Latest News
|^| Home -> Pangthi -> ചിന്താജാലകം -> എന്‍റെ ചക്രവാളം

എന്‍റെ ചക്രവാളം

ഫാ. പോള്‍ തേലക്കാട്ട്

ഞാന്‍ ബൈബിളില്‍ ജീവിക്കുന്നു. ഞാന്‍ എന്ന മൂല്യമാണ് എന്‍റെ മുഖം. അത് എന്‍റെ ശരീരത്തിന്‍റെ, എഴുത്തിന്‍റെ മുഖമാണ്. അതു വായനക്കാര്‍ക്കു വായിക്കാം. അതിന് എന്‍റെ പേര്, ജന്മം, എന്‍റെ സ്ഥിതി, എന്‍റെ ബന്ധങ്ങള്‍, എന്‍റെ വ്യക്തിത്വത്തിന്‍റെ ആന്തരികത അതില്‍ എഴുതപ്പെട്ടിരിക്കുന്നു. എന്‍റെ സത്യമാണു മുഖം വിളിച്ചുപറയുന്നത്. എന്‍റെ സത്യം എന്‍റെ ആയുസ്സിന്‍റെ പുത്രിയാണ്. എന്‍റെ സത്യം ഒരു ദൈവശാസ്ത്രവുമാണ്.

ഞാന്‍ ഒന്നാണ്, ദൈവവിശ്വാസി. പണ്ടു റോമാചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ പറഞ്ഞത് ഓര്‍മിക്കുന്നു. ഒരു സാമ്രാജ്യം, ഒരു സഭ, ഒരു നിയമം. ഈ ഒന്നിന്‍റെ ഏകത്തില്‍ ഞാന്‍ വല്ലാതെ ബലം പിടിച്ചാല്‍ അതു ചിലപ്പോള്‍ നാസി മുദ്രാവാക്യംപോലെയാകും. “ഒരു നേതാവ്, ഒരു ജനത.” ഇവിടെ പ്രശ്നം എന്‍റെ ഒന്ന് മറ്റെല്ലാത്തിലും നിന്ന് ഒറ്റപ്പെട്ട ഒന്നാണോ എന്നതാണ്. ഞാനല്ലാത്തതിനെ എന്നിലേക്കു എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതു ചില്ലറ പ്രശ്നമല്ല. ഞാനെന്ന ഏകസ്വരം ബഹുസ്വരതയെ എങ്ങനെ ഉള്‍ക്കൊള്ളുന്നു, ശ്രദ്ധിക്കുന്നു എന്നതാണ്. എന്‍റെ ശരീരമെന്നതു എന്‍റെ തൊഴിലിന്‍റെയും എന്‍റെ കാഴ്ചകളുടെയും അറിവിന്‍റെയും മണ്ഡലമാണ്. ശരീരം ലോകത്തിന്‍റെ പലതുമായി ആലിംഗനത്തിലാകാം, അകല്‍ച്ചയിലാകാം – രണ്ടുതരം ബന്ധങ്ങള്‍.

ഞാന്‍ ബൈബിള്‍ വായിക്കുന്നു, അതില്‍ ജീവിക്കുന്നു. പക്ഷേ, മഹാഭാരതവും ഖുര്‍ആനും ഈ നാടിന്‍റെയും നാട്ടുകാരുടെയും ജീവിതവായനയുടെ ഗ്രന്ഥങ്ങളാണ്. രണ്ടു പുസ്തകങ്ങളുടെ മാത്രം പേരു പറഞ്ഞെന്നേയുള്ളൂ. ജീവിതം നിരന്തരമായി സ്വന്തമാക്കലും ഒഴിവാക്കലുമാണ്, മനസ്സിലാക്കലും വിട്ടുകളയലും. എന്നിലേക്കു കടന്നുവരുന്നതു ആഹാരവും വായുവും മാത്രമല്ല; ചിത്രങ്ങള്‍, രൂപകങ്ങള്‍, പദങ്ങള്‍, ആശയങ്ങള്‍, ആഖ്യാനങ്ങള്‍, കഥാരൂപങ്ങള്‍… ഒരു സംസ്കരവും സര്‍ഗാത്മകമായ സ്വാംശീകരണത്തിനു കഴിവില്ലാത്തതല്ല. ഇങ്ങനെ സ്വന്തമാക്കാന്‍ പറ്റാത്തതു സ്വകാര്യസ്വത്തും പകര്‍പ്പവകാശവുമാണ്.

ഇതില്‍പ്പെട്ടതല്ല വായന. ബൈബിളും ഖുര്‍ആനും മഹാഭാരതവും വായിച്ചു സ്വന്തമാക്കാം. അത് ഏതെങ്കിലും സമൂഹത്തിന്‍റെ സ്വകാര്യസ്വത്താകാം. പക്ഷേ, വായിക്കാനോ സ്വാശീകരിക്കാനോ ആഖ്യാനം നടത്താനോ മുടക്കില്ല. ഇത്തരം മുടക്കുകള്‍ ഫാസിസമാണ് – അക്രമമാണ്. പണ്ടു മുസ്സോളിനി ഗ്രാംഷിയെക്കുറിച്ചു പറഞ്ഞത് ഓര്‍മിക്കാം: “ആ തലച്ചോറ് ചിന്തിക്കുന്നതില്‍ നിന്നു തടയണം.”

ലോകനാടകം എന്‍റെ മുമ്പില്‍ നിറഞ്ഞാടുന്നു. മഹാഭാരതം വായിക്കുന്നു, ഖുര്‍ ആന്‍ വായിക്കുന്നു. ഇത്തരം വായനകള്‍ എന്‍റെ ലോകത്തിന്‍റെ അതിരുകള്‍ വിട്ടുപോകാന്‍ കാരണമാകുന്നു. എനിക്ക് എന്‍റെ അതിര്‍ത്തികള്‍ വിടാമോ? പക്ഷേ, നാമാരാണ്? വീടുവിട്ടു പുറത്തേക്കിറങ്ങുന്നത്, വിദേശത്തേയ്ക്കു പോകുന്നത്. വീട്ടിലിരുന്നു വിദേശം കാണാം, കേള്‍ക്കാം. മാത്രമല്ല പഴയ കഥകള്‍ കേള്‍ക്കാം, ഭാവിയുടെ കഥകള്‍ കല്പനയില്‍ കാണാം. അതിര്‍ത്തികള്‍ ലംഘിക്കുന്നതു പവിത്രമായി കരുതുന്ന ഉറപ്പുകള്‍ക്ക് അനിഷ്ടകരമാകാം. സര്‍ഗാത്മ കഥ ഏകദൈവവിശ്വാസം പോലെയാണ്; എന്നാല്‍ ഉത്പാദനക്ഷമത കൂടുതല്‍ മുതലാളിത്തപരമാണ്, ആതിഥ്യം ആലിംഗനം എന്നിവ സോഷ്യലിസ്റ്റാണ്. ബഹുസ്വരത കേട്ടിട്ടില്ലാത്ത സ്വരങ്ങളും മൊഴികളും കേള്‍ക്കുന്നതാണ്. അത് എന്‍റെ ബോദ്ധ്യങ്ങളില്‍ വന്നലയ്ക്കുന്നു, ഉറപ്പുകളെ സ്പര്‍ശിക്കുന്നു. ഞാന്‍ തൊട്ടാവാടിയെപ്പോലെ വാടും. ചിലതു തൊലിയില്‍ തൊട്ടു തൊലിപോലും അറിയാതെ പോകുന്നു. ചിലതു കടന്നുവരുന്നു; ശല്യപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു, സന്തോഷിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. മറ്റു ചിലപ്പോള്‍ അര്‍ത്ഥഗര്‍ഭമായ സത്യത്തിന്‍റെ മുഹൂര്‍ത്തം വന്നു വെളിപാടുകള്‍ ഉണ്ടാക്കുന്നു. അപ്പോള്‍ എന്‍റെ ഭൂമിശാസ്ത്രവും ചരിത്രവും അപ്രത്യക്ഷമാകും. കടന്നുവന്നതു കഥയാകാം, കാര്യമാകാം ഫലിതമാകാം, നാടകമാകാം… അവെയാക്കെ കടന്നുവന്നു വെളിവാക്കി സ്വഭാവമായി മാറുന്നു. അവിടെ സംഭവിക്കുന്നതു കാഴ്ചപ്പാടു മാറ്റമാണ്. കൊട്ടയില്‍ ഇരുന്നു കൊട്ട കണ്ടതില്‍നിന്നു കൊട്ടയുടെ പുറത്തിരുന്നു കൊട്ട കാണുമ്പോള്‍ മാറ്റം വലുതാണ് – അതാണു കാഴ്പ്പാടു മാറ്റം. എന്‍റെ അതിര്‍ത്തികള്‍ ലംഘിച്ചുപോകുന്നു. ചക്രവാളം വല്ലാതെ മാറി. പക്ഷേ, ഞാന്‍ ഞാനല്ലാതാകുന്നില്ല. എന്‍റെ വിശ്വാസം മാറുന്നില്ല, അതിന് ആഴവും പരപ്പും വര്‍ദ്ധിച്ചു. എന്‍റെ മനുഷ്യത്വം ഇവിടെ വലുതായി. എന്‍റെ ക്രിസ്തു വലുതായി. ഈ കാഴ്ചപ്പാടു മാറ്റം മറ്റു വിധത്തിലുമാകാം. അവിടെ മനുഷ്യത്വത്തിന്‍റെ ചക്രവാളം വല്ലാതെ വലുതായി. എന്‍റെ ബൈബിള്‍ മനസ്സിലാക്കുന്നതില്‍ ഖുര്‍ആനും മഹാഭാരതവും എന്നെ സഹായിച്ചു. ഒരു പാരസ്പര്യത്തിന്‍റെ വലിയ ചക്രവാളം എനിക്കുണ്ടാകുന്നു. അതു മനുഷ്യത്വത്തിന്‍റെ പരിവട്ടത്തിന്‍റെ വ്യാപനമാണ്. എന്‍റെ ദൈവശാസ്ത്രം മാറിയില്ല. അതില്‍ വര്‍ദ്ധിച്ച കാരുണ്യവും കണ്ണീരും കലര്‍ന്നു.

Leave a Comment

*
*