|^| Home -> Pangthi -> ചിന്താജാലകം -> യക്ഷീഗാനം കേട്ടവര്‍

യക്ഷീഗാനം കേട്ടവര്‍

ഫാ. പോള്‍ തേലക്കാട്ട്

ബി.സി. 800-നും 700-നുമിടയില്‍ ജീവിച്ച ഹോമറിന്‍റെ വിശ്വമഹാകാവ്യമായ ഒഡീസ്സിയുടെ സാഹസിക കഥാപാത്രം കപ്പല്‍യാത്ര നടത്തുന്നു. വൈതരണികളെ മറികടന്നു നടത്തുന്ന യാത്ര ജീവിതയാത്രയുടെ കാവ്യബിംബമായ നൂറ്റാണ്ടുകളിലൂടെ ഈ കാവ്യം വായിക്കപ്പെടുന്നു. അതില്‍ യക്ഷീസമാനമായി ദ്വീപില്‍നിന്നു സംഗീതം പുറപ്പെടുവിക്കുന്ന സുന്ദരികളാണു സൈറണുകള്‍. അവര്‍ പാടുന്നു, വശ്യമായി പാടുന്നു. അതു തുഴക്കാരെ ദ്വീപിലേക്ക് ആകര്‍ഷിക്കുന്നു. ദ്വീപിനെ സമീപിക്കുമ്പോള്‍ ആഴമില്ലാത്ത ഇടത്തെ പാറകളില്‍ തട്ടി യാത്രികര്‍ അപകടത്തില്‍ പതിച്ചു നശിക്കുന്നു. നാശത്തിലേക്കു മാടിവിളിക്കുന്ന സംഗീതം മരണത്തിന്‍റെയാണ്. ദുരന്തത്തിലേക്കു മാടിവിളിക്കുന്ന സംഗീതം.

എന്നാല്‍ യുളീസിസ് ദീര്‍ഘവീക്ഷണത്തില്‍ ഇതറിഞ്ഞു. അയാള്‍ തുഴക്കാരുടെ കാതുകളില്‍ മെഴുകുവച്ചു. അദ്ദേഹം മാത്രം പായ്മരത്തില്‍ തന്നെ ബന്ധിച്ചു നിര്‍ത്തി പാട്ടു തുടങ്ങുന്നതും അവസാനിക്കുന്നതും ശ്രദ്ധിക്കാന്‍. അദ്ദേഹം സാഹസികയാത്രയില്‍ സൈറണുകളില്‍ നിന്നു രക്ഷപ്പെട്ടതു ബധിരതയുണ്ടാക്കി, ചെവിയടച്ചാണ്. ഇതു ജീവിതയാത്രയുടെ കഥയാണ്. എല്ലാം കേള്‍ക്കരുത്, ചെവികള്‍ ചിലപ്പോള്‍ അടയ്ക്കണം. ഈ പ്രതിസന്ധി അതിജീവിച്ച അയാള്‍ താരമായി. പക്ഷേ, ആരാണു ശരിക്കും സൈറണുകളുടെ സംഗീതം കേട്ടത്. അതു യൂളീസിസല്ല, ശരിക്കും അതു കേട്ടതു ഹോമറാണ്. പക്ഷേ, എവിടെയാണു കവി അതു കേട്ടത്?

ഗെഥേയുടെ വെര്‍തറുടെ ദുഃഖങ്ങള്‍ നന്നായിട്ടല്ല അവസാനിക്കുന്നത്. കാരണം അയാള്‍ പൈശാചികശക്തികളുമായി രഹസ്യധാരണയിലായി. ആരാണു ഗെഥേയുടെ പിശാച്? പരാജയപ്പെടാന്‍ വിസമ്മതിക്കുന്ന നിഷേധത്തിന്‍റെ ലഹള. ഈ നിഷേധം നാം കേള്‍ക്കുന്നതു വെര്‍തറിലാണ്. സത്യത്തില്‍ ഈ നിഷേധത്തിന്‍റെ പൈശാചികത അനുഭവിക്കുന്നത് ആരാണ്? ഗെഥേ എന്ന കവി. ഡോ. ഫൗസ്റ്റ് തന്‍റെ ആത്മാവിനെ മൊഫിസ്റ്റോ ഫിലസ് എന്ന പിശാചിനു വില്ക്കുന്നു. മെഫിസ്റ്റോഫിലസ് പറയുന്നു: നരകത്തിനു പരിധികളില്ല, അതു വേലിക്കകത്തല്ല. ഒരുവന്‍റെ ഇടത്തിലാണ്. നാം എവിടെയാണോ അവിടെയാണു നരകം. എവിടെ നരകമാണോ അവിടെ നാം ജീവിക്കുന്നു.” ശരിക്കും മെഫിസ്റ്റോഫിലസിനെ കേട്ടതു ഡോ. ഫൗസ്റ്റല്ല ക്രിസ്റ്റഫര്‍ മാര്‍ലോ ആണ്. യക്ഷീഗാനം, നരകത്തിന്‍റെ സാന്നിദ്ധ്യം എല്ലാം കേള്‍ക്കുന്നവരാണോ എഴുത്തുകാര്‍?

എഴുത്തുകാരന്‍ സ്വന്തം ആന്തരികതയില്‍ വീണ് കിട്ടുന്നതാണെഴുതുന്നത്. അയാള്‍ ആന്തരികതയുടെ ശക്തിയാല്‍ എഴുതാന്‍ നിര്‍ബന്ധിതനാവുകയാണ്. കാരണം അത് അകത്തുനിന്നുള്ള കല്പനപോലെയാണ്. അത് എന്നിലുള്ള ഏതോ വൈരുദ്ധ്യമാണ്. എഴുത്തുകാരന്‍റെ ആന്തരികത പഴുത്തു വെണ്ണീറാകുമ്പോള്‍ എഴുതാതിരിക്കാനാവില്ല. അകത്ത് അങ്കം വെട്ടുന്ന പിശാചും സൈറണുകളും ദൈവവും അത് അയാളെ വിറകൊള്ളിക്കുന്നു, പേടിപ്പെടുത്തുന്നു. അവയുടെ പിടിയില്‍ ഭ്രാന്തമായി എഴുതിപ്പോകുകയാണ്. അകത്തെ പ്രേതങ്ങളുണ്ടാക്കുന്ന തീയും പുകയും വെന്തുനീറലും ഉണ്ടാക്കുന്നത് എഴുത്താണ്. നഷ്ടപ്പെട്ടത് അകത്ത് പ്രേതങ്ങളായി നൃത്തമാടുന്നു. നഷ്ടമായതു കണ്ണടയ്ക്കുമ്പോള്‍ വേട്ടയാടുന്നു. ഈ മല്‍പ്പിടുത്തമില്ലാതെ എഴുത്തില്ല.

കസാന്‍ദ് സാക്കീസിന്‍റെ “അന്ത്യപ്രലോഭനത്തില്‍” യൂദാസ് യേശുവിനോടു ചോദിക്കുന്നു: “നിനക്ക് എന്തു പറ്റി?” അയാള്‍ ചോദിച്ചു; “നീ ഉരുകിപ്പോകുകയാണോ? നിന്നെ വെണ്ണീറിലാക്കുന്നത് എന്ത്?” യുവാവായ യേശു പയ്യെ ചിരിച്ചു. അതു ദൈവമാണെന്നു പറയാന്‍ തുടങ്ങിയതാണ്; പക്ഷേ, പിന്‍വലിച്ചു. തനിക്കുള്ളില്‍ ഒരു നിലവിളി, അതു വായില്‍ നിന്നു പോകാന്‍ അവന്‍ ആഗ്രഹിച്ചില്ല. “ഞാന്‍ മല്‍പ്പിടുത്തത്തിലാണ്” – അവന്‍ മറുപടി പറഞ്ഞു. “ആരുമായി?” “എനിക്കറിയില്ല… ഞാന്‍ മല്‍പ്പിടുത്തത്തിലാണ്.” തന്നെ വേട്ടയാടുന്നവന്‍റെ പേരു പറയാന്‍ അവന്‍ ആഗ്രഹിച്ചില്ല.

നോവലിന്‍റെ വേറൊരു ഭാഗത്തു യേശു ഒരു സന്ന്യാസാശ്രമത്തിലേക്കു കടന്നു ചെല്ലുന്നു. റാബ്ബി ചോദിച്ചു:

“ആശ്രമത്തിലേക്ക് എന്തിനു വന്നു?”

“എന്നെ രക്ഷിക്കാന്‍.”

“നിന്നെ രക്ഷിക്കാനോ, എന്തില്‍നിന്ന്, ആരില്‍ നിന്ന്?”

“ദൈവത്തില്‍ നിന്ന്.”

ഈ അനുഭവങ്ങള്‍ യേശുവിന്‍റേതായി നോവലില്‍ നാം വായിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആരാണ് ഇത് അനുഭവിച്ചത്?

Leave a Comment

*
*