനയിലുമാണ്. എന്നിലെ ഞാനറിയാത്ത വൃണം. വിശ്വാസം അറിവില്ലാ വിഷയമല്ല, അറിവിനെ നിയന്ത്രിക്കുന്ന ഭാഷയുടെ വ്യാകരണമാണ്. അര്‍ത്ഥമൂല്യങ്ങള്‍ ലോകത്തിനു പുറത്തുനിന്നു വരുന്നു. മനുഷ്യന്‍ മനുഷ്യനു സന്നിഹിതമാകുമ്പോള്‍ ദൈവം സംഭവിക്കുന്നതു കൊണ്ടാണിത്.

ഞാന്‍ എന്നിലേക്കു പിന്‍വാങ്ങുമ്പോഴാണു ഞാന്‍ എന്നെ കണ്ടെത്തുന്നത്. എന്നെ കണ്ടെത്താന്‍ എന്‍റെ അഹത്തിനതീതമായി പോകണം. പിന്‍വാങ്ങുക രണ്ടു വിധമാകാം. പിന്‍വാങ്ങി കണ്ടെത്തുക, കണ്ടെത്തി പുതുതായി തുടങ്ങുക. ഈ കണ്ടെത്തലും തുടക്കവും ഒരു നിരീശ്വര നടപടിയല്ല. അത് ഉത്തരവാദിത്വമേല്ക്കലാണ്. ദൈവത്തിന്‍റെ അന്യവത്കരണത്തിന്‍റെ അവബോധമാണിത്. ലോകത്തില്‍ ലോകത്തിനു പുറത്തായി ജീവിക്കുക.

ദൈവങ്ങളെല്ലാം കടന്നുപോയി. നാം നമ്മുടെ ചരിത്രം സൃഷ്ടിക്കുന്നു. ദൈവം സന്നിഹിതമല്ല, ദൈവം പ്രത്യക്ഷമല്ല, പരോക്ഷമാണ്. അസന്നിഹിതനാണു ദൈവം, അസാന്നിദ്ധ്യം എന്നിലും നിന്നിലും എല്ലാറ്റിലും നിലകൊള്ളുന്ന ശൂന്യതയാണ്, മുറിവാണ്. ആ കരച്ചിലിന്‍റെ മാറ്റൊലികള്‍ അകത്തേയ്ക്കു മടങ്ങുന്നവര്‍ കേള്‍ക്കുന്നു. അബ്രാഹം അതു കേട്ടു "ഇതാ ഞാന്‍" (ഉത്പ. 22:1). ഇതു ദൈവത്തിനുവേണ്ടി ലോകത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കലാണ്. ആത്മീയത, മതം, ദൈവികത തുടങ്ങിയതിന് ഒരു അര്‍ത്ഥമേയുള്ളൂ – ഉത്തരവാദിത്വം – അനന്തമായ ഉത്തരവാദിത്വം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org