Latest News
|^| Home -> Pangthi -> ചിന്താജാലകം -> ശങ്കയില്ലാത്ത വിശ്വാസികള്‍

ശങ്കയില്ലാത്ത വിശ്വാസികള്‍

ഫാ. പോള്‍ തേലക്കാട്ട്

തോമസ് സംശയിച്ചു. സംശയം യേശു നിവര്‍ത്തിതമാക്കുകയും ചെയ്തു. ശങ്കിക്കേണ്ട എന്നല്ല യേശു പറഞ്ഞത്. കാണാതെ വിശ്വസിക്കാനാണ്. അല്പവിശ്വാസത്തില്‍നിന്നു പൂര്‍ണവിശ്വാസത്തിലേക്കു നടന്നുനീങ്ങുന്നവരുടെ കഥകളാണു യോഹന്നാന്‍ സുവിശേഷത്തില്‍ പറയുന്നത്. തോമസ് അപവാദമല്ല. മറിയം, നിക്കോദേമൂസ്, സമരിയാക്കാരി തുടങ്ങിയവരുടെ കൂട്ടത്തില്‍ ഒരുവന്‍.

മോണ്‍. ക്വിക്സോട്ട് എന്ന കത്തോലിക്കാവൈദികന്‍റെ കഥ പറയുന്ന ഗ്രഹാം ഗ്രീന്‍ എഴുതി: “വിശ്വാസത്തിന്‍റെ നേരിയ ഒരു നിഴല്‍മാറ്റത്തിന്‍റെ പേരില്‍പോലും വിശ്വാസി വിശ്വാസിയോടു അങ്കം വെട്ടും. സംശയിക്കുന്നവനാകട്ടെ തന്നോടുതന്നെ അങ്കത്തിലാകുന്നു.” ക്രൈസ്തവധര്‍മ്മ പരിഷ്കര്‍ത്താവായ സോറണ്‍ കീര്‍ക്കെഗോര്‍ എഴുതി: “വിശ്വാസം സംശയം ലോകത്തിലേക്കു കൊണ്ടുവന്നതുപോലെ വിശ്വാസം സംശയത്തെ കീഴടക്കും.” പക്ഷേ, അദ്ദേഹം പറഞ്ഞു: “ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളാണ് എന്ന മിഥ്യ തിരുത്തുകയാണ് എന്‍റെ ദൗത്യം.” അലസതയിലും കുഞ്ഞിന്‍റേതുപോലുള്ള അനുകരണത്തിലുമാണു ഭൂരിപക്ഷത്തിന്‍റെയും വിശ്വാസം എന്നു കുറ്റപ്പെടുത്തുന്നു.

സംശയമില്ലാത്ത വിശ്വാസം അപകടത്തിലാകും. സത്യത്തിന്‍റെ കുത്തകബോധവും അപരന്‍ തെറ്റിലാണെന്ന ബോദ്ധ്യവും ഉണ്ടാക്കുന്നതു ധാര്‍ഷ്ട്യവും അസഹിഷ്ണുതയും അവജ്ഞയുമാകാം. സംശയവും വിശ്വാസവും ചേര്‍ന്ന അങ്കമാണു വിശ്വാസജീവിതം. അതിന്‍റെ മനോഹരമായ ആഖ്യാനമാണു ബൈബിളിലെ യാക്കോബിന്‍റെ മല്‍പ്പിടുത്ത കഥ. അതില്‍ യാക്കോബ് മല്‍പ്പിടുത്തം നടത്തുന്നതു തന്നോടുതന്നെയാണെന്നും ദൈവവുമായിട്ടാണെന്നും ചെകുത്താനുമായിട്ടാണെന്നും തന്‍റെ സഹോദരന്‍ ഏസാവുമായിട്ടാണെന്നും വ്യാഖ്യാനിക്കാം. അതു ഒരു രാത്രിയുടെ കഥയാണ്, സ്വപ്നമാകാം, യാഥാര്‍ത്ഥ്യമാകാം. ഈ രാത്രിയുടെ കഥയില്ലാത്ത വിശ്വാസജീവിതമില്ല. ഈ യുദ്ധത്തില്‍ യാക്കോബാണ് മുറിവേറ്റ് പരാജയപ്പെട്ടത്. ദൈവം ജനിക്കുന്നു. ദൈവത്തെ ജയിപ്പിക്കുന്ന മല്‍പ്പിടുത്തങ്ങളില്‍ തീര്‍ച്ചയായും പരിക്കു പറ്റും. ആ പരിക്കില്‍നിന്നും മല്‍പ്പിടുത്തത്തില്‍ എന്നും പുറത്തുവരുന്നതു യാക്കോബല്ല, ഇസ്രായേലാണ്. ഈ മാറ്റമാണു വിശ്വാസം സൃഷ്ടിക്കേണ്ടത്. അതുകൊണ്ടാണു പൗലോസ് തിമോത്തിയോസ് പറഞ്ഞത്: “ഞാന്‍ നല്ല യുദ്ധം ചെയ്തു ഞാന്‍, എന്‍റെ വിശ്വാസം സംരക്ഷിച്ചു.”

കഫ്ക എഴുതി വിശ്വാസം ഒരു വാളാണ്, അതു ലഘുവാകാം, കഠിനവും. അതു മുറിക്കുന്നു – സംശയമില്ലാത്ത വിശ്വാസം മറ്റുള്ളവരെയും സംശയിക്കുന്ന വിശ്വാസം തന്നെയും. കഫ്കയെ സംബന്ധിച്ചിടത്തോളം ആദിപാപം പറുദീസയില്‍ പിറന്നു. അത് അപരനെ പഴി പറയുന്നതാണ്. അന്തമില്ലാത്ത കുറ്റാരോപണമില്ലാത്ത ജീവിതമുണ്ടോ? ഈ കുറ്റാരോപണത്തില്‍ നിന്ന് ആരാണു മുക്തമായിട്ടുള്ളത്. അതിന്‍റെ പരിക്ക് പറ്റാത്തവരുണ്ടോ?

“ഇല്ല” എന്ന നിഷേധമാണു കാര്യങ്ങളെ നവീകരിക്കുന്നത്; അതു സംഘട്ടനങ്ങളും ഉണ്ടാക്കും. ഞാന്‍ ജീവിക്കുന്നത് ‘ഇല്ല’ എന്നു പറയാന്‍ തന്നെയാണ്. പക്ഷേ, ഈ നിഷേധം ആരോടാണു ഞാന്‍ ആദ്യമായും അവസാനമായും പറയുക? എന്നോടോ നിന്നോടോ? ഈ നിഷേധവും ആത്യന്തികമായി ജീവിക്കാനുള്ള സമ്മതത്തിന്‍റെ ഏറ്റുപറച്ചിലിന്‍റെ ഫലമാണ്.

സത്യം അവിഭക്തമാണ്. പക്ഷേ, അത് അറിയാന്‍ ശ്രമിക്കുമ്പോള്‍ അതു വിഭജിതമാകും. സത്യം നുണയും നേരുമുണ്ടാക്കും. നാം എപ്പോഴും ഈ നേരിന്‍റെയും നുണയുടെയും ഇടയിലാണ്. ജീവിതം നേരിന്‍റെയും നുണയുടെയും ഇടയിലെ വഴുവഴുത്ത ഇടത്തിലാണ് – സ്ഥിരം കാലുകള്‍ വഴുതുന്നു. നില്ക്കുന്നിടത്തു നില്ക്കാന്‍ ഓടേണ്ടിവരുന്നു. എല്ലാ നില്പുകളുടെ ഇടയില്‍ വഴുതുന്ന ഭൂമി മാത്രം. ആവരണങ്ങളും മുഖംമൂടികളുമില്ലാതെ ഒന്നും കാണുന്നില്ല. ആവരണങ്ങളുടെ പിന്നില്‍ നോക്കി സത്യം കാണേണ്ടിവരുന്ന അങ്കലാപ്പ് എപ്പോഴും വിശ്വാസിയുടെ കൂടെയുണ്ട്. ആവരണങ്ങളില്ലാതെ ദൈവം പോലും വെളിവാകുന്നില്ല. ആവരണങ്ങളുടെ പിന്നിലെ ദൈവം ദൈവമാണോ എന്ന ആശങ്ക മാറുന്നില്ല. വാക്കുകളിലും കഥകളിലും രൂപകങ്ങളിലമാണു ദൈവം പ്രത്യക്ഷമാകുന്നത്. നുണക്കഥകള്‍ നേരു പ്രഖ്യാപിക്കുന്നു. മിഥ്യകളുടെ കെട്ടുകഥകളുടെ പിന്നില്‍ സത്യം ഒളിഞ്ഞിരിക്കുന്നു. വിഗ്രഹങ്ങളില്ലാതെ ദൈവമില്ല. വിഗ്രഹങ്ങളുടെ പിന്നിലെ ദൈവത്തിലെ വിശ്വാസം വിഗ്രഹങ്ങളിലുള്ള വിശ്വാസമായി മാറിയോ എന്ന ആശങ്ക വിട്ടുമാറുന്നില്ല.

ദൈവം പിതാവാണ്, ആണോ? ക്രൂരനായ പിതാക്കന്മാരുണ്ട്, സത്യനിഷ്ഠയില്ലാത്ത പദം. ദൈവം അവിടെ പിതാവുമല്ല, മാതാവുമല്ല. മനുഷ്യനാണു ദൈവത്തിന്‍റെ കണ്ണാടി. പക്ഷേ, മനുഷ്യന്‍ ദൈവത്തെ കാണിക്കാതെ മനുഷ്യനെ മാത്രം കാണിക്കുന്നു. ഉറച്ച അടിസ്ഥാനങ്ങള്‍ തേടി നടന്നു, എത്ര ഉറച്ച മണ്ണും പാറയും ഉറപ്പില്ലാത്ത ലാവയുടെ മുകളിലാണ് എന്നറിഞ്ഞു. ദൈവമേ, എന്‍റെ വീടുപണിയാന്‍ നിന്‍റെ ഉറപ്പ് എത്ര ഉറപ്പാണ്?

Leave a Comment

*
*