ഓരങ്ങളിലെ ക്രിസ്തുസംഭവം

ഓരങ്ങളിലെ ക്രിസ്തുസംഭവം

പുഴയോരം, കടലോരം എന്നൊക്കെ നാം പറയുന്നു. ഓരത്തില്‍ ജീവിക്കുക എന്നതു വെള്ളത്തിലുമല്ല കരയിലുമല്ലാത്ത ജീവിതമാണ്. ഓരത്താക്കുക എന്നാല്‍ അവിടെയുമല്ല, ഇവിടെയുമല്ലാത്ത സ്ഥിതിയാണ് – എന്നാല്‍ അവിടെയുമാണ് ഇവിടെയുമാണ്. അകത്തുമല്ല, പുറത്തുമല്ലാത്തവന്‍; ഒരു കാല് അകത്തും മറുകാല് പുറത്തുമായവന്‍.

അങ്ങനെ ഓരത്തു ജീവിച്ചവനായിരുന്നു യേശുക്രിസ്തു. അവന്‍ ജനിച്ചതു മനുഷ്യരുടെയും മൃഗങ്ങളുടെയും ഇടയിലാണ്. അവനു സത്രത്തില്‍ ഇടം കിട്ടിയില്ല. സമൂഹത്തിന്‍റെ മതത്തിലും സംസ്കാരത്തിലും അവന്‍റെ അവസ്ഥ ഓരത്തിന്‍റേതായിരുന്നു. അവന്‍ യഹൂദമതത്തിന്‍റെ അകത്തായിരുന്നില്ല; എന്നാല്‍ അവന്‍ മതത്തിനു പുറത്തുമായിരുന്നില്ല. അവന്‍ ആ സംസ്കാരത്തിന്‍റെ അകത്തെ വിശ്വസ്തനായിരുന്നില്ല; സംസ്കാരത്തിന്‍റെ വേഷഭാഷകള്‍ അവന്‍ ഉപയോഗിച്ചു. റോമന്‍ പൗരനായിരുന്നില്ല, റോമിന്‍റെ കീഴിലായിരുന്നു.

അവന്‍ ഇടത്തിന്‍റെ ഓരത്തു ജനിച്ചു. രണ്ടു ലോകത്തിലുമായിരുന്നു – രണ്ടിടത്തും പങ്കുകൊള്ളുന്നവന്‍. രണ്ടു ലോകങ്ങള്‍ക്കും ഇടയിലെ പാലമായിരുന്നു അവന്‍. ദൈവത്തിന്‍റെ ബിംബമാകുമ്പോള്‍ ഈ ഓരം ദൈവസാന്നിദ്ധ്യത്തിന്‍റെ ഇടമല്ലേ?

അകത്തും പുറത്തുമല്ലാത്ത ഓരവാസി – സ്വന്തത്തിനും അന്യതയ്ക്കും ഇടയില്‍, വസിക്കുന്നു. അഹത്തിന്‍റെയും അപരന്‍റെയും ഇടയില്‍.

ഈ ഇടമാണു പള്ളിയുടെ ഇടം; സഭ ഓരത്തായിരിക്കണം. ദൈവികതയുടെയും മാനുഷികതയുടെയും ഇടയില്‍ കറുത്തവന്‍റെയും വെളുത്തവന്‍റെയും ഇടയില്‍, ബ്രാഹ്മണന്‍റെയും പുലയന്‍റെയും ഇടയില്‍, വിശ്വാസികളുടെയും അവിശ്വാസികളുടെയും ഇടയില്‍; പാപ-പുണ്യങ്ങളുടെ ഓരത്ത്; യാഥാര്‍ത്ഥ്യത്തിന്‍റെയും സ്വപ്നങ്ങളുടെയും ഇടയില്‍.

ഓരത്താണു ക്രിസ്തു, ഉള്ളിലല്ല; സ്വദേശത്തുമല്ല, വിദേശത്തുമല്ല; സമുദായത്തിന്‍റെ ഉള്ളിലല്ല, ഓരത്ത്. അവന്‍ പുറപ്പാടിലാണ് – സ്വദേശത്തുനിന്നു വിദേശത്തേക്കും വിദേശത്തുനിന്നു സ്വദേശത്തേക്കും. ഒരു സമുദായം അവസാനിക്കുന്നിടത്തു മറ്റൊന്നു തുടങ്ങുന്നു. സഭ അതുകൊണ്ടു സമുദായങ്ങള്‍ക്കിടയിലെ ഓരത്താകണം. ഓരത്തുനിന്നേ യേശുവിനെ പറയാന്‍ കഴിയൂ. "ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ പോലും ഞാന്‍ കണ്ടില്ല" (ലൂക്കാ 7:9). വിശ്വാസത്തിന്‍റെ ഓരത്തുനിന്നവന്‍ മറുവശത്തു വിശ്വാസം കണ്ടു.

അപരന്‍റെ അപരത തല്ലിയുടച്ച് അപരനെ എന്‍റെ രൂപത്തില്‍ വാര്‍ത്തുണ്ടാക്കുന്നതല്ല ഐക്യം. അപരന് അപരനാകാനുള്ള സ്വാതന്ത്ര്യം നല്കി അപരനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത് ഓരത്തു നില്ക്കുമ്പോഴാണ്. അപരനിലേക്കു കാലുകുത്താന്‍ എന്‍റെ കാലും കണ്ണും ഒരുങ്ങുന്നത് ഓരത്താണ്. ഓരത്തു നില്ക്കുമ്പോള്‍ എന്‍റെ ഭാഗത്തെ വൈരുദ്ധ്യങ്ങളും പൊങ്ങച്ചങ്ങളും തിരിച്ചറിയുന്നു. അകത്തു കണ്ട വട്ടുകള്‍ക്കു സമമായ സംഘബോധത്തിന്‍റെ സങ്കുചിതത്വത്തെ നിഷേധിക്കാന്‍ ശക്തിയുണ്ടാകുന്നു. സംഘത്തില്‍ ചേര്‍ന്നു കാഴ്ച പോയവരും പുറം കാണാന്‍ കണ്ണില്ലാത്തവരും കാഴ്ച കുറുകിയവരുമായി മാറുന്നു. ദൈവം ഒറ്റയുടെ ഒറ്റപ്പെട്ടവനല്ല. രണ്ടു പേരുടെ സംഘവുമല്ല, മൂന്നിലേക്കു തുറന്നു കിടക്കുന്ന കൂട്ടായ്മയാണ്. അതുകൊണ്ടു സഭയുടെ ഐക്യം ഐകരൂപ്യത്തിന്‍റെ ആധിപത്യമല്ല ബഹുത്വത്തിന്‍റെ ഐക്യമാണ്; ഐകരൂപ്യത്തിന്‍റെ ഒന്നാകലല്ല. സംഘത്തിന്‍റെ ഒന്നാകല്‍ ഒന്നുമാത്രം അടിച്ചേല്പിക്കുന്ന ഏകസ്വരാധിപത്യമുണ്ടാക്കുന്നു.

ഓരത്തു വസിക്കുന്നവനാണ് അന്യമായ ആശയങ്ങള്‍ക്കും വഴികള്‍ക്കും സ്വാഗതം നല്‍കാന്‍ കഴിയുന്നത്. ഇളക്കപ്പെടാന്‍ സന്നദ്ധമല്ലാത്തത് വളയാന്‍ കഴിയാതെ വടിയായി ഉപ്പുതൂണുകളാകും. അപ്പുറം കാണാന്‍ കഴിയാത്തവര്‍ – ഓരത്തിന്‍റെ അകത്തെ സുഖവാസത്തില്‍ ഉറച്ചുപോയവര്‍, അഹത്തിന്‍റെ അഹങ്കാരം അപരനെ കാണാതെ അഹത്തില്‍ തണുത്തു മരവിച്ചവര്‍. ഇവര്‍ ഓരത്തുനില്ക്കുന്നവന്‍റെ വലിയ ചക്രവാളം അസ്തമിച്ചതാണ്.

യേശു വീടുവിട്ടു മണല്‍ക്കാട്ടില്‍ പാര്‍ത്തു. സാമൂഹ്യജീവിതത്തിന്‍റെ കുഴികളിലും ഇരുട്ടിലും അകപ്പെട്ടവരെ അറിയാന്‍ അവന്‍ പാതാളത്തില്‍ ഇറങ്ങി. ആകാശത്തിനും ഭൂമിക്കുമിടയില്‍ തൂക്കപ്പെട്ടവന്‍റെ നിലവിളിയാണ് വെളിപാട് – ദൈവം മരിച്ചലോകത്തിന്‍റെ വിലാപം. അവിടെ മനുഷ്യന്‍റെ മഹത്ത്വവും ദൈവത്തിന്‍റെ മനുഷ്യത്വവും വെളിവാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org