Latest News
|^| Home -> Pangthi -> ചിന്താജാലകം -> എഴുത്ത് എന്ന രക്ഷാമാര്‍ഗം

എഴുത്ത് എന്ന രക്ഷാമാര്‍ഗം

ഫാ. പോള്‍ തേലക്കാട്ട്

നിക്കോസ് കസാന്‍ദ് സാക്കീസ് താന്‍ എന്തുകൊണ്ട് എഴുതുന്നു എന്ന ചോദ്യം തന്നോടുതന്നെ ചോദിക്കുന്നു. സ്വന്തം നാടിനുവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സേവനമായി അദ്ദേഹം എഴുത്തു കാണുന്നു. പക്ഷേ, അതല്ല അതിന്‍റെ പ്രാഥമികലക്ഷ്യം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇവിടെ ഒരു മല്‍പ്പിടുത്തമായിരുന്നു, അന്തമില്ലാത്ത മല്‍പ്പിടുത്തം. ആദ്യമൊക്കെ അതു ബോധപൂര്‍വകമായിരുന്നില്ല. ഈ മല്‍പ്പിടുത്തത്തിന്‍റെ വൈരികള്‍ തന്നില്‍ അങ്കംവെട്ടി, അതു സ്വന്തം നാടും ശത്രുനാടുമായിരുന്നു, അതു വെളിച്ചവും ഇരുട്ടും നന്മയും തിന്മയുമായിരുന്നു. മനുഷ്യന്‍റെ ആന്തരികതയില്‍ നടക്കുന്ന ഈ സംഘര്‍ഷം എല്ലാവര്‍ക്കുമുണ്ടാകാം. ഡോ. ഫൗസ്റ്റീനെപ്പോലെ സ്വന്തം ആത്മാവിനെ ചെകുത്താനു വില്ക്കാത്തവര്‍ക്കു തീര്‍ച്ചയായും ഇതുണ്ടാകും. സമൂഹത്തില്‍ നിലകൊള്ളുന്ന ഏതു സംഘര്‍ഷത്തിലും ഈ നന്മതിന്മകളുടെ സംഘട്ടനം കാണാം. ഈ സംഘര്‍ഷഭൂമിയില്‍ വിശുദ്ധിയും നന്മയും തിരിച്ചറിയാത്തവിധം മണ്ണിന്‍റെയും ഭാഷയുടെയും ആവരണങ്ങള്‍ അണിയുന്നു. തിന്മയും അശുദ്ധിയും പലപ്പോഴും മുഖംമൂടികള്‍ ധരിച്ചായിരിക്കും സമൂഹത്തില്‍ നിലകൊള്ളുന്നത്.

നന്മയും തിന്മയും തുണികള്‍ അഴിച്ചു കുളിക്കാന്‍ ഇറങ്ങിയ കഥ പറഞ്ഞതു ഖലീല്‍ ജിബ്രാനാണല്ലോ. കുളി നിര്‍ത്തി തിന്മ നേരത്തെ കരയ്ക്കു കയറി നന്മയുടെ വേഷമെടുത്തുടുത്തു സ്ഥലം വിട്ടു. പിന്നെയാണു നന്മ കരയ്ക്കു കയറിയത്. അപ്പോള്‍ അയാളുടെ വസ്ത്രം പോയി, ബാക്കിയിരുന്ന തിന്മയുടെ വേഷവുമണിഞ്ഞ് അയാള്‍ സ്ഥലം വിട്ടു. ചെകുത്താന്‍ മാലാഖയുടെ വേഷമണിയുന്നു എന്ന് സെന്‍റ് പോള്‍ പറഞ്ഞില്ലേ?

കസാന്‍ദ്സാക്കീസ് തന്‍റെ എഴുത്തിനെക്കുറിച്ച് എഴുതി: “എന്‍റെ എഴുത്തു സൗന്ദര്യത്തിനുവേണ്ടിയായിരുന്നില്ല, അതു മോചനത്തിനുവേണ്ടിയായിരുന്നു – അതു രക്ഷപ്പെടലായിരുന്നു.” ആന്തരികസംഘര്‍ഷം എഴുതി സത്യം വിജയിപ്പിക്കുന്ന വിമോചനം. ഈ വ്യക്തിപരമായ അനുഭവത്തില്‍നിന്നു തന്നെയാണ് അദ്ദേഹം യേശുവിന്‍റെ പ്രലോഭനങ്ങളുടെ കഥ പറഞ്ഞത്. യേശു ശാരീരികവും മാനസികവുമായ സംഘര്‍ഷാരംഭത്തില്‍ ഒരു കൊവേന്തയിലേക്കു ചെല്ലുന്നു. അവിടെത്തെ ശ്രേഷ്ഠനായ റാബ്ബി ചോദിച്ചു: “എന്തിനു വന്നു?”

‘രക്ഷപ്പെടാന്‍.”

“രക്ഷപ്പെടാനോ? ആരില്‍ നിന്ന്, എന്തില്‍ നിന്ന്?”

“ദൈവത്തില്‍നിന്ന്.”

വിളറി വേദനിക്കുന്ന സ്വരത്തോടെ റാബ്ബി ചോദിച്ചു: “ദൈവത്തില്‍നിന്നോ?”

“ദൈവം എന്നെ വേട്ടയാടുന്നു; അവന്‍ എന്‍റെ തലയിലേക്കും വക്ഷസ്സിലേക്കും അരയിലേക്കും ആണികള്‍ അടിച്ചുകയറ്റുന്നു… അവന്‍ എന്നെ തള്ളിയിടാന്‍ പോകുന്നു…”

“എവിടെ?”

“മലമകുളില്‍നിന്ന്.”

“ഏതു മല?”

“അവന്‍റെ മല. ദൈവം എന്നോടു പറയുന്നു; എഴുന്നേറ്റു നിന്നു സംസാരിക്കാന്‍, ഞാന്‍ എന്തു പറയാനാണ്? എനിക്കൊന്നും പറയാനില്ല.”

ഈ പ്രതിസന്ധി സമൂഹത്തിലും മതത്തിലും വ്യക്തികള്‍ക്കുമുണ്ടാകാം. മനഃസാക്ഷി മന്ത്രിക്കുന്നു, എഴുന്നേറ്റു നിന്നു ധീരമായി സംസാരിക്കാന്‍, തിന്മകളെ എതിര്‍ക്കാന്‍, അത് അപകടകരമാണ് എന്നു യാഥാര്‍ത്ഥ്യബോധം പറയുന്നു. നിശ്ശബ്ദനാകൂ; മിണ്ടാതെ നടക്കൂ. മനഃസാക്ഷിയെ മരവിപ്പിക്കാനുള്ള പ്രലോഭനം. കാരണം മനഃസാക്ഷി ശബ്ദിച്ചാല്‍ അതു തനിക്കു സ്വന്തം വീട്ടില്‍പോലും ശത്രുക്കളുണ്ടാകുന്ന ദുര്യോഗം. അതുകൊണ്ടു യേശു പറയുന്നത് “എനിക്കു ഒന്നും പറയാനില്ല” എന്ന്. കാരണം ധാരാളം പറയാനുള്ളവനാണ്. എന്തു ചെയ്യും? ആ പ്രലോഭനത്തെ യേശു തരണം ചെയ്തു. അവനു തല്ലു മാത്രമല്ല, കുരിശും കിട്ടി. കുരിശില്‍ കിടന്ന് അവന്‍ മോങ്ങി.

Leave a Comment

*
*