പ്രകൃതിയുടെ സര്‍ഗാത്മകത

പ്രകൃതിയുടെ സര്‍ഗാത്മകത

ബൈബിളിലെ ഉത്പത്തി പുസ്തകത്തിന്‍റെ ആദ്യവാചകം "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്നതാണ്. ഈ വാചകത്തില്‍ സൃഷ്ടിയുടെ മൂന്നു മാനങ്ങളുണ്ട്. സൃഷ്ടിയുടെ കര്‍ത്താവാണു ദൈവം എന്നു വിളിക്കുന്നത്. സൃഷ്ടിക്കുന്നത് ആകാശവും ഭൂമിയുമാണ്. താഴത്തെ ഭൂമിയും ഉന്നതവും ഉദാത്തവും അപ്രാപ്യവുമായ ആകാശവും. ഏതു സൃഷ്ടിയിലും ഈ ത്രിമാനങ്ങള്‍ ഉണ്ടാകും. ഫ്രോയിഡിനുശേഷം ഏറ്റവും ശ്രദ്ധേയനായ സൈക്കോ അനലറ്റിക് ചിന്തകനാണ് ഷാക് ലൂക്കാന്‍ (1901-1981). അദ്ദേഹം പറഞ്ഞു: "ഗലീലിയോമാര്‍ ആരംഭിച്ച ആധുനികശാസ്ത്രം യഹൂദചിന്തയ്ക്കും ബൈബിളിനും പുറത്തു വികസിക്കാന്‍ ഇടമില്ല, അരിസ്റ്റോട്ടലിന്‍റെ പാരമ്പര്യമായ പുരാതനതത്ത്വചിന്തയിലും അതു സാദ്ധ്യമല്ല." ഇങ്ങനെ ബൈബിള്‍ പരിപ്രേക്ഷ്യം ശാസ്ത്രത്തിന് അനിവാര്യമാണ് എന്നു പറയുമ്പോള്‍ സൃഷ്ടി "ആദി"യിലാണ്. സൃഷ്ടിക്ക് ആരംഭമുണ്ട് എന്നര്‍ത്ഥം. അതു നിത്യമല്ല. അതു ഒരു നിര്‍ബന്ധത്തിന്‍റെ സ്വാഭാവിക നടപടിയല്ല. സൃഷ്ടിയുടെ പിന്നില്‍ സ്വാതന്ത്ര്യമാണ്. അങ്ങനെ സ്വതന്ത്രമായി സൃഷ്ടിക്കുമ്പോള്‍, അതൊരു ദാനപ്രക്രിയയാണ്. മാത്രമല്ല ആദിയുടെ പിന്നിലേക്കു പോയി കാര്യകാരണങ്ങള്‍ കണ്ടെത്താനാവില്ല. കാര്യകാരണങ്ങള്‍ തുടങ്ങുന്നത് ആദിയില്‍നിന്നാണ്. അതിനു പിന്നില്‍ എന്ത് എന്ന ചോദ്യം പ്രസക്തമല്ല. യാതൊരു നിര്‍ബന്ധങ്ങളുമില്ലാതെ സ്വാതന്ത്ര്യത്തിലാണു സൃഷ്ടി നടക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ ഇച്ഛയിലാണു സൃ ഷ്ടി.

അങ്ങനെയൊരു താത്പര്യവും ആഗ്രഹവും സൃഷ്ടിക്കു പിന്നിലുണ്ട്. അതാണു സൃഷ്ടിയുടെ രഹസ്യം. പൂവ് പൂക്കുന്നതിനു കാരണങ്ങളില്ല. വെറുതെ പൂക്കാന്‍ വേണ്ടി പൂക്കുന്നു. സ്നേഹിക്കാന്‍ വേണ്ടി മാത്രം സ്നേഹിക്കുന്നു. ദൈവത്തിന്‍റെ ആവിഷ്കാരവും വെളിവാകലുമാണു സൃഷ്ടിയിലൂടെ നടക്കുന്നത്. അ ങ്ങനെ സൃഷ്ടിക്കപ്പെടുന്നത് ആകാശവും ഭൂമിയുമാണ്. സൃഷ്ടിക്കപ്പെടുന്നതില്‍ സൃഷ്ടിയുടെ മുദ്രയുണ്ട്. സൃഷ്ടിയുടെ ആഗ്രഹം എല്ലാ സൃഷ്ടങ്ങളിലുമുണ്ട്. സൃഷ്ടിയുടെ കാമം, അഥവാ സൃഷ്ടിയുടെ രഹസ്യം. അതിനു സൃഷ്ടിയുടെ ധര്‍മം എന്നു വിളിക്കാം. ദൈവത്തിന്‍റെ ആന്തരികതയുടെ ധര്‍മഫലമാണു സൃഷ്ടി. ഈ ധര്‍മം എല്ലാ സ്രഷ്ടങ്ങളിലും ഉണ്ട്. കാരണം ദൈവത്തിന്‍റെ ഛായയില്‍ എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പ്രകൃതിക്കുള്ളില്‍ ഈ ധര്‍മമുണ്ട്.

ദൈവത്തിന്‍റെ സൃഷ്ടി കേളി സ്വഭാവത്തിലാണ്. ദൈവം ദൈവമല്ലാത്തതു സൃഷ്ടിക്കുന്നു. സ്നേഹത്തിന്‍റെ ലീലയിലാണ് ഈ ലോകം. ഈ സ്നേഹലീല വിശദീകരിക്കാനാവാത്തതും എല്ലാ സൃഷ്ടികളിലും ആദിയുടെ ഓര്‍മയായി നിലനില്ക്കുന്നതുമാണ്. അതാണു പ്രകൃതിയുടെ നിരന്തരമായ പ്രജനനത്തിന്‍റെ പൂക്കാലമുണ്ടാക്കുന്നത്. ആഗ്രഹത്തിന്‍റെ അസ്വസ്ഥതയില്ലാതെ സൃഷ്ടിയുണ്ടാകില്ല. ഈ അസ്വാസ്ഥ്യം ആഗ്രഹത്തിന്‍റെ അകത്തെ വിങ്ങലാണ്. ഭൗതികപ്രപഞ്ചത്തില്‍ ലിഖിതമായി അതിന്‍റെ ഭൗതികവ്യാകരണവും നിയമങ്ങളുമുണ്ട് – അതാണു ഫിസിക്സും ഗണിതശാസ്ത്രവും മറ്റു ശാസ്ത്രങ്ങളും. എന്നാല്‍ പ്രകൃതിയില്‍ ഈ നിയമങ്ങള്‍ മാത്രമല്ല വ്യാകരണത്തിനതീതമായ ത്രസിക്കുന്നതും കല്പിക്കുന്നതുമായ സംഗീതവും കാവ്യവുമുണ്ട് – അതാണ് എല്ലാറ്റിനെയും പുതുമയുടെ സര്‍ഗശക്തിയുടെ മുദ്രയുള്ളതായി മാറ്റുന്നത്. പ്രകൃതി മനുഷ്യനുണ്ടാക്കുന്ന യന്ത്രമല്ല. യന്ത്രം വെറുതെ ആവര്‍ത്തിക്കുന്നു. പക്ഷേ, കാലം ആവര്‍ത്തനമല്ല, പുതുമയുണ്ടാക്കുന്നു. മനുഷ്യനെ ഉണ്ടാക്കുന്നതു പ്രകൃതിയാണ്. പ്രകൃതി പൂക്കുന്നു, അതു പ്രജനനത്തിലാണ്; അതു പരിണമിക്കുകയാണ്. എല്ലാം കടന്നുപോകുന്നു, പക്ഷേ, ചത്തുപോകുകയല്ല. എല്ലാം ഓര്‍മയിലാണ്. വികാരം പ്രാപഞ്ചികസ്മരണയാണ്. കഴിഞ്ഞുപോയതിന്‍റെ ഓര്‍മയില്‍ നിന്നു വിസ്മയകരമായ കാല്പനിക വിലാസത്തില്‍ ഭാവി ഉദ്ദര്‍ശിച്ച വര്‍ത്തമാനം ഉണ്ടാക്കപ്പെടുന്നു. മുറിവുകള്‍ പൊറുപ്പിച്ചു സഹവസിക്കുകയും ഒത്തുവസിക്കുകയും ചെയ്യുന്നു. കാലത്തെ അതിലംഘിക്കുന്ന നിത്യതയുടെ നിമിഷങ്ങള്‍ വിടരുന്നു. പ്രകൃതിനിയമങ്ങളെ ലംഘിച്ച ഒരു സത്യത്തിന്‍റെ അത്ഭുതങ്ങള്‍ അരങ്ങേറുന്നു.

ബൈബിള്‍ പാരമ്പര്യ പ്രകാരം സൃഷ്ടി ശൂന്യതയില്‍ നിന്നാണ് (ex-nihilo). ഒന്നുമില്ലാത്തതില്‍നിന്നാണ് ഒന്ന് ഉണ്ടാകുന്നത്. സൃഷ്ടിക്കപ്പെട്ടതിലൊക്കെ സൃഷ്ടിയുടെ വികാരം അന്തര്‍ലീനമാണ്. ഈ സര്‍ഗാത്മകത കാലത്തിന്‍റെ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ എല്ലാറ്റിലും ദൈവികതയുടെ അന്തര്‍ധ്വനിയുള്ളതുപോലെ, ദൈവികത ഏതോ ആദിസ്മരണയായി നിലനില്ക്കുന്നതുപോലെ, ശൂന്യതയുടെ സ്പര്‍ശവും അന്തര്‍ലീനമാണ്. സൃഷ്ടിയുടെ ആവേശത്തിലും നിഷേധത്തിന്‍റെ വിടവും മുറിവും അസാന്നിദ്ധ്യവും നിത്യം കരയുന്നു. സൃഷ്ടിക്കപ്പെട്ടതിലെല്ലാം ഒരു ശൂന്യതയിരുന്നു മോങ്ങുന്നു, ഒരു അസാന്നിദ്ധ്യം എപ്പോഴും വിലപിക്കുന്നു. അതിന്‍റെ വേദനയും വിരഹവും നിതാന്തമായി തുടരുന്നു.

ഇതു കല്പനയുടെ കഥകളുടെ സാഹിത്യകലാദികളുടെയും മണ്ഡലമായി മാറുന്നു. ഇല്ലാത്തതു പറഞ്ഞുണ്ടാക്കുന്ന കഥനം ഈ മുറിവന്‍റെ പ്രത്യേകതയാണ്. പൂര്‍ണതയിലേക്കുള്ള പുറപ്പാടിന്‍റെ ത്വരയ്ക്കു പിന്നില്‍ ഈ അഭാവത്തിന്‍റെ വേദനയുണ്ട്. പഞ്ചഭൂതങ്ങളും പല ദൈവങ്ങളുമായുള്ള പ്രാചീനത സകലത്തിന്‍റെയും ഉത്പത്തിക്കഥകള്‍ സൂചിപ്പിക്കുന്നതും ഇപ്പറഞ്ഞ പ്രപഞ്ചരഹസ്യത്തിന്‍റെ പ്രാചീനരൂപങ്ങളായി കാണാം. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ദിവംഗതനായ ഫ്രാന്‍സിസ് ബേക്കന്‍ എന്ന യഹൂദചിന്തകന്‍ പ്രപഞ്ചത്തിന്‍റെ സര്‍ഗപരിണാമത്തെക്കുറിച്ച് എഴുതിയപ്പോള്‍ കുറിപ്പ് എഴുതി: "പ്രപഞ്ചം ദൈവങ്ങളെ ഉണ്ടാക്കുന്ന യന്ത്രമാണ്." പ്രപഞ്ചത്തിന്‍റെ പ്രകൃതിയില്‍ ദൈവികത പരിണമിക്കുന്ന രഹസ്യമുണ്ട്. ദൈവത്തിന്‍റെ അന്തമില്ലാത്ത സൃഷ്ടിയുടെ കഥയാണ് അദ്ദേഹം പറയുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org