ഉദാത്തതയുടെ കനലുകള്‍

ഉദാത്തതയുടെ കനലുകള്‍

ജീവിക്കുന്ന എല്ലാറ്റിന്‍റെയും ഉള്ളില്‍ തീയാണ്. പക്ഷേ, ഈ തീ എന്‍റെ ഉള്ളിലെ ഒരു യാഥാര്‍ത്ഥ്യമാണോ? എല്ലാറ്റിനെയും തീകൊണ്ടു ചലിപ്പിക്കുന്ന ആന്തരിക അടുപ്പും ആന്തരികവിളക്കും അകത്തുണ്ട് എന്നു കവികള്‍ സൂചിപ്പിക്കുന്നു. പക്ഷേ, ശരിക്കും അങ്ങനെ തീ അകത്തുണ്ടോ? അതൊരു സാന്നിദ്ധ്യമാണോ? അതോ അസാന്നിദ്ധ്യത്തിന്‍റെ അവശേഷിപ്പോ?

ജീവിതത്തിന്‍റെ ഓരോ വിനാഴികയും വാഗ്ദാനത്തിന്‍റെയും ഭീഷണിയുടെയും ഇടയിലാണ്. ഭീഷണി മരണമാണ്. ഞാന്‍ ഇല്ലാതാകാനുള്ള സാദ്ധ്യത എപ്പോഴുമുണ്ട്. അതു മാത്രമല്ല എനിക്കു മുമ്പില്‍ വാഗ്ദാനവുമുണ്ട്. മറ്റൊന്നായി മാറി ജീവിക്കാനുള്ള സാദ്ധ്യത. മരണവും ഉത്ഥാനവും മുന്നില്‍ നില്ക്കുന്നു. അവിടെയാണ് എന്‍റെ തീരുമാനത്തില്‍ മുന്നോട്ടുപോകാനുള്ളത്. ആ തീരുമാനം മരിക്കാനോ ജീവിക്കാനോ?

അകത്തിന്‍റെ ജീവിതത്തെക്കുറിച്ചുാണു നാം പറയുന്നത്. ആന്തരികത എന്നാല്‍ എന്താണ്? അതു ഞാന്‍ എന്ന ബോധമാണോ? അത് അഹംബോധമാണ്. അതാണോ ആന്തരികത? ആന്തരികതയില്‍ ഒരു വിളക്കുണ്ടോ, അടുപ്പുണ്ടോ? അതു ഞാന്‍ അനുഭവിക്കുന്നുണ്ടോ? എന്നില്‍ അങ്ങനെയൊരു വിളക്കുണ്ടെങ്കില്‍ അതു ഞാനല്ല. മാത്രമല്ല എന്നില്‍ ഹൃദയമുണ്ട്, എന്നില്‍ ചോരയുണ്ട് എന്നതുപോലുള്ള ഒരു അനുഭവമല്ല. എന്നിലെ തീ എനിക്ക് അനുഭവമാക്കാനാവാത്തതാണ്. അങ്ങനെ എല്ലാം പൂട്ടിക്കെട്ടിയ ഒരു അകമല്ല ഞാന്‍. എല്ലാമായി ബന്ധപ്പെടാന്‍ കഴിയുന്ന സാദ്ധ്യതയാണ്. അത് എന്നിലെ ഒരു വിങ്ങലാണ്. പുറംലോകവും അതിലെ എല്ലാമായി ബന്ധപ്പെടാനുള്ള ദാഹം എന്നിലുണ്ട്. പക്ഷേ, ഈ സാദ്ധ്യതയെന്ന വസ്തുവിനെപ്പോലെ പിടികിട്ടാനാകാത്തതാണ്. എന്നില്‍ തീയുണ്ട് എന്ന ഏതോ തോന്നല്‍, പക്ഷേ, അതു തീയല്ല; അങ്ങനെ ഒന്ന് അകത്തില്ല. തീയില്ലെങ്കിലും തീയുടെ ഏതോ അവശേഷിപ്പ് ഉണ്ട് എന്നും പറയാം. അതു തീയല്ല, പുകയാകാം. പുകയെന്നു പറഞ്ഞാല്‍ അതും ശരിയല്ല. പുക പുകയല്ല. തീയുടെ ഏതോ അവശേഷിപ്പാണ്. അതു ദൈവത്തിന്‍റെ സാന്നിദ്ധ്യമല്ല. മറിച്ച് ദൈവത്തിന്‍റെ കാല്പാടാണ്. ദൈവം കടന്നുപോയ പാടുകള്‍.

ഗ്രീക്ക് പുരാണപ്രകാരം മനുഷ്യന് തീ നല്കിയതു പ്രൊമിത്തിയൂസാണ്. അദ്ദേഹത്തിന്‍റെ സഹോദരന്‍ എപ്പിമെനിയൂസ് മനുഷ്യനു നല്കിയതു പ്രവചനമല്ല, പിന്‍വചനമാണ് – അതു വീണ്ടുവിചാരമാണ്. വാഗ്ദാനത്തിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. അഗ്നിയും ഒപ്പം വീണ്ടുവിചാരത്തിന്‍റെ പിന്‍വചനവും, സുരക്ഷിതത്വമില്ലാത്ത സ്വപ്നങ്ങള്‍ ഒരു വശത്തുനിന്നു നല്കുമ്പോള്‍ മറുവശത്തു രോഗാതുരമായ തുടര്‍ച്ചയുടെ ദാനവും. കനലുകള്‍ അഗ്നിയായി പ്രളയമാകാതിരിക്കാനുള്ള സുരക്ഷിതബോധവുമുണ്ട്. ഇങ്ങനെ രണ്ടിനുമിടയിലെ ജീവിതം സ്വപ്നങ്ങളെ ഉദാത്തതയുടെ സാദ്ധ്യത ബലിയാക്കി മാറ്റുന്നു. അതു തീവ്രവാദമോ ആത്മഹത്യയോ അല്ല. ക്രമരാഹിത്യത്തിന്‍റെ അഗ്നിയെ പാകപ്പെടുത്തലാണ്.

ദൈവികതയുടെ ഉദാത്തതയില്‍ ഒരു അക്രമമുണ്ട്. അക്രമം എപ്പോഴും അതിരുവിടലാണ് – ഒരു ചാടിക്കടക്കല്‍, അപ്പുറത്തേക്കു പോകല്‍. വിലക്കിന്‍റെ വേലികള്‍ കടക്കണം. ജീവിക്കുന്നതിന്‍റെ പിന്നിലെ യുക്തിയില്‍ ഒരു യുക്തിനിഷേധവും അതിന്‍റെ വേലിപൊളിക്കലുമുണ്ട്. അതില്ലാതെ ജീവിതം ഉണരില്ല, ഉയരില്ല. അത് ഒരുതരം മരണാനുഭവവുമാണ്. അതു ഫ്രോയിഡിന്‍റെ ഭാഷയില്‍ ഉദാത്തീകരണമാണ്. എന്നിലെ ലൈംഗികതയുടെ – അഥവാ എന്നിലെ തീയുടെ. അതു ലൈംഗികാനുഭവത്തെ മാറ്റിവയ്ക്കലാണ്. മറികടക്കുന്നതു മാറ്റിവച്ചാണ്. സുഖത്തിന്‍റെ മാറ്റിവയ്ക്കല്‍ ഒരുതരം മരണമാണ്. അതിലൂടെ സുഖം ഉദാത്തതയിലേക്കു കടക്കുന്നു, ചാടികടക്കുന്നു. കമ്പോളത്തിന്‍റെ ആസക്തികളുടെ അന്ത്യമില്ലാത്ത അനുഭവങ്ങളുടെ ഘോഷയാത്രയായി ജീവിതം മാറുമ്പോള്‍ ജീവിതത്തെ ഉയര്‍ത്താന്‍ മറ്റൊരു അക്രമം അിവാര്യമാണ്. ആസക്തിയുടെ അനുഭവത്തെ മാറ്റിവച്ചു വേണം മറികടക്കാന്‍. ആസക്തിയുടെ ആവര്‍ത്തനത്തിന്‍റെ തഴക്കത്തിന് അറുതി വരുത്താന്‍ ഉദാത്തതയുടെ അക്രമം അനിവാര്യമാണ്.

ആന്തരികമായ കാമാഗ്നിയുടെ മെരുക്കല്‍ ബലിക്കു വിധേയമാക്കിയാണു സംഭവിക്കുക. പക്ഷേ, അതു പൂര്‍ണമായും ആന്തരികതയില്‍ ആണിവച്ചല്ല. പുറം അകത്തേയ്ക്കു കടന്നു നടത്തുന്ന അധികാരത്തിലാണു ബലിയുണ്ടാകുന്നത്. അകത്തെ തീ പുക മാത്രമാണ്, തീയില്ലാത്ത പുക. അതു പുറത്തേയ്ക്കു വാതില്‍ തുറക്കുന്നു, അകത്തേയ്ക്കുള്ള യാത്ര പുറപ്പെടാനാണ്. ജീവിക്കുന്ന ആന്തരികതയെക്കുറിച്ചു പറയുമ്പോഴും അര്‍ത്ഥപൂര്‍ണമായി അസ്തിത്വം ജീവിക്കുന്നതു പുറത്താണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org