“എടുത്തു വായിക്കൂ”

“എടുത്തു വായിക്കൂ”

അഞ്ച്, ആറു നൂറ്റാണ്ടുകളില്‍ അഗസ്റ്റിന്‍ എഴുതിയ ആത്മകഥയുടെ എട്ടാം പുസ്തകത്തിലാണ് "എടുത്തു വായിക്കൂ" എന്ന അശരീരി കേള്‍ക്കുന്നതും അദ്ദേഹം ബൈബിള്‍ എടുത്തു സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നതും സംബന്ധിച്ച വിവരണം. അതൊരു പരിവര്‍ത്തനമായിരുന്നു. എടുത്തു വായിച്ചവന്‍ തലമുറകള്‍ക്ക് എടുത്തു വായിക്കാവുന്ന അനശ്വരകൃതികള്‍ രചിച്ചു.

ഇന്നും ലോകം എടുത്തു വായിക്കുന്ന അനശ്വരമായ ക്ലാസ്സിക്കല്‍ കൃതിയാണു സ്പെയിനില്‍ 16-ാം നൂറ്റാണ്ടില്‍ സെര്‍വന്‍റസ് എഴുതിയ ഡോണ്‍ ക്വിക്സോട്ട് എന്ന സാഹസികന്‍റെ വീരസാഹസിക യാത്രയുടെ കഥ. അതും വായന സൃഷ്ടിച്ച സാഹസികകഥയാണ്. വീട്ടില്‍ കുത്തിയിരുന്നു പണമെല്ലാം പുസ്തകങ്ങള്‍ വാങ്ങി വായിച്ചു സാഹസികകഥകള്‍ തലയ്ക്കു പിടിച്ച് അവസാനം എല്ലാം വിറ്റ് ഒരു ചാവാലി കുതിരയെയും മാടമ്പിയുടെ പടച്ചട്ടയും കുപ്പായവും വാങ്ങി മാടമ്പിയായി നാടു നന്നാക്കാന്‍ ഇറങ്ങി പുറപ്പെടുന്നു. ഈ പുറപ്പാടില്‍ കാറ്റാടിമരം കണ്ടപ്പോള്‍ ദുര്‍ഭൂതം വരുന്നു എന്നു പറഞ്ഞ് അതിനെതിരെ കുന്തപ്രയോഗം നടത്തി കുതിരപ്പുറത്തുനിന്നു നിലം പതിച്ചു. ഇങ്ങനെ ചിരിപ്പിക്കുന്ന വിഡ്ഢിത്തങ്ങളുമായി നാടു നന്നാക്കി നടക്കുന്നവനെ കൂട്ടുകാര്‍ കാര്യം മനസ്സിലാക്കി വേഷം മാറി വഴിയിലിട്ടു പിടിച്ചു കൂട്ടിലാക്കി തിരികെ കൊണ്ടു പോരുന്നു. ആ കൂട്ടത്തിലെ ഒരു അധികാരി മഹാനായ ഈ മാടമ്പിയോടു പറഞ്ഞു: "സത്യം പറയട്ടെ സാര്‍, ഈ വീരസാഹസികകഥകളുടെ പുസ്തകങ്ങള്‍ പൊതുനന്മയ്ക്ക് ഉപകാരപ്പെടില്ല… ഈ കെട്ടുകഥകള്‍ അവയുടെ വായനക്കാര്‍ക്കുവേണ്ടി ഒരു വിധത്തില്‍ അസാദ്ധ്യമായവ എളുപ്പമായും അത്ഭുതകരമായതു സാധാരണമായും ചിത്രീകരിച്ചു മനസ്സിനെ മത്തുപിടിപ്പിച്ച് അത്ഭുതപ്പെടുത്തി സന്തോഷിപ്പിച്ച് ആമോദിപ്പിക്കുന്നു. ഇതൊന്നും നടപ്പിലാക്കാനാവില്ല. കാരണം അവ എഴുതിയവര്‍ അനുകരണവും സാദൃശ്യവും വെടിയുന്നു. എന്നാല്‍ ഏതു നല്ല എഴുത്തിനും ഈ രണ്ടു ഗുണങ്ങള്‍ ഉണ്ടായിരിക്കണം."

വീരസാഹസിക കഥകള്‍ എങ്ങനെ വായിക്കണം എന്നതില്‍ ക്വിക് സോട്ടിനു തെറ്റി. അയാളുടെ വായന ചപലമായിപ്പോയി. അയാള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ അനുകരിക്കാന്‍ ഇറങ്ങി. പക്ഷേ, വായിക്കുന്നതു മറ്റൊരു കഥാപാത്രമാകാനല്ല; അന്ധമായി അനുകരിക്കാനല്ല. കൃതികള്‍ ഉത്തരവാദിത്വത്തോടെ വീണ്ടും കണ്ടെത്താനും വീണ്ടും കല്പിക്കാനും മനസ്സിലാക്കാനുമാകണം. അതു ഞാന്‍ വേറെ ആളാകലല്ല. പുതിയതും വ്യത്യസ്തവുമായി തന്നെ മനസ്സിലാക്കി എന്നെ വീണ്ടെടുക്കാനാണു ഞാന്‍ വായിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org