തിന്മയുടെ തലവിധി

തിന്മയുടെ തലവിധി

ലക്ഷക്കണക്കിനു യഹൂദരെ കൊന്ന നാസി ഐക്മാന്‍ വെറും സാധാരണക്കാരനായിരുന്നു എന്ന് അയാളുടെ വിസ്താരത്തിനു സാക്ഷിയായ ആ കഥയെഴുതിയ അന്ന ആര്‍ഡനെറ്റ് അഭിപ്രായപ്പെട്ടു. തിന്മ സാധാരണമാണ് എന്നാണ് അവര്‍ പറയുന്നത്. എന്തുകൊണ്ട്? തിന്മ ചെയ്യുന്നവര്‍ ചിന്തിക്കുന്നില്ല എന്നതാണു വിശദീകരണം. കാന്‍റ് തന്നെ രണ്ടുതരം ചിന്തയെക്കുറിച്ചു പറയുന്നു. ഒന്നാമത്തേതു ശാസ്ത്ര ബുദ്ധിയാണ്. അതു വസ്തുതകളെ വിശകലനം ചെയ്തു മനസ്സിലാക്കുന്നു. ഈ ചിന്തയല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. ശാസ്ത്രീയചിന്ത നന്മയും തിന്മയും ഉണ്ടാക്കുന്ന ചിന്തയല്ല. വലിയ ശാസ്ത്രജ്ഞരും നല്ല വിദ്യാഭ്യാസമുള്ള ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും വഞ്ചിക്കുകയും കൊല്ലുകയും ചെയ്യുന്നു. ശാസ്ത്രവിദ്യകള്‍ ഒരുവനെ ധാര്‍മ്മികനാക്കുന്നില്ല.

രണ്ടാമത്തെ തരം ചിന്ത സൃഷ്ടിക്കല്‍ ചിന്തയാണ്. അതാണു ധാര്‍മ്മികചിന്ത. ഇല്ലാത്തത് ഉണ്ടാക്കുന്ന ക്രിയാത്മക ചിന്തയാണത്. വീടുണ്ടാക്കുന്നു, ബോംബുണ്ടാക്കുന്നു, അണക്കെട്ട് നിര്‍മ്മിക്കുന്നു, ഭക്ഷണമുണ്ടാക്കുന്നു, യുദ്ധമുണ്ടാക്കുന്നു, നന്മയും സമാധാനവും ഉണ്ടാക്കുന്നു.

തിന്മയും വേദനയും ഉണ്ടായപ്പോള്‍ ജോബ് നിലവിളിച്ചു ദൈവത്തോടു തര്‍ക്കിച്ചു. നിരപരാധകനായ താന്‍ സഹിക്കുന്നതെന്തിന്? അദ്ദേഹത്തെ മൂന്നു പേര്‍ ആശ്വസിപ്പിക്കാന്‍ വന്നു. മൂന്നു പേരും തിന്മയെ ചോദ്യം ചെയ്യുന്നില്ല. തിന്മയെ ന്യായീകരിക്കുന്നു – തിന്മയ്ക്കു ന്യായീകരണം കണ്ടെത്തുന്നു. തിന്മ ന്യായമാണ്, അതു വിധിയാണ്. അതിനു കാരണമുണ്ട്. നിന്‍റെ പാപം അല്ലെങ്കില്‍ നിന്‍റെ പിന്നിലുള്ള തലമുറയുടെ പാപം. പിതാക്കന്മാര്‍ പുളിച്ച മുന്തിരിങ്ങ തിന്നു, നിന്‍റെ പല്ലു പുളിക്കുന്നു. വിധിവിഹിതം തടുക്കാവതല്ല. വിഘടനമല്ല എളിയ സഹനമാണു പ്രതിവിധി. ഇവിടെ തിന്മയുണ്ടായതിനു ന്യായീകരണവുമുണ്ട്; അതിന്‍റെ സാധുതയും ചോദ്യം ചെയ്യുന്നില്ല.

ധര്‍മ്മത്തിന്‍റെ ചിന്ത തിന്മയ്ക്കെതിരായ ചിന്തയാണ്. അതു തിന്മയ്ക്കെതിരായ വിഘടനമാണ്. ദൈവത്തോടുകൂടിയാകുക എന്നാല്‍ ദൈവത്തെ ഈ ലോകത്തില്‍ ന്യായീകരിക്കുകയാണ്. അതു നന്മയുടെ ചിന്തയാണ്. തിന്മയുടെ പശ്ചാത്തലത്തില്‍ നന്മ ചിന്തിക്കുന്നത് അതുണ്ടാക്കലാണ്. അതു ദൈവത്തിന്‍റെ സൃഷ്ടികര്‍മത്തില്‍ പങ്കാളിയാകുകയാണ്. ഈ ധാര്‍മ്മികചിന്തയില്‍ സങ്കല്പമുണ്ട്. ഇല്ലാത്തതു സങ്കല്പച്ചുണ്ടാക്കുന്നിടത്തു കലയും സാഹിത്യവുമുണ്ട്. നന്മ ഉണ്ടാക്കി ദൈവത്തെ ന്യായീകരിക്കുക. "അംബരത്തിലെ താരകളും അകത്തെ ധര്‍മ്മബോധവും എന്നെ അമ്പരപ്പിക്കുന്നു" എന്നു കാന്‍റ് എഴുതി. അംബരത്തിലെ നക്ഷത്രങ്ങളെയും ഈ ലോകവസ്തുവകകളെയും അപഗ്രഥിച്ചു വിവരങ്ങള്‍ അറിയുന്നു. ഈ അറിവ് ധര്‍മ്മത്തിന്‍റെ അറിവല്ല. അത് ഒരുവനെ നല്ലവനാക്കുന്നില്ല. ഈ അറിവില്ലാത്തവന് തലവിധിയെ പഴിച്ച് അതില്‍ ആണിവച്ചവനായി സ്വാതന്ത്ര്യത്തിന്‍റെ സൃഷ്ടിയറിയാതെ ജീവിക്കുന്ന പേഗനാണ്. അവര്‍ക്കു തിന്മ സാധാരണമാകും. തിന്മയെ ന്യായീകരിക്കുന്നിടത്തു തിന്മ ആരംഭിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org