Latest News
|^| Home -> Pangthi -> ചിന്താജാലകം -> ഉറക്കുന്നു വിശ്വാസം

ഉറക്കുന്നു വിശ്വാസം

ഫാ. പോള്‍ തേലക്കാട്ട്

ഉറക്കം എന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്. ജീവിതത്തിന്‍റെ പകുതിയോളം ഉറങ്ങി. ഏഴാം ദിവസത്തിന്‍റെ വിശ്രമം ദൈവം സൃഷ്ടിച്ചു. അത് ഉറക്കത്തിന്‍റെ സൃഷ്ടിക്കായിരുന്നില്ലേ? ദൈവം ഉറക്കത്തിനടിയിലും ഒളിഞ്ഞിരിക്കുന്നു! ഞാന്‍ ഉറങ്ങുന്നു, എന്‍റെ സര്‍വാധിപത്യമാണ് ഉറങ്ങുന്നത്. ചിത്രത്തിലും സകല പ്രബലരും അല്ലാത്തവരും ഉറങ്ങി ഉണര്‍ന്നവരാണ്. എങ്ങനെ ഉണര്‍ന്നു, എന്തുകൊണ്ട് ഉണര്‍ന്നു? മനുഷ്യന്‍റെ സാധാരണ നടപടിയെന്നു തോന്നുന്ന അതില്‍ ആശ്ചര്യമില്ലേ? പടികിട്ടാ പ്രശ്നമല്ലേ ഉറക്കം?

ഉറങ്ങുന്നത് ഏതോ പൊതു നിയമപ്രകാരമാണ് എന്നാണു തോന്നുന്നത്. എല്ലാവരിലുമുണ്ട് ഒരു ഘടികാരം. കര്‍മ്മത്തില്‍ പകല്‍ കഴിഞ്ഞു രാത്രിയുടെ ഉറക്കം. പക്ഷേ, രാത്രി എന്താണു സംഭവിക്കുന്നത്? പകലിനെ ഇല്ലായ്മ ചെയ്തുകൊണ്ട് ഉറക്കം കടന്നുവരുന്നു. എന്‍റെ ഉറക്കത്തിനും എനിക്കുമിടയില്‍ ഒരു ഉടമ്പടിയില്ലേ? അതില്‍ രഹസ്യമൊന്നുമില്ലായിരിക്കാം. ഉറക്കം എന്‍റെ വേലക്കാരനെപ്പോലെ, അടിമയെപ്പോലെ, എന്‍റെ അധികാരത്തിന്‍റെ ആയുധമായി ഉപയോഗിക്കുന്നു. ഞാന്‍ എന്‍റെ വേലക്കാരനെ എല്ലാം ഏല്പിച്ചിട്ട് ഉറങ്ങുന്നു. ഉറങ്ങുമ്പോള്‍ പ്രഭാതത്തിന്‍റെ പ്രതീക്ഷയുണ്ട്. ഉറങ്ങാന്‍ അനിവാര്യം ജാഗ്രതയുടെ കാവല്‍വെടിയലാണ്. ആഴമാര്‍ന്ന ഉറക്കത്തിന്‍റെ രഹസ്യം ഉറക്കത്തില്‍ രക്ഷപ്പെടുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ എന്നെ കാക്കു ന്നത് ആഴമാര്‍ന്ന ഉറക്കത്തില്‍ ഇല്ലാതാകുന്നു. എന്‍റെ കാവല്‍ ഞാന്‍ വെടിയുന്നത് എന്തുകൊണ്ട്? അതു വെടിയുമ്പോള്‍, എന്‍റെ ആകാംക്ഷകള്‍, പേടികള്‍, എന്‍റെ ജീവനും എനിക്കു മാത്രം. ഞാന്‍ കാക്കുന്ന ജാഗ്രതയാണ് ഉപേക്ഷിക്കുന്നത്. അതു വെടിയുമ്പോള്‍ ഞാന്‍ പുലര്‍ത്തുന്നതു ധീരമായ ഏതോ സമചിത്തതയാണ്, നിര്‍മമതയാണ്. എന്നോട് എനിക്കുള്ള മമത ഞാന്‍ വിട്ട് ഉറങ്ങുന്നു.

കണ്ണു തുറന്നുവച്ച് ഉറങ്ങുന്നത് എന്തോ കുഴപ്പമാണ്; ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ. കണ്ണടയ്ക്കണം, ഇനി ഒന്നും കാണണ്ട എന്ന നിശ്ചയം. ഉറക്കക്കേടിന്‍റെ പിന്നില്‍ കുറ്റബോധവും മാനസികരോഗാവസ്ഥയുമുണ്ട്. അങ്ങനെയുള്ളവര്‍ രാത്രിക്കു കാവലിരിക്കുന്നു. അവര്‍ക്ക് ഉറങ്ങാന്‍ ധൈര്യമില്ല. അവര്‍ ഭയപ്പെടുന്നു. ഉറക്കം വരുന്നത് അനാസക്തിയിലും മറവിയിലുമാണ്. അവര്‍ക്കു രാത്രി പകലാക്കാന്‍ താത്പര്യമില്ല. ലോകത്തോടും അതിന്‍റെ വ്യഗ്രതയോടും വിടപറയുന്ന അശ്രദ്ധ വേണം ഉറങ്ങാന്‍. ലോകത്തിലുള്ള ഉത്തരവാദിത്വങ്ങളും ഒഴിയുന്നു. അതിന് എന്ത് ഉറപ്പുണ്ട്? ഉറക്കത്തിന് ഒരു ഉറപ്പു വേണം. ഒരു ഉറപ്പിന്‍റെ, വിശ്വാസത്തിന്‍റെ ശേഷക്രിയയാണ് ഉറക്കം. യുളീസിനെപ്പോലെ കപ്പല്‍ മരത്തില്‍ സ്വയം ബന്ധിതനായി കാത്തുനില്ക്കുന്നില്ല. തലയിണയുമായി ഗാഢബന്ധത്തിലാകുന്നതു ഭീകരമായി തോന്നാവുന്ന അനാസക്തിയും ശിശുസഹജമായ വിശ്വാസത്തിലുമാണ്. ലോകം ആവശ്യപ്പെടുന്ന ശ്രദ്ധയില്‍നിന്നും ജാഗ്രതയില്‍നിന്നും സ്വതന്ത്രനാകുന്നു. ഉറക്കത്തില്‍ ഇറങ്ങി നടക്കുന്നവന്‍ സംശയാലുവാണ്. അയാള്‍ക്ക് ഉറങ്ങാന്‍ വിശ്വാസമില്ല. അയാള്‍ക്കില്ലാത്തത് അടിസ്ഥാന ആത്മാര്‍ത്ഥയാണ്. പക്ഷേ, ആരോട്?

ഞാനല്ലാത്ത കേന്ദ്രത്തോടുള്ള ആഴമാര്‍ന്ന ബന്ധത്തിലാണു ഞാന്‍ ഉറങ്ങുന്നത്. ലോകം മുഴുവന്‍ അവന്‍റെ കിടക്കയിലേക്കു ചുരുങ്ങുന്നു. ഉറക്കത്തിന്‍റെ ഇടത്തിലേക്കു വലിയ വിശ്വാസത്തോടെ വലിയുന്നു. ഞാന്‍ ഉറപ്പായ എന്നു വിശ്വസിക്കുന്ന ഇടത്തില്‍ കിടന്ന് അപ്രത്യക്ഷനാകുന്നു. അമ്മയുടെ മടിത്തട്ടില്‍ കിടന്നുറങ്ങുന്ന കുട്ടിയെപ്പോലെ. ആ കുട്ടിക്കു ലവലേശം ആശങ്കയില്ല, അതിന്‍റെ ഉറപ്പ് അതിലല്ല. അതു വിശ്വാസമാണ്. ഒരു പുതിയ പ്രഭാതത്തിന്‍റെ വാഗ്ദാനത്തിലും പുതിയ ദിവസം ദാനമായി കിട്ടുന്നു എന്ന വിശ്വാസം. അത് ഒരു ഉറപ്പാണ്; അസ്തിത്വത്തിന് അതീതമായ ഉറപ്പ്. ഉറക്കം ആലിംഗനത്തിന്‍റെ ഫലമാണ്. ആലിംഗനം തൊടുന്നതും കെട്ടിപ്പിടിക്കുന്നതും എന്താണ് എന്ന് അത് അറിയുന്നില്ല. അറിയുന്നില്ല എന്നതാണ് അതിന്‍റെ രഹസ്യവും അടിസ്ഥാനവും. “ആലിംഗനം ഉള്ളടക്കമില്ലാത്ത ശുദ്ധമായ ഭാവിയാണ്.” അതു ജീവിതത്തിന്‍റെ മാനത്തില്‍നിന്നുണ്ടാകുന്ന ആശ്രയവും അതിനോടുള്ള വിശ്വാസത്തിന്‍റെ അഭയബോധവുമാണ്. അതു വീടണയലാണ്. ഈ ലോകഭൗതികതയുടെയും ശാസ്ത്രങ്ങളുടെയും മണ്ഡലങ്ങള്‍ക്കു പുറത്തുള്ള ഒരു ബന്ധത്തിന്‍റെ ദാനമായി ഉറക്കം നിലകൊള്ളുന്നു. രാത്രി സ്വാഭാവികമായി ഉണ്ടാകേണ്ടത് അരക്ഷിതബോധവും ഉറക്കക്കേടുമാണ്. “അസ്തിത്വത്തിന്‍റെ ആദി” എന്നാണ് ഉറക്കത്തില്‍ നിന്നുള്ള ഉണര്‍വിനെ ലെവീനാസ് വിശേഷിപ്പിക്കുന്നത്. ഈ ആദിയുമായുള്ള ബന്ധത്തിലാണ് ഉറങ്ങുന്നത്. ഈ ആദിയെക്കുറിച്ചാണ് ഉത്പത്തിപുസ്തകത്തിന്‍റെ ആദ്യപേജുകള്‍ പറയുന്നത്. ഞാന്‍ ഉണരുന്നതും ഉറങ്ങുന്നതും ഈ ആദിയുമായുള്ള ബന്ധത്തിന്‍റെ വിശ്വാസത്തിലാണ്. ആ വിശ്വാസം ധാരാളം പേരില്‍ ബോധമണ്ഡലത്തില്‍ പോലുമുണ്ടാകണമെന്നില്ല. ജീവനെ നിലനിര്‍ത്തുന്നത് ഈ ആദിയാണ്. എല്ലാ സാദ്ധ്യതകളും സാദ്ധ്യമാക്കുന്നത് ഇതാണ്. നാം നമ്മില്‍ ആണി വച്ചവരല്ല. അസ്തിത്വത്തിന്‍റെ സത്യമാണത്. നാം ജീവിക്കുന്നതില്‍ നമുക്കു ചുറ്റും സംഭവിക്കുന്നതില്‍ നാം കാണാതെ പോകുന്നു അധികവും. ഈ ദൈവസാന്നിദ്ധ്യം നമ്മുടെ അസ്തിത്വത്തിന്‍റെ പേരാണ്, നമ്മുടെ ജീവിതത്തിന്‍റെ അഭയവും അത്താണിയുമാണ്. “വീട്ടിലായിരിക്കുക എന്നാല്‍ പാത്രത്തിലാകുന്നതല്ല, എനിക്കു ഞാനാകാന്‍ കഴിയുന്ന ഇടമാണ്.” അതു ബലപ്രയോഗമില്ലാത്ത അധികാരമാണ്. അതില്‍ ആശ്രയിക്കുമ്പോള്‍ ഉറക്കം വരുന്നു. ഉറക്കത്തിന്‍റെ പിന്നിലെ വിശ്വാസം കണ്ടെത്തിയ ആശ്വാസമുണ്ട്. പള്ളിയും ക്ഷേത്രവും ആളുകളുടെ ഉറക്കത്തിന്‍റെ രഹസ്യത്തിന്‍റെ വേദിയാണ്.

Leave a Comment

*
*