Latest News
|^| Home -> Pangthi -> ചിന്താജാലകം -> പ്രാര്‍ത്ഥന ശ്രദ്ധയാണ്

പ്രാര്‍ത്ഥന ശ്രദ്ധയാണ്

ഫാ. പോള്‍ തേലക്കാട്ട്

കേവലവും ഉദാത്തവുമായ ശ്രദ്ധയാണു പ്രാര്‍ത്ഥന. അതിനു വിശ്വാസവും സ്നേഹവും വേണം. സര്‍ഗാത്മക വ്യക്തിയുടെ കഴിവ് എന്നു പറയുന്നത് ഉണ്ടാക്കുന്നതു ശ്രദ്ധയാണ് – അങ്ങനെയുള്ള ശ്രദ്ധ മതാത്മകവുമാണ്. ഏതു കാലഘട്ടത്തിന്‍റെയും സര്‍ഗാത്മക പ്രതിഭയുടെ നേട്ടം ആ കാലഘട്ടത്തിന്‍റെ സത്യസന്ധമായ ആത്മീയതയ്ക്കു തുല്യമാണ്.

ഈ ശ്രദ്ധയുടെ പിന്നില്‍ ഒരു അന്വേഷണമുണ്ട്. ഈ അന്വേഷണം വഴിതെറ്റുന്നത് അത് ഏതെങ്കിലും പ്രശ്നത്തില്‍ കുടുങ്ങിയുള്ള അന്വേഷണമാകുമ്പോഴാണ്. ഫലത്തില്‍ കേന്ദ്രീകരിച്ചുള്ള ശ്രദ്ധ ഫലമില്ലാത്തതായി മാറും. ഇരപിടുത്തംപോലെ ഒന്നിന്‍റെ പിന്നാലെ ഓടുന്നതല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്; അതു വേട്ടയാണ്. ലക്ഷ്യമില്ലാത്തതും എന്നാല്‍ ശുദ്ധവുമായ അന്വേഷണം കണ്ടെത്തും. ലക്ഷ്യത്തില്‍നിന്നും അതിന്‍റെ നേട്ടത്തില്‍ നിന്നും പിന്‍വലിയുക. കാമത്തില്‍ നിന്നു പിന്‍വാങ്ങിയ ശ്രദ്ധയും അന്വേഷണവുമായി സൂചിപ്പിക്കുന്നത്.

ചില ശ്രമങ്ങള്‍ തന്നെ വഴിപിഴച്ചതാണ്. വ്യാജമായ തപശ്ചര്യകള്‍, എന്നോട് എനിക്കുള്ള ഭക്തി ആത്മീയതയാക്കുന്നു. ശ്രമങ്ങളുടെ പിന്നില്‍ നമ്മുടെ പാപ്പരായ ആഗ്രഹങ്ങളും ദാരിദ്ര്യവും അതിന്‍റെ പൂര്‍ത്തീകരണമോഹവുമുണ്ടാകാം. ഞാന്‍ ആയിരിക്കുന്നതും ഞാന്‍ സ്നേഹിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ടാകാം. ദൈവങ്ങളുടെയും മനുഷ്യരുടെയും അദ്ധ്യാപകന്‍ സ്നേഹമാണ് എന്നു പറയാറുണ്ട്. പഠിക്കാന്‍ ആഗ്രഹിക്കാതെ പഠിക്കാനാവില്ല. സത്യം അന്വേഷിക്കുന്നത് അതു നല്ലതായതുകൊണ്ടാണ്. ശ്രദ്ധ ആഗ്രഹവുമായി ബന്ധപ്പെട്ടതാണ്, അത് ഇച്ഛയുമായി ബന്ധപ്പെട്ടതല്ല. യഥാര്‍ത്ഥമായ ആഗ്രഹമില്ലെങ്കില്‍ ഏതു ശ്രദ്ധയും വന്ധ്യമാകാം. പക്ഷേ, ഈ ആഗ്രഹങ്ങളില്‍ നിന്നു ‘ഞാന്‍” എന്നതു മാറിനില്ക്കണം. ശ്രദ്ധയും ആഗ്രഹവും മതി, അതില്‍ നിന്നു “ഞാന്‍” പിന്‍വലിയണം. ഞാന്‍ എന്ന ചിന്ത അപ്രത്യക്ഷമാക്കുമ്പോഴാണ് നിത്യതയുടെ കവാടത്തില്‍ എത്തിനില്ക്കുന്നത്. നിത്യത ഒരു നിമിഷമാണ്. ചാരിത്ര്യവതി പ്രേമാഭ്യര്‍ത്ഥനക്കാരനോട് എന്തെങ്കിലും പറയുകയോ ഉത്തരം കൊടുക്കുകയോ ചെയ്യാതെ ബധിരയും ഊമയുമാകുന്ന നിമിഷം. നല്ലതിനോടും തിയതിനോടും ഒന്നുപോലെ നിഷ്കാമമായി ശ്രദ്ധ കൊടുക്കുന്നു. ശ്രദ്ധ പിന്‍വലിക്കാതെ സ്ഥിതചിന്തയായി മാറുമ്പോള്‍ കര്‍മമില്ലാത്ത ശ്രദ്ധ എന്ന പ്രാര്‍ത്ഥന സംഭവിക്കുന്നു.

ഈ ശ്രദ്ധയിലാണു നിത്യതയുടെ വെളിച്ചം വീശുന്നത്. ഈ ശ്രദ്ധ ഉണ്ടാകുന്നത് ഏകാന്തതയിലാണ്. ഈ ഏകാന്തത മനുഷ്യാത്മാവിനേക്കാള്‍ ശ്രേഷ്ഠമാകുന്നതിന്‍റെ സാന്നിദ്ധ്യത്തിലാകാം. അതിന്‍റെ മൂല്യം എത്രയുണ്ട് എന്നു ശ്രദ്ധിക്കുകയാണ്. അതു നക്ഷത്രമാകാം, ചന്ദ്രനാകാം, പുഷ്പമാകാം. അതു മനുഷ്യന്‍റെ കാര്യത്തിലായാലോ? ദൈവത്തെക്കുറിച്ചുമാകാം. ഞാന്‍ അല്ലാത്തതാണു ദൈവം. ഞാന്‍ ശ്രദ്ധിക്കുമ്പോള്‍ എന്‍റെ ദരിദ്രാവസ്ഥയുടെയും പാപത്തിന്‍റെയും വെളിപാടുമാണ്. തെറ്റല്ല മരണകരമായ പാപമാകുന്നത്. തെറ്റ് ശ്രദ്ധയില്‍ ധ്യാനിക്കുമ്പോള്‍ അതുണ്ടാക്കുന്ന വെളിവാണ്. അതുണ്ടാക്കാന്‍ എന്‍റെ മിടുക്കുകൊണ്ടോ ശാരീരികമായ നിലപാടുകള്‍കൊണ്ടോ ഉണ്ടാകില്ല. സ്വന്തം വീഴ്ചകള്‍ ശ്രദ്ധിച്ചുകൊണ്ട് അവയെ സുഖമാക്കാം. എന്നില്‍ നിന്നു ശ്രദ്ധ എന്‍റെ വീഴ്ചയിലേക്കും ദൈവികതയിലേക്കും തിരിയുമ്പോള്‍ അതാണു പ്രാര്‍ത്ഥന. സിമോണ്‍ വൈല്‍ എഴുതി: “സഹിക്കുന്ന വ്യക്തിക്കു കേവലമായ ശ്രദ്ധ കൊടുക്കാന്‍ കഴിഞ്ഞാല്‍ അതാണ് അത്ഭുതം.” ശ്രദ്ധ ദൈവത്തിലേക്കു തിരിക്കാം, സഹോദരനിലേക്കു തിരിക്കാം. എല്ലാം മറന്ന് അവന്‍റെ സഹനം ശ്രദ്ധിച്ചാല്‍ നടക്കുന്നതു അത്ഭുതമായിരിക്കും. പ്രാര്‍ത്ഥനയ്ക്ക് ഇങ്ങനെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.

ആത്മീയതയുടെ പശ്ചാത്തലത്തില്‍ മര്‍ത്തയെയും മേരിയെയും വ്യാഖ്യാനിക്കുന്ന മിസ്റ്റിക്കായ മയിസ്റ്റര്‍ എക്കാര്‍ട്ട് മേരിയെക്കുറിച്ച് എഴുതി: “യേശുവിന്‍റെ പാദങ്ങില്‍ ഇരുന്ന് അവന്‍ പഠിക്കുകയായിരുന്നു; കാരണം അവള്‍ സ്കൂളില്‍ പോയപ്പോള്‍ ജീവിക്കാന്‍ പഠിക്കുകയായിരുന്നല്ലോ. പിന്നീടു ക്രിസ്തു സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ അവള്‍ പരിശുദ്ധാരൂപിയെ സ്വീകരിച്ചു. അവള്‍ ശുശ്രൂഷിക്കാനിറങ്ങി… വിശുദ്ധര്‍ വിശുദ്ധരാകുമ്പോള്‍ മാത്രമാണു സത് പ്രവൃത്തികള്‍ ചെയ്യുന്നത്. അപ്പോള്‍ അവര്‍ നിത്യജീവന്‍റെ നിധികള്‍ ശേഖരിക്കുന്നു.”

രോഗിയെ പരിശോധിക്കുന്ന ഡോക്ടറും ഒരു പ്രാര്‍ത്ഥനയിലാണ്. എല്ലാം മറന്നു രോഗിയെ ശ്രദ്ധിക്കുന്നു. രോഗിയുടെ അകത്തെ നിസ്സാരമായ ശബ്ദചലനങ്ങള്‍ കേള്‍ക്കുന്നു. അതില്‍നിന്നു നിഗമനങ്ങള്‍ എടുക്കുന്നു. ആ ശ്രദ്ധ കേവലമാണ്; നിഷ്കാമമാകണം. അവിടെ നിശ്ശബ്ദമായ കേള്‍വിയുണ്ട്; ശ്രദ്ധയുടെ കാത്തിരിപ്പുണ്ട്. അതില്‍ നിന്നു വെളിവാകുന്നതു ശുശ്രഷയാണ്, സൗഖ്യത്തിന്‍റെ നടപടികളാണ്. “എല്ലാ ലോകകാര്യങ്ങളില്‍ നിന്നു അകന്ന്” ദൈവത്തെ കേള്‍ക്കുന്ന ശ്രദ്ധയാണു പ്രാര്‍ത്ഥനയെന്നു ജോണ്‍ ക്രിസോസ്റ്റം. ലൗകികമായ എല്ലാറ്റിലുംനിന്ന് അകന്ന് അപരന്‍റെ വേദനയും സഹനങ്ങളും ശ്രദ്ധിക്കുന്നവന്‍ പ്രാര്‍ത്ഥനയില്‍തന്നെയാണ്. അതാണു ശുശ്രൂഷയായി സമൂഹത്തിലേക്ക് ഇടപെടുന്നത്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ശ്വാസവും ഉച്ഛ്വാസവുംപോലെ പ്രാര്‍ത്ഥനയുടെ അഥവാ ശ്രദ്ധയുടെ രണ്ടു വശങ്ങളായി മാറുന്നു.

Leave a Comment

*
*