യോനയുടെ ഭയം

Published on

പഴയ നിയമത്തിലെ നാല് അദ്ധ്യായങ്ങള്‍ മാത്രമുള്ള ചെറുഗ്രന്ഥമാണു യോന. ആമിത്തയിയുടെ പുത്രന്‍ യോനയ്ക്കു കര്‍ത്താവിന്‍റെ വെളിപാടുണ്ടായി. നീ എഴുന്നേറ്റ് മഹാനഗരമായ നിനവേയില്‍ ചെന്ന് അതിനെതിരെ വിളിച്ചുപറയുക. പക്ഷേ, യോന ഇതുകേട്ടു പോയതു വിപരീത ദിശയിലേക്കുള്ള കപ്പലില്‍ കയറി നാടുവിടുകയായിരുന്നു.

"കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്ന് ഒളിക്കാമെന്ന് അയാള്‍ കരുതി" എന്നു കൂടി നാം വായിക്കുന്നു. ഇത് ഒരു ദൈവവിളിക്കാരനു മാത്രമുണ്ടാകുന്ന പേടിയുടെ കഥയാണോ? വിളിയുടെ വലിയ ചക്രവാളം വിളിക്കുമ്പോള്‍ അതില്‍ നിന്ന് ഓടിമാറുക. യോനയുടെ ഭയം (Jonah Syndrome) എന്ന പേരിട്ട് ഈ വിഷയം ചര്‍ച്ച ചെയ്യുന്ന പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ അബ്രാഹം മസലോ എഴുതി: "ഞാന്‍ സന്തോഷിച്ചു രോമാഞ്ചം കൊള്ളുന്ന ദൈവികമായ സാധ്യതകള്‍ നാം കാണുന്ന ഉന്നത മുഹൂര്‍ത്തങ്ങളാണ്. പക്ഷേ, അതേസമയം തന്നെ ബലഹീനതാബോധത്തില്‍ നാം വിറകൊണ്ടു സാദ്ധ്യതകളുടെ മുമ്പില്‍ പരിഭ്രാന്തരാകുന്നു."

ഇത് ഏതു മനുഷ്യനും ഉണ്ടാകുന്ന വിറയലാണ്. അത്യുന്നതമായ സ്ഥാനത്തേയ്ക്കു വിളി വരുമ്പോള്‍ വിറച്ചോടുന്ന ബലഹീനതയുടെ പ്രതിസന്ധി. അതിമഹത്ത്വമാര്‍ന്നതു താങ്ങാന്‍ കഴിയില്ലെന്ന ഭയം. മഹത്തായതും അതിഭൗതികവുമായ സര്‍ഗാത്മകതയുടെ മുമ്പില്‍ വന്നുപെടുമ്പോള്‍ ഉണ്ടാകുന്ന അപകര്‍ഷതാബോധം. വലിയ പ്രസംഗകര്‍ പ്രസംഗപീഠങ്ങളില്‍ ആദ്യകാലങ്ങളില്‍ വിറച്ചു മൂത്രമൊഴിച്ചുപോയിട്ടുണ്ട്. ഇവിടെയാണു മനുഷ്യനും മൃഗവും തമ്മിലുള്ള വലിയ അന്തരം ശ്രദ്ധിക്കേണ്ടത്. ഒരു മൃഗത്തിനു സാദ്ധ്യമല്ലാത്ത സാഹസികതയ്ക്കു ശ്രമിക്കില്ല. അവ മൃഗീയമായ വാസനകളില്‍ ആണിവച്ചു കഴിയുന്നു. അവയ്ക്കു സ്വപ്നലോകമില്ല, ഭാവിദര്‍ശനമില്ല. മനുഷ്യന്‍ ആണികളിളക്കാനും സ്വപ്നലോകത്തില്‍ ആവസിക്കപ്പെട്ടവനുമാണ്. അവന്‍ സങ്കല്പത്തില്‍ ദൈവികനും യഥാര്‍ത്ഥത്തില്‍ ഒരു പുഴുവുമാണ്. അതുകൊണ്ട് അവന്‍ പേടിച്ചു മൂത്രമൊഴിച്ചു പോകുന്ന ദൈവമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org