ജൈജസിന്‍റെ മോതിരവും നീതിയുടെ താത്പര്യവും

ജൈജസിന്‍റെ മോതിരവും നീതിയുടെ താത്പര്യവും

ബലവാന്‍ എപ്പോഴും ശരിയാകുന്നു എന്നതു സോക്രട്ടീസിന്‍റെ ചര്‍ച്ചകളിലെ പ്രബല പ്രമേയമാണ്. മനുഷ്യനു നീതിയോടു സ്വാഭാവികമായ താത്പര്യമുണ്ടോ? ഈ ധാര്‍മികതാത്പര്യം സ്വതന്ത്രമാണോ അതോ ധാര്‍മികതയിലേക്കു നാം ചരിക്കപ്പെട്ടിരിക്കുകയാണോ? ധാര്‍മികതയിലേക്കു തീരുമാനത്തിലൂടെതന്നെ നാം എത്തിച്ചേരുന്നു എന്നു വ്യക്തമാക്കുന്ന ഒരു കഥയാണു പ്ലേറ്റോ തന്‍റെ റിപ്പബ്ലിക്കിന്‍റെ രണ്ടാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ജൈജസ് എന്ന ആട്ടിടയന്‍ ആടുമേച്ചിരിക്കുമ്പോള്‍ ഭൂകമ്പമുണ്ടായി, ഭൂമി പിളര്‍ന്ന് ഒരു ഗുഹയുണ്ടാകുന്നു. അയാള്‍ അതില്‍ പ്രവേശിച്ചപ്പോള്‍ ഒരു കുതിരയുടെ പ്രതിമ കണ്ടു, അതിലേക്കു വാതിലും. അതിലൂടെ പ്രവേശിച്ചപ്പോള്‍ അതില്‍ ഒരു ശവം, ശവത്തിന്‍റെ കൈവിരലുകളിലൊന്നില്‍ സ്വര്‍ണ്ണമോതിരവും. മോതിരവുമായി അയാള്‍ തിരിച്ചുവന്നു. ആട്ടിടയന്മാര്‍ ഒന്നിച്ചുകൂടി ഒരു ആട്ടിടയനെ ആടുകളെക്കുറിച്ചു രാജാവിനെ വിവരങ്ങള്‍ അറിയിക്കാന്‍ തിരഞ്ഞെടുക്കുന്നു. ജൈജസിനെ ആ ദൗത്യത്തിനായി അവര്‍ തിരഞ്ഞെടുത്തു. സമ്മേളനത്തിനെത്തിയ അയാള്‍ മോതിരം ഒരുവിധത്തില്‍ തിരിച്ചപ്പോള്‍ അയാളെ മറ്റാര്‍ക്കും കാണാന്‍ പാടില്ലാതായി. പക്ഷേ, അയാള്‍ക്ക് എല്ലാം കാണാം. മോതിരം പഴയപടിയിലാക്കിയപ്പോള്‍ പഴയ സ്ഥിതി സംജാതമായി. ഇതു പല പ്രാവശ്യം അയാള്‍ പരീക്ഷിച്ചു മോതിരമന്ത്രം പ്രയോഗിക്കാന്‍ പഠിച്ചു. അങ്ങനെ തന്നെ ആരും കാണാതെ അയാള്‍ രാജകൊട്ടാരത്തില്‍ പ്രവേശിച്ചു രാജ്ഞിയുമായി അടുപ്പത്തിലായി, തുടര്‍ന്ന് അയാള്‍ ഈ വിദ്യയിലൂടെ രാജാവിനെ കൊന്നു. അയാള്‍ രാജാവായി.

അദൃശ്യതയുണ്ടാക്കി ആരും അറിയാതെ ആധിപത്യം ഉണ്ടാക്കുന്ന മാന്ത്രികത. മറ്റുള്ളവര്‍ അറിയാതെ മറ്റുള്ളവരെ പറ്റിക്കുകയും അതിന്‍റെ ഒരു പ്രത്യാഘാതവും നേരിടേണ്ടി വരാതിരിക്കുകയും ചെയ്യുന്ന തട്ടിപ്പുവിദ്യ മോതിരമില്ലാതെയും നടത്താന്‍ വിദ്യകളുണ്ടല്ലോ.

സത്യവും നന്മയുമായി ബന്ധമില്ലാതെ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സൃഷ്ടിക്കുന്ന അഹത്തിന്‍റെ ചൂഷണം. അപരനില്ലാത്ത ആധിപത്യത്തിന്‍റെ കഥ. നന്മ തൊട്ടുതീണ്ടാത്ത അഹത്തിന്‍റെ ഗുഹയിലെ ജീവിതം. നന്മ ആഗ്രഹിക്കാതെ സമൂഹത്തിന്‍റെ നിയമവ്യവസ്ഥയില്‍ പിടിക്കപ്പെടാത്ത കള്ളക്കളി. മഹാഭാരതത്തിലെ ശകുനിയുടെ കള്ളചൂതുകളി. തട്ടിപ്പിനായി നിശ്ചയിച്ചവന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പ്രതിസന്ധി. വഞ്ചനയുടെ തീരുമാനം. "ഞാന്‍ ചിന്തിക്കുന്നു" എന്നതില്‍ തത്ത്വചിന്ത തുടങ്ങുമ്പോള്‍, അതു "എനിക്കും കഴിയും" എന്ന സ്ഥിതിയാണ്. അപ്പോള്‍ തത്ത്വചിന്ത ചൂഷണത്തില്‍ അഥവാ ആധിപത്യത്തില്‍ തുടങ്ങുന്നു എന്ന പ്രശ്നം. ഈ അക്രമാധിപത്യത്തെ എങ്ങനെ തടയും? ചിന്തയെ തടയുന്നതും ചിന്തതന്നെയാണ്. ആ ചിന്തയുണ്ടാകുന്നതു പ്രപഞ്ചത്തിന്‍റെ വെളിപാടില്‍നിന്നുള്ള ചിന്തയാണ്. വെളിവാകലാണു വെളിവായതിനേക്കാള്‍ പ്രഥമം. ഭാഷണമാണു പ്രഥമം. അതിന് അസ്തിത്വത്തിനുമേല്‍ നിയന്ത്രണം വേണം. അസ്തിത്വമായുള്ള പ്രാഥമിക ബന്ധം ആദിയുമായുള്ള ബന്ധമാണ്. അതു പിതൃബന്ധമാണ്; ആ ബന്ധം പിരിയലാണു വഞ്ചന – അതു പിതൃശൂന്യതയാണ്, തന്തയില്ലാ ത്തരം. തന്തയെ ഒഴിവാക്കുന്ന നടപടി. അതു സ്വന്തം സത്തയുമായുള്ള പ്രാഥമികബന്ധത്തിന്‍റെ വിച്ഛേദമാണ്. സ്വന്തം സത്തയുടെ അസ്തിത്വ വിധിയുടെ നിഷേധം. ഞാന്‍ ഞാന്‍ മാത്രമാണ് എന്ന താന്‍പോരിമയുടെ പിതൃഹത്യ ആ ബന്ധവേര്‍പാട് തന്നോടു ചെയ്യുന്ന ആത്മവഞ്ചനയാണ്. തത്ത്വചിന്ത നിരീശ്വരത്വത്തില്‍ തുടങ്ങുന്നതിന്‍റെ പ്രതിസന്ധിയാണിത്.

ഇവിടെയാണു ഗ്രീക്ക് ചിന്തകനായ പ്ലേറ്റോയും ഹെബ്രായചിന്തകനായ ലെവീനാസും ഒരേ നിലപാടുകാരാകുന്നത്. ധാര്‍മിക തീരുമാനം മൗലികമായ സംഭാഷണത്തിലാണു സംഭവിക്കുന്നത്. അപരന്‍റെ മുഖമാണു മൊഴിയുന്നത്. അതു മൗലികമായ പ്രകാശനമാണ്, വെളിപാടാണ് മുഖം. ഒരു വിളിയായി, പ്രാര്‍ത്ഥനയായി ഭാഷയുണ്ടാകുന്നു. അവിടെനിന്നാണു ജീവിതത്തിന്‍റെ ആരംഭം. ആ മുഖം ഭൗതികമായ ഒരു യാഥാര്‍ത്ഥ്യമല്ല, ആ മുഖം ഭൗതികത്തിനതീതമായി വെളിവാകുന്നു. അത് ഈ ലോകത്തിന്‍റെ മുഖമല്ല. എന്നെ വെല്ലുവിളിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് ആ മുഖം വെളിവാകുന്നത്. കൊല്ലരുത് എന്ന കലപ്നയായി ആ മുഖം നില്ക്കുന്നു – ആ മുഖം മൊഴിയുന്നു, ചോദിക്കുന്നു: ധര്‍മ്മം തരണേ. മുഖം മൊഴിയുന്നു, പറയുന്നു. പറയുന്നു എന്നതു പറഞ്ഞതല്ല. പറയുന്നു എന്നതു ഒരു വിളിയാണ്, കര്‍മമാണ്. ആദിയില്‍നിന്നുള്ള വിളി – ഉത്തരം പറയാന്‍ – ഉത്തരവാദിത്വം ആവശ്യപ്പെടുന്നു. ആയിരിക്കണോ വേണ്ടയോ എന്ന ചോദ്യമല്ല പ്രാഥമികം. ഒരു കല്പനയുമായിട്ടാണു മുഖം പ്രത്യക്ഷമാകുന്നത് – അതു ധര്‍മ്മം ചോദിക്കുന്നു. ആയിരിക്കുക എന്ന നിങ്ങള്‍ എന്തായിരിക്കണം എന്ന ചോദ്യമാണു മൗലികം. അസ്തിത്വത്തിനതീതമായ നന്മയെക്കുറിച്ചു പ്ലേറ്റോ എഴുതി: "എന്‍റെ ചിന്തയുടെ യഹൂദ-നിമിഷമാണത്." ലെവീനാസ് എഴുതി. ധാര്‍മ്മികതയ്ക്കു ന്യായീകരണമില്ല; ന്യായീകരണം ആരംഭിക്കുന്നതു ധര്‍മത്തില്‍ നിന്നാണ്. അല്ലെങ്കില്‍ എല്ലാവര്‍ക്കും നാസികളാകാം. ഈ ധര്‍മത്തിന്‍റെ ഉത്തരവാദിത്വമാണു ദൈവവെളിപാടിന്‍റെ കല്പനകള്‍ക്കുമുമ്പ്. പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെ അദ്ദേഹം "അദൃശ്യ ബൈബിള്‍" എന്നു വിശേഷിപ്പിച്ചു. എന്‍റെ ദാരിദ്ര്യവും അവശതകളും പരിഗണിക്കാതെ മുമ്പില്‍ മൊഴിയുന്ന മുഖത്തിനു കൊടുക്കാന്‍ ആവശ്യപ്പെടുന്നു – അത് അപരനുവേണ്ടിയാകാനുള്ള വിളിയാണ്. എന്‍റെ വായിലേക്കു പോകുന്നതു നിന്‍റെ വായിലേക്കു ഞാന്‍ വിട്ടുതരുമ്പോള്‍ എനിക്കു വിശക്കും, പക്ഷേ, എന്‍റെ മറ്റൊരു വിശപ്പ് അടക്കാന്‍ സഹായിക്കുന്ന എന്‍റെ ഔന്നത്യം അഥവാ മഹത്ത്വം – നന്മയുടെ മഹത്ത്വം സംജാതമാകുന്നു. ലെവീനാസ് എഴുതി: "ഞാന്‍ അപരനിലൂടെ അസ്തിത്വം തേടുന്നു; അപരനുവേണ്ടിയും-അന്യവത്കരണം ഇല്ലാതെ ഞാന്‍ പ്രചോദിതനായി." ഈ പ്രചോദനം അപരനിലേക്കുള്ള വഴിയും പുറപ്പാടുമായി മാറുന്നു. അവിടെ ഞാന്‍ നന്മ അനുഭവിക്കുകയാണ്. അതൊരു തിരഞ്ഞെടുപ്പാണ് – അതിലാണു ധര്‍മത്തിന്‍റെ അടിസ്ഥാനം നിലകൊള്ളുന്നത്. യഥാര്‍ത്ഥവും സത്യസന്ധവുമായ ജീവിതം ഹാജരില്ലാതാകുന്ന വേദനയും അതിന്‍റെ പ്രവാചകപ്രതിഷേധവും അനിവാര്യമായി മാറുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org