ഭാഷാഭവനത്തിലെ ദൈവം

ഭാഷാഭവനത്തിലെ ദൈവം

ഭാഷയെ നമ്മുടെ ജീവിതഭവനം എന്നു വിശേഷിപ്പിച്ചതു മാര്‍ട്ടിന്‍ ഹൈഡഗര്‍ എന്ന ചിന്തകനാണ്. ഈ ഭാഷാഭവനത്തില്‍ വിശുദ്ധിയുടെ ദൈവമുണ്ട്. ശബ്ദതാരാവലിയില്‍ ദൈവമെന്ന പദമുണ്ട് എന്നു മാത്രമല്ല, അനുദിനജീവിതഭാഷയില്‍ ദൈവം ഉപയോഗത്തിലാണ്. ഏതു പ്രപഞ്ചചിന്തയും പണിതുണ്ടാക്കുന്ന വാസ്തുശില്പത്തില്‍ ദൈവം പ്രതിഷ്ഠിതമാണ് – ക്ഷേത്രമായി. ഏതു വീട്ടിലും ദൈവികതയുടെ പൂജ്യമായ ഇടങ്ങളും ബിംബങ്ങളുമുണ്ട്; രൂപക്കൂടുകളും തുളസിത്തറകളും സ്മാരകശിലകളും ദേവസ്ഥാനങ്ങളുമായി. ക്ഷേത്രചിന്തയില്ലാത്ത പ്രപഞ്ചചിന്തയില്ല.

പ്ലോട്ടിനസ് പണ്ട് എഴുതി: "പൂര്‍വപിതാക്കളിലൂടെ അതു കണ്ടു. ആത്മാവ് എല്ലായിടത്തുമായിരുന്നു; അതിനു യോജിച്ച ഇടങ്ങള്‍ കണ്ടെത്തി. അതിന്‍റെ ഏതെങ്കിലും ഒരംശം സ്വീകരിക്കുന്നതും അതു പ്രകാശിപ്പിക്കുന്നതും, അതിനെ പ്രകാശിപ്പിക്കുന്നതുമായ ഒരിടം, അതിന്‍റെ ചിത്രം കാണിക്കുന്ന കണ്ണാടി" ഇല്ലാത്തിടങ്ങളില്ല. അത് ഏറ്റവും പ്രകടമായി വിലസിതമായിരിക്കുന്നതു ഭാഷയിലാണ്. "ആദിയില്‍ വചനമുണ്ടായി, വചനം ദൈവത്തോടുകൂടിയായിരുന്നു" (യോഹ. 1:1). ഭാഷയുടെ മേലുള്ള കുമ്പസാരമാണീ വാക്കുകള്‍. ഭാഷയില്‍ ആത്മാവും വിശുദ്ധിയുടെ ദൈവികതയും കുടിയിരുത്തപ്പെട്ടിരിക്കുന്നു.

ഭാഷയുടെ മലിനീകരണത്തെക്കുറിച്ച് ആകുലതയുണ്ട്. പലപ്പോഴും ഭാഷയുടെ വെളിപാടു സ്വഭാവമാണ് അതില്‍നിന്നു മാറ്റപ്പെടുന്നത്. ലൗകികമായാതു ഭാഷയുടെ ഉപരിതലത്തില്‍ മാത്രമാണു സംഭവിക്കുന്നത്. ഭാഷയുടെ പദങ്ങളെ പൂര്‍ണമായി ലൗകികമാക്കുക സാദ്ധ്യമല്ല. ദൈവം ഭാഷയില്‍ മൂകമല്ല. അത് ഒരു രാജ്യത്ത് ഉച്ഛരിക്കുന്നതും ഉപയോഗിക്കാത്തതുമായ പദമാകണമെങ്കില്‍ അസാദ്ധ്യമായ വിപ്ലവം നടക്കണം. മലിനീകരണത്തിലൂടെ ഈ ദുരന്തം സംഭവിക്കാതിരിക്കട്ടെ. വിശുദ്ധ വാക്കുകള്‍ ഇല്ലാതാകുന്നതിനെക്കുറിച്ചാണു കവി കരയുന്നത്.

എന്നാല്‍ ദൈവത്തിന്‍റെ ഗ്രഹണത്തെക്കുറിച്ചു മാര്‍ട്ടിന്‍ ബൂബര്‍ എഴുതി. ദൈവം ഒളിക്കപ്പെടുന്നു. അതു ഭൗതികതയുടെ ആവരണം മൂലമാകാം; ഭൗതികത നീരുവച്ചു വീര്‍ത്ത അഹത്തിന്‍റെ നോട്ടം മൂലമാകാം. ശിശുക്കളെ ബലി കൊടുത്ത മോളോക്ക് ദേവനെക്കുറിച്ചു മാര്‍ട്ടിന്‍ ബൂബര്‍ എഴുതി: "മോളോക്കും ദൈവത്തിന്‍റെ സ്വരം അനുകരിക്കുന്നു. ഇനി ഇതിനു വിപരീതമായി ഓരോ മനുഷ്യനോടും (തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവനായ അബ്രാഹത്തോടു മാത്രമല്ല, എന്നോടും നിങ്ങളോടും) ദൈവം അന്വേഷിക്കുന്നതു നീതിയും സനേഹവും മാത്രമാണ്, വിനയപൂര്‍വം അവനോടൊത്തു നടക്കുക-മറ്റു വാക്കുകളില്‍ അടിസ്ഥാന ധാര്‍മ്മികതയാണ് അതിന്നാധാരം." അബ്രാഹത്തിന്‍റെ ബലി മോളോക്ക് ദേവനു നല്കിയ നരബലിയായിരുന്നില്ല. അതിന്‍റെ അര്‍ത്ഥഗാംഭീര്യങ്ങള്‍ മനസ്സിലാക്കാന്‍ ലോത്തിന്‍റെ കഥയിലേക്കു വരണം. വീട്ടില്‍ ഉറങ്ങുന്ന പരദേശികളെ സംരക്ഷിക്കാന്‍ ലോത്ത് പെണ്‍മക്കളെ ബലി ചെയ്യുന്നു. ഇസഹാക്കിനെ അബ്രാഹം ബലി ചെയ്തതുപോലെ. ഈ വിശുദ്ധിയാണ് ആ വിവരണങ്ങള്‍ നമുക്കു നല്കുന്നത്. അതു ഭാഷയുണ്ടാക്കുന്ന ദൈവികതയാണ്. നമ്മുടെ ഭാഷയും ചിന്തയും ഉണ്ടാക്കുന്നതില്‍ നിന്നു ഭിന്നമായ ദൈവത്തിന്‍റെ സത്യത്തിന്‍റെ പ്രഭയാണ് ആ ഭാഷ ഉണ്ടാക്കുന്നത്.

അതു ശാസ്ത്രീയാന്വേഷണത്തിന്‍റെ ഭാഷയല്ല. ശാസ്ത്രീയാന്വേഷണങ്ങള്‍ തവളയെ കീറി മുറിച്ചു കൊന്നാണു പഠിക്കുന്നത്. മറിച്ച് ദൈവത്തെ അന്വേഷിക്കുന്നവന്‍ പ്രപഞ്ചത്തിലും എന്നിലും ദൈവവും വെളിവാകുന്നതിനു കണ്ണും കാതും കൊടുക്കുന്നു. ആ വെളിപാടിനു സ്വയം വിട്ടുകൊടുക്കുകയാണ്. അവിടെ അതിന്‍റെ ഫലമായി ഭാഷയിലേക്കു വിശുദ്ധി കാവ്യമായി കടന്നുവരുന്നു. സാധാരണ ഭാഷയില്‍ ശാസ്ത്രത്തിലും വ്യവഹാരങ്ങളിലും വാക്കുകള്‍ വസ്തുതകളുടെ പകരമാണ്. അവിടെ യാഥാര്‍ത്ഥ്യത്തിന്‍റെ പേരുകളാണു ഭാഷ. എന്നാല്‍ ഓക്കമിലെ വില്യം സൂചിപ്പിക്കുന്നതുപോലെ വാക്കുകള്‍ പകരമല്ല, വാക്കുകള്‍ സൂചിപ്പിക്കുകയാണ്, അതു പ്രത്യക്ഷമാകാം, പരോക്ഷമാകാം, അതു ശബ്ദമാകാം, ധ്വനിയാകാം. ദൈവത്തെക്കുറിച്ചുള്ള എല്ലാ പ്രസ്താവങ്ങളും ആന്തരികമായി ആത്മാവിന്‍റെ ധാര്‍മ്മികവും വിശുദ്ധവുമായ ആഭിമുഖ്യങ്ങളാണ്. ദൈവത്തെ ഭാഷയില്‍ അടച്ചിടാനോ പ്രസ്താവങ്ങളില്‍ ഒതുക്കാനോ ആവില്ല. എറാസ്മുസ് എഴുതിയിട്ടുളളതുപോലെ വായിക്കുന്നവര്‍ പഠിക്കുന്നത് ഒരു വിഷയമല്ല, തന്നെത്തന്നെയാണ്. ദൈവികഭാഷ മതവിഷയത്തെക്കുറിച്ചുള്ള ശാസ്ത്രീയഭാഷയുമല്ല അതു വ്യക്തിപരമായ ബന്ധമാണ്. മനുഷ്യന്‍റെ ആന്തരികഘടനയുമായുള്ള ബന്ധമാണു വിശുദ്ധ ഭാഷ ഉണ്ടാക്കുന്നത്. ദൈവം ആകാശത്തോ ഭൂമിയിലോ കിടക്കുന്ന ഒരു വിഷയമല്ല, കീറി മുറിച്ചു പഠിക്കാന്‍. അത് എന്‍റെ അടിവേരാണ്, എന്‍റെ അസ്തിത്വബോധമാണ്. ദൈവത്തെക്കുറിച്ചു ശാസ്ത്രീയഭാഷണം നാം ഉപേക്ഷിക്കണം. ആ ദൈവം മരിച്ചു.

യാഥാര്‍ത്ഥ്യത്തില്‍ സന്നിഹിതനായവനെ കണ്ടുമുട്ടാന്‍ ദൈവത്തിന്‍റെ എല്ലാ ചിത്രങ്ങളും ഉപേക്ഷിക്കണം. അതുണ്ടാക്കുന്നതു വിശുദ്ധമായ ബന്ധമാണ്. ലോകത്തില്‍ ഗ്രഹണം സംഭവിച്ചവനെ തിരിച്ചറിയുന്ന വിശുദ്ധിയുടെ ബന്ധം. അപ്പോള്‍ കൈകൂപ്പുന്നു, കമിഴ്ന്നു വീഴുന്നു, മുട്ടുകുത്തുന്നു. ഈ സാദ്ധ്യതകള്‍ യാഥാര്‍ത്ഥ്യത്തെ ബലവത്താക്കും. സൃഷ്ടികളില്‍ ദൈവത്തെ അനുമാനിക്കുകയല്ല, അഭിസംബോധന ചെയ്യുകയാണ്. ദൈവം ഏതെങ്കിലും സത്യം വെളിവാക്കുകയോ അറിയിക്കുകയോ അല്ല. നീതി, വിശുദ്ധി സ്നേഹം, കാരുണ്യം ഇതാണവര്‍ പറയുന്നത്. ആ ഭാഷ സ്വതന്ത്രമാണ്. ഈ സ്വാതന്ത്ര്യം ഉണ്ടാക്കുന്നത് ഒന്നുമാത്രം, സ്വാധീനം. അതു വിശ്വാസഫലമാണ്. ആ വിശ്വാസം എത്ര ഉദാത്തമായ കാവ്യത്തിനും തുലനം ചെയ്യാനാവില്ല. ഒരിടത്തും താങ്ങാനില്ലാതെ എന്‍റെ ബലഹീനമായ മര്‍ത്യതയുടെ ഭാരവും വഹിച്ചുകൊണ്ടു വിശ്വാസം നിത്യതയുടെ നിശ്ശബ്ദതയില്‍ നടകൊള്ളുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org