“ദൈവമേ, ഞങ്ങള്‍ നിന്നെ സഹായിക്കാം”

“ദൈവമേ, ഞങ്ങള്‍ നിന്നെ സഹായിക്കാം”

1942 നവംബര്‍ 30-ാം തീയതി ഔഷ്വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നാസികള്‍ കൊന്ന 29 വയസ്സുകാരി യഹൂദ യുവതിയാണ് ഏറ്റി ഹില്ലേസും. കൊല്ലപ്പെടുന്നതിനുമുമ്പ് അവര്‍ എഴുതിയ പ്രാര്‍ത്ഥനയിലെ ഒരു വാചകം ഉദ്ധരിക്കട്ടെ. "നിനക്ക് (ദൈവത്തിന്) ഞങ്ങളെ സഹായിക്കാനാവില്ല. പക്ഷേ, ഞങ്ങള്‍ നിന്നെ സഹായിക്കണം. ഞങ്ങളുടെ ഉള്ളിലെ നിന്‍റെ വാസസ്ഥലം അവസാനം വരെ ഞങ്ങള്‍ പ്രതിരോധിക്കും." അവര്‍ എഴുതി: "എന്നില്‍ ആഴമേറിയ കിണറുണ്ട്. അതില്‍ ദൈവം വസിക്കുന്നു. ചിലപ്പോള്‍ ഞാനും അവിടെയാണ്." ദൈവം സാദ്ധ്യതകളാണു നമുക്കു വച്ചുനീട്ടുന്നത്.

ദൈവരാജ്യം പ്രഖ്യാപിച്ച് അത് അടിച്ചേല്പിക്കുന്ന ഒരു ദൈവത്തെയല്ല യേശുക്രിസ്തു പ്രസംഗിച്ചത്. ദൈവികതയുടെ സാദ്ധ്യത വച്ചുനീട്ടുന്നു. ദൈവികത സംഭവിക്കാനുള്ള സാദ്ധ്യതയുമായി അവര്‍ വാതില്ക്കല്‍ മുട്ടുന്നു. അവര്‍ ഇടിച്ചു തുറക്കുന്നില്ല. നിന്‍റെ സ്വാര്‍ത്ഥതയെ ഇടിച്ചുനിരത്തി നിന്‍റെ കാമത്തിനു തീവച്ചു കാര്യങ്ങള്‍ നടപ്പിലാക്കുന്നില്ല. ദൈവത്തിന്‍റെ ക്ഷണം സ്വീകരിച്ചു മനുഷ്യവ്യക്തിയാകാനുള്ള സാദ്ധ്യത നിവര്‍ത്തിക്കുന്ന നിന്‍റെ ഹൃദയത്തെ പ്രതിരോധിച്ച വചനം മാംസം ധരിക്കാന്‍ നീ വേണം. ദൈവം വിളിക്കുന്നു, ചക്രവാളം തുറക്കുന്നു. ഈ വാഗ്ദാനത്തില്‍ ദൈവം തന്‍റെ ദൈവികത പൂര്‍ണമായി അഴിച്ചുമാറ്റുന്നു. ഞാന്‍ ആയിരിക്കുന്നവന്‍ ആകുന്നു (പുറ. 3:14). ആയിരിക്കുന്നവയുടെ മാത്രമല്ല, ഓര്‍മകളുടെ ദൈവം മാത്രവുമല്ല, ആകാമായിരിക്കുന്നവയുടെയും ദൈവമാണ്. വാഗ്ദാനങ്ങളുടെ ദൈവം ആയുസ്സിന്‍റെ വിസ്തൃതമായ ആകാശം തുറന്നു തരുന്നു. മനുഷ്യനു ദൈവം നല്കുന്ന ഏറ്റവും വലിയ ദാനം സ്ഥലകാലങ്ങളുടെ ഇടമാണ്. ദൈവം കടല്‍ തന്നു, നാം കപ്പലുണ്ടാക്കണം; ദൈവം കാറ്റ് തന്നു, നാം കപ്പല്‍പായ് ഉണ്ടാക്കണം; ദൈവം പ്രശാന്തത തന്നു, നാം തുഴ ഉണ്ടാക്കണം.

പുറപ്പാടിന്‍റെയും രൂപാന്തരീകരണത്തിന്‍റെയും ദൈവം ആയിത്തീരുന്ന സാദ്ധ്യതകളുടെയാണ്. കൂസായിലെ നിക്കോളാസ് സാദ്ധ്യത(ജീലൈ)യ്ക്കു ദൈവനാമം നല്കി. വചനമില്ലാതെ മാംസധാരണമില്ല; മുള്‍പ്പടര്‍പ്പിലെ വചനം കേള്‍ക്കാതെ പുറപ്പാടു സംഭവിക്കില്ല. നസ്രത്തിലെ കന്യക വചനം സ്വീകരിക്കാതെ ക്രിസ്തുസംഭവം ഉണ്ടാകില്ല. തിന്മ നന്മയുടെ അഭാവമാണ്. പീഡനങ്ങളുടെ ലോകത്തില്‍ നാം ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണമെന്നതാണു ഗൗരവപ്രശ്നം. ദൈവികതയുടെ സാദ്ധ്യതകള്‍ നഷ്ടപ്പെടാം, അതു വക്രീകരിക്കാം. ദൈവത്തിന്‍റെ ദൈവികത ഉരിഞ്ഞു മാറ്റിയ ലോകമാണിത്.

അസാദ്ധ്യം എന്നതു വെറും തോന്നലാകാം, ഭയമാകാം. അസാദ്ധ്യം എന്നു കരുതപ്പെടുന്നതു സാദ്ധ്യമാണ്. എല്ലാറ്റിനും രൂപാന്തരീകരണം സാധിക്കും. അനീതിയില്‍ നിരാശ വേണ്ട, പുതിയ ആകാശവും പുതിയ ഭൂമിയും സാദ്ധ്യമാണ്. സങ്കല്പത്തിന്‍റെ നവീനതകള്‍ക്കു ചക്രവാളം തുറക്കുന്നു. ഈ ചക്രവാളമാണു ലോകത്തെ നേരിടാന്‍ നമ്മെ ശക്തരാക്കുന്നത്. "നിന്‍റെ ലോകത്തില്‍ നിന്നു രക്ഷപ്പെടാനല്ല, അതില്‍ നിലനില്ക്കുന്ന സാദ്ധ്യതകളിലൂടെ നേരിടാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്." അതുകൊണ്ട് ഏറ്റി ഇങ്ങനെ പ്രാര്‍ത്ഥിച്ചു. "ദൈവമേ ഞാന്‍ നിന്നെ സഹായിക്കാന്‍ ശ്രമിക്കാം. എന്‍റെ ശക്തി ചോര്‍ന്നു പോകാതെ, അത് എനിക്കു നേരത്തെ തന്നെ ഉറപ്പാക്കാനാവില്ല. പക്ഷേ, ഞങ്ങള്‍ക്കു നിന്നെ സഹായിക്കാനാവും. അവസാനം വരെ നിന്‍റെ ഞങ്ങളിലെ ഇടം കാത്തുസൂക്ഷിച്ചുകൊണ്ട്." "ഈ വക കാര്യങ്ങള്‍ അനുവദിച്ചതിനു എനിക്കു നിന്നോടു ക്ഷമിക്കാനാകും. ദൈവത്തോടു ക്ഷമിക്കത്തക്കവിധമുള്ള സ്നേഹം തന്നോടുതന്നെ ഉണ്ടാകാന്‍ കഴിയട്ടെ." ദൈവമാകു ന്ന കേന്ദ്രത്തില്‍നിന്നുള്ള ഉറവയുടെ ഉന്മേഷത്തില്‍ നാം അനുദിനം ആയിരം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. "മനുഷ്യവംശത്തോടുള്ള സ്നേഹം പൊട്ടിമുളച്ചാല്‍ അത് അളവില്ലാതെ വളരുന്നു. മനുഷ്യരില്‍ ഞാന്‍ നിന്നെ തേടുന്നു. എല്ലാവരിലും നിന്‍റെ എന്തെങ്കിലും ഞാന്‍ കാണുന്നു."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org