ഞാനെന്ന ഇരട്ട

ഞാനെന്ന ഇരട്ട

സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍റെ മാര്‍ക്സിസം ഭരണം നടത്തുന്ന കാലത്തു നിലനിന്ന ഒരു തമാശയുണ്ട്. സ്റ്റാലിന്‍ തന്‍റെ മുറിയിലെ കണ്ണാടിക്കു മുന്നില്‍ തുറിച്ചുനോക്കി നില്ക്കുന്നു. എന്നിട്ട് അദ്ദേഹം പ്രസ്താവിച്ചു: "നമ്മില്‍ ഒരാളെ വിശ്വസിക്കാന്‍ കൊള്ളില്ല, അതു നീയോ ഞാനോ?" ഇവിടെ തമാശയായി ഉന്നയിക്കുന്നതു സ്റ്റാലിന്‍ ഒന്നല്ല രണ്ടാണ് എന്നതാണ്. ഇതു സ്റ്റാലിന്‍റെ കാര്യം മാത്രമല്ല. ഈ തിരിച്ചറിവ് വളരെ മനോഹരമായി പ്രകാശിപ്പിച്ച സാഹിത്യകാരനാണു ഡോസ്റ്റോവ്സ്കി. അദ്ദേഹത്തിന്‍റെ "നിഗൂഢതയില്‍ നിന്നുള്ള കുറിപ്പുകള്‍" (Notes from the underground) അദ്ദേഹം തന്‍റെ തന്നെ നിഗൂഢമായ വ്യക്തിത്വത്തിന്‍റെ പ്രലോഭനങ്ങള്‍ക്കു ഭാഷ നല്കുന്നു. വളരെ മാന്യമായ മുഖത്തിനു പിന്നില്‍ മറ്റൊരു മുഖമുണ്ടാകുന്ന മനുഷ്യന്‍റെ അസ്തിത്വ പ്രതിസന്ധിയാണിവിടെ തുറന്നു കാണിക്കുന്നത്. ഞാന്‍ നിരന്തരമായി അപരനുമായി, പുറത്തുള്ളവനുമായി ബന്ധത്തിലാണ്. പുറത്തുള്ള അപരന്‍റെ കണ്ണില്‍ ഞാന്‍ നല്ലവനാകാനുള്ള തത്രപ്പാടുകള്‍ എനിക്കുണ്ട്. അപരന്‍റെ കണ്ണില്‍ ഞാന്‍ നല്ലവനും സുന്ദരനും സംസ്കാരചിത്തനും ധീരനും ആരാദ്ധ്യനുമാകണം. അപരനെ പറ്റിക്കാനാണോ ഞാന്‍ ശ്രമിക്കുന്നത്?

സ്വാര്‍ത്ഥതാത്പര്യങ്ങള്‍ നിസ്വാര്‍ത്ഥമായി അരങ്ങത്ത് ആടിത്തിമിര്‍ക്കുകയാണോ? എന്നെ അറിയുന്നതു ഞാന്‍ മാത്രമാണ്. അവിടെ സ്വാധീനിക്കുന്നത് എന്‍റെ ഗോത്രം, സമുദായം, എന്‍റെ നിറം, മതം എന്നിവയാണ്. തന്‍റെ താന്‍ മാത്രമായിരിക്കുന്ന നിഗൂഢതയില്‍ താന്‍ രോഗിയാണ് എന്നു ഡോസ്റ്റോവ്സ്കി പറയുന്നു. ഞാന്‍ രോഗിയാണ് എന്നറിയാം. പക്ഷേ, ഞാന്‍ എന്തുകൊണ്ട്, എങ്ങനെ രോഗിയാണ് എന്നറിയുന്നുണ്ടോ? സത്യത്തില്‍ ഞാന്‍ എന്നെ അറിയുന്നില്ല; അതിനാല്‍ത്തന്നെ രോഗിയാണ് എന്നു സമ്മതിക്കില്ല. ഫലമായി ഞാന്‍ വൈദ്യനെ വെറുക്കുന്നു. എനിക്കു ചികിത്സ വേണമെന്നു സമ്മതിക്കുന്നില്ല. അദ്ദേഹം എഴുതി: "ഞാന്‍ എന്നെ വെറുക്കുന്നവനായിരുന്നില്ല എന്നതല്ല പ്രശ്നം, എന്തെങ്കിലും ഞാന്‍ ആവണമെന്ന് അറിഞ്ഞില്ല. വെറുക്കുന്നവനോ കരുണയുള്ളവനോ തെമ്മാടിയോ സത്യസന്ധനോ വീരപുരുഷനോ കൃമിയോ ആകാന്‍ അറിയുമായിരുന്നില്ല." ഉദാത്തനും സുന്ദരനുമാകണം എന്നു തോന്നും, പക്ഷേ കുറ്റകരവും വെറുക്കപ്പെട്ടതും ചെയ്യുന്നവനായി."

"എനിക്കു ചെറുപ്പം മുതല്‍ വീടുണ്ടായിരുന്നെങ്കില്‍" അദ്ദേഹം പറഞ്ഞു "ഞാന്‍ ഇപ്പോള്‍ ആയിരിക്കുന്നത് ആകുമായിരുന്നില്ല." "ഞാന്‍ വീടില്ലാതെ വളര്‍ന്നു. അതുകൊണ്ടായിരിക്കാം ഞാന്‍ വികാരമില്ലാത്തവനായി മാറിപ്പോയത്." എന്‍റെ ആയിത്തീരലിന്‍റെ പ്രതിസന്ധിയാണിത്. ഞാന്‍ ചിലത് ആകാതെ പോയതിന്‍റെ കുറ്റം വിധിയാണ് എന്നു പറഞ്ഞു കൈ കഴുകുന്നു. ഇങ്ങനെ ഞാന്‍ ആയിത്തീരുന്നത് എന്താണ്? അന്യന്‍, എല്ലാവര്‍ക്കും അന്യന്‍. ആരുടെയും സ്വന്തമല്ലാത്തവന്‍, ആരുമില്ലാത്തവന്‍. "ഔദ്യോഗികമായി വെറുക്കപ്പെട്ടവനാണ് ഞാന്‍, കഠിന ഹൃദയനായിരുന്നു, അതില്‍ സന്തോഷിച്ചു. അപേക്ഷകര്‍ എന്‍റെ കസേരയിലേക്കു വരുമ്പോള്‍ ഞാന്‍ പല്ലു ഞെരിക്കുമായിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ഞാന്‍ വല്ലാതെ സന്തോഷിച്ചിരുന്നു."

"ആന്തരികമായി ഞാന്‍ നാണത്തെക്കുറിച്ചു ബോധമുള്ളവനായി. ഞാന്‍ വിരോധമുള്ളവനും അരിശം അടക്കിവച്ചവനും, അടുക്കുന്ന കുരുവി കളെ പേടിപ്പിക്കുന്നവനും അതിലൊക്കെ ആമോദിച്ചവനുമായിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലൊക്കെ എനിക്കു നാണമുണ്ടായി. അത് എന്‍റെ വിധമായിരുന്നു. എന്‍റെ അവബോധമാണ് ശരിക്കു രോഗം" എന്നു ചിന്തിക്കാന്‍ പ്രേരിതനായി. ഉന്നതവും ഉദാത്തവുമായ ചിന്തയുണ്ടായിരുന്നപ്പോഴും "ഞാന്‍ ചെളിക്കുഴിയില്‍ ആണ്ടു കഴിയുകയായിരുന്നു." "എല്ലാം താറുമാറായിരുന്നു." എല്ലാ അവ്യക്തതകളിലും ആകുലതകളിലും എപ്പോഴും ഒരു "വേദന" നിലനി ന്നു. അത് എത്ര വലിയ വേദനയാണ് എന്ന് ആരും അറിയുന്നില്ല. സാധാരണക്കാരെ അസൂയയോടെ നോക്കി, അവരെക്കുറിച്ചു വെറുപ്പുണ്ടായി. അസൂയ അരിശമായി മാറി.

തനിക്കും സാധാരണക്കാരനാകണം എന്നു തോന്നി. അതു വിഡ്ഢിത്തമാണെങ്കിലും. "അയാള്‍ വിഡ്ഢിയാണ്. ഞാന്‍ നിഷേധിക്കുന്നില്ല." നിഗൂഢതയുടെ തുറന്നുപറച്ചില്‍ എത്തുന്നത് ഇവിടെയാണ്. തന്നിലെ വൈരുദ്ധ്യത്തിന്‍റെ വേദനയറിയുവന്നവന്‍ ഏറ്റുപറയുന്നവനാണ്. അവന്‍ സ്വന്തം രോഗം അറിഞ്ഞവനാണ്. പക്ഷേ, പലരും ഇതു പറയാതെ രോഗിയാണ് എന്നറിയാതെ കപടലോകത്തില്‍ കാപട്യവുമായി ജീവിക്കുന്നു – സാധാരണക്കാരനെപ്പോലെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org