ആവേശമില്ലാത്തവര്‍

ആവേശമില്ലാത്തവര്‍

അതിരാവിലെ ഉറങ്ങുകയും പിന്നെ സ്വപ്നത്തിലേക്കു വഴുതിവീഴുകയും ഉറങ്ങാതിരിക്കാനുള്ള കാരണങ്ങളില്‍ ആമോദിച്ചു കിടക്കയെ പുണര്‍ന്നു കിടക്കുകയും ചെയ്യുന്നവരെക്കുറിച്ചു കീര്‍ക്കെഗോര്‍ എഴുതി. അവര്‍ എല്ലാ വാര്‍ത്തകളും വായിക്കുന്നുണ്ട്, അവര്‍ക്ക് ആവേശത്തിന്‍റെ നിമിഷം ഇല്ലാതില്ല. പക്ഷേ, അതൊക്കെ അലസമായ ഉറക്കത്തില്‍ എല്ലാം ഉതിര്‍ന്നുപോകുന്നു. അവരാരും ഒരു തീരുമാനമെടുത്തതിന്‍റെ പേരില്‍ കൊല്ലപ്പെടുന്നില്ല – അവര്‍ അങ്ങനെ ഒരു തീരുമാനമെടുക്കില്ല എന്ന തീരുമാനമെടുത്തു ചാവുകയാണ്. അഥവാ വല്ലതും ചെയ്യുന്നെങ്കില്‍ത്തന്നെ അരയ്ക്കു വെള്ളത്തില്‍ നീന്തുന്നതുപോലുള്ള കാര്യങ്ങളായിരിക്കും. നടന്നാല്‍ വീഴും എന്നു ഭയന്ന് അവര്‍ നടക്കുന്നില്ല. ഓടിയാല്‍ വീഴും എന്ന് ഉറപ്പായതുകൊണ്ട് അവര്‍ ഓടുന്നതിനുമില്ല. ചാടുന്നതു കാണാന്‍ പോലും പോകാറില്ല, തല ചുറ്റും. അവര്‍ ഒട്ടുംതന്നെ അസൂയയില്ലാത്തവരാണ്. മറ്റുള്ളവരുടെ സാഹസിക നേട്ടങ്ങളില്‍ ഒട്ടും അസൂയപ്പെടാറില്ല. അയല്‍ക്കാരന്‍റെ ഭാര്യയെ ആഗ്രഹിക്കുക പോലും ചെയ്യില്ല. അതൊക്കെ വിളിച്ചുവരുത്തുന്ന ഏടാകൂടങ്ങള്‍ അറിയാം. അപകടങ്ങള്‍ നിറഞ്ഞ ലോകത്തില്‍ അപകടത്തിലൊന്നും പെടാതെ അവര്‍ക്കു മരിക്കണമെന്നേയുള്ളൂ. ഒരു കാര്യത്തില്‍ മാത്രം അസൂയയണ്ടു എന്നു പറയേണ്ടി വരുന്നു. അയല്ക്കാരന്‍റെ പണം. പണത്തിന്‍റെ മുകളില്‍ ഒരു പരുന്തും പറക്കില്ല എന്നറിയാം. പക്ഷേ, അതു കഷ്ടപ്പെട്ട് ഉണ്ടാക്കാനൊരു ആവേശവും അയാള്‍ക്കില്ല. അയാള്‍ക്ക് ഒന്നും ഏറ്റുപറയാനില്ല. വല്ലതും ചെയ്താലല്ലേ തെറ്റു വരൂ.

അതുകൊണ്ടു ലോട്ടറി ടിക്കറ്റെടുത്തു കട്ടിലിന്‍റെ തലയ്ക്കല്‍ പൂഴ്ത്തിവച്ച് അയാള്‍ കിടക്കുന്നു. സകല പുണ്യവാന്മാരെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. ദൈവാനുഗ്രഹം ലോട്ടറിയായി സംഭവിക്കണമേ എന്ന പ്രാര്‍ത്ഥന. ലോട്ടറിയില്‍ ഇടപെടാന്‍ വിശുദ്ധാത്മാക്കളെ ഏല്പിച്ചുകൊണ്ട് അയാള്‍ ഉറങ്ങുന്നു. സ്വപ്നത്തില്‍ അയാള്‍ വാങ്ങിക്കാന്‍ പോകുന്ന തൊപ്പിയെ സ്വപ്നം കാണുന്നു. കോണകം പോലുമില്ലാത്തവന്‍ തൊപ്പിയില്‍ ആമോദിച്ച് ഉറങ്ങുന്നു.

പല്ല്, താടി, മീശ ഇതൊക്കെ കാലം കൊണ്ടുവരുന്നതാണ് എന്നയാള്‍ക്കറിയാം. അതൊക്കെ കാലമാകുമ്പോള്‍ കാലം കൊണ്ടുവരും. തനിക്കും ദൈവം നല്ല കാലം കൊണ്ടുവരും എന്ന് ഉറച്ച് അയാള്‍ കഴിയുന്നു. ദൈവത്തിന് എല്ലാം സാദ്ധ്യമാണ്. ദൈവത്തിന് എല്ലാം ചെയ്യാന്‍ അയാള്‍ കിടന്നുകൊടുക്കുന്നു. ഒന്നിലും ആവേശമില്ലാതെ അയാള്‍ കിടക്കുന്നു. ഇത്തരക്കാര്‍ക്ക് എന്താ തകരാറ്? അവര്‍ തെറ്റില്‍ വീഴുന്നില്ല; കാരണം അവര്‍ നടക്കാതെ കിടക്കുകയാണ്. ഇവര്‍ നിരാശരാണ്. സ്വന്തം ബലഹീനതകള്‍ ശരിക്കും അറിയുന്നവര്‍. പ്രായം കൊണ്ടു കാലം പലതു കൊണ്ടുവരും. പക്ഷേ, കാലം ഒരിക്കലും കൊണ്ടുവരാത്ത ഒന്നാണു വിശ്വാസം. ദൈവം എല്ലാം നോക്കിക്കൊള്ളുന്നതുകൊണ്ടു ദൈവം നോക്കട്ടെ എന്ന വിശ്വാസമല്ല. അത് ആചാരതഴക്കങ്ങളില്‍ തമ്പടിച്ചു കിടക്കുന്നതുമല്ല. പാരമ്പര്യം പിന്നോട്ടു പോക്കല്ല, മുന്നോട്ടുപോകാന്‍ വഴിചൂണ്ടുന്നതാണ്.

അതു ധര്‍മ്മബോധമാണ്. അതു ജീവിതാവേശമാണ്. ആവേശമില്ലാത്ത തലമുറയ്ക്കു കരുതല്‍ ധനമില്ല. പ്രേമിക്കാന്‍ പോലും ധൈര്യമില്ല. ആവേശമില്ലാത്തവര്‍ക്ക് അകമില്ല, പുറം മാത്രം. അകത്തുനിന്നാണ് ആവേശം വരുന്നത്; അകത്താണു സത്യം കാണുന്നതും സാഹസത്തിനു വീര്യം കിട്ടുന്നതും. സ്വകാര്യജീവിതത്തിലും സമൂഹജീവിതത്തിലും വില കാണാന്‍ അകത്തേയ്ക്കു തിരിയണം. ആന്തരികത എങ്ങനെ ഉണ്ടാകും? എന്‍റെ പേരിന്‍റെ ഇരുവശത്തും ഞാന്‍ ബ്രാക്കറ്റ് ഇടുമ്പോള്‍ അഥവാ തട്ടിക വയ്ക്കുമ്പോള്‍ ഉണ്ടാകുന്നതു ഞാന്‍ ഞാന്‍ മാത്രമാകുന്നതാണ്. അത് ഉണ്ടാക്കുന്നതു നിശ്ശബ്ദതയാണ്. അവിടെയാണ് ആദര്‍ശങ്ങള്‍ മുളപൊട്ടുന്നതും പുഷ്പിക്കുന്നതും തളിര്‍ക്കുന്നതും. ആദര്‍ശത്തിന്‍റെ അറിവിനു ഞാന്‍ എന്ന തനിമ വേണം. ഞാന്‍ എത്ര സ്വന്തം കാര്യം നോക്കുന്നവനായാലും ദൈവത്തിന്‍റെ മുമ്പില്‍ നില്ക്കുന്ന ഞാനുണ്ടാകണം. ഞാന്‍ ഞാനാകണം. ഞാന്‍ വേറെ ഒന്നുമല്ല ആകേണ്ടത്. നിരാശ, എന്നത് എനിക്കു ഞാനാകാന്‍ കഴിയാത്തതാണ്. ഞാന്‍ ഞാനാകാനാണു തീരുമാനിക്കേണ്ടത്. നിരാശ മനുഷ്യനു മാത്രമാണ്. അതാണു മൃഗത്തില്‍ നിന്നു മനുഷ്യനെ ഭിന്നനാക്കുന്നത്. അതൊരു രോഗമാണ്. മനുഷ്യനു മനുഷ്യന്‍ എന്ന വിധത്തില്‍ മാത്രമുള്ള രോഗം. അതാണ് എന്നെ നശിപ്പിക്കുന്നത്. ഞാന്‍ എന്നിലേക്കു തിരിയുമ്പോള്‍ മാത്രം സംഭവിക്കുന്നത്. അതു നിരാശയാണ്. പക്ഷ, അതൊരു സാദ്ധ്യതയുമാണ്. എനിക്കു ഞാനാകാന്‍ അത് എന്‍റെ ആത്മാവ്, എന്‍റെ അകം എന്ന സാദ്ധ്യത കണ്ടെത്തലാണ്. ഞാന്‍ എന്നോടു ബന്ധപ്പെടുന്നത് എന്‍റെ ആത്മീയതയുടെ ബന്ധമാണ്. അതു സത്യത്തിന്‍റെ സംബന്ധവുമാണ്. എന്‍റെ ജീവിതസത്യം എനിക്കു ജീവിക്കാനും മരിക്കാനും കൊള്ളാവുന്ന സത്യം. ആ സത്യമാണ് എന്‍റെ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നത്. എന്‍റെ സത്യം ആയിത്തീരുന്ന സ്വാതന്ത്ര്യത്തിന്‍റെ വഴി എന്‍റെ ജീവിതസമസ്യ പൂരിപ്പിക്കുന്നു, അഥവാ ആയിത്തീരുന്ന വഴി. അവിടെ സത്യം സ്വതന്ത്രമായി ജീവിതം ഉണ്ടാക്കിപ്പോകുന്നതാണ്. ഞാന്‍ ആയിത്തീരുന്ന സത്യത്തിന്‍റെ കഥ. എന്‍റെ വ്യക്തിത്വത്തിലേക്കു മടങ്ങി എന്‍റെ വ്യക്തിത്വം സംഭവിച്ച കഥയാണ്. ഇതൊരു വലിയ ആവേശമാണ്. അത് എന്നിലുള്ള എന്‍റെ വിശ്വാസമാണ്. അതു ഞാന്‍ എന്ന ചക്രവാളത്തിന്‍റെ സംഭവകഥയുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org