നീതിക്കുവേണ്ടി വിശക്കുന്നവര്‍ ആത്മീയരാണ്

നീതിക്കുവേണ്ടി വിശക്കുന്നവര്‍ ആത്മീയരാണ്

മറ്റുള്ളവര്‍ക്കു നീതി ലഭിക്കാന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതു മതാത്മക നടപടിയും നിലപാടുമാണ്. ഈ മാനസികാവസ്ഥയ്ക്കു സാധാരണമായി പറയുന്നത് യഹൂദ മെസ്സിയാനിസ്സം എന്നാണ്. "നീതിക്കായുള്ള താത്പര്യം ഉന്നതമായ മതാത്മകനടപടിയാണ്." ലെവീനാസ് എഴുതി. യഹൂദ വേദമായ പഴയ നിയമ ബൈബിളില്‍ ദൈവികതയ്ക്കു നല്കുന്ന നാമം നീതി എന്നാണ്. പത്തു നീതിമാന്മാരില്ലെങ്കില്‍ ഏതു നാടും നഗരവും നശിക്കുമെന്നാണു സോദോം ഗോമോറ ദേശങ്ങളുടെ കഥ പഠിപ്പിക്കുന്നത്. നീതിയുടെ നാവായിട്ടാണു പ്രവാചകര്‍ പ്രത്യക്ഷമാകുന്നത്. യേശുവിന്‍റെ സുവിശേഷകനായ മാത്യു അന്ത്യവിധിയെക്കുറിച്ചുള്ള വിവരണത്തില്‍ മനുഷ്യജീവിതത്തിന്‍റെ അവസാനത്തെ അളവ് നീതിയാണ്. ജീവിതത്തിന്‍റെ സാര്‍ത്ഥകതയില്‍ മോക്ഷപ്രാപ്തമാകുന്നവരെ നീതിമാന്മാര്‍ എന്നു വിളിക്കുന്നു. നീതിക്കുവേണ്ടി പീഡിതരാകുന്നവരെ രക്തസാക്ഷികളായി ആദരിക്കുന്നു. യഹൂദമതത്തില്‍ രക്ഷകന്‍ വരുന്നതു നീതി സ്ഥാപിക്കാനാണ്. കാലം ആ വിധത്തില്‍ എപ്പോഴും കാത്തിരിപ്പിന്‍റെ കാലവുമാണ് – രക്ഷകനും രക്ഷയ്ക്കും വേണ്ടിയുള്ള കാത്തിരിപ്പ്.

യഹൂദനും ആധുനിക അപനിര്‍മാണ ചിന്തകനുമായ ഷാക് ദെരീദയുടെ "മാര്‍ക്സിന്‍റെ പ്രേതങ്ങള്‍" എന്ന കൃതിയില്‍ മാര്‍ക്സിന്‍റെ ചരിത്രപരമായ സംഭാവനയും തനിമയും അതിന്‍റെ വിമര്‍ശനപരമായ നിലപാടു മാത്രമല്ല; മറിച്ച് അതിന്‍റെ രക്ഷയുടെ വാഗ്ദാനസമീപനത്തിന്‍റെ പൈതൃകവുമാണ്. അതിന്‍റെ ഉറവിടം യഹൂദമതവും അതിന്‍റെ വാഗ്ദാന നിലപാടുമാണല്ലോ. ഈ വാഗ്ദാനത്തിന്‍റെ സ്ഥിരപ്രതിഷ്ഠിതമായ ബിംബം പുറപ്പാടാണ്. വാഗ്ദാനനാട്ടിലേക്കുള്ള പുറപ്പാടു യാത്ര, നല്ല നാട് എന്ന നീതിയുടെ നാട്ടിലേക്കുള്ള യാത്ര. അതു വര്‍ത്തമാനത്തില്‍നിന്നു ഭാവിയിലേക്കുള്ള യാത്രയാണ്.

ഈ യാത്രയില്‍ രണ്ടു സമീപനങ്ങള്‍ ഉണ്ടാകാം. ഒന്നാമത്തേത്, അനുഷ്ഠാനപ്രധാനമായതാണ്; അവിടെ പ്രാര്‍ത്ഥനയും കര്‍മ്മാദികളുമുണ്ടാകാം. പക്ഷേ, ഈ വിശ്വാസം നല്ല നടപടികളിലേക്കു നീങ്ങാതെ, വെളിപാടിനെ ചരിത്രത്തില്‍ വ്യാഖ്യാനിച്ചു പ്രയോഗിക്കാതെ സമസ്യയായി അവശേഷിക്കുന്നു. വിശ്വാസത്തെ അന്ധമായതും ചിന്താരഹിതവുമായി വിശ്വാസസത്യങ്ങളില്‍ ധാര്‍മ്മികമാനങ്ങളെ അടച്ചുപൂട്ടുന്നു. വിശ്വാസത്തെ വിഗ്രഹവത്കരിച്ച് അനുഷ്ഠാനങ്ങളില്‍ മമ്മിയായി മാറുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ ലോകവ്യഗ്രതയില്‍ നിന്ന് അന്യവത്കരിച്ചു കളയുന്നു. ദൈവത്തിന്‍റെ അസ്തിത്വം അങ്ങനെ അന്യവത്കരണമാധ്യമമായി എന്നു മാര്‍ക്സ് വിമര്‍ശിച്ചു. അതായിരുന്നു മാര്‍ക്സിന്‍റെ നിരന്തര വിമര്‍ശനം. അവിടെ വിശുദ്ധിയും ലൗകികവുമായതും വേര്‍തിരിക്കപ്പെട്ടു. അതാണു മാര്‍ക്സ് ചോദ്യം ചെയ്തത്. മതത്തിന്‍റെ സത്ത ദെരീദയെ സംബന്ധിച്ചു ലോകത്തിലെ വിളിയാണ്, ലോകത്തില്‍ നിന്നുള്ള വിളിയല്ല. അതു ലോകത്തില്‍ ഇടപെടാനുള്ള വിളിയാണ്. "മറുപടിയാണ് മതം" ദെരീദ എഴുതി.

വാഗ്ദാനം എന്നതു ഭാവിയിലെ പ്രാഥമികമായ മനുഷ്യബന്ധത്തിന്‍റെ നടപടിക്കുള്ള മറുപടിയാണ്. മതം പ്രാഥമികമായി വിശ്വാസമാണ്. വാഗ്ദാനത്തിന്‍റെ അനിവാര്യതയാണു വിശ്വാസം. വിശ്വാസവും വിശദീകരണവുമില്ലാതെ ജീവിതമില്ല. ഈ വിശ്വാസമണ്ഡലത്തിലാണു മതം. രക്ഷയുടെ വാഗ്ദാനത്തില്‍ നിന്നു മാറി മതചിന്തയില്ല. അതുകൊണ്ടുതന്നെ രക്ഷയുടെ വാഗ്ദാനത്തില്‍നിന്നും രാഷ്ട്രീയത്തെ മാറ്റിനിര്‍ത്താനുമാകില്ല. മതത്തില്‍ അപ്പോള്‍ ദൈവശാസ്ത്രവും രാഷ്ട്രീയവുമുണ്ട്. അതു നിയമം ഉണ്ടാക്കലാണ്, അക്രമം നിയന്ത്രിക്കുന്ന അക്രമം. അതുകൊണ്ടുതന്നെ "നിയമത്തില്‍ എന്തോ പന്തികേടുണ്ട്." കാരണം നിയമം ഉണ്ടാക്കുന്ന നിശ്ശബ്ദതയുടെ അക്രമാസക്തമായ ഘടനയില്‍ നിന്നും നിശ്വാസങ്ങള്‍ ഉയരുന്നു. അതുകൊണ്ടു വിശ്വാസവും ഉത്തരവാദിത്വവും നിരന്തരമായ അഴിച്ചുപണി നിര്‍ബന്ധമാക്കുന്നു. നീതിയും അതുണ്ടാക്കുന്ന വാഗ്ദാനനാടും എപ്പോഴും അകലെയാണ്. അങ്ങോട്ടുള്ള യാത്രയും വിളിയും ഉത്തരവാദിത്വം പേറുന്നു – അതാണ് ആത്മീയത. ദെരീദയ്ക്കു മതം മൗലികമായി നീതിയുടെ വിളിക്കു നല്കുന്ന ഉത്തരവാദിത്വമാണ്. അതു പൂര്‍ണമായി നിറവേറ്റി എന്ന് ഒരിക്കലും പറയാനാവില്ല. അതുകൊണ്ട് എപ്പോഴും നീതിക്കായുള്ള മുറവിളികള്‍ ഉയരുന്നു. അതുകൊണ്ടു നീതിയുടെ ഇടപെടലുകള്‍ എപ്പോഴും ആവശ്യമാകുന്നു. ലൗകികം അലൗകികം എന്ന വിരുദ്ധത മതത്തിന്‍റെ സമൂഹനിര്‍മാണത്തിന്‍റെ അനിവാര്യതയാണ്. "നീതി എല്ലാക്കാര്യങ്ങളിലും ലൗകികം മാത്രമല്ല മതത്തിന്‍റെ പുണ്യവുമാണ്." നീതിയുടെ അപകടകരമായ നടത്തിപ്പിന്‍റെ ഭാഷയായി വിശുദ്ധ ഭാഷ മാറുന്നു. വിശുദ്ധ ഭാഷ എന്നോ സെക്കുലര്‍ ഭാഷ എന്നോ രണ്ടില്ല. എല്ലാ ഭാഷയും സെക്കുലറാണ്, ഏതു ഭാഷയുടെയും പുറംകവചം സെക്കുലറായാലും അതിന്‍റെ അകവും ആഴവും എപ്പോഴും വിശുദ്ധമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org