വിശ്വാസം മരിച്ച ഭീകരത

വിശ്വാസം മരിച്ച  ഭീകരത

"ലോകത്തിലുള്ള എന്‍റെ വിശ്വാസം ഓരോ പുതിയ ദിനം പിറക്കുമ്പോഴും നഷ്ടപ്പെടുന്നു…. എന്‍റെ അയല്‍ക്കാരി തഴക്കമായ സൗഹൃദത്തില്‍ തന്നെ ആശംസിക്കുന്നു: "സുപ്രഭാതം, സുഹൃത്തേ." ഞാന്‍ തൊപ്പി പൊക്കി പറഞ്ഞു: "സുപ്രഭാതം മഹതി." പക്ഷേ, ഈ മഹതിയും മഹാനും തമ്മില്‍ നക്ഷത്രവ്യൂഹങ്ങള്‍ തമ്മിലുള്ള അകലത്തിലാണ്. കാരണം മറ്റൊരു മാന്യനെ അവര്‍ പിടച്ചുകൊണ്ടുപോകുമ്പോള്‍ മഹതി പ്രകാശിതവും പ്രത്യക്ഷവുമായ സ്വര്‍ഗത്തിന്‍റെ കല്ലില്‍ തീര്‍ത്ത മാലാഖപോലെ നോക്കിനില്ക്കുകയായിരുന്നു. സ്വര്‍ഗം യഹൂദര്‍ക്ക് എന്നന്നേക്കുമായി അടയ്ക്കപ്പട്ടിരിക്കുകയാണല്ലോ! എന്‍റെ ചുറ്റുപാടുകളെ ഞാന്‍ പരദേശിയും ഏകാകിയുമായ യഹൂദന്‍ എന്ന വിധം വിശ്വാസമില്ലാതെ നിരീക്ഷിക്കുന്നു. ആകെ എനിക്കു ചെയ്യാവുന്നത് എന്‍റെ വൈദേശികതയോടെ മുന്നോട്ടു പോകുകയാണ്. ഇന്നലത്തെ എന്‍റെ കൊലയാളികളെയും നാളെ എന്‍റെ പീഡകരാകുന്നവരെയും അവരുടെ ധര്‍മ്മാപരാധത്തെയും അംഗീകരിപ്പിക്കാന്‍ എനിക്കാകില്ല. ഈ ലോകം അതിന്‍റെ സകലമാന സ്വഭാവത്തിലും അത് അംഗീകരിപ്പിക്കാന്‍ എന്നെ സഹായിച്ചില്ല. എന്നെ പീഡിപ്പിച്ചപ്പോള്‍ എന്നപോലെ ഇപ്പോഴും ഞാന്‍ ഏകാകിയാണ്. എന്‍റെ പഴയ പീഡകര്‍ എന്നപോലെ എനിക്കു ചറ്റുമുള്ള മറ്റുള്ളവരും മനുഷ്യര്‍ക്ക് എതിരാണ് എന്നു തോന്നിയില്ല. ഇവര്‍ എന്‍റെ കൂടെയുള്ള മനുഷ്യരാണ്. പക്ഷേ, ഞാന്‍ ഇവര്‍ക്കു വിഷയമല്ല, അതുകൊണ്ട് അപകടം പതിയിരിക്കുന്നു." ഇത് ഒരു യഹൂദന്‍റെ നാസിസമൂഹത്തിനുള്ളിലെ ആത്മഗതമാണ്. ഇതേ വികാരവുമായി ഭൂരിപക്ഷത്തിന്‍റെ ഇടയില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ. ഇത്തരം ഏകാകികളെ സൃഷ്ടിക്കുമ്പോഴാണു ഭൂരിപക്ഷസമൂഹം ഭീകരതയുടെ പിടിയിലാകുന്നത്. ഇത് ഈ നാട്ടിലും സംഭവിക്കാം. അപ്പോള്‍ ഭൂരിപക്ഷത്തില്‍ നിന്നു ധാര്‍മ്മികത നാടു വിടുന്നു; മനുഷ്യത്വത്തിന്‍റെ സകല ശോഭയും. ഭൂരിപക്ഷത്തിനു വിഷയമാകാത്തവര്‍ക്കും അസ്തിത്വമില്ല, ശബ്ദമില്ല. ഈ നിശ്ശബ്ദതയ്ക്കു മരണത്തിന്‍റെ ഗന്ധവും വിഷവുമുണ്ട്. ഇതാണു ജീവിതത്തിലെ ഏകമായ വിശ്വാസക്ഷയം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org