മുഖം മൊഴിയുന്നു

മുഖം മൊഴിയുന്നു

"ഭാഷയുടെ ഉത്പത്തി മുഖത്തിലാണ് എന്നു ഞാന്‍ കരുതുന്നു. ഒരുവിധത്തില്‍ ആ മൗനമാണു വിളിക്കുന്നതും." യഹൂദചിന്തകനായ എമ്മാനുവേല്‍ ലെവീനാസ് എഴുതി, മുഖത്തില്‍ നിന്നാണു മുഖം മൊഴിയുന്നത്. മുഖവും വചനവും തമ്മിലുള്ള ബന്ധം മനുഷ്യബന്ധത്തിന്‍റെ സമസ്യയാണ്. മുഖത്തേയ്ക്കു നോക്കിനില്ക്കുന്ന മനുഷ്യന്‍ എന്നോടു പറയുന്നുണ്ട്. അതിനു ഭാഷ വേണോ? മുഖമാണു ഭാഷണം – അവിടെനിന്നാണു ഭാഷയുണ്ടാകുന്നത്. മുഖത്തിന്‍റെ മൊഴിയലാണ് ഏതു തരത്തിലുമുള്ള സംഭാഷണത്തിനു സാദ്ധ്യത സൃഷ്ടിക്കുന്നത്.

മുഖം ശരീരരൂപമായ ഒരു മുഖമല്ല – അതു പ്രപഞ്ചവുമാണ്. പ്രപഞ്ചം മുഴുവന്‍ മുഖത്തിലൂടെ മൊഴിയും. കലാകാരന്‍ മുഖം മൊഴിയുന്നതു ചിത്രത്തിന്‍റെ വര്‍ണങ്ങളായി മാറ്റുന്നു. കലാകാരന്‍ ചിത്രത്തിലൂടെ ശ്രമിക്കുന്നതു മുഖത്തില്‍ വെളിവാകുന്നതു അതിഭൗതികതയാണ്. കണ്ണുകള്‍ കാണുന്നതിനപ്പുറമുള്ള അദൃശ്യമായതും ചിത്രമാക്കാന്‍ ശ്രമിക്കുന്നു. കല ആ വിധത്തില്‍ ദൈവത്തിന്‍റെ പണിയുടെ ഭാഗമാകുന്നു. അത് അനുഷ്ഠാന നടപടിയാകും. കലാകാരന്‍ വരയ്ക്കുന്ന എന്തിനും മുഖം നല്കാനാണു ശ്രമിക്കുന്നത്. അതാണു കലയുടെ മഹത്ത്വവും. അതോടൊപ്പം അതിന്‍റെ തട്ടിപ്പും.

മുഖം കാണാവുന്നതല്ല. മുഖമെന്നു പറയുന്നതു മൂക്കും കണ്ണുകളും പുരികവുമെല്ലാം ചേര്‍ന്ന സങ്കരമല്ല. അത് എല്ലാം ചേരുന്ന അസ്തിത്വപ്രകാശനമാണ് തുറന്നു തരുന്നത്. അസ്തിത്വം അതിന്‍റ തനിമയില്‍ പ്രകാശിതമാകുന്ന വിധമാണു നാം കാണുന്നത്. ആ കണ്ണുകള്‍ സുരക്ഷയുടെ കവചമില്ലാതെ നഗ്നമായി നോക്കുന്നു. നിഷേധത്തിന്‍റെ വധത്തിന്‍റെ പ്രലോഭനങ്ങളെ ചെറുക്കുന്നതാണു കണ്ണുകള്‍. മുഖത്തേയ്ക്കു നോക്കുക, ഒരു കല്പനയാണ് മുഖം. "കൊല്ലരുത്" – അതു നീതിക്കുവേണ്ടിയുള്ള വിളിയാണ്. ഭാഷയുടെ തന്നെ അടിസ്ഥാനമാകുന്ന വിളി. ഭാഷയുടെ ഉറവിടത്തില്‍ നിന്ന് ആദ്യം കേള്‍ക്കുന്നതു "കൊല്ലരുത്" എന്നുതന്നെയാണ്. ഭാഷണം ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നു.

മുഖമാണു കൊല്ലാനാകാത്തത്. മുഖത്തിന്‍റെ മൊഴിയലില്‍ നിത്യതയുടെ നിഴല്‍ വീഴുന്നുണ്ട്. മൊഴിയുന്നവന്‍ മറുപടി കാത്തിരിക്കുന്നു – അതു വചനമാകണം. നീ എന്‍റെ മേല്‍ ആധിപത്യം ഉണ്ടാക്കാതിരിക്കാനുള്ള കവചവും പരിചയുമാണു മുഖം. ജീവിതത്തിന്‍റെ നിസ്സാരമെന്നു തോന്നിക്കുന്ന ഈ സാധാരണ നടപടിയിലാണു സമയം ഗൗരവമായി പരിഗണിക്കപ്പെടുന്നത്. ഈ നിസ്സാരതയിലാണു കയ്യേറ്റവും അതിക്രമവും മറികടക്കുന്നത്. ഈ നിസ്സാരമായ കടാക്ഷവും അതുണ്ടാക്കുന്ന ഭാഷണവുമാണ് അത്ഭുതങ്ങളുടെ അത്ഭുതം. എനിക്കു നിന്നെ വേണം എന്നതിന്‍റെ അത്ഭുതമാണു കടാക്ഷഭാഷണങ്ങളുടെ പ്രത്യക്ഷനിസ്സാരതയില്‍ സംഭവിക്കുന്നത്. ഈ നിസ്സാരമെന്നു കരുതുന്നതിലാണു സമയം അതിഭൗതികതയില്‍ കടന്നുനില്ക്കുന്നത്.

യഹൂദജനത കടന്നുപോകേണ്ടി വന്ന ഏറ്റവും വലിയ പരീക്ഷണം നാസി പ്രതിസന്ധിയായിരുന്നു. യഹൂദവംശത്തെ ഇല്ലാതാക്കുന്ന നടപടി. യഹൂദന്‍ എന്നതു കൊല്ലപ്പെടുന്ന വിധിയായി മാറി. ആ വിധിയില്‍ ആണി വയ്ക്കപ്പെട്ടവരായി അവര്‍ മാറി. ഭീകരവും കൊലപാതകത്തിന്‍റേതുമായ നാസിസത്തിന്‍റെ മുഖം യഹൂദനെ വധിക്കുന്നു. ഈ യഹൂദവിധിയില്‍നിന്നു രക്ഷപ്പെടല്‍ അവര്‍ക്കു ചിന്തയുടെയും അസ്തിത്വത്തിന്‍റെയും മൗലികപ്രശ്നമായി.

അതുതന്നെയാണ് അവര്‍ക്കു രക്ഷയുടെയും വഴിയായി കണ്ടത്. അസ്തിത്വചിന്തയെ ധര്‍മത്തിന്‍റെ അതിഭൗതികചിന്തയില്‍നിന്നു മാറ്റാത്ത ചിന്ത. അപരന്‍റെ വിളി നിത്യതയുടെ വിളിയായി മാറുന്ന അസ്തിത്വചിന്തയാകുന്ന ധര്‍മചിന്ത. യഹൂദന്‍റെ ധര്‍മചിന്ത അസ്തിത്വചിന്തയാണ്. അതായത് അസ്തിത്വത്തെക്കുറിച്ചു ചിന്തിക്കുന്നവര്‍ ധര്‍മചിന്തയുടെ ഉത്തരവാദിത്വം പേറുന്നു. മുഖത്തിന്‍റെ കടാക്ഷത്തിന്‍റെ മൊഴിയില്‍ ഉത്തരവാദിത്വത്തിലേക്കുള്ള വിളിയുണ്ട്, ഉത്തരം പറയാന്‍ വിളിക്കപ്പെടുന്നു. അതിനര്‍ത്ഥം എന്‍റെ അസ്തിത്വം നിന്‍റെ അസ്തിത്വവുമായി ബന്ധിക്കുന്നു, ഒന്നിക്കുന്നു എന്നതാണ്. ഞാന്‍ എന്നതു നീ എന്നില്‍ നിന്നു മാറ്റിചിന്തിക്കാനാവാത്ത ഉത്തരവാദിത്വം, എന്‍റെ രക്ഷ നിന്നിലൂടെ മാത്രം എനിക്കു സാധിക്കാനാവൂ എന്ന വെളിപാടാണ്.

എന്‍റെ നാണം എന്നത് നിന്‍റെ മുമ്പില്‍ എന്‍റെ തുറന്ന അവസ്ഥയാണ്. ഞാന്‍ നമ്മില്‍ തമ്പടിച്ച വൃത്തമാണ്. എന്‍റെ നഗ്നത എന്‍റെ സഹാസ്തിത്വത്തിന്‍റെ ക്ഷമാപണമല്ലേ? മുഖമാണ് എല്ലാ അര്‍ത്ഥപ്രസക്തികളും പ്രത്യക്ഷമാക്കുന്ന ഉറവിടം. മുഖം എല്ലാത്തരം സ്വന്തമാക്കലിനെയും ആധിപത്യത്തെയും ചെറുക്കുന്നു. മുഖത്തിലാണ് അപരന്‍റെ ഔന്നത്യം പ്രകാശിതമാകുന്നത്. ദൈവികത താഴോട്ട് ഇറങ്ങുന്നതും മുഖത്താണ്. അപരന്‍റെ മുഖം അംഗീകരിച്ചുകൊടുക്കലാണ്. ആ കൊടുക്കലിലാണു കൊടുക്കുന്നവന് ഔന്നത്യം ഉണ്ടാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org