ദൈവത്തിന്‍റെ വെളിപാട്

ദൈവത്തിന്‍റെ വെളിപാട്

"പ്രപഞ്ചം ദൈവങ്ങളെ ഉണ്ടാക്കുന്ന യന്ത്രമാണ്" എന്ന് എഴുതിയതു ഫ്രഞ്ച് യഹൂദ ചിന്തകനായ ഹെന്‍റി ബര്‍ഗസന്‍ ആണ്. ഭൗതികതയുടെ ഉള്ളില്‍ ഏതോ ദൈവസൃഷ്ടിയുടെ ഓര്‍മയുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. സമയം എന്ന സമസ്യയുടെ ആഖ്യാനത്തിലൂടെ അദ്ദേഹം അതു പറയുന്നു. ശാസ്ത്രീയമായി പറഞ്ഞാല്‍ സമയം തുടര്‍ച്ചയല്ല, വെറും ആവര്‍ത്തമാണ്. പക്ഷേ, പ്രപഞ്ചത്തില്‍ നാം വെറും ആവര്‍ത്തനമല്ല, തുടര്‍ച്ച കാണുന്നു. സമയം കണ്ടുപിടുത്തമായി മാറുന്നു. ഭൗതികതയില്‍ ഏതോ ഓര്‍മ ആലേഖിതമാണ്. അതാണു ഭൗതികതയെ സര്‍ഗാത്മകമായ പരിണാമത്തിനു വിധേയമാക്കുന്നത്. ദൈവികത കാലഘടനയില്‍ അന്തര്‍ലീനമാണ്.

ദൈവത്തിന്‍റെ വെളിപാടിനെക്കുറിച്ചു ദൈവശാസ്ത്രത്തില്‍ ഭിന്നമെങ്കിലും പരസ്പര ബന്ധമുള്ള നിരവധി കാഴ്ചപ്പാടുകള്‍ നിലവിലുണ്ട്. ദൈവത്തിന്‍റെ പ്രവാചകരില്‍ കാണുന്നതുപോലെ ദൈവത്തിന്‍റെ വെളിപാട് പ്രചോദനമായി സംഭവിക്കുന്നു എന്നു കരുതുന്നവരുണ്ട്. അതുണ്ടാക്കുന്ന ചിത്രവും വ്യാഖ്യാനവിഷയങ്ങളായി മാറുന്നു. എന്നാല്‍ മറ്റു ചിലര്‍ക്കു ദൈവത്തിന്‍റെ വെളിപാട് ചരിത്രത്തിലൂടെയാണു സംഭവിക്കുന്നത്. ദൈവം സംസാരിക്കുന്നത് അപ്പോള്‍ വസ്തുതകളുടെ ഭാഷയിലാണ്. വസ്തുതകളെ വ്യാഖ്യാനിച്ചു വെളിപാടു ഭാഷണം സാദ്ധ്യമാണ്. പഴയ നിയമചരിത്രവ്യാഖ്യാനത്തില്‍ പലപ്പോഴും ദൃശ്യമാകുന്നത് ഇതാണ്. ചരിത്രത്തിലൂടെ വെളിവാകുന്ന ദൈവം ചരിത്രത്തില്‍ അര്‍ത്ഥമൂല്യങ്ങളിലൂടെയാണു ജീവിതത്തിലേക്കു വരുന്നത്. യഹൂദര്‍ക്കു ചരിത്രമാണു ദൈവവെളിപാടിന്‍റെ ആധാരം.

എന്നാല്‍ മിസ്റ്റിക്കുകള്‍ക്കു സമാനമായ ആന്തരിക ദൈവാനുഭങ്ങളിലൂടെ ദൈവത്തിന്‍റെ വെളിപാടു വരുന്നു എന്നു കരുതുന്നവരുണ്ട്. പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞന്മാര്‍ വെളിപാടു സംഭവം ക്രിസ്തുവാണ് എന്ന് ഉറപ്പിച്ചു പറയുന്നു. ദൈവവചനം എന്നതു ക്രിസ്തു എന്ന വ്യക്തിയും സംഭവവുമാണ്.

സാമുവല്‍ കോളറിഡ്ജ് എഴുതി: "ദൈവികതയെക്കുറിച്ചു ബൗദ്ധികമായ അറിവു നേടാന്‍ അടയാളങ്ങളിലൂടെ മാത്രമേ സാധിക്കൂ." ഇതു കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും എന്നും വ്യക്തമായി അറിയുന്ന കാര്യമാണ്. അദൃശ്യവും അഭൗതികവും അപ്രാപ്യവുമായതിലേക്കു പ്രതീകങ്ങളിലൂടെ മാത്രമേ എത്തിപ്പെടാനാകൂ. ദൈവികമായ അഗ്നിനാളത്തിന്‍റെ സുതാര്യമായ വിളക്ക് ആന്തരികതയലുണ്ട് എന്നു പറയുമ്പോള്‍ ബിംബങ്ങള്‍ ഉപയോഗിക്കുന്നു, ബിംബങ്ങള്‍ സാധാരണമായി അര്‍ത്ഥമാക്കുന്നതല്ല എന്ന നിഷേധവും അതിലുണ്ട്. ഏതോ അധികമായതിലേക്കു ചൂണ്ടുകയാണ്. മനുഷ്യവ്യക്തിയുടെ ആന്തരികതയില്‍ സംഭവിക്കുന്ന പ്രചോദനങ്ങളോ ഉള്‍വെളിവോ ഭാഷയുടെ മാധ്യമത്തിലൂടെയാണു പ്രകാശിപ്പിക്കാനാവുക. അതിന്‍റെ പ്രതീകഭാഷയാണു കാവ്യം.

ആത്മീയഭാഷ ഗദ്യമല്ല, കാവ്യമാണ്. പറയുന്നതല്ല പറയുന്നത്. പറയുന്നതിനപ്പുറം പറയാന്‍ ഉദ്ദേശിക്കുന്നു. മാത്രമല്ല ഇവിടെ ഭാഷ രൂപകങ്ങളും ചിത്രങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാക്കും. ഈ ഭാഷ പ്രത്യക്ഷത്തില്‍ കാണിക്കുന്നതല്ല കാണിക്കാനും പ്രകാശിപ്പിക്കാനും ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുന്നു. ഫലമായി ഭാഷയുടെ അനുദിന വ്യവഹാരസ്വഭാവം നിഷേധിക്കുന്നു. ക്ഷേത്രം, വിഗ്രഹം, പ്രതിമ, രൂപം, വിശുദ്ധമായ പാരമ്പര്യങ്ങള്‍, എഴുത്തുകള്‍, കഥകള്‍, ഉപമകള്‍ എല്ലാം വെളിപാടിന്‍റെ മാധ്യമങ്ങളാകാം.

ഇങ്ങനെയുള്ള വെളിപാടിന്‍റെ പ്രകാശനത്തില്‍ രണ്ടു മാനങ്ങളാണ് ഓര്‍മയും ഭാവനയും. പ്ലേറ്റോയുടെ കാഴ്ചപ്പാടില്‍ അറിവ് ഓര്‍മയിലാണ്. ആത്മാവ് ദൈവവുമായള്ള ഐക്യത്തിലായിരുന്ന ഭൗതികതയിലേക്കു വീഴുമ്പോള്‍ മറന്നുപോകുന്നു. തീ അടുപ്പിലെ ചാരത്തില്‍ ഉറങ്ങിക്കിടക്കുന്നതുപോലെയാണിത്. ഞാനാകുന്ന ഭൗതികതയില്‍ ദൈവവുമായുള്ള ബന്ധത്തിന്‍റെ ഓര്‍മ ഉറങ്ങിക്കിടക്കുന്നു. അത് ഊതി ഉണര്‍ത്തുക. സാഹിത്യത്തില്‍ മൗലികസൃഷ്ടി എന്നതു മൂലത്തോട് ഏറ്റവും ഒന്നായി ഉണ്ടാകുന്നതാണ്. ആദിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തില്‍ ആദി ഭാഷിക്കുമ്പോള്‍ മൗലികസാഹിത്യം ഉണ്ടാകുന്നു. അതു ആദിയുടെ എന്നിലെ വെളിപാടാണ്. വിസ്മൃതമായതു തേടി പുനരുദ്ധരിക്കാന്‍, ആദിയുടെ വിസ്ഫോടനത്തിനു ഭാഷ കൊടുക്കണം. ഞാന്‍ എന്നെ മറന്ന് എന്നിലെ ആദിയുടെ ശബ്ദം ശ്രവിക്കുകയും അതു ഭാഷാന്തരം ചെയ്യുകയുമാണ്.

എന്നിലെ ആദിയുടെ ആഖ്യാനത്തില്‍ ഓര്‍മ മാത്രമല്ല സങ്കല്പവും പ്രധാനമാണ്. അസ്തിത്വ വുമായുള്ള കാവ്യബന്ധമാണു സങ്കല്പത്തിന്‍റെ സത്യം. അജ്ഞാതവും അദൃശ്യവുമായതു ചിന്തിക്കുന്നവിധമാണു സങ്കല്പം. ലോകം കടന്നുപോയി ചിന്തിക്കാനുള്ള കഴിവാണു സങ്കല്പം. കല്പനയുണ്ടാക്കുന്ന പ്രതീക്ഷയുടെ സങ്കേതങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നതാണു വിശ്വാസം. മൈക്കിള്‍ ആഞ്ചലോ പിയാത്ത എന്ന ശില്പത്തിലൂടെ ഉണ്ടാക്കിയതു തീര്‍ത്തും പുതിയൊരു ബിംബമാണ്. വെളിപാടിന്‍റെ ഭാഷ നിഷേധത്തിന്‍റെ ഭാഷയായി മാറാം. ഇല്ലാത്തത് ഉണ്ടാക്കി പറയലായി അതു മാറും. കാന്‍റ് അങ്ങനെയുള്ള സങ്കല്പത്തെ "അതിഭൗതിക മിഥ്യ" എന്നു വിളിച്ചു. മിഥ്യ ഇല്ലാത്തതാണ്. നീതി ഇല്ലാതാകുമ്പോള്‍, സ്നേഹം അസന്നിഹിതമാകുമ്പോള്‍, പ്രതീക്ഷ നാടുവിടുമ്പോള്‍ അവയൊക്കെ മുറിവുകളായി ഇതില്‍ നിന്നുള്ള നിലവിളികള്‍ ഉയരും. അതു വിലാപമാകാം, പ്രബോധനമാകാം; പ്രാര്‍ത്ഥനയാകാം. മോസസ് ദൈവത്തിന്‍റെ പിന്‍ഭാഗം കണ്ടതുപോലെ ദൈവത്തിന്‍റെ കടന്നുപോകല്‍ കവികളും പ്രവാചകരും കാണും. ക്രിസ്തുവിലൂടെ വെളിവായതു മനുഷ്യമുഖത്തില്‍ ദൈവത്തിന്‍റെ മൊഴി കേള്‍പ്പിക്കും. പ്രതീക്ഷയുടെ ശുശ്രൂഷയിലാണു പ്രവാചക വചനങ്ങള്‍ ഉണ്ടാകുന്നത്. "വിശുദ്ധ ഭാഷ" അപ്രത്യക്ഷമായി എന്നു കവി കരയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org